
ഇത് അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് ഇരട്ടകളുടെ കഥ. ഗ്രേസി റീന്‍സ്ബറി, ഓഡ്രി ഡോറിംഗ് എന്നിങ്ങനെയാണ് അവരുടെ പുതിയ പേര്. രണ്ടുപേരും ചൈനക്കാരാണ്. മാതാപിതാക്കള്‍ക്ക് വേണ്ടാത്തതിനാല്‍ കുഞ്ഞുന്നാളിലേ അനാഥാലയത്തിലായി. പിന്നീട് ഇരുവരെയും രണ്ട് അമേരിക്കക്കാര്‍ ദത്തെടുത്തു. രണ്ട് അമേരിക്കന്‍ കുടുംബങ്ങളില്‍, മറ്റ് സഹോദരങ്ങള്‍ക്കൊപ്പം അവര്‍ വളര്‍ന്നു. പരസ്പരം അറിയാതെ, ഒരേ രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളില്‍ ജീവിച്ചു.
എന്നിട്ടും വിധി അവരെ ഒരുമിപ്പിച്ചു. അവര്‍ ന്യൂയോര്‍ക്ക് നഗരത്തില്‍വെച്ച് കണ്ടുമുട്ടി. ഓഡ്രിയുടെ അമ്മയാണ് അവള്‍ക്കൊരു സഹോദരി ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. പഴയ ചൈനീസ് ദിനപത്രത്തില്‍വന്ന 'ദത്തെടുക്കാന്‍ ആളെ ആവശ്യമുണ്ട്' എന്ന പരസ്യത്തില്‍നിന്നാണ് അവരത് കണ്ടെത്തിയത്. ആ പത്രപരസ്യത്തില്‍ രണ്ടു കുഞ്ഞുങ്ങളുടെ പടമുണ്ടായിരുന്നു. ഓഡ്രിയായിരുന്നു ഒന്ന്. മറ്റേത് ഓഡ്രിയുടെ ഇരട്ട സഹോദരിയെന്ന് അവര്‍ക്ക് മനസ്സിലായി.
ഈ സമയമായപ്പോഴേക്കും ഓഡ്രിക്ക് പത്തു വയസ്സായിരുന്നു. മറ്റ് മൂന്ന് സഹോദരന്‍മാര്‍ക്കൊപ്പം ജീവിക്കുകയായിരുന്നു അവള്‍. പിറന്നാളിന്, തനിക്കൊരു അനിയത്തിയെ വേണമെന്ന് വളര്‍ത്തമ്മയായ ജെന്നിഫര്‍ ഡോറിംഗിനോട് അവള്‍ ആവശ്യപ്പെട്ടു. അവള്‍ക്കൊരു പിറന്നാള്‍ സമ്മാനം നല്‍കാന്‍ ആഗ്രഹിച്ച അമ്മ അവിചാരിതമായാണ് ഇരട്ട സഹോദരിയുടെ വിവരം അറിയുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവള്‍ക്ക് വിശദവിവരം ലഭിച്ചു.
ഓഡ്രിയുടെ ഇരട്ട സഹോദരി ഗ്രേസി എന്ന പേരില്‍ അമേരിക്കയില്‍ തന്നെയുണ്ടെന്ന് അവര്‍ കണ്ടെത്തി. ഓഡ്രി താമസിക്കുന്ന വാഷിംഗ്ടണിലെ റിച്ച് ലാന്റില്‍നിന്നും 1500 മൈല്‍ അകലെ വിസ്‌കോണ്‍സിസിനിലെ വൗസോയിലാണ് ഗ്രേസി താമസിക്കുന്നത് എന്നവര്‍ അറിഞ്ഞു. പിന്നെ അവരെ കണ്ടെത്താനായി ശ്രമം. കണ്ടെത്തി.
അങ്ങനെ ആപ്പിള്‍ ഫേസ്‌ടൈമിലൂടെ ഇരുവരും സംസാരിച്ചു. ചാറ്റിലൂടെ തന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ട ഓഡ്രി വിങ്ങിപ്പൊട്ടി. അധികം വൈകിയില്ല,ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറില്‍ ഇരുവരും കണ്ടുമുട്ടി. അപ്രതീക്ഷിതമായി തന്റെ സഹോദരിയെ കണ്ടുമുട്ടിയ ഓഡ്രി ശരിക്കും നിലവിളിച്ചു. കരഞ്ഞുകൊണ്ട് ഇരുവരും ആലിംഗനം ചെയ്തു. പിന്നെ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച്, ഇഷ്ട സ്ഥലങ്ങളിലൂടെ അവര്‍ നടന്നു. തങ്ങളുടെ പഴയ കാലങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ഇനി അവര്‍ ഒറ്റയ്ക്കല്ല. സഹോദരങ്ങളായി തന്നെ കഴിയും. ഇതാണ് ആ കണ്ടുമുട്ടലിന്റെ വീഡിയോ:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം