
ഈ മദ്യത്തിന്റെ നിലവിട്ടുള്ള ഉപയോഗത്തില്‍ കുറഞ്ഞ കാലം കൊണ്ട് മരണപ്പെട്ട എത്രയോ പേരെ എനിക്കറിയാം. മദ്യലഹരിയില്‍ വീട്ടില്‍ വന്നുകിടന്ന അപ്പുവേട്ടന്‍ പിറ്റേ ദിവസം എണീറ്റില്ല. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട തോലന്‍, വെള്ളി, വെള്ള, നൊച്ചന്‍... അങ്ങനെ എത്രപേര്‍.. മാരക രോഗം പിടിപെട്ടവര്‍ മരിച്ചവരുടെ എത്രയോ ഇരട്ടിയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ വീഡിയോ എഡിറ്ററും വയനാട്, ചീരാൽ സ്വദേശിയുമായ അരുൺ ചീരാൽ നാട്ടിലെ അവസ്ഥയെ കുറിച്ച് എഴുതുന്നു.
രാത്രി 11 മണി വരെ മദ്യം കിട്ടും, മുട്ടിവിളിച്ചാല്‍ അതിന് ശേഷവും വേണമെങ്കില്‍ കിട്ടും, വില തുച്ഛം, അരക്കുപ്പിക്ക് 95 രൂപയേ ഉള്ളൂ, അവധി ദിവസങ്ങളില്ല, 365 ദിവസവും സുലഭം, മൂന്നാം തരം മദ്യം ആണെങ്കിലും ലഹരിക്ക് കുറവില്ല, ബില്ല് ചോദിക്കരുത്, അമ്മാതിരി ഏര്‍പ്പാടൊന്നുമില്ല. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്ക് സമീപമുള്ള തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളിലെ കാര്യമാണിത്.
ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന തോട്ടം തൊഴിലാളികളടക്കമുള്ള അടിസ്ഥാന ജനവിഭാഗമാണ് ഈ മദ്യവ്യാപാരത്തിന്‍റെ പ്രധാന ഉപഭോക്താക്കള്‍. വയനാടിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒരു ജനതയാകെ മദ്യത്തില്‍ മുങ്ങി മരിക്കുകയാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഈ അനധികൃത മദ്യവ്യാപാരത്തിന്‍റെ പ്രധാന ഇരകള്‍ ആദിവാസികളാണ്. തുച്ഛമായ ദിവസ വരുമാനം ഏതാണ്ട് മുഴുവനായിത്തന്നെ മദ്യത്തിനായി ചെലവാക്കുന്ന ആദിവാസിഗ്രാമങ്ങളാണ് വയനാടിന്‍റെ വടക്കന്‍ അതിര്‍ത്തിയിലാകെ. നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ അതിര്‍ത്തികളായ പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, താളൂര്‍, നരിക്കൊല്ലി, പൂളക്കുണ്ട്... ഭക്ഷണം പോലും വേണ്ടെന്നുവച്ച് മദ്യത്തിനായി മാത്രം ജീവിക്കുന്ന ലഹരിക്കടിമകളായ ഒട്ടേറെ മനുഷ്യരെ ഈ വഴി പോകുമ്പോള്‍ വഴിയിലുടനീളം കാണാം.
കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷം കൊണ്ടാണ് നാട് മാരകമാം വിധം മാറിത്തുടങ്ങിയത്
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നിന്നും തമിഴ് നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഏകദേശം 15 കിലോ മീറ്റര്‍ ദൂരത്തെ അടയാളപ്പെടുത്തുന്നത് തുറന്നുവച്ചിരിക്കുന്ന മദ്യശാലകളാണ്. മലയാളികളെ മാത്രം ഉദ്ദേശിച്ചാണ് ഈ മദ്യശാലകള്‍. കേരളത്തിലേതുപോലെ വിലയില്ല, മദ്യക്കച്ചവടത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല. വീര്യം കൂടിയ, വില കുറഞ്ഞ സ്പിരിറ്റില്‍ കാരാമെലും, കളറും ചേര്‍ത്തുണ്ടാക്കുന്ന ഈ വ്യാജമദ്യം 'പുകയിലവെള്ളം' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.
നെന്‍മേനി പഞ്ചായത്തിലെ ചീരാല്‍ എന്ന പ്രദേശമാണ് എന്‍റെ നാട്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷം കൊണ്ടാണ് നാട് മാരകമാം വിധം മാറിത്തുടങ്ങിയത്. മദ്യപിച്ച് ലക്കുകെട്ട് വഴിയില്‍ കിടക്കുന്ന മനുഷ്യര്‍ വണ്ടികയറി മരിക്കുന്നത് ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു. അടിപിടിയും, കയ്യാങ്കളിയും മുതല്‍ വെട്ടും കുത്തും വരെ... ഒരു നാടിനെയാകെ മദ്യം വിഴുങ്ങുന്നു!
തട്ടിക്കൂട്ട് മദ്യശാലകളുടെ ചായ്പ്പുകളോട് ചേര്‍ന്നുതന്നെ കുടിക്കാനുള്ള സൗകര്യവുമുണ്ട്
തമിഴ്‌നാട് അതിര്‍ത്തിക്കപ്പുറത്തെ ചെക് പോസ്റ്റുകളോട് ചേര്‍ന്ന മദ്യശാലകളില്‍ കിട്ടുന്ന പുകയില വെള്ളം കുടിക്കാന്‍ കൂലിവേല ചെയ്ത് കിട്ടുന്ന പണവുമായി നൂറുകണക്കിന് നാട്ടുകാര്‍ ദിവസേന അതിര്‍ത്തി കടക്കും. ഏറെപ്പേരും കുടിച്ച് ലക്കുകെട്ട് വഴിയില്‍ വീഴും. കേരളത്തില്‍ മദ്യക്കച്ചവടത്തിന് നിരോധനമുള്ള ഒന്നാം തീയതികളിലും മറ്റ് അവധി ദിവസങ്ങളിലും ഈ ഭാഗത്തേക്കുള്ള വണ്ടികളില്‍ കയറാന്‍ കൂടി കഴിയില്ല. അത്രയ്ക്കും തിരക്ക്. ആടിക്കുഴഞ്ഞ് അവശരായ മനുഷ്യര്‍, വഴക്കുകള്‍, തര്‍ക്കങ്ങള്‍, തമ്മില്‍ത്തല്ല്...
തുച്ഛമായ വിലക്ക് മദ്യം ലഭിക്കും എന്നതാണ് ആദിവാസികള്‍ അടക്കമുള്ള ദിവസക്കൂലിക്കാരെ ഇവിടേക്ക് എത്തിക്കുന്നത്. തട്ടിക്കൂട്ട് മദ്യശാലകളുടെ ചായ്പ്പുകളോട് ചേര്‍ന്നുതന്നെ കുടിക്കാനുള്ള സൗകര്യവുമുണ്ട്. വൈകുന്നേരമായാല്‍ കച്ചവടത്തിന് ബെല്ലും ബ്രേക്കുമില്ല, തിരക്ക് പരിധി വിടും. കുടിച്ച് ലക്കുകെട്ട് മദ്യശാലകളുടെ പരിസരത്തുതന്നെ ആളുകള്‍ വീണുറങ്ങും. മദ്യപിച്ച് ഇരുട്ടത്ത് വീണുകിടന്നയാളുടെ തലയിലൂടെ വണ്ടികയറി മരിച്ച സംഭവം ഉള്‍പ്പെടെ നിരവധി അപകടമരണങ്ങളാണ് കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ ഈ ഭാഗത്ത് ഉണ്ടായത്. മദ്യലഹരിയില്‍ തിരിച്ചു വരുന്നവരെ വന്യജീവികള്‍ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരള സര്‍ക്കാരിനോ, പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ഒരു തരത്തിലും ഇടപെട്ട് ഈ ദുരവസ്ഥക്ക് അറുതിയുണ്ടാക്കാന്‍ ആവാത്ത നിലയാണ്. തമിഴ്‌നാട് അതിര്‍ത്തിക്കപ്പുറം നടക്കുന്ന ക്രമക്കേടുകള്‍ ആയതുകൊണ്ട് കേരള പൊലീസിനും ഇടപെടാനാകില്ല. എന്നാല്‍, ഈ മദ്യശാലകളുടെ ഉപഭോക്താക്കള്‍ ഏതാണ്ട് പൂര്‍ണമായും മലയാളികള്‍ ആണുതാനും.
പ്രദേശങ്ങളിലെ വ്യാജവാറ്റിന് ഇതുവഴി കുറവുണ്ടായി. വാറ്റുകാരുള്‍പ്പടെ ഇപ്പോള്‍ പുകയിലവെള്ളം തേടി അതിര്‍ത്തിക്കപ്പുറത്തേക്ക് പോകുന്നു. വ്യാജവാറ്റിനേക്കാള്‍ എത്ര നിലവാരമുണ്ട് ഇതിനെന്ന് പറയുകത സാധ്യമല്ല. നാടിനടുത്ത്, അതിര്‍ത്തിക്കപ്പുറമുള്ള നമ്പ്യാര്‍കുന്ന് മദ്യഷോപ്പിലേക്ക് വ്യാജമദ്യം കലക്കാന്‍ വെള്ളം കൊണ്ടുപോകുന്നത് സ്ഥിരം കാണാമെന്ന് നാട്ടുകാര്‍ സാക്ഷ്യം പറയുന്നു. മദ്യഷോപ്പുകളില്‍ വ്യാജമദ്യം കലക്കാന്‍ വലിയ ചെലവൊന്നുമില്ല. സ്പിരിറ്റും കളറും വെള്ളവും മാത്രം മതി.
കരുതിയതിലപ്പുറം മാരകമായ സ്ഥിതിവിശേഷമാണ് നാട്ടില്‍
ഈ മദ്യത്തിന്റെ നിലവിട്ടുള്ള ഉപയോഗത്തില്‍ കുറഞ്ഞ കാലം കൊണ്ട് മരണപ്പെട്ട എത്രയോ പേരെ എനിക്കറിയാം. മദ്യലഹരിയില്‍ വീട്ടില്‍ വന്നുകിടന്ന അപ്പുവേട്ടന്‍ പിറ്റേ ദിവസം എണീറ്റില്ല. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട തോലന്‍, വെള്ളി, വെള്ള, നൊച്ചന്‍... അങ്ങനെ എത്രപേര്‍.. മാരക രോഗം പിടിപെട്ടവര്‍ മരിച്ചവരുടെ എത്രയോ ഇരട്ടിയാണ്.
കരുതിയതിലപ്പുറം മാരകമായ സ്ഥിതിവിശേഷമാണ് നാട്ടില്‍. കഴിഞ്ഞ ദിവസം നെന്‍മേനി പഞ്ചായത്ത് പ്രതിനിധി കെ.രാജഗോപാലുമായി സംസാരിച്ചിരുന്നു. ഈ മദ്യശാലകള്‍ വന്നതിന് ശേഷം പണിയ കോളനികളില്‍ ആത്മഹത്യകള്‍ വല്ലാതെ കൂടിയെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി പറയുന്നു. ഈ മദ്യവ്യാപാരം മനുഷ്യര്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. വന്യജീവികള്‍ക്ക് ഭീഷണിയായി വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യം ദിവസേന വയനാടിന്‍റെ കാടുകളിലേക്ക് തള്ളുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കവറുകള്‍... അതിര്‍ത്തികളെല്ലാം വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ ഈ അവശിഷ്ടങ്ങളെല്ലാം തള്ളുന്നത് വനത്തിലേക്കും വഴിയോരത്തേക്കുമാണ്. കുറച്ചു ദിവസം മുന്‍പ് ഏഴ് പിക്കപ്പ് ജീപ്പ് നിറയെ കുപ്പിമാലിന്യമാണ് നമ്പ്യാര്‍കുന്ന് പ്രദേശത്തുനിന്ന് മാത്രം പഞ്ചായത് അധികൃതര്‍ നീക്കിയത്.
പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു അന്തര്‍ സംസ്ഥാന പ്രശ്‌നമായതുകൊണ്ട് ഈ സാമൂഹ്യ, ആരോഗ്യ പ്രശ്‌നത്തെ എങ്ങനെ നേരിടണമെന്നും ആര്‍ക്കും ഒരു എത്തും പിടിയുമില്ല. അതിര്‍ത്തി ഗ്രാമങ്ങളിലെ ഒരു ആഭ്യന്തര പ്രശ്‌നമായതുകൊണ്ട് വേണ്ടത്ര മാധ്യമശ്രദ്ധയും ഈ വിഷയത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ആദിവാസി കോളനികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ഗ്രസിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ കോളനികളിലെ സിംഹഭാഗം ആളുകളും ഇന്ന് ഈ പുകയില വെള്ളത്തിന് അടിമകളാണ്.
ഒരു വശത്ത് മനുഷ്യര്‍ മരിച്ചുതീരുന്നു. മറുവശത്ത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി പണിയെടുക്കാനുള്ള ആരോഗ്യമില്ലാതെ കുറേപ്പേര്‍ നിത്യദുരിതത്തിലാകുന്നു. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഒരു ജനതയാകെ ഈ ദുരന്തത്തിലിങ്ങനെ, നാമെല്ലാം നോക്കിനില്‍ക്കെത്തന്നെ ഇല്ലാതായിപ്പോകും.