ആഞ്ചലാ പോണ്‍സെ; ലോകസുന്ദരി മത്സരത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ യുവതി

By Web TeamFirst Published Dec 18, 2018, 11:16 AM IST
Highlights

'ഇത് നിങ്ങള്‍ക്കുള്ളതാണ്. ദൃഷ്ടിയില്‍ പെടാത്തവര്‍ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി ഉള്ളതാണ്. കാരണം, നമുക്കും ആദരവും ബഹുമാനവും സ്വാതന്ത്ര്യവും നിറഞ്ഞ ഒരു ലോകത്തിന് അര്‍ഹതയുണ്ട്.' പോണ്‍സെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 

ആഞ്ചലാ പോണ്‍സെ... മിസ് സ്പെയിന്‍, ഞായറാഴ്ച നടന്ന ലോക സുന്ദരി മത്സരത്തില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവള്‍. ലോകസുന്ദരി പട്ടം നേടിയില്ല. പക്ഷെ, അതൊന്നും അവള്‍ക്ക് പ്രശ്നമേയല്ല. കാരണം, നിര്‍ത്താത്ത കരഘോഷത്തിനിടയിലൂടെ ലോക സുന്ദരിമത്സരത്തിന്‍റെ വേദിയിലേക്ക് എത്തിയതോടെ ചരിത്രത്തിലേക്കാണ് അവള്‍ നടന്നുകയറിയത്. സ്പെയിനിനെ പ്രതിനിധീകരിച്ച് ലോകസുന്ദരി മത്സരത്തില്‍ പങ്കെടുത്ത ആഞ്ചല ലോകസുന്ദി മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്. 27 -കാരിയായ ഈ മോഡല്‍ പറയുന്നത്, 'മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് തനിക്ക് ആദരവും അഭിമാനവുമാണ്' എന്നാണ്. 

'ഇത് നിങ്ങള്‍ക്കുള്ളതാണ്. ദൃഷ്ടിയില്‍ പെടാത്തവര്‍ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി ഉള്ളതാണ്. കാരണം, നമുക്കും ആദരവും ബഹുമാനവും സ്വാതന്ത്ര്യവും നിറഞ്ഞ ഒരു ലോകത്തിന് അര്‍ഹതയുണ്ട്.' പോണ്‍സെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 'ഇന്ന് ഞാന്‍ ഇവിടെയെത്തി നില്‍ക്കുന്നു. അഭിമാനത്തോടെ എന്‍റെ രാജ്യത്തെ പ്രതിനിധീകരിച്ച്, സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധീകരിച്ച്' എന്നും അവള്‍ എഴുതുന്നു. 

താന്‍ വ്യക്തിപരമായി മത്സരത്തില്‍ പങ്കെടുത്തു എന്നതിനുമപ്പുറം തന്‍റെ രാജ്യത്തെ സംസ്കാരത്തിന്‍റെയുമെല്ലാം പ്രതിനിധിയായിട്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും അവള്‍ പറയുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന "bata de cola" എന്ന വേഷത്തിലാണ് പോണ്‍സെ മത്സരത്തിലെത്തിയത്. ഫ്ലാമെങോ എന്ന നൃത്തരൂപവും അവള്‍ ചെയ്തു. ഫ്ലാമെങ്കോ വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്യുക എന്നത് അവളുടെ സ്വപ്നമായിരുന്നു എന്നും അവള്‍ പറയുന്നു. 

'എത്രയോ കാലമായി താന്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യമാണിത്. ഞാനിതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒടുവില്‍ ഇത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.' പോണ്‍സെ മത്സരത്തിന്‍റെ സംഘാടകരോട് പറഞ്ഞു. 

''നമ്മളിലാര്‍ക്കും ഇങ്ങനെയൊരു വേദി ഇതുവരെ കിട്ടിയിട്ടില്ല. ഞാനിവിടെ നില്‍ക്കുന്നത്, ഈ വേദിയെ ഉപയോഗപ്പെടുത്തുന്നത് എന്‍റെ ശബ്ദം പങ്കിടാനാണ്. എന്നെ സംബന്ധിച്ച് ഫെമിനിസമെന്നാല്‍ എന്താണോ നിങ്ങള്‍ക്ക് ചെയ്യുവാന്‍ ആഗ്രഹം, എപ്പോഴാണ് അത് ചെയ്യാന്‍ ആഗ്രഹം അത് അപ്പോള്‍ തന്നെ ചെയ്യലാണ്. ഒരിടത്തും ഞങ്ങള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യില്ലെ''ന്നും പോണ്‍സെ പറയുന്നു. 

മത്സരത്തിന്‍റെ സംഘാടകര്‍ക്കും അതൊരു വിശേഷദിവസം തന്നെ ആയിരുന്നു. പോണ്‍സെ വേദിയിലേക്ക് വരുന്ന വീഡിയോയ്ക്കൊപ്പം അവര്‍ കുറിച്ചത്, 'എ വാക്ക് ടു റിമംബര്‍. എ ഹിസ്റ്റോറിക് നൈറ്റ് ഫോര്‍ #മിസ് യൂണിവേഴ്സ്' എന്നാണ്. (ഓര്‍മ്മയില്‍ സൂക്ഷിക്കുവാനുള്ള നടപ്പ്. മിസ് യൂണിവേഴ്സിന്‍റെ ചരിത്ര രാത്രി). 

click me!