'പാവാട'കളെ ആര്‍ക്കാണ് പേടി?

By ആഷാ സൂസന്‍First Published Jan 9, 2018, 4:44 PM IST
Highlights

ഉന്‍മാദി: പെണ്‍മയുടെ ഉല്‍സവം- ആഷാ സൂസന്‍ എഴുതുന്ന കോളം ആരംഭിക്കുന്നു. 

മലയാള ഭാഷയില്‍ പുതുതായി രൂപം കൊണ്ട പുരുഷവിശേഷണമാണ് പാവാട. പാവാടകള്‍ ആരെന്നു പറയും മുന്നേ ഈ ചാപ്പ കൊടുക്കുന്ന വരേണ്യവര്‍ഗ്ഗം ആരെന്നറിയേണ്ടേ? പാട്രിയാര്‍ക്കി പുരുഷന് സമ്മാനിച്ചിട്ടുള്ള ചില മഹത്വവല്‍ക്കരണ വിശേഷണങ്ങളുണ്ട്. അവയാണ് ആണത്തം, പുരുഷത്വം, നട്ടെല്ലിന് ഉറപ്പ്, ആണൊരുത്തന്‍, ചങ്കുറപ്പ്, ഇരട്ടച്ചങ്ക്, എന്തിന്, മൂക്കിന് താഴെയുള്ള മീശപോലും വിശേഷങ്ങളാണ്. ഈ ഗുണങ്ങളെല്ലാം തികഞ്ഞ 916 പുരുഷന്മാരാണ് യഥാര്‍ത്ഥ പുരുഷകേസരികള്‍. ഈ മാതൃകാ പുരുഷോത്തമന്‍മാരാണ് അല്ലാത്തവരെയെല്ലാം, അതായത് സ്ത്രീപക്ഷവാദികള്‍ എന്നവകാശപ്പെടുന്നവരെയൊക്കെ ഫെമിനോളികള്‍ എന്ന് പേരു ചൊല്ലി വിളിക്കുന്നത്. മാതൃഭോഗികള്‍ എന്നര്‍ത്ഥം വരുന്ന വാക്ക് ഫെമിനിസ്റ്റിനോട് കൂടിച്ചേര്‍ന്നപ്പോള്‍ പിറവി കൊണ്ടതാണ് ഫെമിനോളികള്‍ എന്നത്. എന്താല്ലേ?

ഇനി പുരുഷ കേസരിയുടെ കണ്ണില്‍ ഒരു പെണ്ണ് ഫെമിനിസ്റ്റാവുന്നതിന് അവര്‍ കണ്ടെത്തിയിരിക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട്. അതില്‍ ചിലതാണ്; പുരുഷനെ അനുകരിക്കുക, പുരുഷന്റെ തലയില്‍ കേറി നിരങ്ങുക, ശരീര പ്രദര്‍ശനം നടത്തുക, രാത്രിയില്‍ നാടു നിരങ്ങുക, തോന്നുംപോലെ 'അഴിഞ്ഞാടി' നടക്കുക, വലിക്കുക, കുടിക്കുക എന്നു തുടങ്ങി പറ്റിയാല്‍ ഗര്‍ഭധാരണം വരെ പുരുഷന്റെ തലയില്‍ വെച്ച് കൊടുക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ നീളും ആ പട്ടിക.

പക്ഷെ ജന്മം കൊണ്ടേ പുരുഷ രൂപമുള്ളവര്‍ക്ക് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ചിലര്‍ ഫെമിനിസ്റ്റ്് ആവുന്നത് എന്തിനാവും? ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞാല്‍ സ്ത്രീകളെ മുതലെടുക്കാന്‍ വേണ്ടി മാത്രം. മനസ്സിലായില്ലേ? വിശദീകരിച്ചു പറഞ്ഞാല്‍ പെണ്ണിന്റെ ആശയത്തോട് ഐക്യദാര്‍ഢ്യപ്പെടുന്നത് അവളുടെ ശരീരത്തിന് വേണ്ടിയാണെന്നാണ് വെപ്പ്. സ്ലട്ട് ഷെയിമിങ്ങിന്റെ മറുരൂപം. അല്ലെങ്കിലും സ്ത്രീസാന്നിധ്യം ഉള്ളിടെത്തല്ലാം അവളുടെ ഉടലും ഉടയാടയുമാണല്ലോ എല്ലാര്‍ക്കും ഇഷ്ട ചര്‍ച്ചാ വിഷയം. 

അല്ല, എനിക്കിനിയും മനസ്സിലാവാത്ത ഒരു കാര്യമെന്താച്ചാല്‍, ഏതേലുമൊരു പെണ്ണ് അവളുടെ ഇഷ്ടത്തിന് ഇഷ്ടപ്പെടുന്നവരോടൊപ്പം തന്റെ ശരീരവും ഇഷ്ടവും പങ്കിടുന്നിടത്തു മൂന്നാമതൊരാള്‍ക്ക് എന്താണ് കാര്യം? അതിനെറ ശരികള്‍ അവര്‍ക്കു മാത്രം മനസ്സിലാവുന്നതും അതിന്റെറ തെറ്റ് അവരെ മാത്രം ബാധിക്കുന്നിടത്തോളം മറ്റുള്ള പുരുഷോത്തമന്മാര്‍ എന്തിനു വ്യാകുലപ്പെടണം? എന്തിനു നാഴികക്ക് നാല്‍പ്പതു വട്ടം 'പോയി അവളുടെ പാവാട കഴുകെടാ' എന്നും 'അടിപാവാട പിടിച്ചു കൊടുക്കെടാ' എന്നും പറയണം?

പറയുന്നതുകൊണ്ട് പ്രയോജനമില്ലെങ്കില്‍ കൂടിയും നിങ്ങളറിയാന്‍, നിങ്ങളോട് പറയാന്‍ ചിലതുണ്ട്. ഒരു ഉദാഹരണത്തില്‍ തുടങ്ങാം.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലോടുന്ന ഒരു പൊതുവാഹനത്തില്‍ പുരുഷനു മാത്രമല്ല പുരുഷനോടൊപ്പം തുല്യ അനുപാതത്തില്‍, തുല്യ പരിഗണനയില്‍ യാത്രചെയ്യാന്‍ സ്ത്രീക്കും അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും ആരും അനുവദിച്ചു തരേണ്ടതില്ലെന്നും അവരെ ബോധ്യപ്പെടുത്തി തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട വാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് ഫെമിനിസ്റ്റുകള്‍.

പക്ഷേ ഒപ്പം സഞ്ചരിക്കണമെന്നതു കേള്‍ക്കുമ്പോള്‍ പുരുഷനെ ചവിട്ടിപ്പുറത്താക്കി സഞ്ചരിക്കണമെന്ന അധികവായന നടത്തുന്നവരാണ് പുരുഷകേസരികള്‍. എന്നാല്‍ ആ വാഹനം രാജ്യത്തിലെ പൗരന്മാര്‍ക്കുള്ളതാണെന്നും പൗരന്‍ എന്നാല്‍ സ്ത്രീയും കൂടി ഉള്‍പ്പെടുമെന്നതിനാല്‍ അവള്‍ക്കു വേണ്ടി അവളോടൊപ്പം സംസാരിക്കുന്നവരെയാണ് പാവാടകള്‍ എന്ന് ചാപ്പ കുത്തപ്പെടുന്നത്.

ചാതുര്‍വര്‍ണ്യത്തിന്റെ നിഴലില്‍ അവര്‍ണ്ണനെ കാല്‍ക്കീഴിലിട്ടു ചവിട്ടിയരച്ച സവര്‍ണ്ണനു കീഴാളന്‍ തന്റെ അവകാശങ്ങളെ തിരിച്ചറിയുന്നത് പോലും ഞെട്ടലുളവാക്കുന്ന കാര്യമായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കീഴാളന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അന്നുവരേയും അവരെ അടിച്ച അടികള്‍ക്ക് പ്രതികാരം തീര്‍ക്കാനുള്ള കീഴാളന്റെ വെല്ലുവിളിയുടെ ശബ്ദമായിട്ടാണ് അവ തമ്പുരാക്കന്മാരുടെ കാതില്‍ അലയടിച്ചത്. കീഴാളന്റെ ശരീരം വളഞ്ഞു നില്‍ക്കണോ, കൈ കെട്ടി നില്‍ക്കണോ, വാ പൊത്തി നില്‍ക്കണോ, കാണാമറയത്തു മറഞ്ഞു നില്‍ക്കണോ എന്നു തുടങ്ങി അവന്റെ  ശരീരഭാഷയും വസ്ത്ര രീതിയും, ജീവിതരീതികളും, സംസാര ശൈലിയും, എന്തിന്, കുടുംബ ബന്ധങ്ങള്‍ പോലും മേലാളന്‍ തീരുമാനിച്ചിരുന്നു.

ഇതേ സവര്‍ണാധിപത്യത്തിന്റെ അവശേഷിപ്പാണ് ഇന്നത്തെ പാട്രിയാര്‍ക്കി എന്നത്. അവിടെ സവര്‍ണ്ണന്‍ എന്നത് പുരുഷകേസരികളും അവര്‍ണന്‍ എന്നത് സ്ത്രീകളുമായി മാറി എന്നുമാത്രം. 

എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന്റെ മൂലക്കല്ലായ മനുസ്മൃതി അംബേദ്ക്കര്‍ കത്തിച്ചതൊന്നും പുരുഷകേസരികള്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു. എല്ലാ പൗരനും തുല്യനീതിയും പരിഗണനയും അവസരവുമുള്ള ഭരണഘടനയാണ് ഇന്നു നിലവിലുള്ളത്. ഇതില്‍ പൗരന്‍ എന്നതില്‍ എല്ലാ ലിംഗത്തിലുള്ളവരും ഉള്‍പ്പെടുമെന്ന് ബോധ്യമുള്ള സര്‍വ്വ മനുഷ്യരും ഒരു ഫെമിനിസ്റ്റായിരിക്കും. സ്ത്രീപക്ഷ നിലപാടുകളോട് ഐക്യപ്പെടുന്നവരെ 'പാവാടദാസന്മാര്‍' എന്നു വിളിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഭീരുക്കള്‍. 

കാരണം സ്വന്തമായി അഭിപ്രായമുള്ള, വ്യക്തമായ നിലപാടുകളുള്ള  സ്ത്രീകളുടെ ഉറച്ച ശബ്ദത്തെ അവര്‍ ഭയപ്പെടുന്നു. അത്തരം സ്ത്രീകളോടൊപ്പം കൂടാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് മാത്രമല്ല കഴിയുന്നവരെ കാണുമ്പോള്‍ തങ്ങളുടെ കഴിവുകേട് പരിഹാസരൂപേണ ഇത്തരം 'അപമാനം' നിറഞ്ഞ വിളികളായി പുറത്തേക്ക് വരുന്നു എന്നതാണ് വാസ്തവം, ചന്ദ്രനെ കാണുമ്പോള്‍ അറിയെതെ ഓരിയിട്ടു പോവുന്ന കുറുക്കനെപ്പോലെ.

അതുകൊണ്ടു തന്നെ വീണ്ടും പറയട്ടെ, സഹജീവിയെ ബഹുമാനിക്കുന്ന 'പാവാട'കളെ, നിങ്ങള്‍ക്കാ വിളിയില്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്.

സ്ത്രീയെ ഒരു വ്യക്തിയായി പരിഗണിക്കുന്ന അവളുടെ വ്യക്തിത്വത്തെയും, അവകാശത്തെയും, സ്വാതന്ത്ര്യത്തേയും, സ്വയം തിരഞ്ഞെടുപ്പിനെയും അംഗീകരിക്കുന്ന 'പാവാട'കളെ, നിങ്ങളോടു ഞങ്ങള്‍ക്ക് പെരുത്തിഷ്ടം.

I am a proud feminist and I respect 'pavada'

 

click me!