ഷോക്ക് പിക്സെൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഗന്ധർവ്വ് എന്ന യുവാവ് പല്ലിക്ക് വേണ്ടി കുർത്ത തയിച്ച വീഡിയോ പങ്കുവെച്ചു. 20 രൂപ വിലയുള്ള വസ്ത്രം ധരിച്ച് പല്ലി ചുമരിലൂടെ നടക്കുന്ന വീഡിയോ വൈറലായി. ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പലരും വാദിക്കുന്നു.
കേൾക്കുമ്പോൾ ആദ്യമൊരു അമ്പരപ്പ് തോന്നാം. എന്നാൽ, സംഗതി യാഥാർത്ഥ്യമാണ്. ഉത്തരത്തിലൂടെയും ചുമരിലൂടെയും പതുക്കെ ഇരയ്ക്ക് വേണ്ടി നടന്നു പോകുന്ന പല്ലിയുടെ കാര്യം തന്നെയാണ് പറഞ്ഞത്. ലോകത്ത് ആദ്യമായി പല്ലിക്ക് വസ്ത്രം തയിച്ച് അണിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ. തന്‍റെ പുതിയ ഐഡിയ ഒരു വരുമാന മാർഗ്ഗമാക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനവും. അതേസമയം സംഗതി എഐയാണെന്നാണ് നെറ്റിസെന്‍സിൽ പലരുടെയും വാദം.
പല്ലിക്കൊരു കുർത്ത, വില 20 രൂപ!
ഷോക്ക് പിക്സെൽ എന്ന പേരിൽ ഇന്‍റാഗ്രാം അക്കൗണ്ടുള്ള ഗന്ധർവ്വ് എന്ന യുവാവാണ് കുർത്ത അണിഞ്ഞ് ചുമരിലൂടെ ഇരപിടിക്കാൻ നടക്കുന്ന പല്ലിയുടെ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഗന്ധർവ്വ് തന്‍റെ പുതിയ കണ്ടുപിടിത്തം അവതരിപ്പിച്ച് കൊണ്ട് പറയുന്നത് ഇങ്ങനെ, 'നോക്കൂ സുഹൃത്തുക്കളേ, ഇത് ഞാൻ തന്നെ ഉണ്ടാക്കിയ വസ്ത്രമാണ്. മനുഷ്യർക്ക് ആയിരക്കണക്കിന് ഡിസൈനുകൾ ലഭ്യമാണ്, പിന്നെന്തു കൊണ്ട് പല്ലികൾക്ക്? നോക്കൂ, ഇത് ഇന്ത്യയിലെ ആദ്യത്തെ പല്ലിക്കുള്ള വസ്ത്രമാണ്. ഞാൻ ഒരു ചെറിയ കുർത്തയുണ്ടാക്കി. ഇത് കൈകൊണ്ട് നിർമ്മിച്ച വസ്ത്രമാണ്, ഇതിന് 20 രൂപയ്ക്ക് മാത്രം. ഇത് ഭംഗിയല്ലേ?'. ഗന്ധർവ്വ് വീഡിയോയിൽ തന്‍റെ പുതിയ വസ്ത്രം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ഒപ്പം ആദ്യം താന്‍ കൈകൾ കൊണ്ട് നിർമ്മിച്ച വസ്ത്രം അദ്ദേഹം ഉയർത്തിക്കാണിക്കുന്നു. പിന്നാലെ അതേ വസ്ത്രം ധരിച്ച് ഒരു പല്ലി ചുമരിലൂടെ പതുക്കെ നീങ്ങുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.
വീഡിയോ സൂപ്പർ ഹിറ്റ്
വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളാണ് നിറയുന്നത്. പല്ലി സാറിന് ഇനി എന്ത് വേണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ ചോദിച്ചത്. പല്ലി വസ്ത്രം നേപ്പാളിലേക്ക് അയച്ച് തരാമോയെന്നും തന്‍റെ കുഞ്ഞനുജത്തിച്ച് സമ്മാനിക്കാനാണെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി. പല്ലിയെ വസ്ത്രം ധരിപ്പിക്കുന്ന ഒരു ട്യൂട്ടോറിയൽ വീഡിയോ കൂടി വേണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. അതേസമം വീഡിയോ എഐ നിർമ്മിച്ചതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ചിലർ അവകാശപ്പെട്ടു. അതിനായി യുവാവ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്‍റെ ബയോയിൽ എഐ വീഡിയോ ഉള്ളടക്ക സൃഷ്ടാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നാലര ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പല്ലുകളുടെ വീഡിയോകൾ അതേ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടു.


