മെഡിക്കല്‍ ബിരുദമെടുത്ത, കേരളത്തിലെ ആദ്യ മുസ്‌ലിം  സ്ത്രീകളില്‍ ഒരാളായ ഡോ. റഹ്മയ്ക്ക് മലേഷ്യയില്‍ അന്ത്യം

Published : Jul 12, 2017, 07:16 PM ISTUpdated : Oct 05, 2018, 12:02 AM IST
മെഡിക്കല്‍ ബിരുദമെടുത്ത, കേരളത്തിലെ ആദ്യ മുസ്‌ലിം  സ്ത്രീകളില്‍ ഒരാളായ ഡോ. റഹ്മയ്ക്ക് മലേഷ്യയില്‍ അന്ത്യം

Synopsis

തിരുവനന്തപുരം: കേരളത്തില്‍നിന്നും മെഡിക്കല്‍ ബിരുദമെടുത്ത ആദ്യ മുസ്‌ലിം സ്ത്രീകളില്‍ ഒരാളായ ഡോ. റഹ്മാ മുഹമ്മദ് കുഞ്ഞിന് മലേഷ്യയില്‍ അന്ത്യം. ഇന്ത്യയും പാക്കിസ്താനും സിംഗപ്പൂരും മലേഷ്യയും അടങ്ങുന്ന രാജ്യങ്ങളില്‍ ഐതിഹാസികമായ ജീവിതം നയിച്ചശേഷമാണ്, മലയാളികള്‍ക്ക് അത്ര പരിചിതയല്ലാത്ത ഡോ. റഹ്മയുടെ വിടവാങ്ങല്‍. മലേഷ്യയിലെ സുഭങ് ജയയിലെ സ്വവസതിയിലായിരുന്നു 91കാരിയായ ഡോ. റഹ്മയുടെ അന്ത്യം. 

സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വദേശാഭിമാനി പത്രമുടമയുമായിരുന്ന വക്കം മൗലവിയുടെ സഹോദരി പൗത്രി. പാകിസ്ഥാന്‍ പിറവിയെടുക്കുന്ന നാളുകളില്‍ പാക്കിസ്താനിലെ പ്രമുഖ പത്രമായ ഡോണിന്റെ മുഖ്യപത്രാധിപരായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം എ ഷുക്കൂറിന്റെ സഹോദരി. മലേഷ്യന്‍ പ്രവാസലോകത്തെ സജീവസാന്നിധ്യം. ഇങ്ങനെ നിരവധി സവിശേഷതകളുണ്ട് ഡോ. റഹ്മയ്ക്ക്. 

ഡോ. റഹ്മ. പഴയ ചിത്രം. 

1926ല്‍ തിരുവിതാംകൂറിലാണ് ജനനം. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസം വിരളമായിരുന്ന കാലത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ ഡോ. റഹ്മ വിഭജനത്തിന് മുമ്പുള്ള കാലത്ത്  കറാച്ചി മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം ബിബിഎസ് നേടിയത്. തുടര്‍ന്ന് ലണ്ടനില്‍ ഉന്നത പഠനം. അതിനു ശേഷം ആതുര ചികില്‍സാ രംഗത്ത് സജീവമായി. പതിറ്റാണ്ടുകളോളം മലേഷ്യയിലും സിംഗപ്പൂരിലും ചികില്‍സ നടത്തി. ആരോഗ്യ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദില്‍നിന്ന് സ്വീകരിച്ച പുരസ്‌കാരവും ഇതിലുള്‍പ്പെടുന്നു. കൂലാലമ്പൂര്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഏറെക്കാലം.  കുറച്ചു കാലമായി വാര്‍ധക്യ സഹജമായരോഗങ്ങള്‍ അലട്ടിയിരുന്നു. 

വക്കം മൗലവിയുടെ മൂത്ത സഹോദരിയുടെ പുത്രി മറിയം ബീവിയാണ് മാതാവ്. വക്കം മൗലവിയുടെ സന്തതസഹചാരിയും എഴുത്തുകാരനും ആയ മുഹമ്മദ് കണ്ണ് ആണ് പിതാവ്. യൂണിയന്‍ കാര്‍ബൈഡിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞുമായുള്ള വിവാഹാനന്തരം  സിംഗപ്പൂരിലേക്ക് പോയ ഡോ.റഹ്മാ പിന്നീട് മലേഷ്യയില്‍ ആരോഗ്യസേവന രംഗത്ത്  ചുവടുറപ്പിക്കുകയായിരുന്നു.  രണ്ടു പുത്രന്മാരും മൂന്നു പുത്രികളുമുണ്ട്. ഫാമി(ഓസ്‌ട്രേലിയ) ഫെയ്‌സ് (കൂലാലംപൂര്‍), ഫൗസിയ, ഫൗമ്യ, ഫദിയ (കേരളം). ഖബറടക്കം സുഭങ് ജയയില്‍ ഇന്ന് രാവിലെ നടന്നു.

ഡോ. റഹ്മയും കുടുംബവും. പഴയ കാല ചിത്രം

പാക്കിസ്താന്‍ ടൈംസിന്റെ ലണ്ടന്‍ ലേഖകനും ഡോണിന്റെ മുഖ്യപത്രാധിപരുമായിരുന്ന സഹോദരന്‍ എം എ ഷുക്കൂര്‍ പാക്കിസ്താനിലായിരുന്നപ്പോഴാണ് കറാച്ചി മെഡിക്കല്‍ കോളേജില്‍ നിന്നും എം ബിബിഎസ് നേടിയത്. കൂലാലംപൂര്‍ സര്‍വകലാശാലയിലും മറ്റു അനേക മേഖലകളിലും പ്രവര്‍ത്തിച്ച ഡോ. റഹ്മാ തന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും തേടിയെത്തിയപ്പോഴും ലളിതമായ ജീവിത ശൈലികൊണ്ടും ആതുരസേവനരംഗത്തെ പ്രതിബദ്ധതകൊണ്ടും മറ്റെങ്ങും പോകാന്‍ ആഗ്രഹിച്ചില്ല. 1960കളിലും 1970കളിലും ഇന്ത്യന്‍ പ്രവാസികൂട്ടായ്മകളിലെ സജീവ പ്രവര്‍ത്തകയായിരുന്നു. 

കേരളത്തില്‍ പലപ്പോഴും  വരാറുണ്ടായിരുന്ന ഡോ.  റഹ്മ അന്നൊക്കെ തിരുവനന്തപുരത്തെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസം.  


എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ അധ്യാപകനായ ഡോ. കെഎം സീതി ഉറ്റ ബന്ധുവായ ഡോ. റഹ്മയെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്: സ്‌ഹേത്തോടെ, ആരാധനയോടെ മലേഷ്യന്‍ മാമി എന്നായിരുന്നു ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്.  ഉമ്മയെപ്പോലെ ആയിരുന്നു ഞങ്ങള്‍ക്ക് അവര്‍. നാട്ടില്‍ വരുമ്പോഴെല്ലാം തിരുവനന്തപുരത്ത് ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. 2012ല്‍ മലേഷ്യയില്‍വെച്ചാണ് അവസാനമായി കണ്ടത്. സുഭങ് ജയയിലെ വസതിയില്‍ ഞങ്ങള്‍ മൂന്നുനാള്‍ താമസിച്ചു. പല രാജ്യങ്ങളിലുള്ള തന്റെ ജീവിതത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും മണിക്കൂറുകളോളം മാമി സംസാരിച്ചു. ആ സ്‌നേഹവും കരുതലും ഊഷ്മളതയുമാണ് നഷ്ടമായത്'.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!