ചൈനീസ് യുവതലമുറ യഥാർത്ഥ കുട്ടികളെ വളർത്തുന്നതിലെ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കോട്ടൺ പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്നു. 'വേദനയില്ലാത്ത മാതൃത്വം' എന്ന് വിളിക്കുന്ന ഈ ട്രെൻഡ്, തൊഴിൽ സമ്മർദ്ദം, ഏകാന്തത എന്നിവയിൽ നിന്ന് വൈകാരികമായ ആശ്വാസം നൽകുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഥാർത്ഥ കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും ഒഴിവാക്കി, കോട്ടൺ പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയിൽ സജീവമാകുന്നു. ഇതിനെ 'വേദനയില്ലാത്ത മാതൃത്വം' എന്നാണ് ഈ പാവപ്രേമികൾ വിശേഷിപ്പിക്കുന്നത്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയിൽ ആരംഭിച്ചത്. കൊറിയൻ സംഗീത ബാൻഡായ EXO-യിലെ അംഗമായ ചെൻ (Kim Jong-dae)-ന്‍റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകർ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് ഏഷ്യയിലുടനീളം പടരുകയും ചൈനയിൽ വലിയൊരു വിപണിയായി മാറുകയും ചെയ്തു.

രണ്ട് തരം പാവകൾ

ചൈനീസ് വിപണിയിൽ ഇപ്പോൾ പ്രധാനമായും രണ്ട് തരം പാവകളാണുള്ളത്. 'അട്രിബ്യൂട്ടഡ് ഡോൾസ്' എന്ന പേരിലറിയപ്പെടുന്ന സെലിബ്രിറ്റികളുടെയോ പ്രശസ്തമായ അനിമേഷൻ കഥാപാത്രങ്ങളുടെയോ രൂപത്തിലുള്ള പാവകളും നോൺ - അട്രിബ്യൂട്ടഡ് ഡോൾസ് ആയ പ്രത്യേക വ്യക്തികളുമായോ കഥാപാത്രങ്ങളുമായോ ബന്ധമില്ലാത്ത, ഡിസൈനർമാരുടെ ഭാവനയിൽ നിന്ന് സൃഷ്ടിക്കുന്ന പാവകളുമാണവ.

ഗർഭ കാലം

ഈ പാവകളെ വാങ്ങുന്ന യുവതികൾ തങ്ങളെത്തന്നെ 'ഡോൾ മമ്മീസ്' എന്നാണ് വിളിക്കുന്നത്. പുതിയൊരു പാവയ്ക്കായി ഓർഡർ ചെയ്ത് അത് കൈയ്യിൽ കിട്ടുന്നതുവരെയുള്ള കാത്തിരിപ്പിനെ തമാശയായി ഇവർ 'ഗർഭ കാലം' എന്ന് വിശേഷിപ്പിക്കുന്നു. പാവയെ കിട്ടിക്കഴിഞ്ഞാൽ തുടങ്ങുന്നത് കഠിനമായ പരിചരണമാണ്. പാവകൾക്ക് മേക്കപ്പ് ഇടുക, വിലകൂടിയ വസ്ത്രങ്ങളും വിഗ്ഗുകളും അണിയിക്കുക, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ നടത്തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പാവകളെ വെയിൽ കൊള്ളിക്കാനും നടക്കാനും ഇവർ പുറത്ത് കൊണ്ടു പോകാറുമുണ്ടെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറലായ ജന്മദിനാഘോഷം

2023 ഒക്ടോബറിലുണ്ടായ ഒരു സംഭവം ഈ ട്രെൻഡിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. തന്‍റെ പാവയുടെ ജന്മദിനം ആഘോഷിക്കാൻ ഒരു യുവതി ചൈനയിലെ പ്രശസ്തമായ 'ഹൈദിലാവോ' റസ്റ്റോറന്‍റിൽ എത്തിയതായിരുന്നു സംഭവം. തന്‍റെ പാവയ്ക്ക് ഇരിക്കാൻ അവർ 'ബേബി ചെയർ' ആവശ്യപ്പെടുകയും ജന്മദിന ​ഗാനം പാടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അമ്പരന്നുപോയ റസ്റ്റോറന്‍റ് ജീവനക്കാർ പാവയ്ക്കായി ജന്മദിന ഗാനം പാടാൻ വിസമ്മതിച്ചു. ഇതിനെതിരെ യുവതി സമൂഹ മാധ്യമത്തിൽ രംഗത്തെത്തിയതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു.

വൈകാരികമായ ആശ്വാസം

ചൈനയിലെ അതിശക്തമായ തൊഴിൽ സമ്മർദ്ദം, ഏകാന്തത, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയിൽ നിന്ന് ഒരു മോചനമായാണ് യുവാക്കൾ ഈ വിനോദത്തെ കാണുന്നത്. യഥാർത്ഥത്തിൽ ഒരു കുട്ടിയെ വളർത്തുന്നതിനേക്കാൾ ചിലവ് കുറവാണെന്നതും, അതേസമയം ഒരു കുട്ടിയെ പരിപാലിക്കുന്നത് പോലെ വൈകാരികമായ ആശ്വാസം ലഭിക്കുന്നു എന്നതുമാണ് ഇതിന്‍റെ പ്രധാന ആകർഷണം. ഏകദേശം 1.4 ബില്യൺ ഡോളർ മൂല്യമുള്ള വലിയൊരു വിപണിയായി ചൈനയിൽ ഈ കളിപ്പാട്ട മേഖല ഇന്ന് മാറിക്കഴിഞ്ഞു.