ഞാന്‍ വീട്ടിലേക്ക് മടങ്ങി; അവള്‍ മരണത്തിലേക്കും!

By ആമി അലവിFirst Published Mar 2, 2018, 11:46 PM IST
Highlights

ആമി അലവി എഴുതുന്നു

ക്ലാസിലെ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു  ജാനി. പക്വതയും  പാകതയും  ഏറെയുള്ള  പ്രകൃതം. ഒരുപാട് പേരുടെ  ആരാധനാപാത്രം. എന്നിട്ടും  പ്രണയമോ സൗഹൃദങ്ങളോ  ഒന്നുമില്ലാതെ അവള്‍ പഠനത്തില്‍ മാത്രം ശ്രദ്ധയൂന്നി. അവള്‍ക്ക്  കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.  അവള്‍ക്കിങ്ങനെ ഒരു  സങ്കടമുണ്ടെന്നു ഊഹിക്കാനേ കഴിയാത്ത വിധത്തിലായിരുന്നു പെരുമാറ്റം.  

'അമ്മയില്ലാത്ത  കുഞ്ഞുങ്ങളുടെ ജീവിതം എങ്ങിനാണെന്നറിയാമോ ആമിക്ക് ?'

ഹോസ്റ്റല്‍  മുറിക്കുപുറത്തെ  വരാന്തയിലിരുന്നു  ഹോംവര്‍ക്കിനോട് മല്ലിട്ടുകൊണ്ടിരിക്കെയാണ് അവളതെന്നോട് ചോദിച്ചത്.  

സത്യത്തില്‍  അന്നോളം ഞാനതേക്കുറിച്ച് ഏറെ ആലോചിച്ചിരുന്നില്ല.  

ഞാന്‍ കഴിച്ചോ, കുളിച്ചോ, ക്ഷീണിച്ചോ എന്നൊക്കെ എന്നെക്കുറിച്ചാലോചിച്ചു മനസ്സ് തുടിച്ചു  വെപ്രാളപ്പെടുന്നൊരുമ്മ എനിക്കുണ്ടായിരുന്നു.  
 
'ലോകത്ത് അമ്മയില്ലാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാകുമല്ലേ? ജനിച്ചപ്പോള്‍ അമ്മയെ നഷ്ടമായവര്‍, പെട്ടെന്നൊരു ദിവസം അമ്മ മരിച്ചു പോയവര്‍ ...., അല്ലേ ജാനീ..?' 

എന്റെ  ചോദ്യമൊരു നെടുവീര്‍പ്പിലലിഞ്ഞു പോയി. 

'അമ്മ ജീവിച്ചിരിക്കേ നഷ്ടമാകുന്നവരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ആമീ ? 

അറിയാമോ! ഒരു  ദിവസം കവിളത്തൊരുമ്മ തന്ന് സ്‌കൂള്‍ ബസില്‍ കയറ്റി വിട്ടതാണ്,  തിരിച്ചുവരുമ്പോളേക്കും അമ്മയില്ലാതായിരിക്കുന്നു.  അമ്മ ഒരു  ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടിപോയിരിക്കുന്നു. നാട്ടിലും വീട്ടിലും അതു തന്നെ  വാര്‍ത്ത. 

'ഓള്‍ക്കെന്തിന്റെ കേടാണെന്ന് കഷ്ടം  വെക്കുന്നവര്‍ക്കിടയില്‍ അമ്മയെന്താ  വരാത്തതെന്ന് പകച്ച്  ചോദിക്കുന്ന എട്ട് വയസ്സുകാരിയെ മാറോടു  ചേര്‍ത്തു പിടിച്ചു കരയുന്ന നിസ്സഹായനായ ഒരച്ഛനുണ്ട്.  

അമ്മയെ പകര്‍ത്തി വെച്ചിരിക്കുകയാ...സ്വഭാവം കൂടെ കിട്ടേണ്ടെന്ന ആരുടെയൊക്കെയോ കുത്തുവാക്ക് ആ പ്രായത്തിലും പൊള്ളലേല്‍ക്കാന്‍ തക്ക തീക്ഷ്ണമായിരുന്നു.  പിന്നീടങ്ങോട്ട് നേരിട്ട വേദനകള്‍...അപമാനങ്ങള്‍... 

'അമ്മ ജീവിച്ചിരിക്കേ നഷ്ടമാകുന്നവരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ആമീ ? 

ആ നായിന്റെ മോള്‍ക്ക് ഇതൊന്നും  ചിന്തിക്കേണ്ടല്ലോ-അവള്‍ പല്ല് ഞെരിച്ചു.  

ജാനീ.... 

ഞാന്‍ സ്തംഭിച്ചു പോയി.  

അമ്മയെ അങ്ങിനൊക്കെ പറയാമോ ? 

'അമ്മ ഒളിച്ചോടിപ്പോയോളാ.... അമ്മ വേലിചാടിയാല്‍', ഈ  പ്രയോഗങ്ങള്‍ കേള്‍ക്കാത്ത  ദിവസങ്ങള്‍ പിന്നീട്  ഉണ്ടായിട്ടില്ലാമീ...  

അറിയാമോ, അമ്മയുടെ മുഖച്ഛായ ആയതുകൊണ്ട് അസത്ത്, ജന്തു, ശവം...എന്നൊക്കെയാണ് അച്ഛന്‍ പിന്നീട് ഓമനിച്ചു വിളിച്ചിട്ടുള്ളത്. 

അവള്‍ ചെറുതായി അണച്ചു. പിന്നെയവള്‍ കരയാന്‍ തുടങ്ങി. നിര്‍ത്താതെയുള്ള  കരച്ചിലായിരുന്നു അത്. 

ആമീ...എന്നെക്കുറിച്ചു വ്യാകുലപ്പെടാന്‍  ആരുമില്ല. വീട്ടിലെന്നെ നിര്‍ത്താന്‍ ഇളയമ്മ സമ്മതിക്കില്ല. മാമന്റെ കാരുണ്യത്തിലാ പഠനം. സുഖമാണോ  എന്ന് ചോദിക്കാന്‍, നന്നായി വരുമെന്ന് അനുഗ്രഹിക്കാന്‍...  

അവള്‍ ഇടറി...പിന്നെ ഒന്നും പറയാന്‍ കഴിഞ്ഞില്ല.  

ജീവിച്ചിരിക്കേ എനിക്കമ്മയോടു ക്ഷമിക്കാനാവില്ല. 

ഭയാനകമായ നിശ്ശബ്ദത ഞങ്ങള്‍ക്കിടയില്‍ കുമിഞ്ഞു നിന്നു. 

ക്ലാസിലെ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു  ജാനി. പക്വതയും  പാകതയും  ഏറെയുള്ള  പ്രകൃതം. ഒരുപാട് പേരുടെ  ആരാധനാപാത്രം. എന്നിട്ടും  പ്രണയമോ സൗഹൃദങ്ങളോ  ഒന്നുമില്ലാതെ അവള്‍ പഠനത്തില്‍ മാത്രം ശ്രദ്ധയൂന്നി. അവള്‍ക്ക്  കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.  അവള്‍ക്കിങ്ങനെ ഒരു  സങ്കടമുണ്ടെന്നു ഊഹിക്കാനേ കഴിയാത്ത വിധത്തിലായിരുന്നു പെരുമാറ്റം.  

ജാനീ.... നിനക്ക്  ഞാനുണ്ടല്ലോ.. 

എന്റെ കണ്ണുകളും  നിറഞ്ഞു പോയി. 

സങ്കടങ്ങളുടെ മഞ്ഞുകണങ്ങളിലൂടെയാണ്  ഹൃദയം പുലരിയെ കാണുക.  

പരിചയത്തെ ഗാഢ സൗഹൃദമായി ഊട്ടി ഉറപ്പിക്കുക.  

ജീവിതത്തിന്റെ  വേലിയിറക്കങ്ങളെയും പ്രളയത്തെയുംകുറിച്ച് കാളുന്ന നെഞ്ചോടെ അടുത്ത് വന്നവളെ ആത്മമിത്രമായി  ചേര്‍ത്തുപിടിക്കാതിരിക്കാന്‍  എനിക്കാവുമായിരുന്നില്ല. 

കൂടുതല്‍ സ്‌നേഹിച്ചുകൊണ്ട് ചേര്‍ന്നിരുന്നുകൊണ്ട് ആറുമാസം കൂടി  അവളൊപ്പം ഉണ്ടായിരുന്നു.  

മഴപോലെ പെയ്യുകയും വെയിലുപോലെ പരക്കുകയും ചെയ്ത സ്‌നേഹാനുഭവങ്ങള്‍.. 

അത്തവണ സ്റ്റഡിലീവിന് എന്റെ  സഹോദരന്റെ  വിവാഹമായിരുന്നു. 

അതുകൊണ്ട് ഞാന്‍ റൂം വെക്കേറ്റ് ചെയ്തു. 

നാളെയെന്നു  കൈവീശി കാണിച്ചു  മറയുമ്പോള്‍  അവളുടെ  കണ്ണ്  നിറഞ്ഞിട്ടുണ്ടായിരുന്നോ ? 

ഇറങ്ങുമ്പോള്‍ കൈചേര്‍ത്തണച്ചു അവള്‍... 'ആമീ..നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ?'

ഉണ്ടെന്ന് വളരെ വേഗത്തില്‍  ഉത്തരം.  

നിന്നെയല്ലാതെ മറ്റാരെയാണെനിക്കിഷ്ടം...  

എന്തോ വീണ്ടും ആലോചിച്ചു വീണ്ടും  അവളാവര്‍ത്തിക്കുന്നു, നീ സത്യമായിട്ടും സ്‌നേഹിക്കുന്നുണ്ടോ?' 

ഞാന്‍ തെല്ല്  സന്ദേഹിയാകുന്നു. 

ചേര്‍ത്തുപിടിക്കലുകള്‍, പൊട്ടിച്ചിരികള്‍, പരാതികള്‍, പോസസീവ്‌നെസ് ..  ഇതൊക്കെ തന്നായിരുന്നോ സ്‌നേഹം ? 

വീണ്ടും ഒരിക്കല്‍ കൂടി  അവള്‍-'പറ... ഉണ്ടോ?'

'നിനക്കറിയില്ലേ.....' എന്ന്  വാവിട്ടു  കരയാനല്ലാതെ  ഞാനെന്ത്  ചെയ്യും.  

പിന്നീട്  കല്യാണത്തിരക്കുകള്‍...ദിവസങ്ങളോളം  തമ്മില്‍  കണ്ടില്ലായിരുന്നു.  

പരീക്ഷയുടെ  തലേന്ന്  നാളെ  വരുമ്പോള്‍  ഒന്ന്  സംസാരിക്കണമെന്ന്  അവള്‍ ഫോണില്‍  പറഞ്ഞിരുന്നു.  

സംസാരിക്കാമെന്നു  ഞാനുറപ്പും  കൊടുത്തിരുന്നു.  

പക്ഷേ പിറ്റേന്ന് ആമീ..എന്നവള്‍  കൈ പിടിക്കുമ്പോളേക്കും വാപ്പയുടെ  വണ്ടിയുടെ  ഹോണ്‍. 

നാളെയെന്നു  കൈവീശി കാണിച്ചു  മറയുമ്പോള്‍  അവളുടെ  കണ്ണ്  നിറഞ്ഞിട്ടുണ്ടായിരുന്നോ ? 

പിറ്റേന്ന് രാവിലെ  ആരോ പറയുന്നു അവള്‍  ആത്മഹത്യ ചെയ്‌തെന്ന്. 

ഉറക്കഗുളികള്‍ അമിതമായി  കഴിച്ച്, കൈ ഞരമ്പുകള്‍  മുറിച്ച്! രക്ഷപ്പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു.. 
 
ഉമ്മ  ചോദിക്കുന്നു, നിനക്ക്  കാണേണ്ടേ ?

അവളുടെ ചിരി.... 

അതിനിടയില്‍ തെളിയുന്ന കട്ടപല്ല്... 

നെറ്റിയിലെ കളഭക്കുറി.... 

കവിളിലെ അവസാന ചുംബനചൂട്...  

ഓര്‍ക്കുന്തോറും എന്തിനായിരുന്നെടീ...! എന്നൊരു  ചോദ്യം  നെഞ്ചുകഴയ്ക്കുന്നു . 

കണ്ണും പൂട്ടി  വെറുതെയിരിക്കാനാണ് തോന്നുന്നത്. 

അകത്തെവിടെയോ  ഒരു  നനവ്  പടരുന്നുണ്ട്.  

click me!