' മീ റ്റൂ ' എന്ന രണ്ടാക്ഷരങ്ങളില്‍  കോര്‍ത്തവള്‍ പറയുന്നത്

Published : Oct 17, 2017, 01:55 PM ISTUpdated : Oct 09, 2018, 12:18 PM IST
' മീ റ്റൂ ' എന്ന രണ്ടാക്ഷരങ്ങളില്‍  കോര്‍ത്തവള്‍ പറയുന്നത്

Synopsis

അലീസ മിലാനോ തുടങ്ങി വെച്ച മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് രംഗത്ത് വരുകയാണ്.. ഈ ക്യാമ്പെയിന്‍റെ പ്രസക്തിയും ആഴവും വ്യക്തമാക്കുകയാണ് ശ്രുതി രാജേഷ്

ജീവിതത്തില്‍ ഒരിക്കെലെങ്കിലും  തന്‍റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്നൊരു ദുരനുഭവത്തിന് ഇരയാകേണ്ടി വന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ബസ്സിലോ, ആള്‍ കൂട്ടത്തിനു നടുവിലോ, എന്തിനു സ്വന്തം കുടുംബത്തിനുള്ളില്‍ തന്നെയോ നിനച്ചിരിക്കാത്ത നേരത്തുണ്ടായൊരു ദുരനുഭവത്തിന്റെ കറുത്ത ഓര്‍മ്മകള്‍ പേറുന്നവളാകും ഒട്ടുമിക്ക സ്ത്രീകളും...ചിലര്‍ പ്രതികരിക്കുന്നു, ചിലര്‍ നിശബ്ദതയില്‍ അഭയം പ്രാപിക്കുന്നു, ചിലര്‍ ഒന്നിനുമാകാതെ പാതിവഴിയില്‍ തളര്‍ന്നുപോകുന്നു....

'മീ ടു' ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച ഈ പോരാട്ടം ലോകമെങ്ങും സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു നോട്ടം കൊണ്ടോ, വഷളന്‍ ചിരി കൊണ്ടോ, അക്രമിക്കപ്പെടാത്തൊരു പെണ്‍ജീവിതവും ഉണ്ടാവില്ല. ജീവിതത്തിന്റെ എതെങ്കിലും ഒക്കെ അവസ്ഥാന്തരങ്ങളില്‍ ഒരിക്കലെങ്കിലും ഒരു ദുരനുഭവം, അത് ചെറുതോ വലുതോ അനുഭവിക്കേണ്ടി വന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും.

അലീസ മിലാനോ തുടങ്ങി വെച്ച മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് രംഗത്ത് വരുന്നത്. അതില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന സ്ത്രീരത്നങ്ങള്‍ മുതല്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ വരെയുണ്ട്. സ്ത്രീകള്‍, അവര്‍ നേരിട്ടിരിക്കുന്ന അതിക്രമങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അലൈസയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എത്രത്തോളം ഗൗരവകരമെന്നു സമൂഹത്തെ ബോധ്യപ്പെടുത്തനായിരുന്നു അലൈസയുടെ ട്വീറ്റ്. രാജ്യഭേദമന്യേയാണ് ഈ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടത്. ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും മീ ടു ഹാഷ് ടാഗ് ഏറ്റെടുത്തു എന്നത് തന്നെ തങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകരമുഖം സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനുള്ള അവസരമായി ഓരോ സ്ത്രീയും വിനിയോഗിച്ചു എന്നതിന്‍റെ തെളിവാണ്.

ഒരു  സൗമ്യയും ജിഷയും ഉണ്ടാകുമ്പോള്‍ മാത്രമാണ് പലപ്പോഴും നമ്മുടെ സമൂഹം സ്ത്രീയുടെ അരക്ഷിതാവസ്ഥയെ കുറിച്ചു ഓര്‍ക്കുന്നത്. പിന്നെ ചര്‍ച്ചകളായി, പുകിലായി, ഗോവിന്ദചാമിമ്മാരെ തൂക്കിലെറ്റണമെന്ന മുറവിളിയായി. അതോടെ അവസാനിക്കുമെല്ലാം. കാലങ്ങളായി നമ്മള്‍ കാണുന്നത് ഇത് തന്നെയാണ്. മലയാളസിനിമയിലെ മുന്‍നിര നടി അക്രമിക്കപെട്ട സംഭവം തന്നെ എടുത്തു നോക്കൂ. ജിഷയുടെ അടച്ചുറപ്പില്ലാത്ത വീടിനെ കുറിച്ചും സൗമ്യയുടെ നിസ്സഹായാവസ്ഥയെ കുറിച്ചും പരിതപിച്ച നമ്മള്‍ കൊച്ചി പോലെയൊരു നഗരത്തില്‍ സംഭവിച്ച ആ ആക്രമണത്തെ കുറിച്ചു എന്താണ് പറയുക. എവിടെയും സുരക്ഷിതമല്ല എന്ന തിരിച്ചറിവിന്റെ ഭീകരത ഒരു പെണ്ണിന് മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ.

ഓരോ വര്‍ഷവും രേഖപ്പെടുത്തുന്ന സ്ത്രീപീഡന കേസുകളുടെ എണ്ണമെടുത്താല്‍ തന്നെ അറിയാം സമൂഹത്തില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന്. പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വേറെ..വനിതാദിനത്തില്‍ പോലും സ്ത്രീ പീഡനം നടന്ന നാടാണ് നമ്മുടേത്‌.. തനിക്കു നേരിട്ട ദുരനുഭവം തുറന്നു പറയാന്‍ ഇറങ്ങുന്ന പെണ്ണിനോട്  പോലും കേസും വാക്കണവുമായി പോയാല്‍  ഭാവി പോകുമെന്ന ഭീഷണിയില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന സമൂഹമാണ് നമ്മുക്ക് ചുറ്റും. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പോലും  വെറുതെ വിടാത്ത കാലമാണിത്. മുതിര്‍ന്നവര്‍ പ്രതികരിച്ചേക്കാം പക്ഷെ ഇത്തരത്തിലൊരു ദുരനുഭവം പേറേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥയൊന്നു ഓര്‍ത്ത്‌നോക്കൂ. സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന സ്കൂളുകളിലേക്ക് പോലുമവരെ ഭയത്തോടെ പറഞ്ഞുവിടേണ്ട ഗതികേടിലാണ് ഇന്ന് അമ്മമാര്‍. 

മുന്‍കാലങ്ങളെ അപേക്ഷിച്ചു ഇന്ന് സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യപ്പെടുന്നുണ്ട്.  മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയില്‍ പങ്കെടുത്തതു പ്രമുഖര്‍ മാത്രമല്ല, ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള സ്ത്രീകളാണ്. ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തുറന്നു പറയാന്‍, കുറ്റവാളിക്ക് നേരെ വിരല്‍ചൂണ്ടാന്‍ ഇന്ന് പെണ്ണിന് ധൈര്യമുണ്ട്. ഈ ധൈര്യം തന്നെയാണ്  ' മീ റ്റൂ ' എന്ന രണ്ടു വാക്കുകളില്‍ കോര്‍ത്തവള്‍ പറയുന്നതും. സോഷ്യല്‍ മീഡിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാമ്പയിനായി ഇത്  മാറുകയാണ്.

ഇനി 'മീ ടൂ' എന്നൊരു പെണ്ണിന്റെ വാളില്‍ കാണുമ്പോള്‍ നെറ്റി ചുളിക്കുന്നവരോട്,  അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഒന്ന് സ്പര്‍ശിക്കുന്നത് പോലും അതിക്രമം തന്നെയാണ്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ അത് ഏതു തരത്തിലെ ആയാലും ശരി അത് തുറന്നു പറയാനുള്ള അവളുടെ ആര്‍ജ്ജവത്തിനു കൊടുക്കാം ഒരു കയ്യടി. ഇതില്‍ ഏറ്റവും ആശാവഹമായി തോന്നിയൊരു കാര്യം ഈ ക്യാമ്പയിനിന് പിന്തുണയുമായി നിരവധി പുരുഷന്മാര്‍ തന്നെ രംഗത്ത് വന്നു എന്നതാണ്. തങ്ങള്‍ക്കിടയിലെ ഒരു പറ്റം പുരുഷന്മാരുടെ ചെയ്തികളില്‍ ഇവര്‍ പോലും ലജ്ജിക്കുന്നു എന്നത് തന്നെ ഇനിയും സ്ത്രീയെ അമ്മയും പെങ്ങളും സുഹൃത്തുമായി  കാണാന്‍ കഴിയുന്ന മനുഷ്യര്‍ ഇവിടെയുണ്ടെന്നതിനു തെളിവാണല്ലോ. പുരുഷന്മാരുടെ സന്മാര്‍ഗബോധമോ, സാമൂഹ്യബോധമോ ഉണര്‍ത്താന്‍ ഈ  ക്യാമ്പയിനിന് സാധിക്കുമോ എന്നറിയില്ല. ഒരു ശതമാനമെങ്കിലും അതിനു സാധിച്ചാല്‍ തന്നെ അതൊരു പുതുപ്രതീക്ഷയുടെ തുടക്കമാകും...

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!