വ്യാജ സിവി നൽകി ജോലി നേടിയ ഉദ്യോഗാർത്ഥി കാരണം സ്റ്റാർട്ടപ്പിന് നഷ്ടം 2 ലക്ഷത്തിലധികം രൂപ. മുൻപരിചയവും ശമ്പളവും പെരുപ്പിച്ച് കാണിച്ച് ജോലി നേടിയ ഇയാളുടെ കള്ളം പുറത്തുവന്നത് മാസങ്ങൾക്ക് ശേഷമാണ്. 

ഉദ്യോഗാർത്ഥി തന്റെ റെസ്യൂമെയിൽ നൽകിയ വിവരങ്ങൾ വിശ്വസിച്ച് ജോലി നൽകിയ ഒരു സ്റ്റാർട്ടപ്പിന് നഷ്ടമായത് 2 ലക്ഷം രൂപയും മാസങ്ങളുടെ അധ്വാനവും. 'പ്രേപ്പർ മീഡിയ' ചീഫ് ബിസിനസ് ഓഫീസർ അശുതോഷ് ഗുപ്തയാണ് ലിങ്ക്ഡ്ഇന്നിലൂടെ ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്. കമ്പനി ചെറുതായിരുന്ന സമയത്ത് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ അത്ര അത്യാവശ്യമല്ലെന്ന് കരുതിയാണ് 'ചിരാഗ്' എന്ന് വിളിക്കുന്ന ഉദ്യോഗാർത്ഥിയെ ഇവർ നിയമിച്ചത്. ഇന്റർവ്യൂവിൽ വലിയ ആത്മവിശ്വാസത്തോടെയാണ് ചിരാഗ് സംസാരിച്ചതും. തനിക്ക് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ 40,000 രൂപ ശമ്പളമുണ്ടായിരുന്നു എന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് വിശ്വസിച്ച കമ്പനി ഇയാൾക്ക് 45,000 രൂപ ശമ്പളം നൽകി ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിന് ശേഷമാണ് മാനേജ്‌മെന്റിന് സംശയം തോന്നിത്തുടങ്ങിയത്. ജൂനിയർ എഡിറ്റർമാർ ഒരു ദിവസം മൂന്ന് വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ആ ജോലി തീർക്കാൻ ചിരാഗ് എടുക്കുന്നത് രണ്ട് ദിവസമാണ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉയർന്ന ശമ്പളവും അവകാശപ്പെടുന്ന ഒരാൾ ജോലിയിൽ എങ്ങനെ ഇങ്ങനെ പിന്നിൽ നിൽക്കുന്നു എന്ന സംശയവും അധികം വൈകാതെ ഉയർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിരാഗ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞത്. മുൻപ് ജോലി ചെയ്തിടത്ത് 40,000 രൂപയല്ല, 25,000 രൂപയായിരുന്നു ചിരാ​ഗിന്റെ ശമ്പളം.

ജോലി രാജിവെച്ച് വന്നതാണെന്നായിരുന്നു ചിരാഗിന്റെ വാദം. എന്നാൽ, മോശം പ്രകടനം കാരണം കമ്പനി ഇയാളെ പിരിച്ചുവിട്ടതായിരുന്നു എന്നും തെളിഞ്ഞു. സിവിയിൽ നൽകിയിരുന്ന മാനേജരുടെ നമ്പർ ചിരാഗിന്റെ സുഹൃത്തിന്റേതായിരുന്നു. സുഹൃത്തിനെക്കൊണ്ട് നല്ല അഭിപ്രായം പറയിപ്പിച്ചാണ് ഇയാൾ ജോലി നേടിയത്.

മൂന്ന് മാസത്തെ ശമ്പളമായി 1.35 ലക്ഷം രൂപയും, പരിശീലനത്തിനായി 40,000 രൂപയും, പുതിയ ആളെ കണ്ടെത്താൻ 25,000 രൂപയും ഉൾപ്പെടെ ഏകദേശം 2 ലക്ഷത്തിലധികം രൂപയാണ് കമ്പനിക്ക് ഇതോടെ നഷ്ടമായത്. ഇതിനുപുറമെ ക്ലയന്റുകളുടെ ജോലി വൈകിയതും ടീമിന്റെ ആത്മവിശ്വാസം തകർന്നതും വേറെ.

ഈ സംഭവത്തിന് ശേഷം എല്ലാ നിയമനങ്ങൾക്കും കർശനമായി ബാക്ക്​ഗ്രൗണ്ട് പരിശോധന നിർബന്ധമാക്കിയെന്നാണ് അശുതോഷ് ഗുപ്ത പറയുന്നത്. പറ്റിക്കാൻ ശ്രമിക്കുന്നവരെ ഇപ്പോൾ 90 ശതമാനവും പിടികൂടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയൊരു അബദ്ധം പറ്റുന്നത് വരെ കാത്തിരിക്കാതെ തുടക്കം മുതലേ പരിശോധനകൾ നടത്താൻ മറ്റ് സ്റ്റാർട്ടപ്പ് സ്ഥാപകർക്കും അദ്ദേഹം ഉപദേശം നൽകുന്നു.