
വീട്ടുകാരുടെ സമ്മതമില്ലാത്ത പ്രണയവിവാഹങ്ങള്‍ കേരളത്തിലിപ്പോള്‍ കൊല്ലപ്പെടാനുള്ള സാദ്ധ്യത കൂടിയാണ്. മതവും ജാതിയും നോക്കി മാത്രം കല്യാണം കഴിക്കുന്നവരുടെ നാട്ടില്‍ അങ്ങനെയല്ലാത്ത വിവാഹങ്ങള്‍ക്ക് ഇപ്പോള്‍ പഴയ ഗതിയല്ല. കോട്ടയത്തെ കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ചോര ഒന്നുകൂടി അക്കാര്യം ഉറപ്പിച്ചു പറയുന്നു. ഈ സാഹചര്യത്തിലാണ് മഹിതാ ഭാസ്‌കരന്റെ ജീവിതം അസാധാരണമായ ഒന്നായി മാറുന്നത്. പുതിയ കേരളത്തിന് അത്രയെളുപ്പം മനസ്സിലാക്കാനാവാത്ത ആ അനുഭവം തുറന്നെഴുതുകയാണ് മഹിത.
നാലു വര്‍ഷം മുമ്പാണ്.
ഞാനും മകനും ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുന്നു. വിമാനത്താവളത്താവളത്തില്‍വെച്ച് ഒരു ഒരു പതിനെട്ടുകാരി എന്റെ അടുത്തുവന്നു. കുടുംബസുഹൃത്തിന്റെ മകളാണ്. മകന്റെ സഹപാഠി. അവള്‍ ഒറ്റക്കായതിനാല്‍ വിളിച്ച് അടുത്തിരുത്തി. സന്തോഷകരമായ യാത്ര. പക്ഷേ, പക്ഷെ, 'മോള്‍ എങ്ങോട്ടാ' എന്ന ചോദ്യത്തിന് കിട്ടിയ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.
'അമ്മയുടെ മരുമകളാവാന്‍ വരുവാണ് ഞാന്‍... '
മോന് 21 വയസാണ്. രണ്ടു പേരും ഒരേ കോളേജില്‍ പഠിക്കുന്നു.
സത്യത്തില്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞ പോലെ തോന്നിപ്പോയി എനിക്ക്. എന്ത് ചെയ്യണം എന്നറിയാതെ തരിച്ചിരിക്കാനേ പറ്റിയുള്ളൂ. ഫ്‌ളൈറ്റില്‍ ഫോണ്‍പോലും ഉപയോഗിക്കാനാവില്ലല്ലോ? ആരോടും ഒന്നും പറയാന്‍ കഴിയാത്ത നാലര മണിക്കൂര്‍. എന്തൊക്കെ സംഭവിക്കുമെന്നോര്‍ത്ത് തലയാകെ തരിച്ചുപോയി.
അവള്‍ വീട്ടില്‍ നിന്നും ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഇറങ്ങി വന്നിരിക്കുന്നതത്രെ. ഞങ്ങള്‍ ഫ്‌ളൈറ്റ് ഇറങ്ങുന്ന നേരം നാട്ടിലെ വൈകീട്ട് ആറ് മണിയാണ്. അതുവരെ ഒരുപക്ഷെ വീട്ടുകാര്‍ അവളെ അന്വേഷിക്കില്ലായിരിക്കാം. അതിനുശേഷം അവര്‍ പോലീസില്‍ പരാതി കൊടുത്താല്‍ എന്തായാലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ഞങ്ങള്‍ പിടിക്കപ്പെടാം. അതും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന ഗുരുതരമായ കുറ്റത്തിന്.
നാട്ടിലിറങ്ങിയതും ഞാനവളുടെ കൈകള്‍ മുറുകെ ചേര്‍ത്തുപിടിച്ചു.
അറബി പോലീസ് ആദ്യം അന്വേഷിക്കുന്നതും എയര്‍പോര്‍ട്ടിലാവും. തെളിവുകള്‍ അവിടം മുതല്‍ കിട്ടും. കയറിവന്ന ഫ്‌ളൈറ്റിന്റെറ നമ്പര്‍ അടക്കം. ഞങ്ങള്‍ ഇറങ്ങുന്ന നേരം നെടുമ്പാശ്ശേരിയില്‍ പിടിക്കപ്പെടുമെന്നുതന്നെ ഞാന്‍ ഭയന്നു. എന്റെ കണ്ണുകള്‍ വല്ലാതെ നനഞ്ഞുപോയി. നാട്ടിലാരുമില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ഞാനും മോനും മാത്രം.
നാലര മണിക്കൂറിന്റെ വ്യാപ്തിയെക്കുറിച്ച് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. കാരണം ശൂന്യമായ ഏതോ ഒരു ഗ്രഹത്തിലായിരുന്നു ഞാനപ്പോള്‍.
പ്രായമോ, പക്വതയോ ആവാത്ത മകനൊപ്പം, കഥയൊന്നുമറിയാത്ത ഒരു പെണ്‍കുട്ടിയെയും കൂട്ടിച്ചെന്നാല്‍, എന്തിന് കൊണ്ടുവന്നുവെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തും. അതിനെ നേരിടാനുള്ള കരുത്ത് നേടുകയായിരുന്നു ഞാന്‍. ഞാന്‍ മകനേയും ആ പെണ്‍കുട്ടിയേയും നോക്കി. അവര്‍ രണ്ടുപേരും മൊബൈലില്‍ ഗെയിം കളിക്കുന്നു, ചിരിക്കുന്നു.
നാട്ടിലിറങ്ങിയതും ഞാനവളുടെ കൈകള്‍ മുറുകെ ചേര്‍ത്തുപിടിച്ചു. കസ്റ്റംസ് ക്ലിയറന്‍സ് ക്യൂവില്‍ നില്‍ക്കുമ്പോഴൊക്കെയും ഇപ്പോള്‍ പിടിക്കപ്പെട്ടേക്കാമെന്ന ഭീതി വളര്‍ന്നു. പുറത്തുകടന്ന ശേഷം ഞാനാദ്യം ചെയ്തത് നാട്ടിലെ സിം ഇടുവിച്ച് അവളെ കൊണ്ട് അവളുടെ അമ്മയെ വിളിപ്പിക്കുകയാണ്. തളര്‍ന്ന് ബോധമറ്റു കിടക്കുന്ന ഒരമ്മയും നെഞ്ചില്‍ തീകൂട്ടിയെരിച്ചു തകര്‍ന്നിരിക്കുന്ന ഒരച്ഛനും എന്നില്‍ ഭീതി പടര്‍ത്തിയിരുന്നു, വേദനയുണ്ടാക്കിയിരുന്നു. കാരണം ഞാനും ഒരമ്മയാണല്ലോ?
ഞാനവരോട് വിറച്ചുവിറച്ചുകൊണ്ട് പറഞ്ഞു, 'പേടിക്കണ്ട.. ഞങ്ങള്‍ നാട്ടിലാണ്. മോള്‍ എനിക്കൊപ്പമുണ്ട്. അവള്‍ക്കൊന്നും സംഭവിക്കില്ല. കുട്ടികളുടെ ബുദ്ധിമോശമാണ്... ഞാനറിയാന്‍ വൈകിപ്പോയി. നാളെ വേണ്ടപ്പെട്ട ബന്ധുക്കളെ ആരെയെങ്കിലും എന്റെ വീട്ടിലേക്ക് വിട്ടാല്‍ ഞാനവളെ പറഞ്ഞു മനസ്സിലാക്കി അവര്‍ക്കൊപ്പം വിടാം. ആരും അറിയുക പോലുമില്ല'.
ഞങ്ങള്‍ ഇറങ്ങുന്ന നേരം നെടുമ്പാശ്ശേരിയില്‍ പിടിക്കപ്പെടുമെന്നുതന്നെ ഞാന്‍ ഭയന്നു.
അവളുടെ അമ്മ ഒത്തിരി കരഞ്ഞു കൊണ്ടു പറഞ്ഞു, 'മോള്‍ക്ക് ആപത്തൊന്നും പറ്റിയില്ലല്ലോ, സമാധാനമായി. ഞങ്ങള്‍ വേണ്ടത് ചെയ്യാം'
ഫോണ്‍വെച്ചതും അടുത്ത ആശങ്ക വന്നു. ഈ കുട്ടിയെയും കൊണ്ട് നാട്ടുകാരുടെയും, ബന്ധുക്കളുടെയും ഇടയിലേക്ക് എങ്ങനെ ചെന്നിറങ്ങും എന്ന ആശങ്ക. വഴിയില്‍ നിന്നും അവള്‍ക്ക് മാറിയുടുക്കാന്‍ രണ്ടുജോഡി ഡ്രസും, കുറച്ച് കുപ്പിവെള്ളവും, ഒരു കൂടു മെഴുകുതിരിയും, ഒരു തീപ്പെട്ടിയും വാങ്ങി വീട്ടിലേക്ക് ടാക്‌സി കയറി...
അടച്ചു കിടക്കുന്ന വീടിന്റെ ഗേറ്റും, വാതിലും ശബ്ദമുണ്ടാക്കാതെ കള്ളന്‍മാരെ പോലെ തുറന്ന് അകത്തു കടന്നു. ലൈറ്റിടാന്‍ തുനിഞ്ഞ മോനെ വിലക്കിക്കൊണ്ട് ഞാന്‍ മെഴുകുതിരി കത്തിച്ചുവെച്ചു. മുന്നില്‍ ശൂന്യത മാത്രമായിരുന്നു. നേരം വെളുത്താല്‍ നേരിടേണ്ടി വന്നേക്കാവുന്ന പലവിധ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശക്തിയുണ്ടാവാന്‍ മനസ്സു തുറന്നു പ്രാര്‍ഥിച്ചു. നേരം വെളുത്തതും പക്ഷെ സാഹചര്യം മാറി മറിഞ്ഞു. ഒരു വണ്ടിനിറയെ ആളുകള്‍ എന്റെ വീട്ടില്‍ വന്നിറങ്ങി. എല്ലാം അവളുടെ ആള്‍ക്കാര്‍. ഞാനും മോനും ഒറ്റക്കേയുള്ളൂ. വന്നപാടെ അവര്‍ ഭയങ്കരമായി രോഷം കൊണ്ടു. അവളുടെ ഒരു ഏട്ടന്‍ അവളെ ഞങ്ങളുടെ മുന്നിലിട്ട് അടിക്കാന്‍ തുടങ്ങി.
മോളെ ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാന്‍ എനിക്കായില്ല. തലേദിവസത്തെ കാളരാത്രിയില്‍ മെഴുകുതിരി വെട്ടത്തിനടിയിലിരുന്ന് ഞാനവളോട് സംസാരിച്ചിരുന്നു.
അവരുടെ കൂടെ പോകാം എന്ന് അവള്‍ സമ്മതിച്ചതുമാണ്. ആ മോളെ ഈ നിലപാട് തുടരുന്നവര്‍ക്കൊപ്പം എങ്ങനെ വിടും. ഞാനവരോട് തിരിച്ചു പോകാന്‍ പറഞ്ഞു. അവള്‍ക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടുണ്ട്. ആര്‍ക്കൊപ്പം ജീവിക്കണം എന്ന് അവള്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞാണ് ഞാനവരെ തിരിച്ചയച്ചത്. അവര്‍ ഒരുപാട് ബഹളം വെച്ചു. ഇനി ഇങ്ങനെയൊരു മകള്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചുപോയി.
എന്റെ ഉത്തരവാദിത്തം ഏറുകയാണ്. അവരുടെ ബുദ്ധിമോശത്തിന് എന്നെയും മോനെയും ഉള്‍പ്പെടുത്തി കേസ് കൊടുത്താല്‍, പ്രതി ചേര്‍ക്കപ്പെട്ടാല്‍ ഞങ്ങള്‍ക്ക് തിരിച്ചു ഗള്‍ഫില്‍ പോവാന്‍ പറ്റില്ലെന്ന് ഒരു ബന്ധു പറഞ്ഞതുകൂടി കേട്ടപ്പോള്‍ ഞാന്‍ ഭയന്നുപോയി. പിറ്റേദിവസം ഞാന്‍ ഇവരെ രണ്ടുപേരെയും കുര്‍ക്കഞ്ചേരി ശിവക്ഷേത്രത്തില്‍ കൊണ്ടുപോയി ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ചടങ്ങ് നടത്തി. ആരുമില്ലാത്തൊരു വിവാഹം. ഒരു നിയമരേഖ നമ്മുടെ സംരക്ഷണത്തിനായി ഉണ്ടാക്കുക മാത്രമായിരുന്നു ആ വിവാഹത്തിന്റെ ലക്ഷ്യം. മോളണിഞ്ഞത് തലേ ദിവസം ഞാന്‍ വാങ്ങിയ പാവാടയും, ടോപ്പുമായിരുന്നു. അന്നവര്‍ തുളസിമാല മാത്രമാണ് പരസ്പരമണിഞ്ഞത്.
സത്യത്തില്‍ എന്റെ ചങ്കില്‍ വല്ലാത്തൊരു കടച്ചില്‍ വന്നു തടഞ്ഞു നിന്നിരുന്നു. അമ്പലത്തില്‍ സന്ദര്‍ശനത്തിനു വന്ന നാലഞ്ചു പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എത്ര മനോഹരമായി നടത്തേണ്ട ഒരു ചടങ്ങാണെന്നോ അവിടെ നിശ്ശബ്ദമായി, എന്റെ ചങ്കിടിപ്പിന്റെ താളത്തില്‍ അരങ്ങേറിയത്.
വിവാഹം കഴിഞ്ഞ് മകളെ ഒരു ബന്ധുഗൃഹത്തിലാക്കി. ഒരു കല്ല്യാണം ഒരുക്കുന്നതിനു വേണ്ട എല്ലാത്തിനുമായി ഞാന്‍ ഓടി നടന്നു. ഗുരുവായൂരില്‍ ഹാള്‍. വണ്ടികള്‍, സ്വര്‍ണ്ണം, ക്ഷണം... ഒരു പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും കല്യാണം ഒരുമിച്ച് ഒരുക്കേണ്ട എല്ലാറ്റിനുമായുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീട്. ബന്ധുക്കളുടെ ചോദ്യങ്ങള്‍ക്കൊക്കെ ശിരസ്സു കുനിച്ചു നിന്നു.
സത്യത്തില്‍ എന്റെ ചങ്കില്‍ വല്ലാത്തൊരു കടച്ചില്‍ വന്നു തടഞ്ഞു നിന്നിരുന്നു.
ഒടുവില്‍ പന്ത്രണ്ടാം ദിവസം നാട്ടുനടപ്പനുസരിച്ച് ബന്ധുക്കളെയൊക്കെ വിളിച്ചുകൂട്ടി കല്യാണം നല്ല രീതിയില്‍ നടത്തി. ഉള്ളിലപ്പോഴും ഭീതിയായിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത രണ്ടുപേര്‍. എങ്ങനെയാവും ഇനിയങ്ങോട്ട്?
പാളിച്ച സംഭവിച്ചാല്‍ പ്രതിപ്പട്ടികയില്‍ ആദ്യം വരിക എന്റെ പേരാണ്. പാതിവഴിയില്‍ ഇവരുടെ ഈ ഒരുമിച്ചുള്ള യാത്ര തുടരാനാവാതെ നിലച്ചുപോയാലോ എന്നൊരു ഭീതിയും വല്ലാതെന്നെ ചൂഴ്ന്നു നിന്നു. പ്രണയത്തിനപ്പുറം ഇത് രണ്ടു കുഞ്ഞുങ്ങളുടെ ചാപല്യമായിരുന്നെന്ന തിരിച്ചറിവ് എന്നെ വല്ലാതെ ഉലച്ചിരുന്നു. അതിനിടയില്‍ തുടര്‍ന്നും അവരെ പഠിപ്പിച്ചു. അഞ്ചു വര്‍ഷമാണ് ഇടംവലം ഈ ജീവിതയാത്രക്ക് വെളിച്ചം നല്‍കാന്‍ അവരുടെ കൂടെ നിന്നത്.
ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒരു പോറലുപോലുമില്ലാതെ അവര്‍ ദാമ്പത്യം എന്ന വലിയ ആകാശത്ത് സന്തുഷ്ടരായിരിക്കുന്നു. അവിടെ തെളിയുന്ന കാര്‍മേഘങ്ങളേയും, അതിനെ മായ്ച്ചു കളയുന്ന വെണ്‍മേഘങ്ങളേയും കാട്ടിക്കൊടുത്ത് നേര്‍വഴിക്ക് നയിക്കാനായി എന്നതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്...
ഭയവും ചങ്കിടിപ്പും കൊണ്ട് മെനഞ്ഞെടുത്ത ഇവരുടെ ചേര്‍ന്നുനില്‍പ്പിന് കൂട്ടായി ഇപ്പോള്‍ ഒരു കുഞ്ഞു നക്ഷത്രം കൂടി വന്നുചേര്‍ന്നിട്ടുണ്ട്. അവനെ ചേര്‍ത്തു പിടിച്ചിരിക്കുമ്പോഴാണ് പ്രണയമെന്ന വാക്ക് ചില ജീവിതങ്ങളെ തൊട്ട് കടന്നുപോകുമ്പോള്‍ ചിലപ്പോള്‍ കൊടുങ്കാറ്റാകുമെങ്കിലും, പിന്നെ, ചിലപ്പോള്‍ ഇളംകാറ്റായി മാറുമെന്നു തിരിച്ചറിയുന്നത്.
(In collaboration with FTGT Pen Revolution)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.