ഇരുപത് വര്‍ഷം മുമ്പ് അച്ഛന്‍ കരള്‍ പകുത്ത് നല്‍കി; ഇന്ന്, ഡോക്ടറാകാനൊരുങ്ങി സഞ്ജയ്

By Web TeamFirst Published Nov 16, 2018, 6:17 PM IST
Highlights

ഇന്ത്യയിൽ ആദ്യമായി വിജയകരമായ കരൾ മാറ്റ ശസ്ത്രക്രിയ നടന്നത് ഈ കുഞ്ഞിന്‍റെ ശരീരത്തിലായിരുന്നു എന്നതും ചരിത്രം. ശിശുക്കളിൽ മാത്രം കണ്ടുവന്നിരുന്ന കരൾ രോഗം സഞ്ജയിന്‍റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഡോക്ടർമാരും ആശങ്കാകുലരായിരുന്നു. 

ദില്ലി: സാധാരണ കുഞ്ഞുങ്ങളെപ്പോലെയുള്ള ഒരു കുട്ടിക്കാലമായിരുന്നില്ല സഞ്ജയ് കന്ദസ്വാമിയുടേത്. കരളിന് അസുഖം ബാധിച്ച് ദുരിതമായിരുന്നു അന്നത്തെ നാളുകള്‍. അങ്ങനെ, ഇരുപത് മാസം പ്രായമുള്ളപ്പോഴാണ് സഞ്ജയിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. അച്ഛന്‍റെ കരളാണ് അന്ന് സഞ്ജയിന് പകുത്ത് നൽകിയത്.  ഇരുപത്തൊന്ന് വയസ്സുണ്ട് ഇപ്പോള്‍ സഞ്ജയ്ക്ക്. കരള്‍മാറ്റ ശസ്ത്രക്രിയയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ഡോക്ടറാകാനൊരുങ്ങുകയാണ് സഞ്ജയ് കന്ദസ്വാമി. 

ഇന്ത്യയിൽ ആദ്യമായി വിജയകരമായ കരൾ മാറ്റ ശസ്ത്രക്രിയ നടന്നത് ഈ കുഞ്ഞിന്‍റെ ശരീരത്തിലായിരുന്നു എന്നതും ചരിത്രം. ശിശുക്കളിൽ മാത്രം കണ്ടുവന്നിരുന്ന കരൾ രോഗം സഞ്ജയിന്‍റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഡോക്ടർമാരും ആശങ്കാകുലരായിരുന്നു. എന്നാൽ വിധി സഞ്ജയിന് അനുകൂലമായിരുന്നു. ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ല. 

ഓരോ വർഷവും രണ്ട് ലക്ഷത്തിലധികം പേരാണ് കരൾ രോഗം ബാധിച്ച് മരിക്കുന്നതെന്ന് ദില്ലി അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് വൈസ് ചെയർപേഴ്സൺ പ്രീതാ റെഡ്ഡി പറയുന്നു. വർഷം തോറും 1800 കരൾ മാറ്റ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ഓരോ വർഷവും പത്ത് ലക്ഷം പേർക്കെങ്കിലും കരൾ രോഗം സ്ഥിരീകരിക്കുന്നതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കുകൾ‌ വെളിപ്പെടുത്തുന്നു.

അപ്പോളോ ആശുപത്രിയുടെ ഇരുപത് വർഷത്തെ ചികിത്സാ സേവനത്തിനിടയിൽ 50 രാജ്യങ്ങളിൽ നിന്നായി 3200 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്ന് അപ്പോളോ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറും സീനിയർ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജിസ്റ്റുമായ ഡോക്ടർ അനുപം സിബൽ പറയുന്നു. ഇവയിൽ 302 പേർ കുട്ടികളായിരുന്നു. അവയവ ദാനത്തിലൂടെയും അവയവങ്ങൾ മാറ്റി വയ്ക്കുന്നതിലും ഇനിയും ധാരാളം മാറ്റങ്ങൾ സമൂഹത്തിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!