ഇ-ജീവിതം ചോര്‍ത്തിക്കളയുന്ന ആ ജീവിതം!

By വരുണ്‍ രമേഷ്First Published Jan 15, 2018, 7:36 PM IST
Highlights

അതെ, ഈ ലോകം മനോഹരമാണ്. കണ്ണുകള്‍ തുറന്ന്  കാതുകള്‍ തുറന്ന് എല്ലാ ഇന്ദ്രിയങ്ങളും ഉണര്‍ന്ന് നമ്മള്‍ ചുറ്റും നോക്കാന്‍ തുടങ്ങണം. അനുഭവിക്കാന്‍ തുടങ്ങണം. അപ്പോള്‍ കൂട്ടുകാരേ, ഈ ലോകം കാണാന്‍ നിങ്ങള്‍ എന്നെ കണ്ടുകൊണ്ടിരിക്കുന്ന മൊബൈല്‍ കുറച്ച് സമയത്തേക്ക് അടച്ചുവെയ്ക്കൂ. 

ഫേസ്ബുക്കില്‍ എനിക്ക് 4817 സുഹൃത്തുക്കളുണ്ട്. പക്ഷേ പലരെയും എനിക്കറിയില്ല. പലര്‍ക്കും എന്നെയും അറിയില്ല. പക്ഷേ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നു. ചിരിക്കുന്നു  സന്തോഷം പങ്കുവെയ്ക്കുന്നു. ചിലപ്പോഴൊക്കെ ദേഷ്യപ്പെടുകയും ചെയ്യുന്നു.

അപ്പോഴും ചില സമയങ്ങളിലൊക്കെ ഞാന്‍ ഏകനാണ്. ചുറ്റും സുഹൃത്തുക്കളുള്ളപ്പോഴും ഏകനായി ജീവിക്കുക. അത് മറ്റാരുടെയും കുറ്റം കൊണ്ടല്ല. ഈ ലോകം ഞാന്‍തന്നെ ഉണ്ടാക്കിയെടുത്തതാണ്. 'ഈ ലോകം' 
അതേക്കുറിച്ചാണ് പറയാനുള്ളത്. 

ഞാനാരുടെയും കണ്ണുകള്‍ കാണാറില്ല. കാരണം എന്റെ കണ്ണുകള്‍ ചൂഴ്ന്ന് തിരയുന്നത് മൊബൈലിന്റെ കുഞ്ഞു വെളിച്ചത്തിലേക്കാണ്. ചുറ്റുമുള്ള കാര്യങ്ങളില്‍ പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറില്ല. അതിലേറെ എന്റെ താല്‍പര്യം വോളുകളില്‍ മിന്നിമറിയുന്ന കാഴ്ചകളിലാണ്. 

ചിലപ്പോഴൊക്കെ ഞാനാലോചിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം പ്രശ്‌നമാണോയെന്ന് അല്ല. ഇടയ്ക്ക് തലയുയര്‍ത്തി ചുറ്റും നോക്കുമ്പോള്‍ ഞാന്‍ കാണുന്നതും ഒപ്പമുള്ളവര്‍ തലതാഴ്ത്തിയിരിക്കുന്നതാണ്. അവരും മറ്റൊരു ലോകത്താണ്. ഇടയ്ക്ക് അവര്‍ ഒറ്റയ്ക്ക് ചിരിക്കുന്നുണ്ട്, പിറുപിറുക്കുന്നുണ്ട്... 

ശരിയാണ്.  ഇന്നലെവരെ കാണാത്ത ലോകത്തിലൂടെയാണ് നമ്മുടെ സഞ്ചാരം. പുതുതായി അറിയാനും പഠിക്കാനും പങ്കുവെയ്ക്കാനും നിരവധി കാര്യങ്ങള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യ. അതിന്റെ പ്രയോഗം. എല്ലാം നമുക്കറിയാം. വിപണിയിലിറങ്ങിയ പുത്തന്‍ സ്മാര്‍ട് ഫോണിന്റെ എല്ലാ സ്‌പെസിഫിക്കേഷനും നമുക്ക് മനഃപാഠമാണ്. 

ലോകത്തിന്റെ പല കോണുകളിലുള്ളവരും ഇന്ന് നമ്മുടെ സുഹൃത്തുക്കളാണ്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലും പിന്നെ ജര്‍മനിയിലും കാനഡയിലും  അങ്ങ് സൈബീരിയയിലും അങ്ങനെ പല രാജ്യങ്ങളില്‍ നീണ്ടു കിടക്കുന്നു നമ്മുടെ സൗഹൃദ ചങ്ങല. അവരോട് നിരന്തരം നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ദേശങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കും അപ്പുറമുള്ളവരുടെ സന്തോഷത്തിലും ചിരിയിലും കളിയിലും നമ്മള്‍ ഒപ്പം ചേരുന്നു. 

അങ്ങനെയങ്ങനെ നമ്മുടെ വോളില്‍ ലൈക്കും ഷെയറും  കമന്റും നിറയുകയാണ്. നല്ലത്. ഇന്നലെ വരെ നമുക്ക് ഒരു തരത്തിലും പരിചയപ്പെടാന്‍ സാധ്യമല്ലാതിരുന്നു ഒരുകൂട്ടം ആളുകള്‍ ഇന്ന് നമ്മുടെ സുഹൃത്ത് വലയത്തിലുണ്ട്. അവരുടെ അറിവുകള്‍ ഇന്ന് നമ്മളിലേക്കും പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. അവരുടെ ചിന്തകളില്‍ നമ്മളും സ്വാധീനിക്കപ്പെടുന്നുണ്ട്. അതും തന്നതു തന്നെ. 

ഒരേവീട്ടില്‍ നമ്മള്‍ പരസ്പരം  കാണാതെ പോകുന്നു

പക്ഷേ ഈ ലോകത്തിന്റെ മറുപുറം മറ്റൊന്നാണ്. തൊട്ടുമുന്നില്‍ ഒരേ ക്ലാസ് മുറിയില്‍, ഒരേ ഓഫീസില്‍, ഒരേവീട്ടില്‍ നമ്മള്‍ പരസ്പരം  കാണാതെ പോകുന്നു.  അവരുടെ കണ്ണുകള്‍ പലപ്പോഴും കാണുന്നില്ല. കാരണം നമ്മള്‍ കുനിഞ്ഞിരിക്കുകയാണ്. കുനിഞ്ഞിരുന്ന് മറ്റൊരുലോകത്തിലൂടെയാണ് നമ്മുടെ സഞ്ചാരം.

നമ്മുടെ കുഞ്ഞുങ്ങളും ഇത് കാണുന്നുണ്ട്.  അവരും പലതും പഠിക്കുന്നുമുണ്ട്. തിരക്കുകള്‍ക്കിടയില്‍ നാം നമ്മുടെ കുട്ടികളെ ചേര്‍ത്തുപിടിക്കാനും, അവരുടെ കുഞ്ഞു കണ്ണുകളിലേക്ക് നോക്കി സംസാരിക്കാനും ഒപ്പം കളിക്കാന്‍ മറന്നുപോകുന്നു. കാറ്റും വെയിലും മഴയും മഞ്ഞും അറിഞ്ഞനുഭവിക്കേണ്ട പ്രായത്തില്‍ അവര്‍ വീഡിയോ ഗെയിമുകളുടെ ഇടിയിലും വെടിയിലും മറ്റൊരു ലോകം കണ്ടെത്തുന്നു. അങ്ങനെ പരസ്പരം ശരിക്കുമൊന്ന്, തൊടാതെ, തലോടാതെ അവര്‍ നമുക്കൊപ്പം ഒരേ വീട്ടില്‍ ഒന്നിച്ചുറങ്ങുന്നു. 

എല്ലാം ഒരു വിരല്‍ സ്പര്‍ശത്തിന് അപ്പുറത്തുണ്ട്. ഒറ്റ സ്പര്‍ശത്തില്‍ വിരിയുന്നത് മറ്റൊരു ലോകമാണ്. അപ്പോഴും തൊട്ടടുത്ത്, വളരെ അടുത്ത് നമ്മുടെ പ്രിയപ്പെട്ടവരുണ്ട്. അവരെയൊന്ന് സ്പര്‍ശിക്കാന്‍ നമ്മള്‍ മറക്കുന്നു. 

ഒപ്പമിരുന്നവര്‍, ഒപ്പം നടന്നവര്‍, ഒപ്പം ഉറങ്ങിയവര്‍ ഒരു ദിവസം ചിലപ്പോള്‍ ഒന്നും പറയാതെ ഈ ലോകം വേണ്ടെന്നുറച്ച് വിടവാങ്ങുന്നതിനും നമ്മള്‍ സാക്ഷിയാണ്.  എന്തിനായിരുന്നു അവര്‍ അത് ചെയ്തതെന്ന്, എല്ലാത്തിനും ഒപ്പമുണ്ടായിരുന്നെന്ന്  പറയുന്നവര്‍ക്കും കാരണം അജ്ഞാതമായിരിക്കും. ഇങ്ങനെ ചില അനുഭവങ്ങള്‍ ഉറപ്പാണ്, നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാവും. 

പക്ഷേ ഈ ലോകം വിട്ടുപോകാനുറപ്പിക്കുന്നതിന് തൊട്ട് മുന്‍പ് എന്താണ് നിനക്ക് സംഭവിക്കുന്നതെന്ന് ചോദിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍. അവന്റെ, അവളുടെ കൈത്തണ്ടയില്‍ ഒന്ന് മുറുക്കെപ്പിടിച്ച് കണ്ണിലേക്ക് ചൂഴ്ന്ന് നോക്കി എന്താണ് പ്രശ്‌നമെന്ന് ചോദിക്കാന്‍ പറ്റിയിരുന്നെങ്കില്‍... ഈ ലോകത്ത് അവര്‍ ഇപ്പോഴും പൂക്കളെയും പുഴകളെയും ആകാശത്തെയും കാണുമായിരുന്നു. 

അതെ, ഈ ലോകം മനോഹരമാണ്. കണ്ണുകള്‍ തുറന്ന്  കാതുകള്‍ തുറന്ന് എല്ലാ ഇന്ദ്രിയങ്ങളും ഉണര്‍ന്ന് നമ്മള്‍ ചുറ്റും നോക്കാന്‍ തുടങ്ങണം. അനുഭവിക്കാന്‍ തുടങ്ങണം. അപ്പോള്‍ കൂട്ടുകാരേ, ഈ ലോകം കാണാന്‍ നിങ്ങള്‍ എന്നെ കണ്ടുകൊണ്ടിരിക്കുന്ന മൊബൈല്‍ കുറച്ച് സമയത്തേക്ക് അടച്ചുവെയ്ക്കൂ. 

ഈ ലോകം സുന്ദരമാണ്. 

click me!