ബീച്ചുകൾ അപ്രത്യക്ഷമാകുന്നോ? തീരദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഇരകളായി മാറും?

By Web TeamFirst Published Mar 7, 2020, 10:33 AM IST
Highlights

മറ്റ് ഗവേഷണങ്ങളിൽ, സമുദ്രനിരപ്പ് 0.8 മീറ്റർ ഉയരുന്നത് 17,000 ചതുരശ്ര കിലോമീറ്റർ ഭൂമിയെ ഇല്ലാതാക്കാനും, 5.3 ദശലക്ഷം ആളുകളെ ഭൂരഹിതരാക്കാനും കഴിയുമെന്ന് കണ്ടെത്തി.

തൂവെള്ള മണൽപരപ്പും, തിരയൊഴിയാത്ത നീലക്കടലും കാണാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ബീച്ചുകൾ. എന്നാൽ, നമ്മുടെ അതിമനോഹരമായ ആ ബീച്ചുകൾ വെറും ഓർമ്മകളായി മാറുന്നത് ഒന്നോർത്തു നോക്കൂ! അധികം താമസിയാതെ പക്ഷേ അതും സത്യമാകാൻ പോകുന്നു എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കാലാവസ്ഥ വ്യതിയാനം മനുഷ്യർക്കും, ജന്തുജാലങ്ങൾക്കും ഒരുപോലെ അപകടകരമാണ് എന്ന് നമുക്കറിയാം. എന്നാൽ, അത് ഇപ്പോൾ ബീച്ചുകളെയും അപകടകരമാം വിധം ബാധിച്ചു തുടങ്ങിയിരിക്കുന്നു.

നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലിൽ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് തീരദേശത്തെ മണ്ണൊലിപ്പും ഉയരുന്ന കടൽ വെള്ളവും മൂലം ലോകത്തിന്റെ പകുതി ബീച്ചുകളും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അപ്രത്യക്ഷമാകും. ഇന്ന് ലോകത്ത് ആഗോള താപനില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത്തും, ഐസ് ഉരുകി സമുദ്രനിരപ്പ് ഉയരുന്നതും കൂടുതൽ തീവ്രവുമായി മാറിക്കൊണ്ടിരിക്കയാണ്. ഇത് ലോകമെമ്പാടുമുള്ള ദുർബലമായ തീരപ്രദേശങ്ങളെ തകർക്കുന്നതിന് കാരണമാകുന്നുവെന്ന് ഇറ്റലിയിലെ ഇസ്പ്രയിലുള്ള യൂണിയന്റെ സംയുക്ത ഗവേഷണ കേന്ദ്രത്തിലെ യൂറോപ്യൻ ഗവേഷകർ അഭിപ്രായപ്പെടുന്നു.  ഈ പ്രക്രിയകൾ തുടര്‍ന്നാൽ, 2100 ആകുമ്പോഴേക്കും ലോകത്തിലെ 50 ശതമാനം മണൽബീച്ചുകളും 'വംശനാശത്തിന്' ഇരയാകുമെന്ന് അവർ പറഞ്ഞു.

ശാസ്ത്രജ്ഞർ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 30 വർഷമായി തീരപ്രദേശങ്ങൾ എങ്ങനെ വികസിച്ചുവെന്ന് കണക്കാക്കി. സമുദ്രനിരപ്പ് ഉയരുന്നത് ഭാവിയിൽ ബീച്ചുകളെയും തീരങ്ങളെയും എങ്ങനെ ബാധിക്കുമെന്നും അവർ കണ്ടെത്താൻ ശ്രമിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു‌എൻ‌ ഇന്റർ‌ഗവണ്‍മെൻ‌റൽ‌ പാനൽ‌ പ്രകാരം, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള സമുദ്രനിരപ്പ് ശരാശരി 0.95 അടി മുതൽ 3.61 അടി വരെ ഉയരും. ആഗോള തീരപ്രദേശത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ മണൽ കടൽത്തീരങ്ങളാണ് ഉള്ളത്. ആഗോള താപനില എത്രമാത്രം ഉയരുമെന്നതിനെ ആശ്രയിച്ചാണ് അവയുടെ നാശത്തിന്റെ തീവ്രത കണക്കാക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ തോതും ഇതിൽ ഒരു പ്രധാന ഘടകമാണ്.

ഓരോ സ്ഥലത്തും നഷ്‍ടപ്പെടുന്ന കടൽത്തീരത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, 2100 -ഓടെ, യു‌എസ് കിഴക്കൻ തീരം, ദക്ഷിണേഷ്യ, മധ്യ യൂറോപ്പ് എന്നിവയുൾപ്പെടെയുള്ള ജനസാന്ദ്രതയുള്ള പല പ്രദേശങ്ങളിലും കടൽത്തീരങ്ങൾ 330 അടി (100 മീറ്റർ) പിന്നോട്ട് പോകുമെന്ന് പഠനം കണ്ടെത്തി. "ഞങ്ങൾ 100 മീറ്ററിന്റെ പരിധിയാണ് കണക്കാക്കിയത്, കാരണം മണ്ണൊലിപ്പ് 100 മീറ്ററിൽ കൂടുതലാണെങ്കിൽ, മിക്കവാറും ബീച്ച് അപ്രത്യക്ഷമാകുമെന്നാണ് അതിനർത്ഥം, കാരണം ലോകത്തിലെ മിക്ക ബീച്ചുകളും 100 മീറ്ററിനേക്കാൾ ഇടുങ്ങിയതാണ്" തീരദേശ സമുദ്രശാസ്ത്രജ്ഞന്‍ മിഖാലിസ് വൗസ്ഡൗകസ് പറഞ്ഞു.  

എന്നാൽ, ഏറ്റവും ആശങ്ക അതിന്റെ തീരങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന ആളുകളുടെ കാര്യത്തിലാണ്. ലോകത്തിലെ മണൽ നിറഞ്ഞ തീരപ്രദേശങ്ങൾ ജനസാന്ദ്രതയുള്ളവയാണ്, മാത്രമല്ല കാലക്രമേണ അത് കൂടിവരുകയും ചെയ്യുന്നു. മറ്റ് ഗവേഷണങ്ങളിൽ, സമുദ്രനിരപ്പ് 0.8 മീറ്റർ ഉയരുന്നത് 17,000 ചതുരശ്ര കിലോമീറ്റർ ഭൂമിയെ ഇല്ലാതാക്കാനും, 5.3 ദശലക്ഷം ആളുകളെ ഭൂരഹിതരാക്കാനും കഴിയുമെന്ന് കണ്ടെത്തി.  2100 -ഓടെ നടപടികളൊന്നും എടുത്തില്ലെങ്കിൽ ആഫ്രിക്കയിൽ മാത്രം, തീരദേശത്തെ മണ്ണൊലിപ്പ് മൂലം ഭൂമി നഷ്ടപ്പെടുന്നത് പ്രതിവർഷം 40,000 ആളുകൾക്കായിരിക്കും.  

ലോകത്തിലെ ബീച്ചുകൾ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ മനുഷ്യർക്ക് തീർച്ചയായും സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ചൂടുകൂട്ടുന്ന വാതക മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ 2050 -ഓടെ പ്രതീക്ഷിക്കുന്ന ബീച്ച് നഷ്ടത്തിന്റെ 17% തടയാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. ഇതുകൂടാതെ ഹരിതഗൃഹ വാതകങ്ങൾ പരിമിതപ്പെടുത്തിയാൽ 2100 -ഓടെ ഇത് 40% ആയി കുറയ്ക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.

വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തീരദേശത്ത് താമസിക്കുന്ന ദശലക്ഷരക്കണക്കിന് മനുഷ്യര്‍ക്ക് സ്വന്തം ഇടം നഷ്‍ടമാകുന്ന അവസ്ഥ വരും. അത് വരാതിരിക്കാന്‍ നടപടിയെടുക്കേണ്ടത് ഓരോ രാജ്യത്തെയും സര്‍ക്കാര്‍ തന്നെയാണ്.

click me!