വെള്ളപ്പൊക്കത്തില്‍ വിറച്ച് ചൈന; 70 വര്‍ഷത്തിനുശേഷം ബൃഹത് ബുദ്ധന്‍റെ കാല്‍വിരലുകളെ തൊട്ട് വെള്ളം

By Web TeamFirst Published Aug 20, 2020, 3:52 PM IST
Highlights

അതിശക്തമായ മഴയിൽ നദി കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാൽവിരലുകളെ തൊട്ടു.

മിൻ നദിയുടെ സമീപത്തുള്ള പർവ്വതശിലയിൽ കൊത്തിയെടുത്ത കൂറ്റൻ പ്രതിമയാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ 17 മീറ്റർ ഉയരമുള്ള പ്രതിമ കല്ലില്‍ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധ പ്രതിമയാണ്. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പ്രതിമയെ ചുറ്റിപ്പറ്റി തലമുറകളായി പറഞ്ഞു പ്രചരിച്ച ഒരു ഐത്യഹ്യമുണ്ട്: 'ഭീമാകാരനായ ബുദ്ധന്റെ കാൽവിരലുകൾ വെള്ളത്തിൽ മുങ്ങിയാൽ അവിടം വെള്ളപ്പൊക്കമുണ്ടാകും'. 

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ നദിയായ യാങ്‌സിയുടെ വെള്ളത്തിന് മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 70 വർഷങ്ങൾക്ക് ശേഷം ഈ വർഷം സിചുവാൻ അതിദാരുണമായ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. അതിശക്തമായ മഴയിൽ നദി കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാൽവിരലുകളെ തൊട്ടു. 

വെള്ളം ഉയർന്നതിനെ തുടർന്ന് ഒരുലക്ഷത്തിലധികം ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റേണ്ടിവന്നു. കൂടാതെ സ്ഥലം കാണാനെത്തിയ 180 സഞ്ചാരികളെയും സൈറ്റിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഇവിടുത്തെ മാധ്യമങ്ങൾ അറിയിച്ചു. 1,200 വർഷം പഴക്കമുള്ള ബുദ്ധനെ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് സംരക്ഷിക്കാൻ അധികാരികൾ ശ്രമം നടത്തിയെങ്കിലും, പക്ഷേ പരാജയപ്പെടുകയായിരുന്നു. ഉയർന്നുവന്ന വെള്ളം ബുദ്ധന്റെ പാദം തൊടുക തന്നെ ചെയ്‌തു. എന്നിരുന്നാലും ബുധനാഴ്‍ചയോടെ വെള്ളം ഇറങ്ങുകയും, പ്രതിമയുടെ പാദം വീണ്ടും ഉയർന്ന് വരികയും ചെയ്‍തു. 

ചൈന ഈ വർഷം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് നേരിടുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ വീടുകളും ഉപജീവനമാര്‍ഗ്ഗവുമെല്ലാം വെള്ളപ്പൊക്കത്തിൽ ഇല്ലാതായി. ജൂണിൽ ആരംഭിച്ച വെള്ളപ്പൊക്കം കുറഞ്ഞത് 55 ദശലക്ഷം ആളുകളെയെങ്കിലും ബാധിച്ചു കാണുമെന്നാണ് കണക്കുകൾ പറയുന്നത്. ഏകദേശം 2.24 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. 141 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്‍തതായി അധികൃതര്‍ ജൂലൈയിൽ അറിയിച്ചിരുന്നു. 

click me!