ചന്ദ്രന്‍ ഇങ്ങനെ ചുവക്കുന്നത് എന്ത് കൊണ്ടാണ്?

Published : Jul 27, 2018, 05:34 PM IST
ചന്ദ്രന്‍ ഇങ്ങനെ ചുവക്കുന്നത് എന്ത് കൊണ്ടാണ്?

Synopsis

ഈ ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവക്കുന്നത് എങ്ങനെയാണ്? അനു ബി കരിങ്ങന്നൂര്‍ എഴുതുന്നു


ഈ വര്‍ഷത്തെ രണ്ടാമത്തെ ആകാശ വിരുന്നിനു നമ്മള്‍ തയ്യാറെടുക്കുകയാണ്. 2018ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ആണ് ജൂലൈ 27 ന്. ജനുവരി 31ന് ആയിരുന്നു ആദ്യത്തേത്.  ഇന്നത്തെ പൂര്‍ണ ഗ്രഹണം ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നില്‍ക്കുന്നതായിരിക്കും, 3 മണിക്കൂര്‍ 54 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഭാഗിക ഗ്രഹണവും ഉണ്ടാകും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമാണിത്.

ചന്ദ്രന്റെയും  സൂര്യന്റെയും നടുവില്‍ ഭൂമി വരികയും സൂര്യപ്രകാശം ചന്ദ്രനില്‍ എത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. പൗര്‍ണമി ദിവസങ്ങളില്‍ ആണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. എന്നാല്‍ എല്ലാ പൗര്‍ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകില്ല, അതിനു കാരണം ഭൂമി സൂര്യനെ ചുറ്റുന്ന പാതയും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന പാതയും തമ്മിലുള്ള 5 ഡിഗ്രി ചരിവാണ്. അതുകൊണ്ട് തന്നെ രണ്ട് ബിന്ദുക്കളില്‍ മാത്രമേ ഈ പാതകള്‍ തമ്മില്‍ കൂട്ടിമുട്ടുകയുള്ളൂ. അവയാണ് രാഹുവും കേതുവും (nodes). പൗര്‍ണമി ദിവസം ചന്ദ്രന്‍ രാഹുവിലോ കേതുവിലോ എത്തിയാല്‍ മാത്രമേ ചന്ദ്രഗ്രഹണം നടക്കുകയുള്ളൂ. 

ചന്ദ്രഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും വരുന്ന പ്രകാശരശ്മികളെ ഭൂമി തടഞ്ഞുനിര്‍ത്തുന്നു. ചന്ദ്രനില്‍ ആകെ എത്തുന്ന പ്രകാശം ഭൗമാന്തരീക്ഷത്തിന് ചുറ്റും വളഞ്ഞു പോകുന്ന ( അപവര്‍ത്തനം) സൂര്യപ്രകാശം മാത്രമാണ്. അവ ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ചു ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ നാം കാണുന്നു.

ചന്ദ്രഗ്രഹണ സമയത്തെ ചുവപ്പ് നിറമാര്‍ന്ന ചന്ദ്രനാണ് ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്നത്. 

ഈ ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവക്കുന്നത് എങ്ങനെയാണ്?
ചെറിയ ചെറിയ കണങ്ങളില്‍ തട്ടി പ്രകാശം  പ്രതിഫലിച്ചു പോകുന്ന പ്രതിഭാസമാണ് വിസരണം (scattering).  വെളുത്ത പ്രകാശത്തില്‍ പല നിറങ്ങള്‍ അടങ്ങിയിട്ടുണ്ട്. പലനിറങ്ങള്‍ എന്നാല്‍ വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികള്‍. ഈ വിവധ നിറങ്ങള്‍ക്ക് അനുഭവപ്പെടുന്ന  വിസരണത്തിന്റെ അളവ് വ്യത്യസ്തമാണ്. വയലറ്റ് , നീല, പച്ച തുടങ്ങിയ നിറങ്ങള്‍ക്ക് ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളെ അപേക്ഷിച്ച് വിസരണം കൂടുതലാണ്. ഇത് റെയ്ലെ വിസരണം എന്ന് അറിയപ്പെടുന്നു. അപ്പോള്‍ അന്തരീക്ഷത്തിലൂടെ പ്രകാശം കൂടുതല്‍ ദൂരം സഞ്ചരിക്കുമ്പോള്‍ പൊടിപടലങ്ങളില്‍ തട്ടി നീല നിറം കൂടുതല്‍ വിസരണം സംഭവിച്ചു പോവുകയും ചുവപ്പുനിറം മാത്രം കാണപ്പെടുകയും ചെയ്യുന്നു. സന്ധ്യാസമയത്തും പ്രഭാതത്തിലും ആകാശം ചുവക്കുന്നതിനു കാരണവും ഇതുതന്നെയാണ്. 

അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ അളവനുസരിച്ച് വിസരണം വ്യത്യാസപ്പെടുന്നു. അപ്രകാരം ഗ്രഹണസമയത്ത് ചന്ദ്രോപരിതലം ഇളം ചുവപ്പായോ കടുംചുവപ്പായോ കാണപ്പെടുന്നു. അന്തരീക്ഷമലിനീകരണം കൂടുന്നതിനനുസരിച്ച് ചന്ദ്രന്റെ ചുവപ്പിലും വ്യത്യാസം വരുന്നു. ശക്തിയേറിയതും ദോഷകരമായതുമായ പ്രകാശം ഇല്ലാത്തതിനാല്‍ ചന്ദ്രഗ്രഹണം നമുക്ക് നഗ്‌ന നേത്രങ്ങള്‍ കൊണ്ടു കാണാവുന്നതാണ്. 

രക്തചന്ദ്രന്റെ ചുവപ്പു കണ്ട് സന്തോഷിക്കേണ്ട, ഒരു വീണ്ടുവിചാരത്തിനുള്ള സമയമായെന്ന സൂചനയാണത്!

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!