
തെളിവുകള്‍ എന്തുണ്ടെന്ന് ചോദിക്കുന്നവരും ഗൂഢാലോചന കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വാദിക്കുന്നവരും ഒക്കെ കാണും. അറസ്റ്റിന്റെ കാരണം എന്തെന്ന് പോലും വിസ്മരിക്കും വിധം വൈകാരിക മുതലെടുപ്പിന് വരെ കളമൊരുങ്ങുമ്പോള്‍ വിവേചന ബുദ്ധികൊണ്ട് വേണം ചിന്തിക്കാന്‍. ആ ചിന്തയ്ക്ക് ഇഷ്ടമില്ലാത്തവന്‍ തൊടുന്ന പെണ്ണിന്റെ ഉള്ളുടലിലെ നീറ്റലുണ്ടാകണം. ആണഹങ്കാരത്തിന്റെ അസ്തിവാരത്തില്‍ കെട്ടിപ്പൊക്കിയ മലയാള ചലച്ചിത്ര മേഖല ജീര്‍ണതയുടെ അങ്ങേ അറ്റത്താണെന്ന ബോധ്യം വേണം. പെണ്ണിന്റെ കണ്ണീരു വീണു കുതിര്‍ന്ന കോടമ്പാക്കത്തെ സിനിമാ കാലത്തിനും ഓടുന്ന കാറിനകത്ത് നിന്ന് ആരും കേള്‍ക്കാതെ പോയ ഉറച്ച നിലവിളിക്കും അത്ഭുതകരമായ തുടര്‍ച്ചയുണ്ടെന്ന തിരിച്ചറിവുമുണ്ടാകണം.
ആലുവാ യുസി കോളേജിലെ ശരാശരി വിദ്യാര്‍ത്ഥി പോലും അല്ലാതിരുന്ന ഗോപാലകൃഷ്ണന്‍. അല്ലറചില്ലറ മിമിക്രിയുമായൊക്കെ നടന്ന ചെറുപ്പക്കാരന്‍. അങ്ങനെയൊരാള്‍ ഒരു വ്യാഴവട്ടം തെളിഞ്ഞ് മറയുന്നതിനിടെ പ്രമുഖ നടനും ജനപ്രിയ നായകനും ആയി വളരുന്നതില്‍ അത്ഭുതമൊന്നുമില്ല. കഴിവുകളെ അംഗീകരിക്കുകയും കലാകാരന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുകയുമൊക്കെ ചെയ്യുന്ന സമൂഹം ചുറ്റുമുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.
എന്നാല്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കൈപ്പിടിയിലൊതിക്കിയ വെള്ളിവെളിച്ചം മാത്രമായിരുന്നില്ല ഗോപാലകൃഷ്ണനെ കൊച്ചിരാജാവാക്കിയത്. പ്രതിവര്‍ഷം ശരാശരി 150 സിനിമകളിറങ്ങുന്ന, രണ്ടായിരം കോടിയോളം രൂപ പ്രതിവര്‍ഷ മുതല്‍മുടക്കുള്ള മലയാള സിനിമ വ്യവസായത്തിന്റെ അനിഷേധ്യ വാക്കുകൂടിയായിരുന്നു നയകന്‍. എല്ലാം വരുതിയിലൊതുക്കി വിരാജിക്കുന്നതിനിടെയാണ് സ്വയം തീര്‍ത്ത വാരിക്കുഴിയിലേക്ക് സ്വന്തം സാമ്രാജ്യം പളുങ്കു കൊട്ടാരം കണക്ക് തകര്‍ന്നടിഞ്ഞത്.
ശരാശരി മലയാളിയുടെ മൂല്യ ബോധത്തിനൊപ്പമോ സദാചാര സങ്കല്‍പ്പങ്ങള്‍ക്കൊപ്പമോ എത്താന്‍ ഒരിക്കലും ചലച്ചിത്ര വ്യവസായത്തിന് കഴിഞ്ഞിട്ടില്ലെന്ന ചരിത്രസത്യം വിസ്മരിക്കുന്നില്ല. സൗമ്യയും നിര്‍ഭയയും മുതല്‍ ജിഷാ കൊലപാതകം വരെ പെണ്ണുടലിന് നേരെ നടന്ന ഓരോ അതിക്രമവും നെഞ്ച് പിടയ്ക്കുന്ന മനസ്സോടെ കേട്ടിരുന്നവര്‍ക്കിടയിലേക്കാണ് ഓടുന്ന വാഹനത്തില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട വാര്‍ത്തയെത്തുന്നത്.
പണത്തിന് വേണ്ടി പള്‍സര്‍ സുനി നടത്തിയ പരാക്രമം മാത്രമല്ല, മുഴുവന്‍ കുരുക്കുകള്‍ ഇനിയുമഴിയാത്ത ഗൂഢാലോചന കൂടി സംഭവത്തിന് പിന്നിലുണ്ടെന്ന് തെളിയാന്‍ അഞ്ചരമാസത്തെ കാത്തിരിപ്പ് . ആനപ്പകയേക്കാള്‍ വലിയ കുടിപ്പകയെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും വന്ന കഥകളത്രയും കണ്ടും കേട്ടും ഇരുന്ന മലയാളി ഒടുവില്‍ ജനപ്രിയ നായകന്റെ അറസ്റ്റ് വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു.
'എടാ ദിലീപേ നിനക്കിതിലെങ്കിലും പങ്കുണ്ടോ'എന്ന ഒറ്റചോദ്യം. 'ഇല്ല ചേട്ടാ എനിക്കിതിലൊരു പങ്കുമില്ലെന്ന' ഒറ്റവാക്കില്‍ മറുപടി. ഇതു മതിയായിരുന്നു ചലച്ചിത്രതാര സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്ന ഇന്നസെന്റെന്ന ഇടത് ജനപ്രതിനിധിക്ക് നടനെ വിശ്വസിക്കാന്‍. മുകേഷും ഗണേഷും അടക്കമുള്ള ജനപ്രതിനിധികളായ നടന്‍മാര്‍ മാത്രമല്ല, മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ തന്നെ അര്‍ത്ഥ ഗര്‍ഭമായ മൗനത്തിലൂടെ പിന്തുണ നല്‍കിയതും മറ്റാര്‍ക്കുമായിരുന്നില്ല.
പക്ഷെ കസ്റ്റഡിയോടെ കഥമാറി. പിന്നീടെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ നടന്നു. പദ്മസരോവരം എന്ന വീട്ടില്‍ നിന്ന് ആലുവാ പൊലീസ് ക്ലബിലേക്കും അവിടെനിന്ന് സബ്ജയിലേക്കും. താരാരാധനയ്ക്ക് നടുവില്‍ നിന്ന് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന പ്ലക്കാഡു പിടിച്ചും കൂവിവിളിച്ചും വരവേല്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ ദിലീപിന്റെ പുതിയ യാത്ര. രായ്ക്കുരായ്മാനം പദവികള്‍ എല്ലാം ഇല്ലാതായി. അമ്മയുടെ പ്രഥമികാംഗത്വം മുതല്‍ സിനിമാ മേഖലയിലെ സമാന്തര സംഘടനകളെല്ലാം കാല്‍ചുവട്ടിലെ മണ്ണിനൊപ്പം ഒഴുകുകയാണ്. ഒന്നു വെളുക്കുംമുമ്പ് സൂപ്പര്‍ താരങ്ങള്‍ പോലും തള്ളിപ്പറഞ്ഞു.
അത് മനസ്സിലാവാന്‍ പെണ്ണുടലിന്റെ
നീറ്റലിന്റെ തീവ്രതയറിയണം
തെളിവുകള്‍ എന്തുണ്ടെന്ന് ചോദിക്കുന്നവരും ഗൂഢാലോചന കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വാദിക്കുന്നവരും ഒക്കെ കാണും. അറസ്റ്റിന്റെ കാരണം എന്തെന്ന് പോലും വിസ്മരിക്കും വിധം വൈകാരിക മുതലെടുപ്പിന് വരെ കളമൊരുങ്ങുമ്പോള്‍ വിവേചന ബുദ്ധികൊണ്ട് വേണം ചിന്തിക്കാന്‍. ആ ചിന്തയ്ക്ക് ഇഷ്ടമില്ലാത്തവന്‍ തൊടുന്ന പെണ്ണിന്റെ ഉള്ളുടലിലെ നീറ്റലുണ്ടാകണം. ആണഹങ്കാരത്തിന്റെ അസ്തിവാരത്തില്‍ കെട്ടിപ്പൊക്കിയ മലയാള ചലച്ചിത്ര മേഖല ജീര്‍ണതയുടെ അങ്ങേ അറ്റത്താണെന്ന ബോധ്യം വേണം. പെണ്ണിന്റെ കണ്ണീരു വീണു കുതിര്‍ന്ന കോടമ്പാക്കത്തെ സിനിമാ കാലത്തിനും ഓടുന്ന കാറിനകത്ത് നിന്ന് ആരും കേള്‍ക്കാതെ പോയ ഉറച്ച നിലവിളിക്കും അത്ഭുതകരമായ തുടര്‍ച്ചയുണ്ടെന്ന തിരിച്ചറിവുമുണ്ടാകണം.
അവളെ ഇരയെന്ന് വിളിക്കരുത്. അവള്‍ ആത്മ ധൈര്യമുള്ളവളാണ്. ആര്‍ക്കും അടിപറിപ്പതറി പോകുന്ന സാഹചര്യത്തെ അസാമാന്യ തന്റേടത്തോടെ അതിജീവിച്ചവളാണ്. ഇനി അകത്തായവരുടേയും അകത്തേക്കുള്ള വഴിയില്‍ ഒന്നിന് പിന്നാലെ ഒന്നായി വരി നില്‍ക്കുന്നവരുടേയും കാര്യം. പനപേലെ വളര്‍ന്ന് പാതാളക്കുഴിയില്‍ വീണ ജനപ്രിയന്റെ ഇതുവരെ അറിയാത്ത വീര കഥകള്‍ മിനിറ്റുകളുടെ ഇടവേളകളിലാണ് റിലീസാകുന്നത്. എല്ലാം വെട്ടിപ്പിടിച്ചതിന്റെയും വെട്ടിയൊതുക്കിയതിന്റെയും കൂവി തോല്‍പ്പിച്ചതിന്റെയും അനുഭവ സാക്ഷ്യങ്ങളാണ്.
മുളകുപാടം മുടക്കിയ പതിനാല് കോടി മുടക്കാച്ചരക്കായി പെട്ടിയിലിരിക്കുന്നു. സിനിമയില്‍ പെണ്ണിനെ അധിക്ഷേപിക്കുന്ന ഡയലോഗുകള്‍ വായില്‍ നിന്ന് ഇനി വീഴില്ലെന്നും ആണ്‍പെണ്‍ അവസര സമത്വത്തിന്റെ അര്‍ത്ഥമറിയാമെന്നും അവകാശ സ്വരങ്ങള്‍ ചലചിത്ര മേഖലയിലെ മുക്കിലും മൂലയിലും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് ന്യായീകരണ തൊഴിലാളികള്‍ തല്‍ക്കാലം മാറി നില്‍ക്കൂ.
പ്രതിനായകന് സഹാനുഭൂതിയുടെ ആനുകൂല്യം നല്‍കി മഹാനടന്‍ തന്നെയെന്ന് ഉറപ്പിക്കുന്നവര്‍ ഒരു കാര്യമറിയൂ. 81 ദിവസത്തെ അന്വേഷണത്തിന് ശേഷം കോളറില്‍ തൂക്കി അകത്തിട്ടത് കഞ്ചാവ് വിറ്റതിനോ കള്ളപ്പണം വെളുപ്പിച്ചതിനോ ഖജനാവിന് നഷ്ടമുണ്ടാക്കിയതിനോ അല്ല. ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് വിലയിട്ടതിനാണ്. അടങ്ങാത്ത പകയോടെ സ്വന്തം സഹപ്രവര്‍ത്തകയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനാണ്. ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഒരുവട്ടം ഓര്‍ത്താല്‍, തീരാവുന്നതേയുള്ളൂ, മഹാനടന്റെ സ്വകാര്യതയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിങ്ങളുടെ തള്ളലുകള്‍.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.