
'വിജയകരവും പ്രശ്‌നരഹിതവും'. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഇക്കഴിഞ്ഞ ഏഷ്യന്‍ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ട്രംപിന്റെ കൂടിക്കാഴ്ചകളിലെയും പരിപാടികളിലെയും രാഷ്ട്രീയവും നയതന്ത്രവുമെല്ലാം ഇഴ കീറി പരിശോധിച്ച്, ഇക്കാര്യം ശരിയോ തെറ്റോ എന്ന് തിരക്കുന്ന തിരക്കിലാണ് പലരും. അതിനിടെയാണ്, ഒട്ടും രാഷ്ട്രീയമില്ലാത്ത രണ്ടു കാര്യങ്ങളിലെ രാഷ്ട്രീയവും നയതന്ത്രവും ചര്‍ച്ചയാവുന്നത്. ഭക്ഷണവും ഹസ്തദാനവും. പ്രത്യക്ഷത്തില്‍ രാഷ്ട്രീയമില്ലാത്ത രണ്ടു കാര്യങ്ങള്‍. എന്നാല്‍, കട്ട രാഷ്ട്രീയമാണ് ട്രംപിന്റെ ഭക്ഷണത്തിലും ഹസ്തദാനത്തിലും പലരും കാണുന്നത്.
ട്രംപിന്റെ ഏഷ്യന്‍ യാത്രയിലെ ഭക്ഷണ വിശേഷങ്ങള്‍ രസകരമാണ്. അതിലുമുണ്ട് ഒരു രാഷ്ട്രീയവും നയതന്ത്രവും. ഒരു പക്ഷേ ട്രംപിന്റെ നിലപാടുകളിലും സംസാരത്തിലും ഉള്ളതിനേക്കാളേറെ.
ഭക്ഷണകാര്യത്തില്‍ ട്രംപ് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു, വൈറ്റ്ഹൗസ്. സുഷി ഉള്‍പ്പടെ പച്ചമീന്‍ വിഭവങ്ങളുടെ നാടായ ജപ്പാനിലെത്തിയ ട്രംപ് അവിടെയും കഴിച്ചത് അമേരിക്കന്‍ ബീഫ് ബര്‍ഗറും കെച്ചപ്പുമാണ്. പിന്നെ സ്‌റ്റെയിക്കും ഐസ് ക്രീമും.
ട്രംപിന്റെ ഭക്ഷണരീതികള്‍ കണ്ടപ്പോള്‍ പലരും ഓര്‍ത്തത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ജപ്പാന്‍ സന്ദര്‍ശനമാണ്. പ്രശസ്തമായ സുഷി ഭക്ഷണശാലയിലെത്തിയ ഒബാമ സുഷി വിഭവങ്ങളെല്ലാം നന്നായി ആസ്വദിച്ചിരുന്നു.
എന്നാല്‍, ജപ്പാന്റെ പ്രശസ്തമായ കെരിയാക്കി ചിക്കന്‍ മാത്രമാണ് ട്രംപ് പരീക്ഷിച്ചത്.
ദക്ഷിണ കൊറിയ ട്രംപിന് വിളമ്പിയത്, ജപ്പാനുമായി തര്‍ക്കം നിലനില്‍ക്കുന്ന ദോക്‌ദോ ദ്വീപിനടുത്തുനിന്ന് കിട്ടിയ ചെമ്മീനാണ്. ഉടന്‍ അതില്‍ അതൃപ്തിയറിയിച്ചു, ജപ്പാന്‍. ദ്വീപിന്റെ പേരിലെ തര്‍ക്കം ദക്ഷിണകൊറിയയും ജപ്പാനും തമ്മിലാണ്. മാത്രമല്ല, വിരുന്നില്‍ ഒരതിഥി മുന്‍ കംഫര്‍ട്ട് വുമണാണ്. കൊറിയ ജപ്പാന്‍ യുദ്ധകാലത്ത് ജാപ്പനീസ് സൈനികരുടെ ലൈംഗികതടവുകാരിയായിരുന്ന കൊറിയന്‍ സ്ത്രീ. ഇന്നും അതില്‍ ജപ്പാന്‍ -ദക്ഷിണകൊറിയ നീരസം അവസാനിച്ചിട്ടില്ല. അതിലും ജപ്പാന്‍ അനിഷ്ടമറിയിച്ചു.
വിരുന്നില്‍ വിളമ്പിയത് 360 വര്‍ഷം പഴക്കമുള്ള സോയി സോസാണ്. അതെന്തിന്റെ സൂചനയായിരുന്നു എന്നതിന്റെ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല ഭക്ഷണപ്രിയന്‍മാര്‍ക്ക്.
അമേരിക്കന്‍, ദക്ഷിണ കൊറിയന്‍ സൈനികരുമൊത്ത് ഭക്ഷണം കഴിക്കുക എന്ന രാഷ്ട്രീയം മാത്രമാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ബീജിംഗില്‍ വിളമ്പിയത് കുങ് പൈാവോ ചിക്കനാണ്, അത് ട്രംപിന്റെ ചൈനീസ് പാരമ്പര്യമെന്ന കഥയെ ഓര്‍മ്മിപ്പിക്കാനായിരുന്നോ എന്നാണ് പലരുടേയും സംശയം.
ട്രംപിന് ഇനി ഭക്ഷണമൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലോ? എയര്‍ഫോഴ്‌സ് വണ്ണില്‍ തികഞ്ഞ ഒരമേരിക്കന്‍ വിഭവമുണ്ട്, ടാക്കോ. അതില്‍ ആശ്വാസം കാണൂ എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് ഭക്ഷണപ്രിയരുടെ ഉപദേശം.
ദക്ഷിണ കൊറിയ ട്രംപിന് വിളമ്പിയത്, ജപ്പാനുമായി തര്‍ക്കം നിലനില്‍ക്കുന്ന ദോക്‌ദോ ദ്വീപിനടുത്തുനിന്ന് കിട്ടിയ ചെമ്മീനാണ്.
ഇനി, ഹസ്തദാനക്കഥ. ഏഷ്യന്‍ സന്ദര്‍ശനത്തിലെ മറ്റൊരു തമാശ. ഇത്തവണ അതിന്റെ ഒരു വീഡിയോയും വൈറലായി.
ട്രംപിന്റെ ഹസ്തദാനക്കഥകള്‍ പ്രസിദ്ധമാണ്. ജര്‍മ്മന്‍ ചാന്‍സലറിന് ഹസ്തദാനം കൊടുക്കാന്‍ വിസമ്മതിച്ച ട്രംപ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയെ ഹസ്തദാനത്തിലൂടെ ശ്വാസം മുട്ടിച്ച ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഹസ്തദാനം ചെയ്ത് വെട്ടിലായ ട്രംപ്, നീല്‍ ഗോര്‍സുക്ക്... മിറ്റ് റോംനി ..പ്രശസ്തമായ ഹസ്തദാന കഥകള്‍.
ഹസ്തദാനം നല്‍കുന്നയാളിനെ ശക്തിയായി വലിച്ചടുപ്പിക്കുന്ന സ്വഭാവമാണ് അമേരിക്കന്‍ പ്രസിഡന്റിന്‍േറത്. പക്ഷേ ആസിയന്‍ സമ്മേളനത്തിനിടെ പരിചിതമല്ലാത്ത ഒരു ഹസ്തദാനം പരീക്ഷിക്കേണ്ടിവന്നു അമേരിക്കന്‍ പ്രസിഡന്റിന്. ആസിയന്‍ ഹാന്‍ഡ്‌ഷേക് എന്നാണ് ഇതറിയപ്പെടുന്നത്. മൂന്നു തവണ തെറ്റി, ശരിയായപ്പോഴേക്കും പ്രസിഡന്റ് കുഴഞ്ഞു, ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച വീഡിയോകളിലൊന്നായി ഇത്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.