ഒരു പെരുമഴ മാറ്റിവരച്ച പ്രണയാനന്ദം; പാട്ടും പുസ്തകവും ചേര്‍ന്ന് തിരിച്ചെഴുതിയ ജീവിതം

Published : May 26, 2026, 04:16 PM IST
paattorma column by Sharmila C Nair

Synopsis

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം | Paattorma A column on Music love and memory by Sharmila C Nair 

കണ്ണുകള്‍ അടയുന്നു. മഴയെ വകഞ്ഞു മാറ്റി മെല്ലെ പോവുന്നൊരു കാര്‍ . അതിനുള്ളില്‍ ഒരു നവവരനും വധുവും. അതും നീണ്ട പ്രണയത്തിനൊടുവില്‍ ഒന്നായവര്‍. അവരുടെ ഉള്ളിലാകെ പ്രണയ മഴ.

 

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഔദ്യോഗിക മീറ്റിംഗിനിടയിലാണ് ഞാന്‍ ഉമയെ കാണുന്നത്. ഞങ്ങള്‍ക്കിടയില്‍ കുറേ സമാന താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു. പാട്ട്, പുസ്തകങ്ങള്‍ അങ്ങനെ. അതാവണം ആ പരിചയം പ്രതീക്ഷിച്ചതിലും വേഗത്തില്‍ സൗഹൃദമായി വളര്‍ന്നത്. വളരെ സന്തോഷത്തോടെ ചിരിച്ച് ബഹളം വച്ച് നടക്കുന്ന ഒരാള്‍. അവളുടെ ഉള്ളില്‍ ഒരു നെരിപ്പോട് എരിയുന്നത് മനസ്സിലാക്കാനേ കഴിയില്ല. പിന്നീട് പലപ്രാവശ്യം ഞങ്ങള്‍ കണ്ടു.

ഒരാഴ്ച മുമ്പൊരു മഴ ദിവസം അവളെന്നെ കാണാന്‍ ഓഫീസിലെത്തി.

'ഒരു മീറ്റിംഗിന് വന്നതാ. മീറ്റിംഗ് മാറ്റിവച്ചു. അതുകൊണ്ടാ മാഡത്തിനെ കണ്ടിട്ടു പോവാമെന്ന് കരുതിയത്.' അവളുടെയാ തുറന്നു പറച്ചില്‍ എനിക്കിഷ്ടമായി. പുറത്ത് കോരിച്ചൊരിയുന്ന മഴ. മഴയിലേയ്ക്ക് കണ്ണും നട്ട് അവള്‍ പറഞ്ഞു.

'അന്നും ഇതുപോലെ കോരിച്ചൊരിയുന്ന മഴയായിരുന്നു. എന്റെ വിവാഹ ദിവസം.'

ങ്ഹാ! കൊള്ളാല്ലോ എന്ന മട്ടില്‍ ഞാന്‍ കാതോര്‍ത്തു. വീണ്ടും മഴയിലേയ്ക്ക് കണ്ണും നട്ട്, അവള്‍ തുടര്‍ന്നു

ഡിഗ്രിക്ക് അയാള്‍ എന്റെ സൂപ്പര്‍ സീനിയറായിരുന്നു. അയാളെ പരിചയപ്പെടുമ്പോള്‍ അതൊരു പ്രണയത്തില്‍ കലാശിക്കുമെന്ന് ഞാന്‍ സ്വപ്‌നേപി കരുതിയില്ല. പതിയെ പതിയെ അയാള്‍ എനിക്ക് ഒരുതരം ഒബ്‌സഷന്‍ ആയിമാറി. എങ്കിലും, അയാളുടെ കണ്ണുകളിലെ ആത്മവിശ്വാസമില്ലായ്മ എല്ലായ്‌പ്പോഴും എന്നെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ എനിക്കയാളെ വിശ്വാസമായിരുന്നു.

നീയില്ലെങ്കില്‍ എനിയ്ക്ക് മറ്റാരുമില്ലെന്ന് അയാള്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ആ വാക്കുകള്‍ക്ക് എന്റെ മനസ് കീഴടക്കാനുള്ള ശക്തിയുണ്ടായിരുന്നു.

ആ വാക്കുകള്‍ കേട്ടതും എന്റെ മനസ്സില്‍ ഒരു പാട്ടിന്റെ ചിറകടി. നീയില്ലെങ്കില്‍ എനിക്ക് മറ്റാരുമില്ലല്ലോയെന്ന് കടല്‍ക്കരയിലൂടെ പാടി നടക്കുന്ന ഋൃഷി കപൂര്‍ - ഡിമ്പിള്‍ കപാഡിയ പ്രണയജോഡികള്‍ അനശ്വരമാക്കിയ ഗാനം. രമേശ് സിപ്പി സംവിധാനം ചെയ്ത 'സാഗര്‍' എന്ന ചിത്രത്തിലെ മനോഹര ഗാനം. പ്രണയത്തിന്റെ ആഴവും വിരഹത്തിന്റെ നോവുമായി, ജാവേദ് അക്തര്‍ എഴുതിയ ലളിത സുന്ദര വരികള്‍. പ്രകൃതിയും പ്രണയവും തമ്മിലുള്ള ബന്ധം എത്ര മനോഹരമായാണ് അദ്ദേഹം വരച്ചിട്ടത്.

 

'സാഗര്‍ കിനാരെ, ദില്‍ യേ പുകാരെ
തൂ ജോ നഹിന്‍ തോ മേരാ കോയി നഹിന്‍ ഹേ…
ജാഗേ നസാരേ, ജാഗേ ഹേ ഭാഗേ
ജബ് സേ തൂ ആയാ മേരേ തസവ്വുര്‍ മേം
ആകര്‍ഷേ രംഗ് ഖിലായേ
കോയി നഹി ഹേ, കോയി നഹി ഹേ
തൂ ജോ നഹി തോ മേരാ കോയി നഹി ഹേ, ഹോ...'

1985-ല്‍ പുറത്തിറങ്ങിയ, കമല്‍ഹാസന്‍, ഋഷി കപൂര്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഒരു ക്ലാസിക് പ്രണയകാവ്യമായിരുന്നു 'സാഗര്‍'. മോനയെ (ഡിമ്പിള്‍ കപാഡിയ) ജീവന് തുല്യം സ്നേഹിക്കുന്ന മീന്‍പിടിത്തക്കാരനായ രാജ (കമലാഹാസന്‍). മോന സ്നേഹിക്കുന്ന സമ്പന്നനായ രവി (ഋൃഷി കപൂര്‍). താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന മോനയുടെ സന്തോഷത്തിനായി രവിയുമായി ഒത്തുചേരുന്നതിന് സഹായിച്ച് സ്വന്തം ജീവന്‍ പോലും ഉപേക്ഷിക്കുന്ന രാജ. എക്കാലത്തേയും നല്ല പ്രണയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 'സാഗര്‍'

ആര്‍. ഡി. ബര്‍മന്റെ സംഗീത കരിയറിലെ ഏറ്റവും മികച്ച മെലഡികളില്‍ ഒന്നായിരുന്നു സാഗര്‍ കിനാരേ. കടലലകളുടെ താളവും ശാന്തതയും ഓര്‍ക്കസ്‌ട്രേഷനില്‍ എത്ര മനോഹരമായാണ് അദ്ദേഹം സമ്മേളിപ്പിച്ചിരിക്കുന്നത്.. കിഷോര്‍ കുമാറിന്റെ ശബ്ദത്തിലെ മാന്ത്രികതയും ലതാജിയുടെ മധുരമായ ആലാപനവും. സാഗറിലെ മോനയും രവിയും ഒന്നായതുപോലെ ഉമയുടെ പ്രണയവും ശുഭപര്യവസായി ആയോ എന്ന് ഞാന്‍ ഉല്‍ക്കണ്ഠപ്പെട്ടു. അവള്‍ തുടര്‍ന്നു.

'കോളേജു വിട്ട് പലരും പല വഴിക്കായി. ഇന്നത്തേതുപോലെ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഇല്ലാത്ത കാലം. വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്‍ലന്‍ഡാണ് ഏക ആശ്രയം. വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങിയിരുന്നു. ഒടുവില്‍ എനിയ്ക്ക് വീട്ടുകാരോട് ഞങ്ങളുടെ ബന്ധം തുറന്ന് പറയേണ്ടിവന്നു. എന്റെ വീട്ടില്‍ വലിയ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ അയാളുടെ വീട്ടില്‍ കടുത്ത എതിര്‍പ്പ്. ഒടുവില്‍ രണ്ടു വീട്ടുകാരുടേയും സമ്മതത്തോടെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു.

'വിവാഹ മണ്ഡപത്തില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴും അയാളുടെ കണ്ണുകള്‍ എന്നെ നിരാശപ്പെടുത്തി. നന്നായി വരണേയെന്ന് ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. സദ്യയൊക്കെ കഴിഞ്ഞ് വീട്ടുകാരോട് യാത്രപറഞ്ഞ് ഭര്‍ത്താവിന്റെ നാട്ടിലേക്ക് തിരിക്കുമ്പോള്‍ എന്റെ മനസ്സ് അകാരണമായി ആകുലപ്പെട്ടു. മൂന്ന് മണി കഴിഞ്ഞിരുന്നു. തോരാത്ത മഴയും.'

വീട്ടിലെത്തി ടിവി ഓണ്‍ ചെയ്ത എന്റെ അച്ഛന്‍ ബ്രേക്കിംഗ് ന്യൂസ് കണ്ട് ബോധം കെട്ടു വീണു. കൊല്ലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ നവവധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. നവവധു അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എന്ന ബ്രേക്കിംഗ് ന്യൂസ് വന്നുകൊണ്ടിരുന്നു. ശബ്ദം കേട്ട് എത്തിയ അമ്മ അച്ഛനെ ഒന്ന് പിടിച്ച് എണീപ്പിക്കാന്‍ കൂടി ആവാതെ സമീപത്തിരുന്ന് കരഞ്ഞു. ഞാന്‍ മരിച്ചെന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം ബന്ധുക്കള്‍ക്കിടയില്‍ പരന്നു. അച്ഛന്‍ ആശുപത്രിയിലായി. അമ്മയും ആങ്ങളയും എന്നെ കാണാന്‍ ആശുപത്രിയിലേക്ക് പാഞ്ഞെത്തി.

ബോധം വീഴുമ്പോള്‍ ഞാന്‍ ഐസിയുവിലായിരുന്നു. അയാളെയാണ് ആദ്യം തിരക്കിയത്. അയാളെ വാര്‍ഡിലേക്ക് മാറ്റിയെന്ന് അമ്മയും ആങ്ങളയും പറഞ്ഞു. കാണണമെന്ന് വാശിപിടിച്ചപ്പോള്‍ അവര്‍ക്ക് സത്യം എന്നെ അറിയിക്കേണ്ടി വന്നു.

നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട അയാള്‍ എന്റെ വീട്ടുകാരെത്തിയതും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേയ്ക്ക് പോയിരുന്നു. എന്റെ സ്വര്‍ണ്ണവും അയാളുടെ അമ്മയുടെ കൈയ്യിലായിരുന്നു ആശുപത്രി അധികൃതര്‍ ഏല്‍പ്പിച്ചത്. കണ്ണുകളടച്ച് കിടക്കുമ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനിടയില്‍ ഒരിയ്ക്കലെങ്കിലും അയാള്‍ എന്നെ കാണാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. മാസങ്ങളോളം നീണ്ട ആശുപത്രി വാസം. കാലുകള്‍ രണ്ടും തളര്‍ന്ന അവസ്ഥയില്‍. രണ്ട് വര്‍ഷത്തെ തീവ്രമായ ചികിത്സകള്‍ക്കൊടുവില്‍ ഞാന്‍ പതിയെ നടന്നു തുടങ്ങി.

രണ്ട് വര്‍ഷം നീണ്ട ആ കിടപ്പില്‍ എനിക്ക് കൂട്ടായത് കുറേ നല്ല പാട്ടുകളും പുസ്തകങ്ങളുമായിരുന്നു. അങ്ങനെ ഞാന്‍ പാട്ടുകളുടെ കൂട്ടുകാരിയായി, പുസ്തകങ്ങളുടേയും.

എന്റെ ജാതക ദോഷം കൊണ്ടായിരുന്നു ആ അപകടമെന്നായിരുന്നു അയാളുടെ അമ്മയുടെ കണ്ടെത്തല്‍. അയാളും അത് വിശ്വസിച്ചു. അഞ്ച് വര്‍ഷം പ്രണയിച്ച്, ഒപ്പം കൈപിടിച്ചിറങ്ങിയ ഒരു പെണ്ണിന്റെ മനസ്സ് അയാള്‍ക്ക് കാണാനായില്ല. എന്നെ ഒന്ന് കാണാന്‍ പോലും അയാള്‍ക്ക് പേടി ആയിരുന്നു.

പിന്നീട് ഒരിയ്ക്കല്‍ മാത്രം ഞാനയാള്‍ക്കൊരു കത്തെഴുതി. പക്ഷേ, മറുപടി ഉണ്ടായില്ല. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുപോയ ദിനങ്ങള്‍. പക്ഷേ പാട്ടുകളും പുസ്തകങ്ങളും എന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അന്നൊക്കെ വിവാഹ ഫോട്ടോ നെഞ്ചോട് ചേര്‍ത്തുള്ള കരച്ചില്‍ സ്ഥിരം ആയിരുന്നു. പതിയെ പതിയെ അയാളെ ഞാന്‍ വെറുത്തു തുടങ്ങി. വെറുപ്പിന്റെ ഒടുവില്‍ മറക്കാനും. നടന്നു തുടങ്ങിയ നാളുകളിലാണ് ഞാന്‍ ഒരു ജോലിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഒപ്പം മുടങ്ങിയ പി എച്ച്ഡിയും പുനരാരംഭിച്ചു. ജീവിതം ശാന്തമായി ഒഴുകിത്തുടങ്ങി. ആദ്യമായി എഴുതിയ ടെസ്റ്റില്‍ തന്നെ ജോലികിട്ടുന്നു. ഒരു കാലത്ത് ഞങ്ങള്‍ രണ്ടാളും ഒരുപോലെ കൊതിച്ചിരുന്ന ജോലി.

തുടര്‍ന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിനായുള്ള പോരാട്ടം. ഹൈക്കോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ അതൊക്കെ തിരിച്ചു പിടിച്ചു.

ഇതിനിടയില്‍ മറ്റൊരത്ഭുതം സംഭവിക്കുന്നു. അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മകനുമായി ഒരു വിവാഹാലോചന വരുന്നു. നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കളുള്ള വിഭാര്യന്‍. ആദ്യം എനിയ്ക്ക് എതിര്‍പ്പായിരുന്നു. അച്ഛന്റേയും അമ്മയുടേയും നിര്‍ബ്ബന്ധത്തിനുമുന്നില്‍ ഞാന്‍ സമ്മതിച്ചു. ഇന്ന് ആ കുട്ടികള്‍ക്ക് ഞാന്‍ അമ്മയാണ്. അവര്‍ സ്വന്തം കുട്ടികളല്ലാന്ന് എനിക്കും തോന്നിയിട്ടില്ല. അവരുടെ അച്ഛനെക്കാള്‍ അവരെന്നെ സ്നേഹിക്കുന്നു...'

അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളെ പിന്നീട് തിരക്കിയില്ലേയെന്ന് ചോദിക്കാതിരിക്കാനായില്ല.

'ഇടയ്‌ക്കൊക്കെ ചില ഔദ്യോഗിക ചടങ്ങുകളില്‍ വച്ച് കാണാറുണ്ട്. എന്നെകണ്ടാല്‍ ഒഴിഞ്ഞുമാറി പോവാറാണ് പതിവ്. ' എന്ന് പറഞ്ഞവള്‍ യാത്ര പറഞ്ഞിറങ്ങി.

അവളുടെ കഥ കേട്ടിരിക്കെ പുറത്തെ മഴപോലും ഞാനറിഞ്ഞിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ മറ്റൊരു പാട്ടിന്റെ അലകള്‍ ഉയര്‍ന്നു.

ഡോക്ടര്‍ പേഷ്യന്റ് എന്ന ചിത്രത്തിലെ ഗാനം. റഫീഖ് അഹമ്മദിന്റെ പ്രണയം തുളുമ്പുന്ന വരികള്‍. ബെന്നറ്റ് - വീത് രാഗ് ജോഡിയുടെ സംഗീതം. ഹരിഹരന്റെ ആര്‍ദ്രമായ ആലാപനം. മഴയില്ലാത്തപ്പോള്‍ പോലും കണ്ണടച്ചിരുന്ന് കേട്ടാല്‍ മഴയുടെ ഫീല്‍. കോരിച്ചൊരിയുന്ന മഴയത്ത് കണ്ണടച്ചിരുന്ന് കേട്ടാലോ. ഞാനാ പാട്ടിലേയ്ക്ക് വഴുതിവീണു.

'മഴ ഞാനറിഞ്ഞിരുന്നില്ല…
നിന്റെ കണ്ണുനീരെന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെയുളളില്‍ നിന്‍ ചിരി
നേര്‍ത്തു പടരും വരെ..

കണ്ണുകള്‍ അടയുന്നു. മഴയെ വകഞ്ഞു മാറ്റി മെല്ലെ പോവുന്നൊരു കാര്‍ . അതിനുള്ളില്‍ ഒരു നവവരനും വധുവും. അതും നീണ്ട പ്രണയത്തിനൊടുവില്‍ ഒന്നായവര്‍. അവരുടെ ഉള്ളിലാകെ പ്രണയ മഴ. മറ്റൊരു കാറിനെ ഓവര്‍ റ്റേക്ക് ചെയ്യുന്നതിനിടയില്‍ വിധിയുടെ ക്രൂര ഹസ്തങ്ങള്‍ ഒരു ലോറിയുടെ രൂപത്തില്‍ വന്നിടിക്കുന്നു. എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നനയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇടിയുന്ന ജനപ്രീതിക്കിടയിലും പാർട്ടിയിലെ ശത്രുക്കളെ വെട്ടിവീഴ്ത്താൻ ട്രംപ്
ഇറാനിൽ അശാന്തി നിറച്ചു, ട്രംപിന്‍റെ അടുത്ത ലക്ഷ്യം ക്യൂബ ?