അത് അധ്യാപകന്റെ ഭാഷയല്ല, കമന്റടിക്കാരുടെ ഭാഷ!

By ബുഷ്റ ഷാക്കിര്‍First Published Mar 27, 2018, 7:11 PM IST
Highlights
  • ബുഷ്റ ഷാക്കിര്‍ എഴുതുന്നു

അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ അളക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ, അദ്ദേഹം ഉപയോഗിച്ച ഭാഷ കേട്ടാലറിയാം, ഉപദേശിയുടെയോ ഒരു പണ്ഠിതന്റെയോ ഭാഷയല്ല അത്. അങ്ങാടിയില്‍ ഇരുന്ന് പെണ്‍കുട്ടികളെ നോക്കി കമന്റടിക്കുന്ന ആളുകളുടെ ഭാഷയാണത്. നിങ്ങളുടെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെ സൂക്ഷിക്കണം എന്ന് ഇസ്ലാം പറഞ്ഞത് ഇത്തരം ഭാഷകള്‍ ഉപയോഗിക്കാതിരിക്കാനാണ്. 

ഫാറൂഖ് ട്രെയിനിങ് കോളേജിലെ അധ്യാപകന്റെ പ്രസംഗത്തെ ഒരു കൂട്ടം ആളുകള്‍ പിന്തുണക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ഒന്നാമതായി, ഒരാളെപ്പറ്റിയും അപവാദം പറയാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ആ അധ്യാപകന്‍ സ്വന്തം വിദ്യാര്‍ത്ഥികളെ ഉപദേശിക്കുകയായിരുന്നില്ല. പുറത്തൊരു സദസ്സില്‍ പോയി അവരെ കൈചൂണ്ടി അപമാനിക്കുകയായിരുന്നു. എന്റെ കോളേജിലെ കുട്ടികള്‍ വത്തക്ക മുറിച്ചു വെച്ച പോലെ മാറിന്റെ ഭാഗം തുറന്നു കാണിക്കുന്നു എന്നും പുരുഷന്മാരെ കാണിക്കാന്‍ പര്‍ദ പൊക്കി ലെഗിങ്സ് കാണിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ജഗതി പെണ്‍കുട്ടികളെക്കുറിച്ച് പറഞ്ഞതുമായും ഒരു പള്ളിയിലച്ഛന്‍ പറഞ്ഞതുമായ കാര്യങ്ങളോടൊക്കെ ഇതിനെ ആളുകള്‍ താരതമ്യപ്പെടുത്തുന്നതായി കാണുന്നു. പക്ഷെ, എങ്ങനെയാണ് അതിനെ ഒരേ പോലെ കാണാനാവുക? ജഗതി ആരെയും കൈചൂണ്ടി പറഞ്ഞതല്ല. പൊതുവായി ഒരു കാര്യം പറഞ്ഞതാണ്. പള്ളിയിലച്ഛന്‍ പറഞ്ഞതും പള്ളിയില്‍ വരുന്ന ചില കുട്ടികളെക്കുറിച്ചാണ്. ഏതു പള്ളിയെന്നോ ഏത് കുട്ടികളെന്നോ പറയുന്നില്ല. എന്നാല്‍ ഈ അധ്യാപകനാകട്ടെ കോളേജിന്റെ പേരും അവിടുത്തെ മുസ്ലീം കുട്ടികളെന്നും പ്രത്യേക എടുത്തു പറഞ്ഞു. നാളെ ഈ കുട്ടികള്‍ക്ക് ഒരു കല്ല്യാണാലോചന വരുമ്പോള്‍ ആ കോളേജിലെ കുട്ടികള്‍ ഇങ്ങനെ ശരീരഭാഗങ്ങള്‍ കാണിക്കുന്നവരാണെന്ന് ആളുകള്‍ പറഞ്ഞാല്‍ ആ അധ്യാപകന്‍ സമാധാനം പറയുമോ?

 ഒരു സ്ത്രീ എന്ന നിലയില്‍ അത് കേള്‍ക്കുമ്പോള്‍ ആ കുട്ടികള്‍ക്ക് എന്തു മാത്രം വിഷമം ആയിക്കാണും എന്ന് എനിക്ക് ഊഹിക്കാനാകും. സ്വന്തം അധ്യാപകന്‍ വേറെ എവിടെയോ പോയി തങ്ങളെപ്പറ്റി ഇങ്ങനെയൊക്കെ പറയുമെന്ന് അവര്‍ കരുതിക്കാണുമോ? അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ അളക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ, അദ്ദേഹം ഉപയോഗിച്ച ഭാഷ കേട്ടാലറിയാം, ഉപദേശിയുടെയോ ഒരു പണ്ഠിതന്റെയോ ഭാഷയല്ല അത്. അങ്ങാടിയില്‍ ഇരുന്ന് പെണ്‍കുട്ടികളെ നോക്കി കമന്റടിക്കുന്ന ആളുകളുടെ ഭാഷയാണത്. നിങ്ങളുടെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെ സൂക്ഷിക്കണം എന്ന് ഇസ്ലാം പറഞ്ഞത് ഇത്തരം ഭാഷകള്‍ ഉപയോഗിക്കാതിരിക്കാനാണ്. 

മതം ഉപദേശിക്കുന്നവരില്‍ നിന്ന് നമ്മള്‍ മാന്യമായ രീതിയിലുള്ള ഉപദേശമാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടാകാതിരുന്നതു കൊണ്ടാണ് ഇത്രയും സമരങ്ങളിലേക്കും, ഫെയ്സ്ബുക്കില്‍ പെണ്‍കുട്ടികള്‍ മാറുതുറന്ന് ചിത്രങ്ങള്‍ ഇടുന്ന സാഹചര്യം പോലും ഉണ്ടായത്. ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ശശികല ടീച്ചര്‍ക്കെതിരില്‍ കേസെടുക്കുന്നില്ലല്ലോ എന്നൊക്കെ ചിലര്‍ വാദിക്കുന്നത് എത്ര ബാലിശമാണ്. വര്‍ഗീയമായി മാത്രം കാര്യങ്ങളെ കാണുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാനാകൂ. അവര്‍ക്കെതിരില്‍ കേസെടുക്കാത്തതു കൊണ്ട് ഈ അധ്യാപകനതിരെയും കേസ് പാടില്ല എന്നാണോ? അവര്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് മറ്റുള്ളവര്‍ക്ക് തെറ്റു ചെയ്യാനുള്ള ലൈസന്‍സാണോ? ഒരു തെറ്റു ചെയ്ത ആള്‍ സ്വന്തം മതത്തില്‍ പെട്ട ആളാണ് എന്നതു കൊണ്ട് മാത്രം നാം ആ തെറ്റുകാരനെ ന്യായീകരിക്കുന്നത് എവിടുത്തെ യുക്തിയാണ്?  അല്ലെങ്കിലും, ആ പറഞ്ഞ ഭാഷയില്‍ ഇസ്ലാമെവിടെ? ഇസ്ലാമികമായ ഒരു ഭാഷയേ അല്ല അത് എന്ന് വ്യക്തമല്ലേ? സല്‍മാന്‍ ഖാനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കേട്ടില്ലേ? സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. അതു കൊണ്ട് സല്‍മാന്‍ ഖാന് കുഴപ്പമില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്ത് സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നല്‍കാന്‍ ശ്രമിക്കുന്നത്? പണമുള്ളവര്‍ക്ക് എന്തുമാകാം, പാവങ്ങള്‍ മാത്രം പരലോകത്തെ തേടിയാല്‍ മതി എന്നാണോ? ഇസ്ലാമിക ഭാഷണത്തിന്റെ ഒരു കണിക പോലും എനിക്ക് ഇതില്‍ കാണാനാകുന്നില്ല. എന്നിട്ടും, ഇസ്ലാമിന്റെ പേരില്‍ ഇതിനെ ആളുകള്‍ പിന്തുണക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല.

ഇനിയും ചിലര്‍ പറയുന്നത്, ഫാറുഖ് കോളേജിനെ താറടിച്ചു കാണിക്കാന്‍ വേണ്ടിയാണ് ഇതൊരു ചര്‍ച്ചയാക്കുന്നതെന്നാണ്. പെണ്‍കുട്ടികളെ പഠിക്കാന്‍ പറഞ്ഞയക്കാതിരുന്ന ഒരു കാല്ത്തു നിന്ന് അവരെ അറിവിന്റെ വഴിയിലേക്ക് കൈപിടിച്ചു നടത്തിയ മഹത്തായ ഒരു സ്ഥാപനമാണ് ഫാറൂഖ് കോളേജ്. സ്വന്തം വിദ്യാര്‍ത്ഥിനികളെക്കുറിച്ച് പുറത്തൊരു സദസ്സില്‍ പോയി ഇത്രയും മോശമായി പറഞ്ഞ ഒരു അദ്ധ്യാപകന്റെ വാക്കുകളെ തള്ളിപ്പറഞ്ഞാല്‍ അതിന്റെ മഹത്വം കൂടുകയേ ഉള്ളൂ.

ഈയടുത്ത് ഒരു മുസ്ലീം സംഘടന പെണ്‍കുട്ടികളെ ബീച്ചില്‍ കൊണ്ടുപോയി സമരം ചെയ്യിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവര്‍ക്ക് പെണ്‍കുട്ടികളെ എങ്ങനെയും നടത്തിക്കാം എന്നല്ലേ അതിലൂടെ അവര്‍ കാണിച്ചത്. എന്റെ അനിയത്തിമാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളെ നിങ്ങള്‍ തന്നെ കാത്തു കൊള്ളുക.
 

click me!