
തിരുവനന്തപുരം: വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീത ലോകത്തെത്തിച്ചേര്‍ന്ന ഒരാളാണ് ബാലഭാസ്കര്‍. വീട്ടില്‍ തന്നെ എല്ലാവരും സംഗീതത്തോട് പ്രിയമുള്ളവര്‍. പക്ഷെ, ഏറ്റവും ആസ്വദിച്ച് സംഗീതത്തെ കൈകാര്യം ചെയ്തു തുടങ്ങിയത് സ്കൂള്‍ കാലഘട്ടത്തിലാണെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നു.
'സ്കൂളില്‍ കലാരംഗത്ത് സജീവമായിരുന്നു. അവിടെയാണ് താന്‍ തന്‍റെ ഹോം വര്‍ക്ക് തുടങ്ങിയത്. കംപോസിങ് രംഗത്ത്, ഫ്യൂഷനില്‍, ബാന്‍ഡ് തുടങ്ങാന്‍... എല്ലാം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ആദ്യത്തെ പടി അവിടെയാണ്. യൂത്ത് ഫെസ്റ്റിവലിനൊക്കെ വേണ്ടിയിട്ട് സജീവമായി നിന്നു. അവിടെ ഒരു ബാന്‍ഡുണ്ടായിരുന്നു. എന്തെങ്കിലും ചെറുതായി കംപോസ് ചെയ്യുക, കൂടെയുള്ളവരെ ട്രെയിന്‍ ചെയ്യുക, അവതരിപ്പിക്കുന്നതില്‍ ഏറെയും സിനിമാ ഗാനങ്ങളുണ്ടാകും, അന്നും അധികം പാടിയിരുന്നില്ല. സ്കൂളില്‍ താനെപ്പോഴും ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു, അന്നത് താന്‍ ഒരുപാട് ആസ്വദിക്കുകയും ചെയ്തിരുന്നു. '
'സ്കൂള്‍ അസംബ്ലി ഹാളില്‍ ആദ്യമായി വായിക്കുന്ന സിനിമാഗാനം ഇളയ രാജാ സാറിന്‍റെ 'കണ്ണേ കലൈമാനേ' എന്ന ഗാനമാണ്. ഒരുപാട് പ്രിയപ്പെട്ട പാട്ടിലൊന്നും അതു തന്നെയായിരുന്നു.' എന്ന് ബാലഭാസ്കര്‍ കൈരളി ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സംഗീതലോകത്ത് ഊര്‍ജ്ജസ്വലനായി മാത്രം കണ്ടിരുന്നൊരാളാണ് ബാലഭാസ്കര്‍. തന്‍റെ വയലിന്‍ കേള്‍ക്കുന്നവരെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ലോകത്തെത്തിക്കാന്‍ അദ്ദേഹത്തിനെപ്പോഴും കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ആ വിയോഗം ഓരോ മനുഷ്യനെയും പൊള്ളിക്കുന്നതും. പ്രിയപ്പെട്ട ബാലഭാസ്കര്‍, എത്രയോ പേരാണ് നിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വിതുമ്പുന്നത്.