എന്നു മരിക്കുമെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും?

Web Desk |  
Published : Jun 25, 2018, 01:14 PM ISTUpdated : Jun 29, 2018, 04:11 PM IST
എന്നു മരിക്കുമെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും?

Synopsis

ചിലര്‍ മദ്യപാനികളും പുകവലിക്കാരുമാകും ചിലര്‍ മതത്തെയും വിശ്വാസത്തെയും നിഷേധിക്കും ചിലര്‍ ആത്മഹത്യ ചെയ്യും ചിലര്‍ കൂടുതല്‍ നന്മകള്‍ ചെയ്യും

പലതരത്തിലുള്ള സമൂഹത്തില്‍, വ്യത്യസ്തരീതിയിലുള്ള മാറ്റങ്ങളാണ് അതുണ്ടാക്കുക. ചിലര്‍ ആരാധനാലയങ്ങളില്‍ പോകും, ജിമ്മില്‍ പോയിത്തുടങ്ങും, കുഞ്ഞുങ്ങളുണ്ടാകാനും, പുസ്തകങ്ങള്‍ വായിക്കാനും സൌഹൃദങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കും. സമൂഹത്തില്‍ ഓര്‍ത്തിരിക്കുന്ന, പ്രചോദനമാകുന്ന എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കും. ശേഷിക്കുന്ന ജീവിതം എങ്ങനെ ജീവിക്കണമെന്ന കൃത്യമായ തീരുമാനത്തിലെത്തും. 

42.8 സെക്കന്‍ഡ് ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മരണം എന്ന് മാറാതെ കാണുന്നതോ, ഒരു മരണവീടോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഒക്കത്തെന്നെ മനുഷ്യരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താമെന്നും പഠനം പറയുന്നു. 

അത്തരം മാറ്റങ്ങളില്‍ എന്തൊക്കെ പെടും. ടെറര്‍ മാനേജ്മെന്‍റ് തിയറി എന്നൊരു തിയറിയുണ്ട്. കുറച്ച് തീവ്ര മനോഭാവമൊക്കെ ഉള്ളവരെ സംബന്ധിക്കുന്നതാണ്. അതനുസരിച്ച് മരണത്തെ കുറിച്ചറിയുന്ന മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ സംസ്കാരത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അതിനെ എതിര്‍ക്കുന്നവരോട് ദേഷ്യപ്പെടുകയും ചെയ്യും.  നമ്മെപ്പോലെത്തന്നെയുള്ളവര്‍, നമ്മുടെ ദേശത്തുള്ളവര്‍, അതേ രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളവര്‍, അതേ വിശ്വാസങ്ങള്‍ ഇതിനൊടൊക്കെ കൂടുതല്‍ കൂടുതല്‍ അടുക്കും. ഈ സാമ്യതകളൊന്നുമില്ലാത്ത മനുഷ്യരോട് കൂടുതല്‍ അസഹിഷ്ണുതയും ദേഷ്യവുമുള്ളവരായി മാറും. നമ്മുടെ ഇത്തരം വിശ്വാസങ്ങളെല്ലാം അംഗീകരിക്കുന്ന പങ്കാളിയോട് കൂടുതല്‍ അടുപ്പവും വിശ്വാസവും കാണിക്കും. ക്രൂരരായ നേതാവിനു പോലും വോട്ട് ചെയ്യാന്‍ സ്വയം പ്രേരിപ്പിക്കും. എന്നാല്‍ , മറ്റുചിലര്‍ മതത്തെ നിഷേധിക്കുന്നവരായി മാറും, മദ്യപാനം, പുകവലി, ഷോപ്പിങ്, ഭക്ഷണം ഇവയോടൊക്കെ ആസക്തി തോന്നും. പരിസ്ഥിതിയെ കുറിച്ചുള്ള ചിന്ത കുറയും. 

ഒരു സമൂഹത്തിന് മൊത്തമായി അവരുടെ മരണദിവസമറിയുമെങ്കില്‍ ആ സമൂഹം കൂടുതല്‍ അക്രമകാരികളും, വംശീയ വിരോധികളും,അപരിചിതരേയും വിദേശികളെയും വെറുക്കുന്നവരും, യുദ്ധക്കൊതിയരും, സ്വയം ഉപദ്രവിക്കുന്നവരും,പരിസ്ഥിതിയെ തകര്‍ക്കുന്നവരും ആയിത്തീരും. 

എന്നാല്‍ എല്ലാവരും, എല്ലാ സമൂഹവും ഈ ടെറര്‍ മാനേജ്മെന്‍റ് തിയറിയില്‍ പെടുന്നവരല്ല. ഉദാഹരണത്തിന് സൌത്ത് കൊറിയയിലെ ബുദ്ധ സന്യാസി സമൂഹം ഇതേ രീതിയിലല്ല മരണവിവരം നേരത്തെ അറിഞ്ഞാലുള്ള ജീവിതത്തെ കുറിച്ച് പ്രതികരിക്കുന്നത്. അവര്‍ സ്നേഹിക്കുന്നതിലും മറ്റും ഉറച്ചുനില്‍ക്കും. 

മരണത്തെ കുറിച്ചറിയുന്നത് നമ്മുടെ വീട്ടുകാരെയും നമ്മളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരേയും കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. രക്തദാനം പോലെ സമൂഹത്തിനാവശ്യമായ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തയ്യാറാകും. ജീവിതലക്ഷ്യത്തെ കുറിച്ച് കൂടുതല്‍ ചിന്തിപ്പിക്കും. ഇടുങ്ങിയ ചിന്താഗതി മാറ്റും. 

അസുഖബാധിതരായ മനുഷ്യരില്‍ ഈ മരണവിവരമറിയുന്നത് വേറൊരു തരത്തിലുള്ള മാറ്റമാണുണ്ടാക്കുക. ഇവരില്‍ തന്നെ പലതരമുണ്ട്. ഒരു കൂട്ടര്‍ 'ഓ അതിനെക്കുറിച്ച് അറിഞ്ഞിട്ട് എന്ത് ചെയ്യാന്‍, മരിക്കുമ്പോഴങ്ങ് മരിക്കട്ടെ' എന്ന് കരുതും. മറ്റൊരു കൂട്ടര്‍ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാനും പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ശ്രമിക്കും. ചിലര്‍ എങ്ങനെ മരിക്കുമെന്നാണോ അറിയുന്നത് അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും ശ്രമിക്കും. ഉദാഹരണത്തിന് വാഹനാപകടത്തിലാണ് മരിക്കുന്നതെന്നുണ്ടെങ്കില്‍ വാഹനയാത്ര തന്നെ ഒഴിവാക്കും. ചിലരാകട്ടെ, 'അങ്ങനെയിപ്പോ മരണമെന്നെ തോല്‍പ്പിക്കണ്ട. ഈ അസുഖം പിടിച്ച ജീവിതത്തില്‍ ഇങ്ങനെ തുടര്‍ന്നിട്ടെന്ത് കാര്യം' എന്നു പറഞ്ഞ് ആത്മഹത്യ തന്നെ തിരഞ്ഞെടുക്കും. 

കലാകാരന്മാര്‍ കൂടുതല്‍ ക്രിയേറ്റീവാകും. സംഗീതം, പെയിന്‍റിങ്ങ് അങ്ങനെ അങ്ങനെ... ട്രോമയെ ഒക്കെ അതിജീവിച്ചവരാവട്ടെ, കൂടുതല്‍ പോസിറ്റീവായും സന്തോഷത്തോടും കൂടി ഉള്ള ജീവിതം നന്നായി ജീവിക്കുമെന്ന് തീരുമാനമെടുക്കും. അവശേഷിച്ച ദിവസങ്ങളില്‍ ചെയ്യാവുന്നത്ര കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതും. 

എന്നാല്‍ മടിയന്മാരായ ആള്‍ക്കാരുടെ കാര്യം രസമാണ്. അവരൊന്നും ചെയ്യില്ല. അവര്‍ കരുതുന്നത്, 'ഓഹ് എന്തായാലും മരിക്കാന്‍ പോകുന്നു പിന്നെ ഇതൊക്കെ ചെയ്തിട്ടിപ്പോ എന്തിനാ. ജൂണില്‍ മരിക്കാന്‍ പോവുന്ന ഒരാള്‍ എന്തിനാണ് മെയ് മാസത്തില്‍ ഒരു ലേഖനമൊക്കെ എഴുതുന്നത്' എന്നൊക്കെയാണ്. അതൊരുതരം ദിശോബോധമില്ലായ്മ ഉണ്ടാക്കും അവരില്‍. തോന്നുന്നതൊക്കെ കഴിക്കുക, തോന്നിയപോലെ ഒക്കെ ജീവിക്കുക എന്നതാവും അവരുടെ രീതി. 

ദൈവവിശ്വാസത്തിലും വരും മാറ്റം. ഇത്രനാളും പ്രാര്‍ത്ഥിച്ചിട്ടും ഞാന്‍ മരിക്കാന്‍ പോകുന്നു. പിന്നെ, വിശ്വാസത്തിലെന്ത് കാര്യം എന്ന് ചിന്തിച്ചു തുടങ്ങും. അതവരുടെ അതുവരെ ഉണ്ടായിരുന്ന വിശ്വാസത്തിനെ തന്നെ തകര്‍ത്തുകളയും.

ചിലര്‍ താന്‍ മരിച്ചാല്‍ കുട്ടികളെന്ത് ചെയ്യുമെന്ന് കരുതി കുട്ടികളെ തന്നെ വേണ്ടെന്ന് വയ്ക്കും. ബന്ധങ്ങളുടെ കാര്യത്തിലും മാറ്റം വരും. കന്യകയായി ഇരുന്നിട്ടെന്ത് കാര്യം എന്നൊക്കെ തോന്നും. മരണവിവരം കൃത്യമായി അറിയുന്ന ഒരു സമൂഹത്തില്‍ ഡേറ്റിങ് ആപ്പുകള്‍ സജീവമാവുകയും തന്‍റെ മരണദിവസത്തിനടുത്തു തന്നെ മരിക്കുന്ന ആളെ പരസ്പരം തിരഞ്ഞെടുക്കുന്നവരുണ്ടാകും. 

തന്‍റെ അവസാനദിവസം വലിയ രീതിയിലുള്ള പാര്‍ട്ടികള്‍ നടത്തിയും മറ്റും ആ 'ബിഗ് ഡേ' ആഘോഷിക്കുന്നവരുമുണ്ടാകും. ഗവേഷകയും മരണത്തെ കുറിച്ച് എഴുതുകയും ചെയ്യുന്ന കൈറ്റിലിന്‍ ഡൌട്ടി പറയുന്നത്, ' നമ്മുടെ സമൂഹവും ജീവിതവും വ്യവസ്ഥയുമൊക്കെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതാണ്. മരണത്തെ കുറിച്ചുള്ള കൃത്യമായ ധാരണ ഇതൊക്കെ പൊളിച്ചെഴുതുമെന്നാണ്.'
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്