കസാക്കിസ്ഥാനിൽ വിവാഹത്തിന് മുമ്പ് 'ഷെട്ടി ആറ്റ' എന്ന ആചാരപ്രകാരം ഏഴ് തലമുറകളുടെ വംശപരമ്പര വെളിപ്പെടുത്തണം. ഇതിലൂടെ വധൂവരന്മാർ തമ്മിൽ രക്തബന്ധമില്ലെന്ന് ഉറപ്പാക്കുന്നു. കൂടാതെ, വരൻ വധുവിന്റെ കുടുംബത്തിന് പണം നൽകുന്ന 'ഖാലിം', സമ്മതത്തോടെ വധുവിനെ തട്ടിക്കൊണ്ടുപോകുന്ന 'അലകാച്ചു' എന്നിവയും ഇവിടുത്തെ സവിശേഷമായ വിവാഹ ആചാരങ്ങളാണ്.
ഓരോ നാട്ടിലും ഓരോ ആചാരങ്ങളാണ്. അത് എല്ലാക്കാര്യത്തിലും വ്യത്യസ്തമായിരിക്കും. പറഞ്ഞു വരുന്നത് കസാക്കിസ്ഥാനിലെ വിവാഹത്തോട് അനുബന്ധിച്ചുള്ള സവിശേഷമായ ഒരാചാരത്തെ കുറിച്ചാണ്. വിവാഹം കഴിക്കുന്നതിന് മുമ്പ് ആളുകൾ തങ്ങളുടെ ഏഴ് തലമുറകൾ വരെയുള്ള വംശപരമ്പര വെളിപ്പെടുത്തണമെന്നാണ് ആ ആചാരം. 'ഷെട്ടി ആറ്റ' എന്നറിയപ്പെടുന്ന ഈ ആചാരത്തിന്‍റെ അക്ഷരാർത്ഥത്തിലുള്ള അർത്ഥം 'ഏഴ് പൂർവ്വികർ' എന്നാണ്.
ഏഴ് പൂർവ്വികരുടെ പേരുകൾ
ഏഴ് തലമുറകളിലൂടെ തങ്ങളുടെ വംശപരമ്പര പിന്തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ദീർഘകാല സാംസ്കാരിക പാരമ്പര്യമാണിത്. ഏഴ് പരമ്പരളുടെ പേരുകൾ പറയുന്നതോടെ വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ അടുത്ത ബന്ധമുള്ളവരല്ലെന്ന് ഉറപ്പിക്കുന്നു. ഇത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ ഏഴ് പൂർവ്വീകരിൽ ആരെങ്കിലും ഒരാൾ വിവാഹം കഴിക്കാൻ പോകുന്ന ആളുമായി ബന്ധമുള്ള ആളാണെങ്കിൽ ആ വിവാഹത്തിന് അനുമതി കിട്ടില്ല. കാരണം വിവാഹം കഴിക്കാൻ പോകുന്നവരെ സഹോദരനും സഹോദരിയുമായി കണക്കാക്കും, വധൂവരന്മാർ തമ്മിൽ ബന്ധുക്കളാണെന്ന് തെളിഞ്ഞാൽ പിന്നെ ആ വിവാഹം നടക്കില്ലെന്ന് വീഡിയോയിൽ പറയുന്നു.
സ്ത്രീധനം വേണ്ട, പക്ഷേ...
കസാഖ് വിവാഹങ്ങളുടെ മറ്റൊരു രസകരമായ വശം 'ഖാലിം' എന്ന ആശയമാണ്, വരൻ വധുവിന്റെ കുടുംബത്തിന് സമ്മാനങ്ങളോ പണമോ നൽകുന്നതിനെയാണ് ഖാലിം എന്ന് വിളിക്കുന്നത്. ഇന്ത്യൻ സംസ്കാരങ്ങളിൽ കാണപ്പെടുന്ന സ്ത്രീധന സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമാണിത്. ഖാലിമിനെ പ്രതിബദ്ധതയുടെയും കൃതജ്ഞതയുടെയും പ്രതീകമായും വരന് തന്‍റെ ഭാവി വധുവിനെ സംരക്ഷിക്കാൻ കഴിയുമെന്നതിന്‍റെ തെളിവായും ഇതിനെ കാണുന്നു.
അലകാച്ചു
അത്ര പ്രശ്തമല്ലെങ്കിലും അലകാച്ചു എന്നൊരു ആചാരവും കസാക്കിസ്ഥാനിലുണ്ട്. വധുവിനെ തട്ടിക്കൊണ്ട് പോകൽ എന്നാണ് ഇതിന്‍റെ അർത്ഥം. വിവാഹം കഴിക്കാൻ പണമില്ലാത്തവർ ചെയ്യുന്നതാണിതെന്ന് വീഡിയോയിൽ പറയുന്നു. എന്നാൽ. ഇവിടെ വരൻ പെൺകുട്ടിയുടെ സമ്മതത്തോടെയാണ് അവളെ തട്ടിക്കൊണ്ടുപോകുന്നതെന്ന് മാത്രം. ഇതുവഴി വിവാഹച്ചെലവുകൾ മുഴുവൻ ഒഴിവാക്കുന്നു. കസാക്കിസ്ഥാനിൽ പ്രണയം ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വീഡിയോയിൽ അവകാശപ്പെടുന്നു.
കൊള്ളാമെന്ന് നെറ്റിസെന്‍സ്
വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത്തരമൊരു അസാധാരണ പാരമ്പര്യ ചടങ്ങുകളെ കുറിച്ച് കേട്ടിട്ടേയില്ലെന്നായിരുന്നു ഭൂരിപക്ഷം ആളുകളും എഴുതിയത്. ഗുജറാത്തി സംസ്കാരത്തിൽ മുമ്പ് 7 തലമുറകളെ അറിയേണ്ടതുണ്ടായിരുന്നു, 7 തലമുറയ്ക്കുള്ളിൽ, അവർ സഹോദരീ സഹോദരന്മാരാണ്. എന്നാൽ, ഇപ്പോൾ 7-ാം തലമുറ വരെ ആരും പരിശോധിക്കുന്നില്ല, 3-4-ാം തലമുറ വരെ മാത്രമേ ഇപ്പോൾ നിർബന്ധമാകുന്നൊള്ളൂവെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. അരുണാചലിൽ വരന്‍റെ വീട്ടുകാർ വധുവിന് വധുവില നൽകുന്നൊരു ആചാരമുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. അനുമതിയോടെ തട്ടിക്കൊണ്ട് പോകുന്ന രീതി ഇഷ്ടപ്പെട്ടെന്നായിരുന്നു മറ്റൊരു കുറിപ്പ്.


