ഒറ്റയാളെയും ക്ഷണിക്കാതെ ഒരു കല്യാണക്കത്ത്!

By Web DeskFirst Published Dec 23, 2016, 6:37 AM IST
Highlights

തിരുവനന്തപുരം: 'അതിനാല്‍, ഈ കല്യാണത്തിന് ഒരൊറ്റയാളെയും ക്ഷണിക്കുന്നില്ല. ഇത് അനാദരവോ സ്‌നേഹക്കുറവോ അവഗണനയോ ആയി കരുതരുതെന്ന് അപേക്ഷിക്കുന്നു'

ഇത് ഒരു വിവാഹ ക്ഷണക്കത്താണ്. നൂറു കണക്കിനാളുകളെ ക്ഷണിച്ച് ആര്‍ഭാട പൂര്‍വ്വം നടത്തുന്ന കല്യാണങ്ങളുടെ ഇക്കാലത്ത് ഇതൊരു അപൂര്‍വ്വ കാഴ്ച. ലളിതമായ വിവാഹങ്ങള്‍ പലരും നടത്താറുണ്ടെങ്കിലും ഇത്തരം ഒരു വിവാഹ ക്ഷണക്കത്ത് വേറെ ഒന്നുണ്ടാവാന്‍ വഴിയില്ല. 

ഇത് ഇപ്പോഴൊന്നും ഉള്ള ഒരു ക്ഷണക്കത്തല്ല. 1985 ജൂണ്‍ 16ന് നടന്ന വിവാഹത്തിന്റെ ക്ഷണക്കത്ത്. ഇത് തയ്യാറാക്കിയത്, പുതിയ കാലത്തിന് അധികം പരിചയമില്ലാത്ത പ്രമുഖനായ ഒരു മലയാളിയാണ്. സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം റഷീദ്. 

എം റഷീദ്
സ്വാതന്ത്ര്യ സമര സേനാനി മൊയ്തു മൗലവിയുടെ മകനാണ് എം റഷീദ്.  പ്രമുഖ ട്രോട്‌സ്‌കിയിസ്റ്റും ആര്‍.എസ്.പിയുടെ സ്ഥാപക നേതാവും കൂടിയായ എം റഷീദ് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം കൂടിയാണ്. 

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലില്‍ തടവിലാക്കപ്പെട്ടു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ മാപ്പെഴുതി കൊടുക്കണമെന്നതിനാല്‍ പത്താതരം പഠനം മുടങ്ങി. ഇപ്പോള്‍ വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസം. 

ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 195457 കാലയളവില്‍ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സഖാവ്' വാരികയുടെ പത്രാധിപരായി. 195760 കാലഘട്ടത്തില്‍ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവര്‍ഷക്കാലം ചാലക്കുടിയില്‍ നിന്നുള്ള 'ചെങ്കതിര്‍' മാസികയുടെ പ്രസാധകനായി ജോലിചെയ്തു. വര്‍ഷങ്ങളായി മാധ്യമം ദിനപ്പത്രത്തില്‍ വായനക്കിടയില്‍ എന്ന പേരില്‍ ഒരു പംക്തി എഴുതിവരുന്നു.

സഖാവ് കെ.ദാമോദരന്‍,  മുഹമ്മദ് അബ്ദുറഹ്മാന്‍, റോസ ലക്‌സ്ംബര്‍ഗ് 1921കാര്‍ഷിക കലാപം, ഗോവ സമരം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 


ഇങ്ങനെയാണ് ആ ക്ഷണക്കത്ത്: 

വിവാഹങ്ങള്‍ ആര്‍ഭാടരഹിതമായി, ആളുകളെ വിളിച്ചു കൂട്ടാതെ നടത്തുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അതെന്തായാലും എന്റെ മൂത്ത മകന്‍ ബാബു (അഡ്വക്കറ്റ് ഗഫൂര്‍) ഇക്കാര്യത്തില്‍ എന്നോട് പൂര്‍ണ്ണമായി യോജിക്കുന്നു. അതുകൊണ്ട്, അവനും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളായ കാരൂത്ത് ഉണ്ണിക്കമ്മദ് മാസ്റ്ററുടെയും ലൈല ടീച്ചറുടെയും മകളായ മണിയും തമ്മിലുള്ള കല്യാണത്തിന് ഒരൊറ്റ ആളെയും ക്ഷണിക്കുന്നില്ല.  ഇത് അനാദരവോ സ്‌നേഹക്കുറവോ അവഗണനയോ ആയി കരുതരുതെന്ന് അപേക്ഷിക്കുന്നു'

സ്‌നേഹപുരസ്സരം
എം റഷീദ്

എഴുത്തുകാരനായ അഷ്‌റഫ് പേങ്ങാട്ടയിലാണ് അപൂര്‍വ്വമായ ഈ വിവാഹ ക്ഷണക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

 

click me!