ഇൻഡോർ നഗരത്തെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമത്തിനിടെ, മംഗിലാൽ എന്ന ഭിക്ഷാടകൻ കോടീശ്വരനാണെന്ന് അധികൃതർ കണ്ടെത്തി. ഇയാൾക്ക് സ്വന്തമായി മൂന്ന് വീടുകളും കാറും ഓട്ടോറിക്ഷകളും ഉള്ളതായും ഭിക്ഷാടനം വാടക പലിശയിടപാട് എന്നിവയിലൂടെ ലക്ഷങ്ങളുടെ ആസ്ഥിയുണ്ട്.

ഭിക്ഷാടകരിൽ പലരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആണെന്നാണ് അടുത്ത കാലത്തായി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വാർത്തകളും വെളിപ്പെടുത്തുന്നത്. സമാനമായ മറ്റൊരു വാർത്ത ഇന്‍ഡോറിൽ നിന്നും പുറത്ത് വന്നു. ഇൻഡോർ നഗരത്തെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്കൊടുവിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. വളരെക്കാലമായി തിരക്കേറിയ ഒരു ഭക്ഷണ മാർക്കറ്റിൽ ഒരു മരപ്പലകയിൽ യാചിച്ചുകൊണ്ടിരുന്നയാൾ കോടീശ്വരനാണെന്ന് അറി‌ഞ്ഞത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അമ്പരപ്പിച്ചു.

ശമ്പളത്തോടെ കാർ ഡ്രൈവർ

മംഗിലാൽ. സറഫ പ്രദേശത്ത് വർഷങ്ങളായി യാചിച്ചുവന്നിരുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നയാളാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇയാൾക്ക് ഭഗത് സിംഗ് നഗറിൽ ഒരു വലിയ മൂന്ന് നില കെട്ടിടവും ശിവ്‌നഗറിലെ മറ്റൊരു വിശാലമായ വീടും ഉൾപ്പെടെ മൂന്ന് വീടുകൾ സ്വന്തമായുണ്ടെന്ന് കണ്ടെത്തി. കൂടാതെ, വാടകയ്ക്ക് ഓടിക്കുന്ന രണ്ട് ഓട്ടോറിക്ഷകളും കൂടാതെ 12,000 രൂപ പ്രതിമാസ ശമ്പളത്തിൽ നിയമച്ച ഒരു ഡ്രൈവറും കാറും സ്വന്തമായി ഉണ്ടെന്നും കണ്ടെത്തി.

Scroll to load tweet…

മറ്റ് ആനുകൂല്യങ്ങളും

ഭിക്ഷാടനത്തിലൂടെ മംഗിലാൽ ദിവസേന ആയിരക്കണക്കിന് രൂപ സമ്പാദിച്ചിരുന്നതായും സറഫ മാർക്കറ്റിലെ കടയുടമകൾക്ക് ഇയാൾ ദിവസ, ആഴ്ച അടിസ്ഥാനത്തിൽ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ കോടീശ്വരനായെങ്കിലും സർക്കാർ വൈകല്യ ആനുകൂല്യങ്ങൾക്കായി റെഡ് ക്രോസ് സൊസൈറ്റിയിൽ നിന്ന് നൽകുന്ന 10×20 അടി വിസ്തീർണ്ണമുള്ള ഒരു 1 BHK വീടും ഇയാൾക്ക് ലഭിച്ചു. മംഗിലാലിന്‍റെ കുടുംബാംഗങ്ങളും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രാഥമിക കണക്കുകൾ പ്രകാരം, ഭിക്ഷാടനം, വീട്ടുവാടക, പണമിടപാട് എന്നിവയിൽ നിന്നും ഇയാൾക്ക് ലഭിക്കുന്ന വാർഷിക വരുമാനം 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണെന്ന് കരുതുന്നു.

വിവരം നൽകിയാൽ പാരിതോഷികം

ഇന്‍ഡോർ നഗരത്തിലെ യാചക രഹിത പദ്ധതിക്ക് കീഴിൽ, യാചനയും ദാനം നൽകുന്നതും ശിക്ഷാർഹമായ കുറ്റങ്ങളാണെന്ന് ജില്ലാ കളക്ടർ ശിവം വർമ്മ പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മംഗിലാലിന്‍റെ കേസ് വിശദമായ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആളുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് 1,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.