പാചകത്തില്‍ പുലി: ഗരിമ, മിഷെലിന്‍ സ്റ്റാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി ഷെഫ്

By Web TeamFirst Published Nov 15, 2018, 6:48 PM IST
Highlights

പാചകത്തോട് ഉള്ള ഇഷ്ടം ഉള്ളിൽ വളർത്തുന്നതിൽ അച്ഛന്‍റെ  പങ്ക്  വലുതായിരുന്നു. അച്ഛൻ  ധാരാളം  വിഭവങ്ങൾ  വീട്ടിൽ ഉണ്ടാക്കിയിരുന്നു. അച്ഛന്‍റെ പാചകം  ആസ്വദിച്ചാണ്  തനിക്ക് പാചകത്തോട്  താല്പര്യം കൂടിയത് എന്ന്  ഗരിമ കൂട്ടിച്ചേർക്കുന്നു.

ബാങ്കോക്ക്: മിഷെലിൻ സ്റ്റാർ  നേടുന്ന  ആദ്യത്തെ  ഇന്ത്യക്കാരിയായി  മാറിയിരിക്കുകയാണ് ബാങ്കോക്കില്‍ റസ്റ്റോറന്‍റ്  ഉടമയും  ഷെഫുമായ ഗരിമ അറോറ. ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ റെസ്റ്റോറന്‍റുകൾക്ക്  വേണ്ടിയുള്ള  അന്താരാഷ്ട്ര  റേറ്റിംഗ്  സിസ്റ്റം  ആണ് മിഷെലിൻ  സ്റ്റാറുകൾ.

1900 -ൽ തുടങ്ങിയ  റെഡ്  മിഷെലിൻ  ഗൈഡ് ആണ്  ഇത്  പ്രസിദ്ധീകരിക്കുന്നത്. 1926 മുതൽ  ആണ് അവർ  റേറ്റിംഗ്  സിസ്റ്റം  ആരംഭിച്ചത്. ഇന്നുവരെ വിവിധരാജ്യങ്ങളിലെ നൂറിൽ പരം റെസ്റ്റോറന്‍റുകൾക്ക്  മാത്രമാണ്   മിഷെലിൻ ത്രീ സ്റ്റാർ  റേറ്റിംഗ്  ലഭിച്ചിട്ടുള്ളത്. ഓരോ  വർഷവും  ഇത്  പുതുക്കപ്പെടുന്നു.

ഇരുപത്തൊന്നാമത്തെ വയസ്സിൽ  പാചകം ആരംഭിക്കുകയും  തുടർന്ന് ജന്മസ്ഥലമായ  മുംബൈയിൽ  നിന്ന്  പാരീസിലെ പ്രശസ്തമായ  കോർഡൻ-ബ്ലൂ പാചക സ്കൂളിൽ  ചേർന്ന്  പഠിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്  ഗരിമയുടെ  ജീവിതത്തിലെ  വഴിത്തിരിവ്. ഇരുപത്തിഒന്നാമത്തെ  വയസ്സിൽ  തുടങ്ങിയ  ഷെഫ്  ലൈഫ്  ഇന്ന്  മുപ്പതിൽ എത്തി  നിൽക്കുന്നു.  അതിനുമുൻപ്  ഗരിമ  ഒരു മാധ്യമ പ്രവർത്തക  ആയിരുന്നു. തന്‍റെ പഞ്ചാബി  കുടുംബത്തിന്‍റെ  ഭക്ഷണത്തോടുള്ള  ഭ്രാന്തമായ സ്നേഹവും ഷെഫ് ആവുന്നതിന് പിന്നിലെ  ഒരു കാരണമായി  ഗരിമ  പറയുന്നുണ്ട്.

പഞ്ചാബി പാചകരീതി ഇന്ത്യയിൽ  വളരെയധികം പ്രശസ്തമാണ്. ചില വിഭവങ്ങൾക്ക് മറ്റുരാജ്യങ്ങളിൽ  പോലും  ആരാധകർ  ഏറെയാണ്. ആഹാരത്തോടുള്ള സ്നേഹത്തിന്‍റെ പേരിൽ  അറിയപ്പെടുന്ന മനുഷ്യർ ആണ് പഞ്ചാബികൾ. '' ഒരാളുടെ  വീട്ടിൽനിന്നും ആഹാരം  കഴിക്കുന്ന അനുഭവം  അതിഥികളിൽ  ഉണ്ടാക്കിയാണ്  ഞങ്ങൾ അവരെ സന്തോഷിപ്പിക്കുന്നത്. ഞങ്ങൾ ഭക്ഷണം നല്‍കി അതിഥികളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.'' ഗരിമ  പറയുന്നു.

പാചകത്തോട് ഉള്ള ഇഷ്ടം ഉള്ളിൽ വളർത്തുന്നതിൽ അച്ഛന്‍റെ  പങ്ക്  വലുതായിരുന്നു. അച്ഛൻ  ധാരാളം  വിഭവങ്ങൾ  വീട്ടിൽ ഉണ്ടാക്കിയിരുന്നു. അച്ഛന്‍റെ പാചകം  ആസ്വദിച്ചാണ്  തനിക്ക് പാചകത്തോട്  താല്പര്യം കൂടിയത് എന്ന്  ഗരിമ കൂട്ടിച്ചേർക്കുന്നു. "അച്ഛൻ  റിസോട്ടോയും  ഹുമൂസും ഉണ്ടാക്കിയിരുന്നു തൊണ്ണൂറുകളിൽ തന്നെ. അന്നത്തെ  കാലത്ത് ഇതൊക്കെ  അറിയുന്നവർ   ഇന്ത്യയിൽ തന്നെ  അപൂർവം  ആയിരുന്നു."

ബാങ്കോക്കിൽ  'ഗാ' എന്ന തന്റെ റെസ്റ്റോറന്‍റ്  തുടങ്ങുന്നതിനു  മുൻപ്  ഗരിമ ലോകപ്രശസ്തരായ  പല  ഷെഫുമാരുടെയും ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. "പാചകം വളരെ  ക്രിയാത്മകമായ  ഒന്നാണ്. ശരിക്കും  തൃപ്തി  തരുന്നത്." ഇന്ന്  'ഗാ' യിൽ ഇന്‍റർനാഷണൽ  ശൈലിയിൽ  ഉള്ള  നിരവധി  ഇന്ത്യൻ  വിഭവങ്ങൾ  ലഭിക്കുന്നു.
"ഇവയെ  രണ്ടും  കൂട്ടി  ചേർത്ത്  സൂക്ഷ്മവും  മനോഹരവുമായ ഒന്ന്  ഉണ്ടാക്കാനാണ്  ഞാൻ ശ്രമിക്കുന്നത്. മിഷെലിൻ സ്റ്റാർ  ലഭിച്ചതിൽ തന്‍റെ ടീമിനെ ഓർത്ത് വളരെ  അഭിമാനമുണ്ട്. ഒരു ഷെഫ്  എന്ന നിലയിൽ  ഓരോ  തവണ  റെസ്റ്റോറന്‍റ്  വിട്ടിറങ്ങുന്ന  അതിഥിക്കും മുൻപൊരിക്കലും  ഇതുപോലെ  ഒന്ന്  കഴിച്ചിട്ടില്ല  എന്ന തോന്നൽ  ഉണ്ടാക്കാനാണ്  ആഗ്രഹിക്കുന്നത്." എന്നും ഗരിമ  പറയുന്നു


 

click me!