ഈ കടലിന് മരണത്തിന്റെ മണമാണ്!

By ബക്കര്‍ അബുFirst Published Jan 16, 2018, 8:58 PM IST
Highlights

ഉഭയജീവിതം: ഒരു നാവികന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ബക്കര്‍ അബു എഴുതുന്ന കോളം ആരംഭിക്കുന്നു

രണ്ടര പതിറ്റാണ്ടിലേറെയായി കടലാണ് ബക്കര്‍ അബുവിന്റെ ലോകം. നാവികനെന്ന നിലയില്‍ ലോകം ചുറ്റലാണ് ആ ജീവിതം. ഇതിനകം 76 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നെത്തുന്ന നാടുകളില്‍ കറങ്ങാനാണ് അബുവിന്റെ താല്‍പ്പര്യം. ആ രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും അറിയാനും അതിനെ കുറിച്ച് എഴുതാനുമിഷ്ടം. നല്ല വായനക്കാരനാണ്. നല്ല എഴുത്തുകാരനും. അതിനാല്‍, ഫേസ്ബുക്കിലെ ഏറെ വായിക്കപ്പെടുന്ന യാത്രാ എഴുത്തുകാരന്‍ കൂടിയാണ് അബു. ചരിത്രാന്വേഷികള്‍ പോലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ സജീവ അംഗം. 

കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ജനിച്ചതും വളര്‍ന്നതും. 1986ല്‍ അഡയാറില്‍ മറൈന്‍ റേഡിയോ ഓഫീസര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിനു ശേഷ ആദ്യ വിദേശ യാത്ര. യമനിലേക്കായിരുന്നു ആ യാത്ര. യാത്രയുടെ വിത്തുകള്‍ ഉള്ളില്‍ മുളച്ച ഈ നാവികന്റെ മൂത്ത മകനും പിതാവിന്റെ അതേ വഴിയിലാണ്. സമുദ്ര സഞ്ചാരയായ നാബില്‍ സല്‍മാന്‍ ഏഴ് മാസം കൊണ്ട് 20ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 

കടലിലും കരയിലുമുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് അബു ഈ കോളത്തില്‍ എഴുതുന്നത്. യാത്രയും ചരിത്രവും സംസ്‌കാരവുമെല്ലാം ഇടകലരുന്ന കുറിപ്പുകള്‍ ഇന്നാരംഭിക്കുകയാണ്. 

ഓരോ കാറ്റിലും രൂപം മാറുന്ന കടല്‍ ഒന്നോ രണ്ടോ യാത്രകള്‍ കൊണ്ട് നമ്മള്‍ക്കറിയാനാവില്ല.

അക്ഷരങ്ങളെ എവിടെ നിന്നാണ് സ്‌നേഹിച്ചു തുടങ്ങിയതെന്ന ചോദ്യത്തിന് വടകരയിലെ അഞ്ചുവിളക്കാണ് എനിക്ക് വേണ്ടി മറുപടി നല്‍കുന്നത്.

വിളക്കിനു ചുറ്റും ജനം ഒത്തുചേരുന്ന വടകരയുടെ ചരിത്രസ്പര്‍ശമാണ് അഞ്ചുവിളക്ക്. കൊടിതോരണങ്ങളും,ജാഥകളും,പ്രതിഷേധങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വിളക്കിന് ചുറ്റുമായിരിക്കും. വ്യസനിക്കുന്നവരുടെ നിറയാത്ത മുഖം കണ്ടുകൊണ്ട് അഞ്ചുവിളക്കിന്റെ സ്തൂപത്തിനു പുറത്ത് ഗാന്ധിജിയിരിപ്പുണ്ട്.

കുട്ടിക്കാലത്ത് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയത് മുതല്‍ അഞ്ചുവിളക്കിനു ചുറ്റുമുള്ള കയ്യെഴുത്തു പോസ്റ്റുകളില്‍ നിന്നായിരുന്നു  ഞാന്‍ ലോകം അറിഞ്ഞു തുടങ്ങിയത് . കുടിലിരുത്താത്ത ഗാന്ധിജിയുടെ ദീപ്തമായ കണ്ണുകള്‍ വടകരയുടെ പടിഞ്ഞാറെ ദിക്ക് നോക്കിയിരിപ്പാണ്.  

തിയ്യര്‍ ഒന്തം ഇറങ്ങി തീവണ്ടിപ്പാതകള്‍ കുറുകെ കടന്നു അങ്ങാടിയും താണ്ടിപ്പോയാലെ അറബിക്കടല്‍ കണ്‍വെട്ടത്തെത്തുള്ളൂ. പടിഞ്ഞാറ് ചക്രവാളം  ചെന്ന് മുട്ടുന്നത് എന്റെ ജീവിതത്തിലാണെന്ന് അന്നത്തെ കാഴ്ചയിലൊന്നും മനസ്സിലായിരുന്നില്ല. ഇരുപത്തേഴു വര്‍ഷത്തെ കടല്‍ ജീവിതത്തിന് ശേഷം ഉപ്പുകാറ്റ് തഴുകി വീട്ടിലേക്ക് തിരിച്ചു പറഞ്ഞയച്ച ആ ദിനങ്ങള്‍ ഇന്ന് ഞാന്‍ ഓര്‍ത്തെടുക്കുകയാണ്.

ബക്കര്‍ അബു 

 

കടലോരത്തൊരു സ്‌കൂള്‍ 
അറബിക്കടല്‍ തീരത്തൊരു ഹൈസ്‌കൂള്‍, അവിടുന്ന് ഇടവേളകളിലും ഉച്ചഭക്ഷണസമയത്തും ഒരോട്ടത്തില്‍ പോയി കടല്‍ കണ്ടു വരാം. കടല്‍ അവസാനിക്കുന്നിടത്തൊരു തോണിക്കാരന്‍,അതിനപ്പുറം സൂര്യന് ജലസമാധിയാവാനുള്ള നീലത്തുണി വിരിച്ചിരിക്കുന്നു. കണ്ണില്‍ അത്രയേ അന്ന് കടല്‍ ഒതുങ്ങിയിരുന്നുള്ളൂ.

കടല്‍ കണ്ണടയാതെ സന്ധ്യചമഞ്ഞു വരുവോളം നോക്കിയിരുന്നിട്ടുണ്ട്. തിരകള്‍  അലറിത്തുള്ളാത്ത  സൗമ്യ സാഗരശാന്തതയില്‍ സൂര്യന്‍ മുറിവേറ്റു ജലസമാധിയാവുന്നത് വരെ നോക്കിയിരിക്കണം. ഒടുവില്‍ പുലയാചരിക്കുന്ന മരണവീട്ടിലെ മൗനഗന്ധം മാറോടണക്കിപ്പിടിച്ച് തിരികെ വീട്ടിലേക്ക് മടങ്ങും. ഏകനൊന്തം ഇറങ്ങുമ്പോള്‍ നേര്‍ത്തും ചെരിഞ്ഞും മെരുങ്ങാതെ കത്തുന്ന ചിമ്മിനി വീടുകളില്‍ ഒന്നിലേക്ക് ഞാന്‍ കയറിച്ചെല്ലും. 

എന്റെ സ്വപ്നങ്ങളുടെ അസ്ഥിവാര മണ്‍തറയില്‍ വരുംകാല യാത്രയിലേക്ക് ഞാന്‍ തലചായ്ച്ചുറങ്ങുന്നതവിടെയാണ്.  കാലം അതിന്റെ കനപ്പെട്ട വിരലുകള്‍ ചേര്‍ത്തു വിരിച്ച് കടലിലേക്ക് ദത്തെടുത്തതായിരുന്നു പിന്നെ എന്റെ ജീവിതം.

അവിടെ നിന്ന്, ആ അനുഭവങ്ങളില്‍ നിന്നായിരുന്നു എഴുതിത്തുടങ്ങിയത്.

പല മുഖങ്ങളുള്ള കടല്‍
കടലിന് പല മുഖങ്ങളുണ്ട്. ചിലപ്പോള്‍ കടല്‍ സൗമ്യ സുന്ദരം. പറക്കമുറ്റാന്‍ വെമ്പുന്നൊരു ചിത്രശലഭത്തിന്റെ നീലച്ചിറകില്‍ ഒരു തുള്ളി സൂര്യന്‍ ഉറ്റിയുതിര്‍ന്നു തെളിയുന്നത് പോലെ സൗമ്യ സുന്ദരം.

ചിലപ്പോള്‍ കടല്‍ ശാന്തം. വരാന്‍ പോകുന്ന അനര്‍ത്ഥങ്ങളെക്കുറിച്ച് വേവലാതിപ്പെടാത്ത അര്‍ജുനന്റെ മനസ്സ് പോലെ, തൊടുത്തുവിടാന്‍ പോവുന്ന ഓരോ അമ്പിന് മുന്‍പും, ഒരു ചിന്ത അവസാനിക്കുകയും മറ്റൊരു ചിന്ത ആരംഭിക്കുന്നതിനുമിടയിലുള്ള നിശ്ശബ്ദത പോലെ ശാന്തം. കൊടുങ്കാറ്റടിക്കുന്നതിനു മുമ്പ് കടല്‍ എന്തിനാണിങ്ങനെ ശാന്തമാകുന്നതെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

തിരമാലകള്‍ ഇടിമിന്നല്‍ പോലെ വന്നടിക്കുന്ന  കടല്‍ ജീവിതം കരയില്‍ നിന്ന് നീല സാഗരം കാണുന്നവന്റെ കണ്ണിലെ ശാന്തിയില്‍ അവസാനിക്കുന്നതല്ല. ഓരോ കാറ്റിലും രൂപം മാറുന്ന കടല്‍ ഒന്നോ രണ്ടോ യാത്രകള്‍ കൊണ്ട് നമ്മള്‍ക്കറിയാനാവില്ല. സമുദ്രത്തില്‍ അലഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയുള്ള ജീവിതം അതാണ് എന്നോടും നിങ്ങളോടും പറയുന്നത്. 

ആരെങ്കിലും ഒന്ന് വിചാരിച്ചാല്‍ ഈ കടലിടുക്ക് തീഗോളത്തിന്റെ ദുരന്തഭൂവായി മാറാന്‍ അധിക സമയം വേണ്ട.

ഹോര്‍മുസ് കടലിടുക്ക് ശാന്തമാണ്
ബോംബെയില്‍ നിന്നും ഇറാനിലേക്കുള്ള യാത്രയില്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു പോയത് ഇന്നും ഓര്‍മ്മയുണ്ട്. അറേബ്യന്‍ ഭൂവില്‍ നക്ഷത്രങ്ങള്‍ ഉറ്റുനോക്കുന്നത് ഹോര്‍മുസിന്റെ  സുരക്ഷയാണെന്ന് ഒരു കാലത്ത് നമ്മള്‍ പറഞ്ഞിരുന്നു. കാരണം, അമേരിക്കയിലേക്ക് ഒഴുകുന്ന എണ്ണയുടെ പത്തു ശതമാനത്തോളം ഇതിലൂടെയായിരുന്നു. 1976 മുതല്‍ 2010 വരെ അമേരിക്ക എട്ട് ട്രില്യന്‍ ഡോളര്‍ ചെലവഴിച്ചു ഹോര്‍മുസ് ഗതാഗതം സംരക്ഷിച്ചു പോന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരവും അതിലുണ്ട് .

ഇതൊരു ചോക്ക് പോയിന്റ് ആണ്. ആരെങ്കിലും ഒന്ന് വിചാരിച്ചാല്‍ ഈ കടലിടുക്ക് തീഗോളത്തിന്റെ ദുരന്തഭൂവായി മാറാന്‍ അധിക സമയം വേണ്ട. 1980 മുതല്‍ 1988 വരെയുള്ള ഇറാന്‍ ഇറാക്ക് യുദ്ധത്തിലെ, ടാങ്കര്‍ യുദ്ധത്തില്‍, കപ്പല്‍ ജീവനക്കാരുടെ കുടുംബം അനാഥമാക്കിയ ഒരു ചരിത്രമുണ്ട് ഹോര്‍മോസിന്. ഈ യുദ്ധത്തില്‍ 546 ചരക്കു കപ്പലുകള്‍ തകരുകയും 430 സീമാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഏതൊക്കെ ജീവനാണ് ഇവിടെ പൊലിഞ്ഞു പോയതെന്ന് ഹോര്‍മോസിനോട് മനസ്സ് ചോദിച്ചുവോ? ഒന്നും അറിയാത്തതുപോലെ വളരെ ശാന്തമാണ് ഇപ്പോള്‍ ഈ കടലിടുക്ക്. ഞാന്‍ അറിയാതെ എന്നെപ്പുണര്‍ന്ന ഭീതിയ്ക്കും എവിടെയോ നോവുന്ന മനസ്സിനും ഹോര്‍മോസ് സാക്ഷിയായി.

കത്തിയെരിഞ്ഞ എണ്ണടാങ്കറുകളുടെ പ്രേത രൂപം ഭീതിജനകമായിരുന്നു,

കപ്പലുകളുടെ ശ്മശാനം 
ഹോര്‍മുസ് കടലിടുക്ക് കഴിഞ്ഞാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ അതിര് അവസാനിക്കുന്നിടത്ത് ഖോര്‍ അല്‍ അമായ, ശാത്തല്‍ അറബ് നദിയിലേക്കും, റാസ് ഇ ബര്‍ക്കാന്‍ ബന്ദര്‍ ഇമാം ഖുമൈനി തുറമുഖത്തേക്കും വഴി തുറക്കുന്നു. ഇറാന്‍-ഇറാക്ക് യുദ്ധങ്ങളുടെ കെടുതികള്‍ക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലങ്ങളില്‍ കൂടിയുള്ള യാത്രയായിരുന്നു ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്ര. 

പത്തു ലക്ഷത്തില്‍ പരം ആള്‍ക്കാര്‍ മരിച്ച ഈ യുദ്ധത്തില്‍ ശാത്തല്‍ അറബില്‍ മാത്രം ഏകദേശം 53000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഗ്‌നിയെ കെടുത്തുന്ന ജലത്തില്‍ തീജ്വാലകള്‍ സംഹാരതാണ്ഡവമാടിയ വഴികളിലൂടെയായിരുന്നു ഞങ്ങളുടെ  കപ്പല്‍ യാത്ര.

ബന്തര്‍ ഇമാം ഖുമൈനി തുറമുഖം നിലകൊള്ളുന്നത് ഒരു നദീ മുഖത്താണ്. റാസ് ഇ ബര്‍ക്കാനില്‍ ഖോര്‍ എ മൂസ ചാനലിലൂടെ 45 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചാനല്‍ തുടങ്ങുന്നത് മുതല്‍ യുദ്ധക്കെടുതിയുടെ ഭീകര മുഖങ്ങളായിരുന്നു എന്നെ കാത്തിരുന്നത്. 

കപ്പലിലെ എഞ്ചിന്‍ റൂമിലും അടുക്കളയിലും ഉള്ള ജോലിക്കാരൊഴികെ മറ്റെല്ലാവരും മുകളിലെ കണ്‍ട്രോള്‍ റൂമിലും (വീല്‍ ഹൌസ്) ഡെക്കിലും തിരയിളക്കമില്ലാത്ത മൂകമായ നദിയില്‍ ആ കാഴ്ചകള്‍ കണ്ടു നിശ്ശബ്ദരായി. കത്തിയെരിഞ്ഞ എണ്ണടാങ്കറുകളുടെ പ്രേത രൂപം ഭീതിജനകമായിരുന്നു, മിസൈല്‍ ആക്രമണത്തില്‍ പാതി മുങ്ങിയും, പാതി കത്തിയും അടിത്തട്ടില്‍ ഉറച്ചുപോയ കപ്പലുകള്‍. 

ജലത്തിന് മുകളില്‍ മരണത്തിന്റെ അടയാളം കണക്കെ മുങ്ങിപ്പോയ കപ്പലുകളുടെ ഉയര്‍ന്നു നില്‍ക്കുന്ന പാമരം (Mast). എങ്ങോട്ട് തിരിഞ്ഞാലും കപ്പല്‍ച്ചേതത്തിന്റെ കൊടി അടയാളങ്ങള്‍. ഖോര്‍ എ മൂസയിലെ നദിക്കാറ്റിന് മരണത്തിന്റെ ചൂര്. ബോംബിങ്ങിലും മിസൈല്‍ ആക്രമണത്തിലും കപ്പലുകളില്‍ തീഗോളം ഉയര്‍ന്നപ്പോള്‍ ആറായിരം കോടി ഡോളറിന്റെ ആയുധങ്ങള്‍ കടലില്‍ നിന്നും ആകാശത്തു നിന്നും മരണം വിതച്ചു പെയ്തിറങ്ങിയപ്പോള്‍ മരവിച്ചുപോയ മനുഷ്യ ലോകം.

എരിഞ്ഞു മരിച്ചവരുടെ കണക്കെടുപ്പിനു കാത്തു നില്‍ക്കാതെ ഒന്നിന് പിറകെ മറ്റൊന്നായി തകര്‍ത്ത കപ്പലുകളുടെ മരണ മുഖം കണ്ടു കൊണ്ട് യാത്ര ഭയാനകമായി. രക്തപങ്കിലമായ ജലപാതകളില്‍ നിന്ന് കണ്ണുയര്‍ത്തിക്കൊണ്ട് ക്യാപ്റ്റന്‍ ദാരിയാഗാദ് ചോദിച്ചു, ഇതിനു മുന്‍പ് ഇങ്ങനെയൊന്ന് കണ്ടിട്ടുണ്ടോ? എന്റെ മൗനം കണ്ടിട്ടാവണം പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല. 

പക്ഷെ ഇടറുന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: എട്ടു വര്‍ഷം ഞങ്ങള്‍ ഇതനുഭവിച്ചു. വെടിയുണ്ടകളുടെ ഗന്ധമേറ്റ നീണ്ട എട്ടു വര്‍ഷം. മൂന്നാം വര്‍ഷം കപ്പലില്‍ നിന്നിറങ്ങി വീട്ടില്‍ പോയപ്പോള്‍ വീട് നിന്നിടത്ത് തകര്‍ന്ന കിടക്കുന്ന കുറെ കല്‍ച്ചീളുകള്‍. ഭാര്യയും മക്കളുമെല്ലാം ആ വീടിനോടൊപ്പം പോയി. 

യുഫ്രട്ടീസ് ടൈഗ്രിസ് ജലപാതക്കിരുവശം ധമനികളില്‍ ജീവ രക്തം പോലെ എണ്ണ കിനിയുന്ന രണ്ടു രാജ്യങ്ങള്‍ മരണം കൊണ്ട് മഹാചരിതം എഴുതിയ കഥകള്‍ക്ക് സാക്ഷിയായപ്പോള്‍ ക്യാപ്റ്റന്‍ ദാരിയാഗാദ് വീണ്ടും സംസാരിച്ചു. വാക്കുകള്‍ പൊള്ളി നീറിക്കയറുകയായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.

click me!