
Mafia Queen of Mumbai എന്ന പേരില്‍ അവളുടെ ജീവിതംപോലും പുസ്തകമായി. ആ പുസ്തകത്തെ അടിസ്ഥാനമാക്കി 'ഗംഗുബായ് കത്യവാഡി' എന്ന പേരില്‍ സഞ്ജയ് ലീല ബെന്‍സാലി സിനിമയെടുത്തു. ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു ആ ചിത്രം. ഗംഗുബായിയായി വേഷമിട്ട ആലിയ ഭട്ടിന് 2023 -ലെ മികച്ചനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത് ആ ചിത്രത്തിലെ അഭിനയമാണ്.
സ്വപ്നം തിരുത്തിയെഴുതാനെത്തിയ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിക്ക് മാഫിയ റാണിയായി മാറേണ്ടിവന്ന കഥയുണ്ട് ബോംബെനഗരത്തിനു പറയാന്‍. സമ്പന്നകുടുംബത്തിലായിരുന്നു അവളുടെ ജനനം. കോളേജ് പഠനകാലത്ത് അവള്‍ വേശ്യാലയത്തില്‍ വന്നുപെട്ടു. പില്‍ക്കാലം അവള്‍ അഗതികളെയും അനാഥരായ കുഞ്ഞുങ്ങളെയും ഹിജഡകളെയും സംരക്ഷിച്ചു. അവള്‍ തിരഞ്ഞെടുപ്പില്‍പ്പോലും മത്സരിച്ചു. രാജ്യത്തിന്റെ പല നഗരങ്ങളില്‍ വേശ്യാലയം നടത്തിപ്പും സാമൂഹ്യപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോയി. ഒരു ഒത്തുചേരലില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോട് വിവാഹഭ്യര്‍ത്ഥന പോലും നടത്തി അവള്‍. Mafia Queen of Mumbai എന്ന പേരില്‍ അവളുടെ ജീവിതംപോലും പുസ്തകമായി. ആ പുസ്തകത്തെ അടിസ്ഥാനമാക്കി 'ഗംഗുബായ് കത്യവാഡി' എന്ന പേരില്‍ സഞ്ജയ് ലീല ബെന്‍സാലി സിനിമയെടുത്തു. ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു ആ ചിത്രം. ഗംഗുബായിയായി വേഷമിട്ട ആലിയ ഭട്ടിന് 2023 -ലെ മികച്ചനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത് ആ ചിത്രത്തിലെ അഭിനയമാണ്.
അപ്പോഴേക്കും ഗംഗുബായിയുടെ മരണം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ കടന്നുപോയിരുന്നു. അഭ്രപാളിയില്‍ നിറഞ്ഞാടാന്‍ മോഹിച്ച ഒരുവള്‍ക്ക്, പില്‍ക്കാലം തന്റെ ജീവിതം തിരശ്ശീലയില്‍ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി. വിധി കാണിച്ച മറ്റൊരു വഞ്ചന.
പ്രണയം എന്ന കെണി
സൗരാഷ്ട്രയിലെ കത്യവാഡിയില്‍ വ്യാപാരിയായിരുന്നു അവളുടെ പിതാവ് ഹര്‍ജീവന്‍ദാസ്. പിതാവിന്റെ കണക്കെഴുത്തുകാരന്‍ റാംനിക് ലാല്‍ എന്ന യുവാവ് ഇടയ്ക്കിടെ ബോംബെയിലേക്ക് യാത്ര ചെയ്യുമായിരുന്നു. തിരിച്ചുവരുന്നത് അവിടെവെച്ച് താന്‍ കണ്ട സിനിമാക്കഥകളുമായാണ്. റാംനിക് പറയുന്ന കഥകളില്‍ ആകൃഷ്ടയായ ഗംഗയില്‍ സിനിമാമോഹം തലയ്ക്കു പിടിക്കാന്‍ തുടങ്ങി. അതിനുമുന്‍പേ അക്കാലത്തെ താരറാണിമാര്‍ അവളില്‍ ആവേശിച്ചുകഴിഞ്ഞിരുന്നു. നൃത്തവും സംഗീതവുമായി തന്റെ മുറിക്കുള്ളില്‍ ഗംഗ സ്വപ്നാതുരയായി മാറി. നളിനി ജയവന്തും സാധനാ ബോസും നൂര്‍ജഹാനുമൊക്കെ അവളില്‍ പരകായപ്രവേശം നടത്തി. അവള്‍ ദേവാനന്ദിന്റെ കടുത്ത ആരാധികയായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കാരിയായി കാണാന്‍ കൊതിച്ച രക്ഷിതാക്കള്‍ക്ക് പിന്നീട് അവള്‍ നല്‍കിയത് നിരാശമാത്രം.
റാംനിക് ലാലില്‍ നിന്നും കൂടുതല്‍ കേള്‍ക്കാന്‍ അവള്‍ അയാളെ വെളിമ്പറമ്പിലേക്കും വയലുകളിലേക്കും ക്ഷണിച്ചു. ആ ഒത്തുചേരല്‍ പിന്നീട് കടുത്ത പ്രണയമായി മാറി. കോളേജ് പഠനം പാടേ ഉഴപ്പി. പതിനാറാം വയസ്സില്‍ അമ്മ പലപ്പോഴായി കൊടുത്ത പോക്കറ്റ് മണിയെടുത്ത്, അമ്മയുടെ ആഭരണങ്ങളും കവര്‍ന്ന് ആരുമറിയാതെ ഇരുവരും ബോംബെയിലേക്ക് തീവണ്ടി കയറി. അവിടെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇരുവരും വിവാഹിതരായി. നാളുകള്‍ക്കകം കയ്യിലുള്ള പണവും അമ്മയുടെ ആഭരണങ്ങളും തീര്‍ന്നു. പട്ടിണി കിടക്കുമെന്നായപ്പോള്‍ റാംനിക് തന്റെ അമ്മായിയുടെ വീട്ടില്‍ നിര്‍ത്താമെന്ന വ്യാജേന അവളെ അഞ്ഞൂറ് രൂപയ്ക്കു ഒരു വേശ്യാലയത്തില്‍ വിറ്റ് അപ്രത്യക്ഷനായി! അര്‍ദ്ധരാത്രിയായിരുന്നു ആ കൈമാറ്റം.
ഒട്ടും പ്രതീക്ഷിക്കാത്ത ആ കീഴ്‌മേല്‍ മറിച്ചില്‍ ഗംഗയെ മറ്റൊരു ജീവിതത്തിനു നിര്‍ബ്ബന്ധിതയാക്കി. സമ്പന്നകുടുംബത്തില്‍ പിറന്ന, കേവലം പതിനേഴു വയസ്സുപോലും തികയാത്ത, വിദ്യാസമ്പന്നയായ അവള്‍ രക്ഷപ്പെടാന്‍ പഴുതില്ലാതെ വേശ്യാലയത്തില്‍ അകപ്പെട്ടു. പല പ്രായത്തിലുള്ള ആളുകള്‍ രാപ്പകലില്ലാതെ വന്നുപോകുന്ന 'കോഠയില്‍' (വേശ്യാലയം) അവള്‍ക്ക് പൊറുതികെട്ടു.
കരീം ലാല
കരീം ലാലയുടെ അനുജത്തി
ഇടയ്ക്കിടെ വന്നുപോകുന്ന ഷൗക്കത്ത് ഖാന്‍ എന്ന അധോലോക ഗുണ്ടയായിരുന്നു അവളുടെ തലവേദന. അവളെ മാരകമായി ആക്രമിക്കുകയും പണം കൈപ്പറ്റുകയും ചെയ്യുന്ന സാഡിസ്റ്റ് ആയിരുന്നു ഷൗക്കത്ത്. അധോലോക രാജാവ് കരീംലാലയുടെ അനുയാ.
പൊറുതികെട്ട ഗംഗ ഒരുനാള്‍ ആരുമറിയാതെ ലാലയുടെ വീട്ടിലേക്കു ടാക്‌സി പിടിച്ചുചെന്നു. ബോംബെയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു കരീം ലാല. അയാളോട് ഗംഗ തന്റെ സങ്കടം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരികത എല്ലാ അധോലോകനായകരുടെയും ദൗര്‍ബ്ബല്യമാണ്. ആ അവസരം അവള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി. തന്റെ ഉടുവസ്ത്രത്തില്‍ നിന്നും ഒരു കഷ്ണം നൂല്‍ വലിച്ചെടുത്ത് രാഖിയുണ്ടാക്കി ലാലയുടെ കൈത്തണ്ടയില്‍ ബന്ധിച്ച് 'രാഖി ഭായി' ആക്കി അവള്‍! അതോടെ, ഗംഗ തന്റെ പ്രിയപ്പെട്ട അനുജത്തിയാണെന്ന് ലാല പരസ്യമായി പ്രഖ്യാപിച്ചു. അതോടെ, അവളുടെ ജീവിതത്തില്‍ മാത്രമല്ല ബോംബെ അധോലോക ചരിത്രത്തില്‍ത്തന്നെ നാടകീയമായ ഒരധ്യായം എഴുതപ്പെട്ടു.
ഷൗക്കത്ത് വരുന്ന ദിവസം തന്നെ അറിയിക്കണമെന്ന് പറഞ്ഞ് ലാല അവളെ ആശ്വസിപ്പിച്ചു വിട്ടു. ഒരു വൈകുന്നേരം ഷൗക്കത്ത് വരുന്ന വിവരം കിട്ടി. അവള്‍ ലാലയ്ക്ക് സന്ദേശം എത്തിച്ചു. ലാല വന്നു. നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ ലാല ഷൗക്കത്തിനെ തെരുവിലേക്ക് വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ കാമാട്ടിപ്പുരയുടെ സര്‍വ്വാധിപതി ഇനിമുതല്‍ ഗംഗയാണെന്ന് കരീംലാല പ്രഖ്യാപിച്ചു. അത് അവിടെ വരുന്ന ആക്രമികള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു.
അധോലോക റാണി
ഗംഗയ്ക്ക് കിട്ടിയ ആ പിന്തുണ അവളെ എന്തിനും പോന്ന മാഫിയ ക്വീന്‍ ആക്കിമാറ്റി. അതോടെ ബോംബെയിലെ ആദ്യത്തെ അധോലോക റാണിയായി അവള്‍. കാമാട്ടിപ്പുരയിലെ എല്ലാ വേശ്യാലയങ്ങളും അവളുടെ കീഴിലായി. ഗംഗാ ഹര്‍ജീവന്‍ദാസ് കത്യവാഡി എന്ന യുവതി ചിലര്‍ക്ക് ഗംഗ കോഠവാലിയും ഗംഗുമാജിയായും മാറി.
തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ വേശ്യാലയത്തില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളെ അവള്‍ സംരക്ഷിച്ചു. അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തു. അവിടെ ജനിക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ അവള്‍ ശ്രദ്ധ കാണിച്ചു. ചിലര്‍ക്ക് സ്വന്തമായി ട്യൂഷന്‍ നല്‍കി. പാവങ്ങള്‍ക്ക് വേണ്ട ധനസഹായത്തിനു മുന്നിട്ടിറങ്ങി. സമൂഹം അവഗണിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് താമസമൊരുക്കി. അവിടെ വരുന്ന അധോലോകനായകരും തെരുവുഗുണ്ടകളും അവളുടെ സുഹൃത്തുക്കളായി. രാഷ്ട്രീയക്കാരും പോലീസുകാരും അവളെ ഭയക്കാന്‍ തുടങ്ങി. കാമാട്ടിപ്പുര എല്ലാ അര്‍ത്ഥത്തിലും ഗംഗയുടെ അധീനതയിലായി. അങ്ങനെ ബോംബെ അധോലോകത്ത് ഗംഗാ കത്യവാഡി പ്രശസ്തയായി.
പന്ത്രണ്ടു വര്‍ഷത്തിന് ശേഷം അവര്‍ സ്വന്തം വീട്ടിലേക്കു വിളിച്ചു. താന്‍ കാരണം നിതാന്തവേദന തിന്നുതിന്ന് അച്ഛന്‍ മരണപ്പെട്ടു എന്ന വിവരം അമ്മ അവരുടെ പ്രിയപ്പെട്ട ഗംഗുവിനെ അറിയിച്ചു. വികാരനിര്‍ഭരമായിരുന്നു ആ നിമിഷമെന്ന് ഗംഗുവിന്റെ വളര്‍ത്തുപുത്രി ലക്ഷ്മി ഓര്‍ക്കുന്നു. തെറ്റായ വഴിയിലൂടെ ജീവിക്കുന്ന മകള്‍ക്കു തന്റെ കുലീന കുടുംബത്തിലേക്ക് പോകാന്‍ പറ്റില്ലല്ലോ എന്നും ലക്ഷ്മി സങ്കടപ്പെടുന്നു.
ബോംബെ സെന്റ് ആന്റണീസ് സ്‌കൂള്‍ വേശ്യാലയ നിരോധന കാമ്പയിന്‍ നടത്തുന്ന കാലമാണത്. പുതുതലമുറ വഴിതെറ്റുമെന്നായിരുന്നു അവര്‍ ഉന്നയിച്ച വാദം. ഗംഗുബായ് അതിനെ നഖശിഖാന്തം എതിര്‍ത്തു. ബോംബയില്‍ വേശ്യാലയങ്ങള്‍ ഇല്ലെങ്കില്‍ സ്ത്രീകള്‍ക്ക് തെരുവിലിറങ്ങി നടക്കാന്‍ ആവില്ല എന്നായിരുന്നു അവരുടെ വാദം. അക്കാലത്തെ ബോംബെയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ അത് ശരിയാണ് താനും. അതിനുവേണ്ടി ആസാദ് മൈതാനത്ത് അവര്‍ നടത്തിയ പ്രസംഗം ആയിരക്കണക്കിന് ആളുകള്‍ കരാഘോഷത്തോടെ കേട്ടുനിന്നു. അശരണരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാവങ്ങള്‍ക്കും താന്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ ദീര്‍ഘഭാഷണം ഗംഗ അവസാനിപ്പിച്ചത്.
നെഹ്‌റുവും ഗംഗയും: ഒരു കൂടിക്കാഴ്ചയുടെ കഥ
ഒരു തിരഞ്ഞെടുപ്പ് കാലത്ത് നെഹ്റു ബോംബെയില്‍ വന്നപ്പോള്‍ ഗംഗുബായ് അദ്ദേഹത്തെ ചെന്നുകണ്ടു. വേശ്യാലയങ്ങള്‍ നിലനിര്‍ത്തുക എന്നതായിരുന്നു അവരുടെ ആവശ്യം. നല്ലൊരു ഭര്‍ത്താവിനെ കണ്ടെത്തി എന്തുകൊണ്ട് താങ്കള്‍ ഒരു കുടുംബജീവിതം നയിക്കുന്നില്ല എന്നായി നെഹ്റുവിന്റെ മറുചോദ്യം. പ്രധാനമന്ത്രിയുടെ മുന്നില്‍ കൂസലില്ലാതെ ഇരുന്ന ഗംഗു ഒരു കാര്യം ആവശ്യപ്പെട്ടു. 'താങ്കള്‍ എന്നെ പത്‌നിയായി സ്വീകരിക്കുമെങ്കില്‍ ഉറപ്പായും കുടുംബജീവിതം നയിക്കാം'. നെഹ്റുവിന് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. ബോംബെയിലെ വേശ്യാലയങ്ങള്‍ നിലനിര്‍ത്താനുള്ള ആവശ്യം അതോടെ അംഗീകരിക്കപ്പെട്ടു.
1977 -49-മത്തെ വയസ്സില്‍ ഗാംഗുബായ് മരിക്കുമ്പോള്‍ ബോംബെത്തെരുവിലെ അശരണരായ സ്ത്രീകള്‍ വാവിട്ടു കരഞ്ഞു. വാഹനങ്ങള്‍ ഓടിയില്ല. കടകള്‍ അടഞ്ഞു കിടന്നു. തെരുവ് അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. കാമാട്ടിപ്പുരയിലെ പതിനാലാം നമ്പര്‍ ഗല്ലിയില്‍, അവര്‍ താമസിച്ച വീടിന്റെ കവാടത്തില്‍ അവരുടെ വളര്‍ത്തുമക്കള്‍ അമ്മയുടെ പ്രതിമ സ്ഥാപിച്ചു. ഫോട്ടോ എടുക്കാന്‍ വരുന്ന ആളുകളുടെ ബാഹുല്യമേറിയപ്പോള്‍ ആ കവാടം ഇപ്പോള്‍ ഇരുമ്പുവേലി കെട്ടി മറച്ചിരിപ്പാണ്.
വേദനിക്കുന്നവരുടെ അമ്മ
നാലോളം പെണ്‍കുട്ടികളെ അവര്‍ ദത്തെടുത്തു വളര്‍ത്തിയിരുന്നു. അവര്‍ അമ്മയെ 'കത്യവാഡി ഗംഗുമാജി' എന്ന് വിളിച്ചു. ഗംഗുബായിയുടെ വേശ്യാലയങ്ങള്‍ നോക്കി നടത്തുകയായിരുന്നു ആ നാലുപേരുടെയും ജോലി.
ലക്ഷ്മി എന്ന ദത്തുപുത്രി പറയുന്നു: 'ഞാന്‍ ഒരു സര്‍പഞ്ചിന്റെ മകളായിരുന്നു. ഇവിടെ വന്നുപെട്ടപ്പോള്‍ 'അമ്മ' എന്നെ സംരക്ഷിച്ചു. ഭക്ഷണം, വസ്ത്രം, സംരക്ഷണം എല്ലാം തന്നു. വേശ്യാലയത്തിലെ പെണ്‍കുട്ടികളുമായി ഹാജിമലംഗില്‍ പതിവായി അമ്മ തീര്‍ത്ഥാടനത്തിന് പോകുമായിരുന്നു. അവിടത്തുകാര്‍ അമ്മയെ വലിയ ബഹുമാനത്തോടെ കണ്ടു. കാമാട്ടിപ്പുരയില്‍ എനിക്കിപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹം അവരോടുള്ള ബഹുമാനമാണ്. അവര്‍ ആരെയും വേദനിപ്പിച്ചില്ല. കരീംലാലയുടെ സഹായമില്ലായിരുന്നെങ്കില്‍ അമ്മ ഇത്രയും പ്രശസ്തയാകില്ലായിരുന്നു. ഇന്ത്യയിലെ പലയിടത്തും അവര്‍ക്ക് ഇത്തരം ഇടപാടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രം അവരെ മാഫിയ ക്വീന്‍ എന്ന് വിളിച്ചു. അമ്മ മരിച്ചപ്പോള്‍ ഒരു നോക്കുകാണാന്‍ ഹാജിമലംഗില്‍ നിന്ന് എത്രയോ ആളുകള്‍ വന്നു'.
പില്‍ക്കാലം ബോംബെ അധോലോകത്തെ അനവധി സ്ത്രീകള്‍ ഭരിച്ചു. ആശാ ഗാവ്ലി, കരീമ ആപ്പ, അഞ്ജലി മാക്കന്‍, ഇക്ര ഖുറൈഷി, നീതാ നായിക്ക്, റുബീന സിറാജ്, സപ്ന ദീദി, ഹസീന പാര്‍ക്കര്‍, ജനാബായി ദാറൂവാലി... മയക്കുമരുന്നും ചൂതുകളിയും ആയുധവില്‍പ്പനയും ഹവാലാ ഇടപാടും ഹഫ്ത പിരിവും കരിഞ്ചന്തയിലെ കച്ചവടവും തുടങ്ങി നാനാവിധ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടവര്‍. അതിനായി റൈഫിള്‍ ഷൂട്ടിങ്ങും കാറോട്ടവും ആയോധനകലയും ഗ്രനേഡ് ഉപയോഗവും പരിശീലിച്ചവര്‍. എന്നാല്‍ അഗതികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കിയ ഗംഗുബായ് മാത്രമേ ബോംബ മാഫിയയിലെ വ്യത്യസ്തയായ റാണിയായി അവരോധിക്കപ്പെട്ടുള്ളൂ!
………………………………..
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)