അരി കരിഞ്ചന്ത, കള്ളവാറ്റ്, ഗുണ്ടായിസം; ഒരു സാധു യുവതി അധോലോക റാണിയായി മാറിയ കഥ!

Published : May 26, 2026, 07:28 PM IST
Adholokam

Synopsis

അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച ജീനാബായി ദാറുവാലി. അടുത്ത ആഴ്ച ഈ പരമ്പര അവസാനിക്കും. അടുത്ത ആഴ്ച അശോക് ജോഷി 

ദാവൂദ് ഇബ്രാഹിം, ആലം സേബ്, അമീര്‍ സാദ, സമദ്ഖാന്‍ തുടങ്ങി അധോലോകത്തെ യുവനിര അവരെ സ്വന്തം അമ്മയെ എന്നപോലെ ആപ്പ, മാജി എന്നീ ബഹുമാനപദം ചേര്‍ത്ത് അഭിസംബോധന ചെയ്തുപോന്നു. ചിലര്‍ അവരെ അമ്മായി എന്ന അര്‍ത്ഥം വരുന്ന മൗസി എന്നും വിളിച്ചു. അവരൊക്കെ ജനാബായിയുടെ വാക്കുകള്‍ക്ക് വലിയ വിലയാണ് നല്‍കിയത്

 

ഗംഗുബായി കത്യവാഡിയെ ഓര്‍മ്മയില്ലേ. വേശ്യാഗൃഹത്തില്‍നിന്ന് അധോലോകത്തിന്റെ ഭാഗമായി മാറിയ സുന്ദരി. മുമ്പൊരു അധ്യായത്തില്‍ പറഞ്ഞ ഗംഗുബായിയുടെ കഥയില്‍, അവള്‍ക്കൊരു അസാധാരണ സാഹോദ്യബന്ധമുണ്ടായിരുന്നു. കരിംലാല എന്ന അധോേലാക രാജാവ്. ജിനാബായി ദാറുവാലിക്കുമുണ്ടായിരുന്നു അതേ സ്ഥാനത്തു നില്‍ക്കാന്‍ മറ്റൊരാള്‍. സാക്ഷാല്‍ മസ്താന്‍ ഹൈദര്‍ മിര്‍സ അഥവാ ഹാജി മസ്താന്‍!

ഡോംഗ്രിയിലെ ഒരു ദരിദ്ര മേമന്‍ കുടുംബത്തില്‍ പിറന്ന ജിനാബായിക്ക് പില്‍ക്കാലം തമിഴ്‌നാട്ടില്‍ നിന്നുള്ള ഹാജി മസ്താന്‍ സഹോദരതുല്യനും ഗുരുസ്ഥാനീയനുമായതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. അവര്‍ക്കിടയില്‍ നിലനിന്ന പരസ്പര സ്‌നേഹവും ബഹുമാനവും അവര്‍ തിരഞ്ഞെടുത്ത വഴികളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഗംഗുബായിക്കു കരിംലാലയില്‍ നിന്നും കിട്ടിയ അതേ സംരക്ഷണ കവചം ഹാജി മസ്താനില്‍ നിന്ന് അവര്‍ക്കും ലഭിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ കിട്ടിയ മര്‍ദ്ദനം

സൈനബ് എന്നായിരുന്നു അവളുടെ പേര്. 1920 -ല്‍ ഡോംഗ്രിയിലെ ഒരു ചുമട്ടുകാരന്റെ മകളായി ജനനം. ദാരിദ്ര്യമായിരുന്നു കൂടപ്പിറപ്പ്. പതിനാലാം വയസ്സില്‍ വിവാഹം. അതോടെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് സൈനബ് ദര്‍വേഷ് ഗാന്ധി എന്നായി പേര്. ചെറുപ്രായത്തില്‍ത്തന്നെ അഞ്ചു മക്കളുടെ അമ്മയായി.

സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരുന്ന മുപ്പതുകളില്‍ ബോംബയില്‍ അതിന്റെ അലയൊലികള്‍ ശക്തമായി മുഴങ്ങുന്നുണ്ടായിരുന്നു. യുവതിയായിരുന്ന സൈനബ് ആ സമരപോരാട്ടങ്ങളില്‍ ആകൃഷ്ടയായി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതില്‍ പാകിസ്താന്‍ അനുകൂലിയായിരുന്ന ഭര്‍ത്താവ് എതിര്‍ക്കുക പതിവായിരുന്നു. എന്നാല്‍ സൈനബ് തന്റെ ഭര്‍ത്താവിന്റെ പാക്കിസ്താന്‍ അനുകൂല നിലപാടിനെ എതിര്‍ത്തു. അത് പലപ്പോഴും കുടുംബവഴക്കിനും മര്‍ദ്ദനത്തിനും കാരണമായി. വിഭജനത്തിനു മുന്‍പുള്ള ഭാരതത്തില്‍ അരങ്ങേറിയ ദുരന്തകഥകളോരോന്നും ചരിത്രപരവും കൂടിയായിരുന്നല്ലോ. സ്വാതന്ത്ര്യസമര പോരാളികള്‍ അനുഭവിച്ച ദുരന്തങ്ങളുടെ നേര്‍ചിത്രങ്ങളില്‍ ഇത്തരം കുടുംബശൈഥില്യങ്ങളും അടയാളപ്പെട്ടു കിടന്നു.

ഇന്ത്യാ - പാക് വിഭജനം പൂര്‍ണ്ണമായതോടെ കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. എന്നാല്‍ കുടുംബത്തോട് യാതൊരുവിധ ഉത്തരവാദിത്വവും കാണിച്ചിട്ടില്ലാത്ത ഭര്‍ത്താവ് പാകിസ്താനിലേക്ക് പോയി. അതോടെ സൈനബും മക്കളും ഒറ്റപ്പെട്ടു. ജീവിക്കാനുള്ള അന്വേഷണമായി പിന്നീടങ്ങോട്ട്. വൈകാതെ നിരാലംബയായ ആ അമ്മയ്ക്ക് മക്കള്‍ക്കുവേണ്ടി ഒരു സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കേണ്ടി വന്നു. ദുര്‍ഘടമായിരുന്നു ആ വഴി.

പട്ടിണിക്കാലത്തെ കരിഞ്ചന്ത വില്‍പ്പന

ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കും മുന്‍പുള്ള കഥയാണത്. അരിയായിരുന്നു അക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള ഭക്ഷ്യവസ്തു. കുട്ടികളെ പട്ടിണി കൂടാതെ പോറ്റാന്‍, ദാരിദ്ര്യം ഉച്ചകോടിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊന്നിനും ആവതില്ലാതെ വന്നപ്പോള്‍ അവര്‍ ഒരു വഴി തിരഞ്ഞെടുത്തു. റേഷന്‍ കടകളില്‍ നിന്നുള്ള അരി വാങ്ങി വലിയവിലയ്ക്ക് മറിച്ചു വില്‍ക്കുക. പാവങ്ങള്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് അനുവദിച്ച അരി റേഷന്‍ കടക്കാരുമായുള്ള രഹസ്യധാരണയില്‍ അവര്‍ വാങ്ങിച്ചു. നിയമവിരുദ്ധമായിരുന്നുവെങ്കിലും മക്കളെ പോറ്റാന്‍ മറ്റുവഴികള്‍ ഇല്ലാത്തതിനാല്‍, അതിന്റെ ശരിതെറ്റുകള്‍ അവര്‍ വകവെച്ചില്ല.

കുടുംബാവശ്യത്തിന് വേണ്ട അരിയെടുത്ത് ബാക്കിവന്നത് അവര്‍ കരിഞ്ചന്തയില്‍ വിറ്റ് കാശാക്കാന്‍ തുടങ്ങി. റേഷന്‍ വ്യാപാരികളുമായുള്ള ധാരണയില്‍ കച്ചവടം മുന്നോട്ട് പായി. വ്യാപാരം കൊഴുത്തപ്പോള്‍ കപ്പലില്‍ നിന്നും നേരിട്ട് അരി കടത്താന്‍ തുടങ്ങി. അരി പുറത്തേക്ക് കടത്താന്‍ പറ്റിയ ആളുകളെ അവര്‍ നിയോഗിച്ചു. കച്ചവടം വിപുലപ്പെട്ടതോടെ സമ്പത്ത് കുമിയാന്‍ തുടങ്ങി. സഹായത്തിനായി വിശ്വസ്തരായ അനവധി പേര്‍ പിന്നെയുമുണ്ടായി. ഈ മേഖലയിലേക്ക് മറ്റാരും കടന്നുവരാതിരിക്കാന്‍ ഒരു സംഘടിതശക്തിയെ അവര്‍ ഒപ്പം കൊണ്ടുനടന്നു. അവരെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.

ജനാബായി എന്ന മദ്യവില്‍പ്പനക്കാരി

1954 -ല്‍ മഹാരാഷ്ട്രയുടെ ഭാഗമാകും മുന്‍പ് ബോംബെ പ്രവിശ്യയുടെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയായിരുന്നു. തികഞ്ഞ ഗാന്ധിയനായ മൊറാര്‍ജി പൊടുന്നനെ ഒരുനാള്‍ മദ്യനിരോധനം നടപ്പിലാക്കി. അതോടെ 'ദേശീദാറു'വിന്റെ (സര്‍ക്കാര്‍ അനുമതിയോടെ ഉല്‍പ്പാദിപ്പിക്കുന്ന ചാരായം) ഉത്പ്പാദനം നിര്‍ത്തലാക്കപ്പെട്ടു. അനവധി ഡിസ്റ്റിലറികള്‍ പൂട്ടിക്കെട്ടി. ആയിരക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമായി. അവര്‍ക്ക് മറ്റുജോലികള്‍ തേടിപ്പോകേണ്ടി വന്നു.

മദ്യപാനികള്‍ക്കുമേല്‍ നിയമം അശനിപാതം പോലെ വന്നുവീണു. വിദേശമദ്യം വില്‍ക്കാമെങ്കില്‍ ദേശിദാറുവും ആകാമെന്ന വാദവുമായി അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ കോലി വംശജര്‍ (മീന്‍പിടുത്തക്കാര്‍) പ്രക്ഷോഭത്തിനിറങ്ങി. എന്നാല്‍ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ മൊറാര്‍ജി മുട്ടുമടക്കിയില്ല.

ഈ അവസരം മുതലാക്കാന്‍ കാത്തുനിന്ന ഒരാളുണ്ടായിരുന്നു. മാട്ടുംഗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, അന്ന് അധോലോകത്ത് പേരെടുത്തുകൊണ്ടിരുന്ന യുവാവായ വരദരാജ മുതലിയാര്‍. വരദ തന്റെ നാടായ തമിഴ്‌നാട്ടില്‍ നിന്നും ധൈര്യശാലികളായ നൂറുകണക്കിന് ചെറുപ്പക്കാരെ ബോംബെയിലേക്ക് കൊണ്ടുവന്നു. സയേണ്‍- കോളിവാഡ, ധാരാവി എന്നീ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വ്യാപകമായ തോതില്‍ കള്ളവാറ്റു കേന്ദ്രങ്ങള്‍ തുടങ്ങി. വാഹനങ്ങളുടെ എയര്‍ ട്യൂബുകളിലും കന്നാസുകളിലും നിറച്ച വാറ്റുചാരായം മെട്രോ വണ്ടികളുടെ ഇരുഭാഗങ്ങളിലായി ഞാത്തിയും സ്വന്തം വാഹനങ്ങളുടെ കേരിയറിലുമായി പുലര്‍ച്ചെ നഗരത്തിലെ വിവിധ വില്‍പ്പനകേന്ദ്രങ്ങളില്‍ എത്തിച്ചു. നഗരം ഉണരും മുന്‍പ് ചാരായവുമായി ഗല്ലികളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അക്കാലത്തെ പതിവു കാഴ്ചയായിരുന്നു.

ചാരായ വില്‍പ്പന വലിയ തോതില്‍ ലാഭം കൊയ്യുന്ന മേഖലയാണെന്ന് സൈനബും മനസ്സിലാക്കി. അവര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ നിരീക്ഷിച്ചു. താമസിയാതെ സൈനബ് വാറ്റുചാരായ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ഒരുഭാഗത്ത് അരികടത്ത്. മറുഭാഗത്ത് ചാരായ വില്‍പ്പന. അതോടെ കണക്കില്ലാതെ പണം വന്നുകൊണ്ടിരുന്നു. ആളും അര്‍ത്ഥവും കൈവന്നു. സൈനബ് എന്ന യുവതി ജനാബായി ദാറൂവാലി (ജനാബായി എന്ന മദ്യവില്‍പ്പനക്കാരി) എന്നപേരില്‍ അറിയപ്പെട്ടു തുടങ്ങി.

അധോലോകത്തിന്റെ അമ്മ

ദരിദ്രരെ സംരക്ഷിക്കാന്‍ മനസ്സ് വെച്ചതിനാല്‍ പൊതുസമൂഹത്തില്‍ ജനാബായിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു. ആര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ പാകത്തില്‍ അവര്‍ വാതിലുകള്‍ തുറന്നിട്ടു. ഒരു സാധാരണക്കാരിയെപ്പോലെ ജനങ്ങളുമായി ഇടപെട്ടു. പാവപ്പെട്ട അനവധി പേര്‍ക്ക് അത്താണിയായി മാറി. പതുക്കെപ്പതുക്കെ ഡോംഗ്രിയും പരിസരപ്രദേശവും അവരുടെ അധീനതയിലായി. പോലീസുകാരും രാഷ്ട്രീയനേതാക്കളും അധോലോക നായകരും ഭായിമാരും ദാദാക്കളും സുഹൃത്തുക്കളായി. ബോംബെയിലെ ആദ്യത്തെ 'അണ്ടര്‍വേള്‍ഡ് വുമണ്‍' എന്ന പദവിയിലേക്ക് അവര്‍ അവരോധിക്കപ്പെട്ടു.

ദാവൂദ് ഇബ്രാഹിം, ആലം സേബ്, അമീര്‍ സാദ, സമദ്ഖാന്‍ തുടങ്ങി അധോലോകത്തെ യുവനിര അവരെ സ്വന്തം അമ്മയെ എന്നപോലെ ആപ്പ, മാജി എന്നീ ബഹുമാനപദം ചേര്‍ത്ത് അഭിസംബോധന ചെയ്തുപോന്നു. ചിലര്‍ അവരെ അമ്മായി എന്ന അര്‍ത്ഥം വരുന്ന മൗസി എന്നും വിളിച്ചു. അവരൊക്കെ ജനാബായിയുടെ വാക്കുകള്‍ക്ക് വലിയ വിലയാണ് നല്‍കിയത്. അതുവരെ ഖാലിദ് ഫയല്‍വാന്‍ മാത്രമായിരുന്നു ദാവൂദ് ഇബ്രാഹിമിന്റെ ഗോഡ് ഫാദര്‍. ഇപ്പോള്‍ മറ്റൊരാള്‍ കൂടി ആ സ്ഥാനത്തേക്ക് കയറിവന്നു.

ദാവൂദ് ഇബ്രാഹിമിന്റെ വളര്‍ത്തമ്മ

ആയിടെയാണ് മനീഷ് മാര്‍ക്കറ്റിലെ വ്യാപാരിയായിരുന്ന അമീര്‍ ചുവയുമായി ദാവൂദ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. മാരകമായി പരുക്കുപറ്റിയ അമീര്‍ ഐസിയുവില്‍ ദിവസങ്ങളോളം കിടന്നു. തീര്‍ച്ചയായും തിരിച്ചടിയുണ്ടാവും, അത് തന്റെ മരണത്തിലേ കലാശിക്കൂ എന്ന് മനസ്സിലാക്കിയ ദാവൂദ് പുലരും മുന്‍പേ ജനാബായിയുടെ കതകില്‍ വന്നുമുട്ടി സഹായം അഭ്യര്‍ത്ഥിച്ചു. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥനായ പിതാവ് ഇബ്രാഹിം കാസ്‌കര്‍ ദാവൂദിനെ കൈവിട്ട കാലമായിരുന്നു അത്. ജനാബായി കാസ്‌ക്കറെ ചെന്നു കണ്ടു. എന്നാല്‍ മകനെ സഹായിക്കണം എന്ന ജനാബായിയുടെ വാക്കുള്‍ തന്റെ തൊഴിലിനോടും നിയമത്തോടും പ്രതിബദ്ധത പുലര്‍ത്തിയ ആ പിതാവ് തള്ളി.

രക്ഷയില്ലെന്നു കണ്ടതോടെ, അന്ന് മനീഷ് മാര്‍ക്കറ്റില്‍ ദാവൂദും അമീര്‍ ചുവയുമായി സംഘട്ടനം നടക്കുമ്പോള്‍ കാഴ്ചക്കാരായിരുന്ന പലരെയും അവര്‍ ചെന്നുകണ്ടു. ദാവൂദ് തെറ്റുകാരനല്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായി. പിറ്റേന്ന് ക്രാഫോര്‍ഡ് മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കയറിച്ചെന്ന് അവര്‍ പോലീസുകാരെ കാര്യങ്ങള്‍ ധരിപ്പിച്ചു.

അവിടെവച്ച് ഉദ്യോഗസ്ഥരുമായി അവര്‍ ഒരു ഉടമ്പടിയില്‍ എത്തി. നഗരത്തില്‍ നടക്കുന്ന എല്ലാ നിയമവിരുദ്ധ നീക്കങ്ങളും അപ്പപ്പോള്‍ പോലീസിനെ അറിയിക്കാം, പകരം ദാവൂദിന്റെ പേരിലുള്ള എല്ലാ കേസുകളും തുടരന്വേഷണത്തിന് മുതിരാതെ പിന്‍വലിക്കാണം. അതായിരുന്നു ആ കരാര്‍. അതോടെ പോലീസുകാര്‍ ദാവൂദിന് മര്യാദ പട്ടം നല്‍കി കേസില്‍ നിന്ന് ഒഴിവാക്കി. ദാവൂദ് നല്ലപിള്ളയായി പുറത്തിറങ്ങി. പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസില്‍ കസേരയിട്ടിരിക്കാന്‍ പോലും ദാവൂദിനെ പ്രാപ്തനാക്കിയത് ഈ ബന്ധമായിരുന്നു എന്ന് പല ക്രൈം റിപ്പോര്‍ട്ടര്‍മാരും എഴുതിയിട്ടുണ്ട്.

ഡോംഗ്രിയില്‍ പത്താന്‍ - ദാവൂദ് ഗ്രൂപ്പുകള്‍ തമ്മില്‍ ഇടയ്ക്കിടെ നടന്നുകൊണ്ടിരുന്ന സംഘട്ടനങ്ങള്‍ക്ക് അയവുവരുത്താന്‍ ജനാബായിയും ഹാജി മസ്താനും ഇടനിലക്കാരായി നിന്നു. മലബാര്‍ ഹില്‍സിലെ മസ്താന്റെ വീട്ടില്‍ അക്കാലത്തെ അധോലോക നായകരെ ഒന്നിച്ചു വിളിച്ചിരുത്തി പരസ്പരം പോരടിക്കാതെ ഐക്യപ്പെടാന്‍ ഇരുവരും അഭ്യര്‍ത്ഥിക്കുകപോലുമുണ്ടായി. ഇടക്കാലത്തേക്കെങ്കിലും അതിലവര്‍ വിജയിച്ചെങ്കിലും ദാവൂദിന്റ സഹോദരന്‍ ഷബീറിനെ പത്താന്‍ ഗ്രൂപ്പ് വധിച്ചതോടെ കാര്യങ്ങള്‍ വീണ്ടും കീഴ്‌മേല്‍ മറിഞ്ഞു.

എണ്‍പതുകളുടെ അവസാനത്തോടെ ദാവൂദ് പ്രവര്‍ത്തന മേഖല ദുബായിലേക്കും തുടര്‍ന്ന് കറാച്ചിയിലേക്കും മാറ്റി. മരണഭയം തന്നെയായിരുന്നു മുഖ്യകാരണം. ജനാബായിക്ക് പ്രായം കൂടി വന്നു. ഏതാണ്ട് മുപ്പതു വര്‍ഷത്തോളം അണ്ടര്‍വേള്‍ഡ് വുമണ്‍ ആയി അവര്‍ ബോംബയില്‍ ജീവിച്ചു.

മരണക്കിടക്കയിലെ ആധികള്‍

1993 ലെ ബോംബെ സ്‌ഫോടനപരമ്പര നടക്കുമ്പോള്‍ അവര്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അവശയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ അവര്‍ വ്യക്തിപരമായ ബന്ധവും 'അമ്മ' എന്ന അധികാരവും വെച്ച് ഈ ഉദ്യമത്തില്‍ നിന്നും ദാവൂദിനെ പിന്തിരിപ്പിച്ചേനെ എന്ന് കരുതുന്നവരുണ്ട്.

നഗരത്തില്‍ അന്ന് നടന്ന ഓരോ സ്‌ഫോടനവും മരണക്കിടക്കയില്‍ അവരുടെ നെഞ്ചിന്‍ കൂട് തകര്‍ത്തിരിക്കാം. അത്രകാലവും ആയുധമെടുക്കാതെ അധോലോകത്തെ 'അണ്ടര്‍വേള്‍ഡ് വുമണ്‍' ആയി വാഴുകയായിരുന്നല്ലൊ അവര്‍. 1993 -ല്‍ തന്റെ എഴുപതിമൂന്നാം വയസ്സില്‍ അവര്‍ മരണത്തിന് കീഴടങ്ങി.

2016 ല്‍ സീ ടീവി 'അമ്മ' എന്ന പരമ്പരയിലൂടെ അവരുടെ ജീവിതം പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ശബ്‌ന ആസ്മിയായിരുന്നു ജനാബായിയായി വേഷമിട്ടത്.

 

…………………………

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)

 

PREV
Read more Articles on
click me!

Recommended Stories

ഒരു പെരുമഴ മാറ്റിവരച്ച പ്രണയാനന്ദം; പാട്ടും പുസ്തകവും ചേര്‍ന്ന് തിരിച്ചെഴുതിയ ജീവിതം
ഇടിയുന്ന ജനപ്രീതിക്കിടയിലും പാർട്ടിയിലെ ശത്രുക്കളെ വെട്ടിവീഴ്ത്താൻ ട്രംപ്