പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം | Paattorma A column on Music love and memory by Sharmila C Nair

വര്‍ഷങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയേറ്റിലെ ഇടനാഴിയിലെവിടെയോ ആണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. അവന്‍ എന്തോ ആവശ്യത്തിനായി എത്തിയതായിരുന്നു. അന്നവന്‍ രണ്ട് കുട്ടികളുടെ പിതാവും എന്റെ മകന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്നു. കാലം ഞങ്ങളെ പക്വമതികളാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് പെണ്ണുങ്ങള്‍ ചേര്‍ന്നൊരു യാത്ര. തിരക്കുകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച്, പഴയ കോളേജ് വിദ്യാര്‍ത്ഥിനികളായി, പാട്ടും, ചുവടുകള്‍ മറന്ന ഡാന്‍സുമൊക്കെ പൊടി തട്ടിയെടുത്ത് അടിച്ചു പൊളിച്ചൊരു യാത്ര. കുമരകത്തേയ്ക്കാണ്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഒളിമങ്ങാതുണ്ട് ആ യാത്രയോര്‍മ്മകള്‍.

പച്ചപ്പിന്റെ മടിത്തട്ടിലൂടെ, ശാന്തമായി ഒഴുകുന്ന ഓളപ്പരപ്പിലൂടെ ഒരു ഹൗസ് ബോട്ട് യാത്ര. തിരക്കുകളില്‍ നിന്നെല്ലാം ഒളിച്ചോടി മനസ്സിന് കുളിര്‍മയേകാന്‍ ഇതിലും നല്ലൊരു വഴി വേറെയില്ല. രാത്രി താമസവും ഹൗസ് ബോട്ടിലാണ്. ഞങ്ങള്‍ക്ക് മാത്രമായൊരു ഹൗസ് ബോട്ട്.

തലേദിവസം പെയ്ത മഴയുടെ നേര്‍ത്ത തണുപ്പ് അന്തരീക്ഷത്തില്‍ അപ്പോഴും തങ്ങിനില്‍പ്പുണ്ടായിരുന്നു. ബോട്ട് മുന്നോട്ട് നീങ്ങിത്തുടങ്ങി. മെല്ലെമെല്ലെ, കരയിലെ തെങ്ങിന്‍തോപ്പുകളും റിസോര്‍ട്ടുകളും പിന്നിലേക്ക് മറഞ്ഞു തുടങ്ങി.

മുന്നില്‍, വേമ്പനാട്ടു കായല്‍ പരന്നുകിടക്കുകയാണ്. കായലിന്റെ മുകള്‍പ്പരപ്പില്‍ വെള്ളി വെളിച്ചം വിതറുന്ന സൂര്യകിരണങ്ങള്‍. ദൂരെ, കായലിന് മുകളിലൂടെ കൂട്ടത്തോടെ പറന്നുയരുന്ന നീര്‍ക്കാക്കകളും കൊക്കുകളും. പ്രകൃതി ഒരുക്കിയ ഒരു മനോഹര ചിത്രം.

'Age is only a number' ഒരാത്മഗതമെന്നോണം അവള്‍ പറഞ്ഞു.

ഒരു സെല്‍ഫിയെടുത്ത് അതിലേക്ക് കണ്ണും നട്ടിരുന്ന ഞാന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ കൂട്ടി ചേര്‍ത്തു.

'അതൊക്കെ വെറുതേ പറയാമെന്നേയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ സെല്‍ഫിയും ഇപ്പോഴത്തെ സെല്‍ഫിയും തമ്മില്‍ എന്താ വ്യത്യാസം!'

'മനുഷ്യന്റെ മൂഡ് കളയാന്‍ അവളുടെയൊരു സെല്‍ഫി.' എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വാങ്ങി എന്റെ സെല്‍ഫി ഡിലീറ്റ് ചെയ്തു. മറ്റുള്ളവര്‍ കൈയ്യടിച്ച് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്റെ മൂഡ് മാറ്റാനെന്നോണം അവള്‍ ചോദിച്ചു.

'ജാനകി അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടേതെന്ന് ചോദിച്ചാല്‍ നീ ഏത്പറയും?'

എത്രയോ ഇഷ്ടഗാനങ്ങള്‍. അതില്‍ നിന്നൊരെണ്ണം തിരഞ്ഞെടുക്കുക ഒട്ടും എളുപ്പമല്ല. എങ്കിലും പെട്ടെന്ന് നാവിന്‍തുമ്പില്‍ വന്നത്, 'നസീമ' എന്നചിത്രത്തില്‍ ജാനകിയമ്മ അനശ്വരമാക്കിയ ഗാനമായിരുന്നു.

'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...

എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...

എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ

സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...'

കേട്ടതും, 'അയ്യോ! ശോക നായിക!' എന്ന് അവളെന്നെ കളിയാക്കി. ഞാനും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

'മെലഡി സൃഷ്ടിക്കാന്‍ ജോണ്‍സണ്‍ മാഷോളം മറ്റാരുമില്ല. ഭാസ്‌കരന്‍ മാഷിന്റെ പ്രണയവും വിരഹവും നിറയുന്ന വരികള്‍, ജോണ്‍സണ്‍ മാഷിന്റെ ഈണം, ജാനകിയമ്മയുടെ മാന്ത്രിക സ്വരം. It's my all-time favourite dears. പിന്നെ എവിടെയൊക്കെയോ എന്റെ ജീവിതവുമായി പിണഞ്ഞു കിടക്കുന്നു.'

'എന്താണാവോ മാഡത്തിന് ഈ പാട്ടിനോടുള്ള ഇഷ്ടം. എന്താ പിണഞ്ഞു കിടക്കുന്നത്.'-അവളെന്നെ വിടാന്‍ ഭാവമില്ല.

ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ അവളാണ്. എന്തിലും എപ്പോഴും നര്‍മം കലര്‍ത്തുന്നവള്‍. അവളുണ്ടെങ്കില്‍ ഏത് ബോറന്‍ യാത്രയും അടിപൊളിയാവുമെന്ന് ഞങ്ങള്‍ക്കറിയാം. പഴയ സ്മാര്‍ട്ട്‌നെസ്സും നര്‍മ്മബോധവും ഇപ്പോഴും അപ്പടിയുണ്ട്.

അപ്പോഴാണ് ഞാനും ആലോചിച്ചത്, എന്താണ് എനിയ്ക്കീ പാട്ടിനോടുള്ള ഇഷ്ടം?

സത്യത്തില്‍ ആ ഇഷ്ടത്തിന് പിന്നിലൊരു കോമഡിയാണ്. പുസ്തകത്തിലും നോട്ട്ബുക്കിലും ഇഷ്ടമുള്ള വരികള്‍ എഴുതി വയ്ക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു. ഇന്നുമുണ്ട്. അവള്‍ പറഞ്ഞതുപോലെ അത്തരം പ്രവൃത്തികള്‍ക്ക് age is only a number എന്നാണ് എന്റെ വാദം.

ക്ലാസില്‍ വരാനാവാത്ത ദിവസങ്ങളിലെ നോട്ട് എഴുതാനായിരുന്നു അവനെന്റെ ബുക്ക് വാങ്ങിയത്. രണ്ട് ദിവസത്തിനുള്ളില്‍ തിരികെ തരികയും ചെയ്തു. പക്ഷേ അതിനു ശേഷം അവന് എന്നെ കാണുമ്പോള്‍ വല്ലാത്ത നാണം. ആരോടും അധികം മിണ്ടാതെ നടക്കുന്ന അന്തര്‍മുഖനായ ഇവനെന്ത് പറ്റിയെന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. അധിക ദിവസം കഴിയുന്നതിന് മുമ്പ് ക്ലാസ് കഴിയുകയും ചെയ്തു. പിന്നീട് കാണുന്നത് പരീക്ഷയ്ക്കായിരുന്നു. അപ്പോഴും അവന് എന്നെ അഭിമുഖീകരിക്കാന്‍ ഒരു മടി പോലെ. എന്റെ തോന്നലാവും അതെന്ന് ഞാന്‍ കരുതി.

ഇന്നത്തെ കാലമല്ലല്ലോ. കോഴ്സ് കഴിഞ്ഞ ശേഷം ഞങ്ങള്‍ കണ്ടിട്ടേയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയേറ്റിലെ ഇടനാഴിയിലെവിടെയോ ആണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. അവന്‍ എന്തോ ആവശ്യത്തിനായി എത്തിയതായിരുന്നു. അന്നവന്‍ രണ്ട് കുട്ടികളുടെ പിതാവും എന്റെ മകന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്നു. കാലം ഞങ്ങളെ പക്വമതികളാക്കിയിരുന്നു.

കുടുംബ വിശേഷമൊക്കെ പറഞ്ഞ് പിരിയാന്‍ നേരമാണ് അവന്‍ മടിച്ചു മടിച്ചത് പറഞ്ഞത്.

'എടോ, പിന്നേ.. അന്നെനിക്കതിന് മറുപടി പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. സോറിട്ടോ..''

ഇവനെന്താ പറ്റിയതെന്ന ചിന്തയില്‍ ഞാനവനെ നോക്കി. എന്റെ ഭാവം കണ്ടിട്ടാവണം അവന്‍ പറഞ്ഞു.

'തന്റെ നോട്ട് ബുക്ക് ഞാന്‍ വാങ്ങിയിരുന്നില്ലേ. അതില്‍ താന്‍ എഴുതി തന്നതിന്. ജാനകിയമ്മയുടെ ആ പാട്ടില്ലേ..'

എത് പാട്ട് എന്നായി ഞാന്‍.

'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...'-അത് പറയുമ്പോള്‍ അവന്റെ മുഖത്ത് പഴയ നാണം..

സത്യത്തില്‍ ഞാന്‍ ചിരിച്ചു പോയി.

'എടോ പൊട്ടാ, ഇതിനായിരുന്നോ താനെന്നെ കാണുമ്പോള്‍ നാണിച്ചു നടന്നത്. ബുക്കിലും പുസ്തകത്തിലുമൊക്കെ ഇഷ്ടമുള്ള വരികള്‍ എഴുതി വയ്ക്കുന്നത് അന്നും ഇന്നും എന്റെ ശീലമാണ്.'

എന്റെ മറുപടി കേട്ട് അവനും ചിരിച്ചു. പോവാന്‍ നേരം അവന്‍ പറഞ്ഞു;

'പക്ഷേ, ഈ പാട്ടുകേള്‍ക്കുമ്പോഴെല്ലാം ഞാന്‍ തന്നെ ഓര്‍ക്കാറുണ്ടായിരുന്നുട്ടോ..'

ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ അവനെ ഓര്‍ക്കും എന്ന് പറഞ്ഞ് ഞാനുറക്കെ ചിരിച്ചു.

'എന്റീശോയേ, ധൈര്യമില്ലാത്തതിനാല്‍ ഇവളില്‍ നിന്ന് രക്ഷപ്പെട്ട ആ പാവപ്പെട്ടവനു വേണ്ടി ഞാനിതാ ബാക്കി പാടുന്നുവെന്ന് ' പറഞ്ഞവള്‍ പാടിത്തുടങ്ങി.

YouTube video player

'അറിയാതെ അവിടുന്നെന്നടുത്തുവന്നു...

അറിയാതെ തന്നെയെന്നകത്തു വന്നു...

ജീവന്റെ ജീവനില്‍ സ്വപ്നങ്ങള്‍ വിരിച്ചിട്ട

പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു... '

മറ്റുള്ളവര്‍ അതിനനുസരിച്ച് എന്തൊക്കെയേ ചുവട് വച്ച് തുടങ്ങി. ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. ഞങ്ങളുടെ ഉത്സാഹം കണ്ടാവണം ഡ്രൈവര്‍ ഞങ്ങള്‍ക്കായി ജാനകിയമ്മയുടെ ഹിറ്റ് പാട്ടുകള്‍ കേള്‍പ്പിച്ചു. ഓരോ പാട്ടും ഓരോ ഓര്‍മ്മകളിലേയ്ക്ക് നീണ്ടു. പാട്ടും ഡാന്‍സും, ഓര്‍മ്മപ്പെയ്ത്തും, തമാശകളുമായി സമയം സന്ധ്യയോടടുത്തു.

സൂര്യന്‍ മെല്ലെ വേമ്പനാട്ടു കായലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നു. കായല്‍ മുഴുവന്‍ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്നു. മനോഹരമായ സായാഹ്ന കാഴ്ച. മറ്റെല്ലാം മറന്ന് ഞങ്ങള്‍ ഞങ്ങളുടേത് മാത്രമായ ലോകത്തിലേക്ക് മടങ്ങി.ര ാത്രി ഏറെ വൈകുവോളം പാട്ടും തിരുവാതിരയും, ഡാന്‍സുമൊക്കെ ആയി മറക്കാനാവാത്തൊരു ദിനം !

ആ ഓര്‍മ്മകളില്‍, ഇന്ന് ഞാനീ വരികള്‍ കുറിക്കുമ്പോള്‍ ജാനകിയമ്മ നമ്മളോടൊപ്പമില്ല. പക്ഷേ, ആ മാന്ത്രിക നാദം നിലയ്ക്കുന്നില്ല. പ്രണയവും വിരഹവും, സന്തോഷവും സന്താപവും ഒരേപോലെ ആസ്വാദക ഹൃദയങ്ങളിലേക്ക് പെയ്തിറക്കിയ, കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര മധുരഗാനങ്ങളാണ് ജാനകിയമ്മ നമുക്കായി ബാക്കിവെച്ചുപോയത്!

ജാനകിയമ്മയില്ലാത്ത ഈ ലോകത്തിരുന്ന്, വിങ്ങുന്ന ഓര്‍മ്മകളോടെ ഞാന്‍ വീണ്ടും ആ പ്രിയഗാനം കേള്‍ക്കുകയാണ്. ആ ശബ്ദത്തിന് മരണമില്ലല്ലോ.

'നിന്‍ സ്വേദമകറ്റാനെന്‍ സുന്ദരസങ്കല്പം

ചന്ദനവിശറി കൊണ്ടു വീശിയെന്നാലും

വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍

ഞാനടിമുടി പൊള്ളുകയായിരുന്നു...'

ഇടനാഴിയിലൂടെ നാണിച്ച് കടന്നു പോവുന്ന ഒരു പൊടിമീശക്കാരന്റെ രൂപം മനസില്‍ തെളിയുന്നു. പതിയെ അത്, നരച്ച മുടി തടവി പഴയ അബദ്ധം ഓര്‍ത്ത് ചിരിക്കുന്ന ഒരുവനിലേയ്ക്ക് വളരുന്നു