വെളുപ്പിനെതിരെ പോരാടുന്ന ഒരച്ഛന്‍

Published : Jul 18, 2016, 01:40 PM ISTUpdated : Oct 04, 2018, 05:46 PM IST
വെളുപ്പിനെതിരെ പോരാടുന്ന ഒരച്ഛന്‍

Synopsis

ഏഴു കുന്നുകളുടെ നഗരമായ കംപാലയിലെ നിരത്തുകളില്‍ 14 സീറ്റുള്ള ടാക്‌സികളും ബോഡാ ബോഡാ മോട്ടോര്‍ സൈക്കിള്‍ ടാക്‌സികളും സദാ ചീറിപ്പായുന്നു. ഉഗാണ്ടയുടെ ഈ തലസ്ഥാന നഗരത്തില്‍ ഇരമ്പങ്ങള്‍ക്ക് വേഗത കുറയുന്നേയില്ല. 

ഇവിടെ നിന്നും നാലു മണിക്കൂര്‍ മാത്രം ഓടിയാലെത്തുന്ന ഒരു ഗ്രാമമുണ്ട്. സമയ സൂചികള്‍ വളരെ പതുക്കെ മാത്രം കറങ്ങുന്നയിടം. നഗരത്തിലെ നിരന്നു നില്‍ക്കുന്ന തെരുവു വിളക്കുകള്‍ക്ക് പകരം അവിടെ വാഴകള്‍. ടാറിട്ട റോഡിനു പകരം ആഫ്രിക്കന്‍ മണ്ണിന്റെ ചുവപ്പുമുള്ള ഗ്രാമം. ഇരുപുറവും പച്ച നിറഞ്ഞു നില്‍ക്കുന്ന ഒരു വഴിയിലൂടെ കയറിയുമിറങ്ങിയും മാത്രമേ നഗരത്തിന് അവിടെയെത്താനാവൂ. 

 

 

അവിടെയാണ് മുവാഞ്ഞെ ജനിച്ചത്. പരമ്പരാഗതമായി കൈമാറി വന്ന ഒരു തുണ്ട് ഭൂമിയും, ഒരു കുഞ്ഞുവീടും. 

രണ്ട് ഭാര്യമാര്‍ക്കും എട്ട് മക്കള്‍ക്കുമൊപ്പം മുവാഞ്ഞെ കഴിയുന്നതിവിടെയാണ്. 5 മാസം മുതല്‍ 13 വയസുവരെ പ്രായമുള്ള കുട്ടികള്‍. 
മധുരക്കിഴങ്ങും, കസവയും കാടിനപ്പുറമുള്ള തടാകത്തില്‍ നിന്ന് പിടിച്ച മീനുമൊക്കെ  കഴിച്ച്  അവരിവിടെ കഴിയുന്നു.  വളരെ സാധാരണമായൊരു കുടംബം. 

ആല്‍ബിനിസത്തെപ്പറ്റി കിഴക്കന്‍ ആഫ്രിക്കയില്‍ നിലനില്‍ക്കുന്ന കഥകള്‍  അങ്ങേയറ്റം അവിശ്വസനീയമാണ്. ആല്‍ബിനിസം ബാധിച്ച് വെളുത്തവരായി ജനിക്കുന്നവര്‍ മനുഷ്യരല്ലെന്നും പിശാചിന്റെ ഗണത്തില്‍ പെടുന്നവരാണെന്നും കരുതുന്നു ഒരു വിഭാഗം.

ഇവര്‍ വ്യത്യസ്തരാവുന്നത് ഒരേ ഒരു കാരണത്താലാണ്. മുവാഞ്ഞെയുടെ എട്ടു മക്കളില്‍ അഞ്ചു പേരും വെളുത്തവരാണ്. ഒരു ആഫ്രിക്കന്‍ കുടംബത്തിലെ അഞ്ചു പേര്‍ വെളുത്തവര്‍! ശരീരത്തില്‍ മെലാനിന്റെ അളവു കുറഞ്ഞതു മൂലം ആല്‍ബിനിസം പിടിപെട്ട അഞ്ച് മക്കള്‍. 

'വെളുത്ത നിറത്തില്‍ ആദ്യ കുഞ്ഞുണ്ടായപ്പോള്‍ പെട്ടെന്ന് പേടി തോന്നി, എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. പക്ഷേ വളരെ എളുപ്പത്തില്‍ തന്നെ ഒരു തീരുമാനത്തിലെത്തി. അവനെ നന്നായി സ്‌നേഹിക്കണം....' മുവാഞ്ഞെ പറയുന്നു. അവനു ശേഷം പിന്നെയും നാലുപേര്‍. വെളുത്തവര്‍. മിക്ക കുടംബങ്ങളും ഈ അവസ്ഥയെ അതിജീവിക്കില്ല. ആല്‍ബിനിസത്തെ ഒരു അസുഖമായി കാണാത്തതു കൊണ്ടുതന്നെ വെളുത്തവരായി ജനിക്കുന്ന മക്കളെ  വീട്ടിനകത്ത്, ഒളിപ്പിച്ച് വളര്‍ത്തും. പലപ്പോഴും വെളുത്ത മക്കളുടെ പിതൃത്വം ചോദ്യം ചെയ്യപ്പെടും.വെളുത്ത കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഉപേക്ഷിക്കപ്പെടും. 

'വെളുത്ത ഒരാളെ കളിയാക്കി ചിരിച്ചതിന് തങ്ങള്‍ക്ക് കിട്ടിയ ശാപമാണ് ഈ അഞ്ചു മക്കളെന്ന് പറയുന്നവര്‍ വരെയുണ്ട'- മുവാഞ്ഞെയുടെ ഭാര്യ ഫ്‌ളോറന്‍സ് പറയുന്നു.

 

 

ആല്‍ബിനിസത്തെപ്പറ്റി കിഴക്കന്‍ ആഫ്രിക്കയില്‍ നിലനില്‍ക്കുന്ന കഥകള്‍  അങ്ങേയറ്റം അവിശ്വസനീയമാണ്. ആല്‍ബിനിസം ബാധിച്ച് വെളുത്തവരായി ജനിക്കുന്നവര്‍ മനുഷ്യരല്ലെന്നും പിശാചിന്റെ ഗണത്തില്‍ പെടുന്നവരാണെന്നും കരുതുന്നു ഒരു വിഭാഗം.  ഇവരുടെ ശരീര ഭാഗങ്ങള്‍ അറുത്തെടുത്ത് പൂജിച്ചാല്‍ ധനികരാവുമെന്ന് വിശ്വസിക്കുന്നവര്‍. ടാന്‍സാനിയയും മലാവിയും പോലുള്ള കിഴക്കന്‍ രാജ്യങ്ങളില്‍ ആല്‍ബിനിസം ബാധിച്ചവര്‍ ആക്രമിക്കപ്പെടുന്നത് വ്യാപകമാണ്. ചിലപ്പോള്‍ ഇവരുടെ കയ്യോ കാലോ മുറിച്ചെടുക്കുന്നു. കാണാതാവുന്നവരുടെ എണ്ണവും കുറവല്ല. പലപ്പോഴും ആക്രമിക്കപ്പെടുമോ എന്ന പേടിയില്‍ ഇവര്‍ ഒതുങ്ങിക്കഴിയുന്നു.

ഉഗാണ്ടയിലെ സ്ഥിതിയും മറിച്ചല്ല. ബോധവല്‍ക്കരണത്തിന്റെ കുറവും സര്‍ക്കാരില്‍ നിന്നുള്ള നിരന്തര അവഗണനയും ഇവര്‍ക്ക് തിരിച്ചടിയാവുന്നു. 

സ്‌കൂളുകളില്‍ വെളുത്ത കുട്ടികളെ അടുത്തിരുത്താന്‍ മറ്റു കുട്ടികള്‍ വിസമ്മതിക്കുന്നു. സഹപാഠികളാല്‍ ഉപദ്രവിക്കപ്പെടുന്നു. അങ്ങനെ ഗ്രാമത്തിനകത്തെ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത സ്‌ക്കൂളില്‍ തന്നെ ഒതുങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാവും. 

'വിദ്യാഭ്യാസം കൊണ്ട് മക്കളുടെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന് പ്രതീക്ഷിച്ചു. അതുകൊണ്ട് ആദ്യകാലത്ത് അടുത്തുള്ള പട്ടണത്തിലെ സ്‌കൂളില്‍ ഞാനവരെ പഠിക്കാനയച്ചു' മുവാഞ്ഞെ ഓര്‍ക്കുന്നു. 'എന്നാല്‍ സകൂളിലേക്കുള്ള വഴിയില്‍ വച്ച് ആരെങ്കിലും അവരെ ഉപദ്രവിക്കുമെന്നോ അവരെ തട്ടിക്കൊണ്ടു പോകുമെന്നോ ഞാന്‍ പേടിച്ചു. അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും എനിക്ക് പശ്ചാത്തപിക്കാന്‍ പോലുമാവുമായിരുന്നില്ല,അതിനാല്‍ അവരെ ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലയക്കാന്‍ തീരുമാനിക്കുകയായിരുന്നു' മുവാഞ്ഞെ പറയുന്നു. 

ഇരുട്ടിന്റെ മറ പറ്റി ഒരാള്‍ അടുത്തേക്കുവരുന്നത് വൈകിയാണ് കുട്ടികള്‍ കണ്ടത്. അവര്‍ പല ദിക്കിലേക്കോടി. റോബര്‍ട്ടിനു പിന്നാലെ പാഞ്ഞു വന്ന അയാള്‍ റോബര്‍ട്ടിനെ തട്ടിയെടുത്തേനെ, മറ്റു കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടി വന്നതിനാല്‍ തലനാരിഴക്കാണ് അന്ന് റോബര്‍ട്ട് രക്ഷപ്പെട്ടത്.

ഇത്തരത്തില്‍ പേടിപ്പെടാന്‍ ഒരു ശക്തമായ കാരണവുമുണ്ട് ഈ കുടുംബത്തിന്.

രണ്ട് വര്‍ഷം മുമ്പ് ആല്‍ബിനിസം ബാധിച്ച ഇവരുടെ മൂത്തമകന്‍ റോബര്‍ട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീടിനടുത്തുള്ള പാടത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സന്ധ്യയായിട്ടും കുട്ടികള്‍ കളി നിര്‍ത്തിയില്ല. ഇരുട്ടിന്റെ മറ പറ്റി ഒരാള്‍ അടുത്തേക്കുവരുന്നത് വൈകിയാണ് കുട്ടികള്‍ കണ്ടത്. അവര്‍ പല ദിക്കിലേക്കോടി. റോബര്‍ട്ടിനു പിന്നാലെ പാഞ്ഞു വന്ന അയാള്‍ റോബര്‍ട്ടിനെ തട്ടിയെടുത്തേനെ, മറ്റു കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടി വന്നതിനാല്‍ തലനാരിഴക്കാണ് അന്ന് റോബര്‍ട്ട് രക്ഷപ്പെട്ടത്. ആരാണ് അന്ന് തന്റെ മകനു നേരെ വന്നതെന്ന് ഇപ്പോഴും മുവാഞ്ഞേയ്ക്കറിയില്ല.  എന്തിനാണെന്നും അറിയില്ല. പക്ഷേ മക്കള്‍ തന്റെ കണ്ണെത്തും ദൂരത്തില്ലെങ്കില്‍ അവര്‍ സുരക്ഷിതരല്ലെന്ന് ഈ അച്ഛന്‍ ഉറപ്പിച്ചു. അന്നുതൊട്ട് കാവലായി എപ്പോഴും ഇവരെ ചുറ്റിപ്പറ്റി മുവാഞ്ഞെയുണ്ട്.

 

 

അസാധാരണമായതെങ്കിലും, പതിവുകള്‍ തെറ്റാതെ ഈ കുടംബം ജീവിതത്തെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു,

കോഴി കൂവുന്നു. തണുത്ത വെള്ളത്തിലുള്ള കുളിയോടെ പകല്‍ തുടങ്ങുന്നു. കുളി കഴിഞ്ഞ് അച്ഛന്റെയോ അമ്മയുടെയോ മുമ്പില്‍ ഇവര്‍ നിരന്നു നില്‍ക്കും. സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള ക്രീ പുരട്ടാന്‍.  സാധാരണക്കാരാനായ മുവാഞ്ഞെക്ക് വാങ്ങാന്‍ കഴിയുന്നതില്‍ വച്ചേറ്റവും  വില കൂടിയ ക്രീം. സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കുന്ന ക്രീം ഒരൊറ്റ തുള്ളി പോലും തൂവാതെ അയാള്‍ മക്കളുടെ ദേഹത്ത് തേച്ചു പിടിപ്പിയ്ക്കും. 

പിന്നെ, തേഞ്ഞ തൊപ്പികളുമിട്ട്, പച്ച പരന്നു കിടക്കുന്ന പാടത്തേക്ക് ചെരിപ്പിടാത്ത കാലുകളുമായി കുട്ടികള്‍ വരിവരിയായി ഓടിയിറങ്ങും. ദിവസത്തിന്റെ പകുതിയും അവിടെ തന്നെ. അവിടെ കളിയ്ക്കുന്നു, ചിരിക്കുന്നു, ബഹളം വയ്ക്കുന്നു, കരയുന്നു. 

ഫ്‌ളോറന്‍സ് മിക്കപ്പഴും അവരുടെ പഴയ, ചുവന്ന കുപ്പായവുമിട്ട്, തറയിലിരുന്ന് പഴയ പാട്ടുകള്‍ പാടി കസാവ മുറിച്ച് വേവിയ്ക്കും. മീന്‍ വറുക്കും.

സമൃദ്ധമായ അത്താഴത്തിന് ശേഷം. തഴപ്പായകളില്‍ ഇവര്‍ നിരന്നു കിടക്കും. ഗ്രാമത്തെയാകെ തഴുകുന്ന ഇളംകാറ്റേറ്റ് മക്കള്‍ പതുക്കെ ഉറക്കത്തിലേയ്ക്ക് വീഴുന്നതും നോക്കി ഉറങ്ങാതെ മുവാഞ്ഞേയിരിക്കും.  കാവലായി. 

Courtesy: Al Jazeera

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
'ഇതുകൊണ്ടാണ് ദുബായ് ദുബായിയാകുന്നത്'; ശ്രദ്ധനേടി ഇന്ത്യക്കാരിയുടെ വീഡിയോ