
സാവന്ത് ദാവൂദിന്റെ പ്രിയപ്പെട്ടവനായി. അതോടെ ചോട്ടാ രാജന്റെ വാക്കുകള്‍ക്ക് അയാള്‍ ചെവികൊടുക്കാതെയായി. അവര്‍ക്കിടയില്‍ അസ്വാരസ്യം പുകഞ്ഞു. താന്‍ വളര്‍ത്തിയ ഒരാള്‍, തന്നെ അവഗണിക്കുന്നതിലെ നീരസം രാജന്‍ മനസ്സില്‍ വെച്ചു. സംഘര്‍ഷം പെരുകിയപ്പോള്‍, സാവന്തിനെ വകവരുത്താന്‍ ചെമ്പൂരിലെ രണ്ടുപേരെ രാജന്‍ രഹസ്യമായി നിയോഗിച്ചു.
എണ്‍പതുകളില്‍ അധോലോകം സൗത്ത് ബോംബെയിലും പരിസരങ്ങളിലും തേര്‍വാഴ്ച്ച നടത്തിയിരുന്ന കാലത്താണ് തൊട്ടടുത്ത പ്രദേശമായ ഗിര്‍ഗാവിലും അതിന്റ അലയൊലി എത്തുന്നത്. തുടക്കക്കാരാവട്ടെ കുറേ കൗമാരക്കാരും. കടക്കാരെ ചീത്തപറയുക, അവരുടെ സാധനങ്ങള്‍ മോഷ്ടിക്കുക, വഴിയാത്രക്കാരെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുക എന്നിത്യാദി വിഷയങ്ങളില്‍ അവര്‍ വ്യാപൃതരായി. പലരും ഇതൊക്കെ പിള്ളേരുകളിയല്ലേ എന്ന മട്ടില്‍ അവഗണിച്ചുപോന്നു. പതുക്കെപ്പതുക്കെ വികൃതികള്‍ അക്രമത്തിലേക്കും തമ്മില്‍ത്തല്ലിലേക്കും വഴിമാറി. അത് പിന്നീട് ഗിര്‍ഗാവിന് മാറാത്ത തലവേദനയായി.
അവര്‍ക്കും ഒരു നേതാവുണ്ടായിരുന്നു. തടിമിടുക്കിലും കളിമിടുക്കിലും വമ്പനായ സുനില്‍ സാവന്ത് അഥവാ സൗത്യ. കൂട്ടുകാരായി മനോജ് കുല്‍ക്കര്‍ണി, വിജയ് ധോഡ, ബച്ചി ആപ്‌തെ, സന്തോഷ് ലാടെ. യുവത്വത്തിന്റ തിളപ്പില്‍ സൗത്യയും കൂട്ടുകാരും ഗിര്‍ഗാവില്‍ നിരന്തരമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു.
കോട്ടണ്‍ ഹില്ലിലെ മില്ലില്‍ ജോലിചെയ്യുന്ന പാവപ്പെട്ടവരായിരുന്നു ഗിര്‍ഗാവിലെ മിക്ക താമസക്കാരും. അതില്‍നിന്ന് വ്യത്യസ്തമായിരുന്നു സാവന്തിന്റെ പശ്ചാത്തലം. റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആയിരുന്നു പിതാവ്. ഒരിക്കല്‍പ്പോലും അവന് ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിരുന്നില്ല.
അധോലോകര്‍ പരക്കെ നടത്തിവന്ന ഹഫ്ത പിരിവു തന്നെയാണ് തുടക്കത്തില്‍ അവരും തിരഞ്ഞെടുത്തത്. ഹഫ്ത കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തിയും തല്ലിയും തങ്ങളുടെ വശത്താക്കി. എല്ലാ വൃത്തികേടുകള്‍ക്കും നേതൃത്വം നല്‍കിയത് സാവന്ത് തന്നെ. പതിനാറ് വയസ്സുമുതല്‍ ഗിര്‍ഗാവില്‍ ഗര്‍വ്വും ഭീഷണിയും പ്രകടിപ്പിച്ചു തുടങ്ങിയ അവന്‍ വലുതായപ്പോള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചു. സാന്നിധ്യം തന്നെ ആളുകളില്‍ ഭയപ്പാടുണ്ടാക്കി.
സാവന്തും സംഘവും ആളാകും മുമ്പേ ഗിര്‍ഗാവില്‍ ആധിപത്യം സ്ഥാപിച്ച മറ്റൊരു സംഘമുണ്ടായിരുന്നു. സാവന്തിനെയും കൂട്ടുകാരെയും സദാ പരിഹസിക്കാറുള്ള ഒരു സംഘം. ഭാവു മറാട്ടേയായിരുന്നു നേതാവ്. ശിവസനാ നേതാവായ സഹോദരന്റെ രാഷ്ട്രീയസ്വാധീനമായിരുന്നു ഭാവുവിന്റെ ബലം.
സാവന്തും സംഘവും ശക്തമായതോടെ ഇരു കക്ഷികളും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായി. നിരന്തര സംഘട്ടനങ്ങള്‍ നടന്നു. അപ്പോഴൊക്കെ ഭാവു മറാട്ടയെ ചേട്ടന്റെ രാഷ്ട്രീയ സ്വാധീനം രക്ഷപ്പെടുത്തി. അതൊരു അപമാനമായി സാവന്തിനും കൂട്ടുകാര്‍ക്കും അനുഭവപ്പെട്ടു. ഇനി ഒന്നേ വഴിയുള്ളൂ, അധോലോകം എതിരാളികള്‍ക്ക് നേരെ പ്രഖ്യാപിക്കുന്ന അന്തിമവിധി. ഭാവുവിനെ കൊല്ലുക. പക്ഷേ, അതത്ര എളുപ്പമല്ല.
ഒരിക്കല്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നു. 1982 ഫിബ്രുവരി പതിനൊന്നിന് വൈകീട്ട്. ഭാവു മറാട്ടെയുടെ പതിവ് പരിഹാസം കേള്‍ക്കാനായിരുന്നില്ല അന്ന് സാവന്ത് വന്നത്. താനും തന്റെ ഗ്രൂപ്പും ഏറ്റുവാങ്ങിയ അപമാനത്തിനും ആക്രമണത്തിനും കണക്കു തീര്‍ക്കാനായിരുന്നു. പതിവുപോലെ അയാള്‍ വെല്ലുവിളിച്ചു. ഭാവു അത് പരിഹാസത്തോടെ നേരിട്ടു. കോപം അടക്കാനാവാതെ സാവന്ത് അരയില്‍ ഒളിപ്പിച്ച കത്തിയെടുത്തു ഭാവുവിനെ കുത്തി. ഒന്നല്ല മൂന്നുതവണ. മാരകമായിരുന്നു ആ ആക്രമണം. ഭാവു കൊല്ലപ്പെട്ടു. ഘാതകനായ സാവന്തിന് അന്ന് വെറും പതിനേഴ് വയസ്സ്!
അതോടെ സുനില്‍ സാവന്ത് അഥവാ സൗത്യ എന്ന പേര് ക്രൂരതയുടെ പര്യായമായി മാറി. ഹഫ്ത പണം ഭീഷണികൂടാതെ കയ്യില്‍ വരാന്‍ തുടങ്ങി. ഗിര്‍ഗാവിലെ രാജാക്കന്മാരായി സൗത്യയും സംഘവും വളര്‍ന്നു.
നഗരത്തിലെ ഒരു കൊച്ചു പ്രദേശമാണ് ഗിര്‍ഗാവ്. അയല്‍പ്രദേശം കൂടി തന്റെ അധീനതയിലാക്കണം. അങ്ങനെ വന്നാല്‍, പേരും സമ്പത്തും വര്‍ധിക്കും. സാവന്തുംം കൂട്ടുകാരും അതിനുള്ള ശ്രമമാരംഭിച്ചു.
നിയമപാലകരും ഭരണകൂടവും ഗുണ്ടകളോട് കാണിക്കുന്ന നിസ്സംഗതയും പാരിതോഷികത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ടും അധോലോകര്‍ക്ക് വളരാനുള്ള കാരണമാകാറുണ്ട്. എല്ലായിടത്തുമെന്നപോലെ ഗിര്‍ഗാവിലും അതുതന്നെ സംഭവിച്ചു. അതിനാല്‍ ആരെയും ഭയപ്പെടാതെ നിയമപാലകരെ വേണ്ടവിധം സുഖിപ്പിച്ചുകൊണ്ട് സാവന്ത് തന്റെ ഗുണ്ടാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയി.
ഇതേ കാലത്താണ് മുന്‍ ലക്കത്തില്‍ സൂചിപ്പിച്ച ബിആര്‍എ ഗ്രൂപ്പ് തലവന്‍ റമ നായിക്ക് ബൈക്കുളയില്‍ തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നത്. കരീം ലാലയെപ്പോലുള്ള പ്രമുഖരുടെ പിന്തുണയുണ്ട് അന്നയാള്‍ക്ക്. ചൂതുകളി, ലഹരി വില്‍പ്പന, ഹവാലാ ഇടപാടുകള്‍, കള്ളക്കടത്ത് എന്നിങ്ങനെ പല ഇടങ്ങളിലും ആഴത്തില്‍ വേരുണ്ട്. അധോലോകത്തു പ്രവേശിക്കുന്ന ചെറുപ്പക്കാര്‍ക്ക് റമ നായിക്ക് എന്ന പേര് പ്രതീക്ഷയുടെ പര്യായമാണ്. സ്‌റ്റൈല്‍, സമ്പത്ത്, ധൈര്യം, ഗ്രൂപ്പ് അംഗങ്ങളുടെ ബാഹുല്യം-ഇത്തരം വിശേഷണങ്ങള്‍ റമ നായിക്കിലേക്ക് അടുക്കാന്‍ സൗത്യയ്ക്ക് പ്രേരണയായി. റമയുടെ കൂടെ അരുണ്‍ ഗാവ്ലി, ബാബു റഷിം, അശോക് ജോഷി എന്നീ പ്രമുഖരും ഉണ്ട്. അയാള്‍ റമ നായിക്കുമായി ചങ്ങാത്തത്തിലായി. ഗ്യാംഗുകളെ ലയിപ്പിക്കാന്‍ ഇരുവരും ധാരണയായി.
ദുബായിലാണെങ്കിലും ദാവൂദ് ഇബ്രാഹിമിന്റെ പ്രവര്‍ത്തനം നഗരത്തില്‍ സജീവമാണ്. അയാളുടെ അദൃശ്യസാന്നിധ്യം പോലും ഭീതിയുടെ നിഴല്‍ വിരിച്ചുകിടപ്പുണ്ട്. സുനില്‍ സാവന്ത് മിടുക്കനാണെന്ന് ദാവൂദ് മനസ്സിലാക്കി. അതിനിടയില്‍ ഗിര്‍ഗാവില്‍ ഒരു സംഭവം നടന്നു. കള്ളക്കടത്ത് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സത്യനാഥ് പരബ് എന്നയാളെ ഹഫ്ത നല്‍കിയില്ല എന്ന കാരണത്താല്‍ സാവന്ത് കൊല്ലുന്നു. ദാവൂദിന്റെ ദൂതന്‍ സാവന്തിനെ തേടിയെത്തി. പക്ഷേ ദാവൂദിന്റെ ക്ഷണം സുനില്‍ നിരസിച്ചു.
പരബിനെ കൊന്ന കേസില്‍ സാവന്ത് പിടിക്കപ്പെട്ടപ്പോള്‍ റമ നായിക്ക് രക്ഷക്കെത്തിയില്ല. അവസരം മുതലെടുത്ത ദാവൂദ്, ശരത് ഷെട്ടിയെ വിട്ട് രായ്ക്കുരാമാനം സാവന്തിനെ പുറത്തിറക്കി. ദാവൂദിന് അതിനു ഒരു മണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അനവധി അധോലോക നായകര്‍ ഉണ്ടായിട്ടും ദാവൂദിന് മാത്രം ഇതെങ്ങിനെ ഇത്ര എളുപ്പത്തില്‍ സാധിക്കുന്നു എന്നത് സാവന്തിനെ അത്ഭുതപ്പെടുത്തി. അനുയായികളെ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള പ്രായോഗിക ബുദ്ധിയും മാന്‍ മാനേജ്‌മെന്റുമാണ്' അതിനു കാരണമെന്ന് അയാള്‍ക്ക് മനസ്സിലായി.
ദാവൂദ് സാവന്തിനെയും കൊങ്കണ്‍ പ്രവിശ്യയില്‍നിന്നുള്ള അനില്‍ പരബിനെയും ഗ്രൂപ്പില്‍ ചേര്‍ത്തു. പിന്നെ, കരീം ലാലയുടെ പത്താന്‍ ഗ്രൂപ്പിനെ നാമാവശേഷമാക്കാനുള്ള ദൗത്യം അവരെ ഏല്‍പ്പിച്ചു. ആദ്യപടിയായി ഒരു ഇരട്ടക്കൊലപാതകമാണ് ഇരുവരും പ്ലാന്‍ ചെയ്തത്. പത്താന്‍ ഗ്രൂപ്പിലെ അപകടകാരികളായ ചേനു, പപ്പു എന്നിവരെ നാഗ്പ്പടയിലെ ഹഡ്ഡയില്‍ കയറിച്ചെന്ന് വകവരുത്തുക. നാഗ്പ്പടയില്‍ അനില്‍ പരബും സൗത്യയും അപരിചിതര്‍ ആകയാല്‍ ആ ദൗത്യം അവര്‍ക്ക് എളുപ്പമായി. പിന്നീട്, തന്റെ വലംകൈയായ സതീഷ് രാജയെ കൊന്ന അശോക് ജോഷിയെ വകവരുത്താനും ദാവൂദ് സാവന്തിനെ നിയോഗിച്ചു. കഞ്ചൂര്‍മാര്‍ഗ്ഗും ഭാണ്ടൂപ്പുമാണ് അശോക് ജോഷിയുടെ അധികാര കേന്ദ്രങ്ങള്‍. രണ്ടാഴ്ചക്കകം വധിക്കണം എന്നാണ് ദാവൂദിന്റെ കല്പന. ഇടയ്ക്കിടെ അശോക് ജോഷിയുടെ ഡ്രൈവറായി പണിയെടുക്കുന്ന ശ്യാംസുന്ദര്‍ നായിക്കിനെ സാവന്ത് കണ്ടെത്തി. ഭീഷണിപ്പെടുത്തിയും ഭീമമായ തുക കയ്യില്‍ വെച്ചുകൊടുത്തും ജോഷിയുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ നല്‍കാന്‍ ശ്യാംസുന്ദറിനെ അവന്‍ കയ്യിലെടുത്തു.
മറ്റൊരു ലക്ഷ്യം സാവന്തിന്റെ മനസ്സിലുണ്ടായിരുന്നു. അരുണ്‍ ഗാവ്ലി- റമ നായിക്ക് സഖ്യത്തെ തകര്‍ക്കുക. അതിനാദ്യം ഇരുവരുടെയും അനുയായികളെ കൊല്ലണം. ഗാവ്ലിയുടെ ഷൂട്ടര്‍ ലാലു മഹാദേവ് ജൂഹുവിലെ സണ്‍ ആന്‍ഡ് സാന്‍ഡ് ഹോട്ടലില്‍ ഉണ്ടെന്ന കാര്യം സൗത്യ മനസ്സിലാക്കി. ലാലുവിനെ അവിടെ വെച്ച് സാവന്ത് കൊന്നു. തൊട്ടടുത്ത ദിവസം, ഗാവ്ലിയുടെ വലംകൈയായ പോള്‍ ന്യൂമാനെയും സാവന്ത് വധിച്ചു. അങ്ങനെയങ്ങിനെ ഗാവ്ലിക്കു പലരേയും നഷ്ടപ്പെട്ടു കൊണ്ടിരുന്നു. സഹോദരന്‍ പപ്പു ഗാവ്ലി, ലാലു മഹാദേവ്, റമ നായിക്ക്, പോള്‍ ന്യൂമാന്‍. ഗാവ്ലിയെ മുപ്പതുകാരനായ സാവന്ത് അടിമുടി ഉലച്ചുകളഞ്ഞു. എതിരാളികളെ ഇലനുള്ളുന്ന ലാഘവത്തോടെ സാവന്ത് പറിച്ചെറിയാന്‍ തുടങ്ങിയതോടെ ദാവൂദ് അയാളുമായി കൂടുതല്‍ അടുത്തു. ഏല്‍പ്പിക്കുന്ന ജോലി മടിയില്ലാതെ ചെയ്യുന്ന ചെറുപ്പക്കാരനെ ദാവൂദ് കൂടെ നിര്‍ത്തി.
സാവന്ത് ദാവൂദിന്റെ പ്രിയപ്പെട്ടവനായി. അതോടെ ചോട്ടാ രാജന്റെ വാക്കുകള്‍ക്ക് അയാള്‍ ചെവികൊടുക്കാതെയായി. അവര്‍ക്കിടയില്‍ അസ്വാരസ്യം പുകഞ്ഞു. താന്‍ വളര്‍ത്തിയ ഒരാള്‍, തന്നെ അവഗണിക്കുന്നതിലെ നീരസം രാജന്‍ മനസ്സില്‍ വെച്ചു. സംഘര്‍ഷം പെരുകിയപ്പോള്‍, സാവന്തിനെ വകവരുത്താന്‍ ചെമ്പൂരിലെ രണ്ടുപേരെ രാജന്‍ രഹസ്യമായി നിയോഗിച്ചു.
ബോംബയില്‍ നടന്ന ഒട്ടുമിക്ക കൊലകളിലും സാവന്തിന്റെ പങ്ക് പോലീസ് പുറംലോകത്തോട് വ്യക്തമാക്കിയിരുന്നു. അയാള്‍ കൂടുതല്‍ കൂടുതല്‍ പ്രബലനായി. ദാവൂദ് സാവന്തിനെ ദുബായിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഈ സമയത്ത് നഗരം വിട്ടുപോവുന്നത് ആത്മഹത്യാപരവും നാണക്കേടുമാണെന്ന് അയാള്‍ ദാവൂദിന് മറുപടി നല്‍കി.
മദ്യവും സ്ത്രീകളും ആയിരുന്നു സാവന്തിന്റെ ദൗര്‍ബ്ബല്യം. കൂട്ടുകാരന്‍ പപ്പി ഷിര്‍സേക്കര്‍ ജയിലായപ്പോള്‍ അയാളുടെ ഭാര്യ ഉനിത പ്രജാപതിയോട് സൗത്യ അടുത്തു. പപ്പിയെ ജാമ്യത്തിലിറക്കി അയാളെ കൂട്ടുകാരെക്കൊണ്ട് കൊല്ലിച്ചുകളഞ്ഞ ശേഷം സാവന്ത് ഉനിതയെ വിവാഹം ചെയ്തു. സാവന്ത് നടത്തുന്ന ഓരോ കൊലപാതകങ്ങളും ഭ്രാന്തമായ ആവേശത്തോടെ നോക്കി നില്‍ക്കുക ഉനിതയുടെ രീതിയായയിരുന്നു. അവള്‍ അതില്‍ ഉന്മത്തയായി.
അതിനിടയില്‍ ഒരു കൊലപാതകം നടന്നു. യോഗേശ്വരി എം.എല്‍.എ കിം ബഹാദൂര്‍ ഥാപ്പ കൊല്ലപ്പെട്ടു. സാവന്തിന്റെ അറിവില്ലാതെ രാജന്‍ നടത്തിയ കൊലയായിരുന്നു അത്. കിം ബഹാദൂര്‍ ഥാപ്പ നടത്തുന്ന ചൂതുകളിയുടെ ഹഫ്ത്തയുമായി ബന്ധപ്പെട്ടായിരുന്നു ആ കൊല. അത്തരം കൊലകള്‍ പാടില്ലെന്ന് അപ്പോള്‍ത്തന്നെ ദാവൂദ് രാജനെ താക്കീതു ചെയ്തു. തൊട്ടുപിന്നാലെ, ഥാപ്പയെ കൊന്ന മൂന്നുപേരെയും സാവന്തും കൂട്ടുകാരന്‍ താക്കൂറും കൊന്നുതള്ളി. ദാവൂദിന് സാവന്തിനോടുള്ള അടുപ്പം വര്‍ദ്ധിച്ചു. ചോട്ടാ രാജന് സാവന്തിനോടുള്ള വിരോധം ഇരട്ടിച്ചു.
ഒരിക്കല്‍ സാവന്തിന് കൂട്ടുകാരന്‍ ഹനീഫിന്റെ വീട്ടില്‍ ഒരു അത്താഴവിരുന്നു നല്‍കിയിരുന്നു. ഭക്ഷണം വിളമ്പിയത് ഹനീഫിന്റെ സഹോദരി റസിയയാണ്. ആ നിമിഷം സാവന്ത് അവളില്‍ ആകൃഷ്ടനായി. അവളെ വിവാഹം കഴിക്കണമെന്ന് സാവന്ത് താല്‍പ്പര്യം പ്രകടിപ്പിച്ചു. മതം മാറിയാല്‍ വിവാഹം ചെയ്തുതരാമെന്ന് ഹനീഫ ഒഴികഴിവു പറഞ്ഞു. പക്ഷേ, സാവന്ത് അത് അക്ഷരാര്‍ത്ഥത്തിലെടുത്തു. അയാള്‍ മതം മാറി, സുനില്‍ സാവന്ത് എന്ന പേര് സുലൈമാന്‍ എന്നുമാറ്റി റസിയയെ വിവാഹം ചെയ്തു.
ഈ വിവാഹം, സാവന്തിന്റെ പങ്കാളിയായ ഉനിതയെ പ്രതികാരദാഹിയാക്കി. സാവന്ത് നടത്തിയ ഓരോ കൊലപാതകങ്ങള്‍ക്കും താന്‍ സാക്ഷിയാണെന്ന് അവള്‍ പോലീസിന് മൊഴി നല്‍കി. അക്ഷരാര്‍ത്ഥത്തില്‍ സാവന്ത് പെട്ടു. പോലീസ് പിടികൂടും മുമ്പ് അവന്‍ ദുബായിലേക്ക് പറന്നു. അപ്പോഴേക്കും ചോട്ടാ രാജന്‍ പിന്‍വാതിലില്‍ ഇരുന്നു പണി തുടങ്ങികഴിഞ്ഞിരുന്നു. 1995 ആഗസ്റ്റില്‍ ശ്യാംസുന്ദര്‍, ബാബു, ഗുരു അഞ്ചല്‍ എന്നീ മൂന്നുപേരെ രാജന്‍ ദുബായിലേക്ക് പറഞ്ഞുവിട്ടു.
ദാവൂദിന്റെ വലംകൈയായ ചോട്ടാ ഷക്കീല്‍ ആയിരുന്നു ദുബായില്‍ സാവന്തിന് കൂട്ട്. ദുബായ് അയാള്‍ക്ക് നന്നേ പിടിച്ചു. പ്രതിയോഗികള്‍ ഇല്ല. അതിനാല്‍ അംഗരക്ഷകര്‍ വേണ്ട, ആയുധം കരുതേണ്ട. ആവശ്യമുള്ളതെല്ലാം സുലഭം. ചോട്ടാ രാജന് പ്രതികാരം തീര്‍ക്കാന്‍ സാവന്തിന്റെ ദുബായിലെ സ്വതന്ത്രജീവിതം എളുപ്പമായി.
അനുകൂല സാഹചര്യങ്ങള്‍ മുന്നിലുള്ളപ്പോള്‍ മനുഷ്യന്‍ മരണത്തെ ഭയപ്പെടാറില്ല. ഇനി ബോംബെയിലേക്കില്ല എന്ന് സാവന്ത് തീരുമാനിച്ചു. അനില്‍ പരബും ശരത് ഷെട്ടിയും ബിസിനസ്സുമായി അവിടെയുണ്ട്. ശരത് ഷെട്ടി റമി ഗ്രൂപ്പ് ഇന്റര്‍ നാഷണലിന്റെ ഹോട്ടല്‍ വിലയ്‌ക്കെടുത്ത് നടത്തുന്നു. അനിലാകട്ടെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിന്റെ മുതലാളി.
ദേര-ദുബായില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഷോറൂം വാങ്ങാനുള്ള അന്വേഷണത്തിലായിരുന്നു സാവന്ത്. കൂട്ടിന് നേപ്പാള്‍ സ്വദേശിയായ ശങ്കര്‍ എന്ന ഡ്രൈവറെ അയാള്‍ ഏര്‍പ്പാടാക്കി. അവര്‍ ദേരയില്‍ കടകള്‍ അന്വേഷിച്ചു നടന്നു. ആ നടത്തത്തിനിടെയാണ് മരണം സാവന്തിനെ തേടിയെത്തിയത്.
വൈകീട്ട് മൂന്നുമണിയായിക്കാണും. സാവന്തും ശങ്കറും ഊണ് കഴിക്കാന്‍ തൂഫാന്‍ ഹോട്ടലില്‍ കയറി. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കെ സാവന്ത് വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. എകെ 56 ചൂണ്ടി കൊലയാളികള്‍! അവന്‍ പകച്ചുപോയി.
ആദ്യവെടി ഇടതു തോളത്ത്. സാവന്ത് രക്ഷപ്പെടാനുള്ള വഴി നോക്കി. ശങ്കറിനെ മറയാക്കി അയാള്‍ പിറകിലേക്ക് മാറി. തുരുതുരാ വെടിയുണ്ടകള്‍ വന്നു. ശങ്കറിന്റെ ദേഹം ചിതറിപ്പോയി. മുറിവേറ്റ തോളില്‍ നിന്നും രക്തം കുടുകുടാ ഒഴുകുന്നതിനിടെ, അയാള്‍ ഹോട്ടല്‍ നിന്നും ഇറങ്ങിയോടി.
എന്നാല്‍, കൊലകളേറെ കണ്ട സാവന്ത് ക്ഷീണിച്ചിരുന്നു. ഓട്ടത്തിനിടെ, അടുത്ത വെടി ചുമലില്‍ തറച്ചു.
ആയുധം കളഞ്ഞ് നേര്‍ക്കുനേരെ നേരിടാന്‍ സാവന്ത് എതിരാളികളെ വെല്ലുവിളിച്ചുനോക്കി. എന്നാല്‍ ചോട്ടാ രാജന്റെ ഉത്തരവ് ഏറ്റെടുത്ത ശ്യാം സുന്ദറിന്റെ വെടിയുണ്ടകള്‍ക്ക് ഉന്നം പിഴച്ചില്ല. സാവന്ത് വീണു!
ഒരുകാലത്ത് ബോംബെനഗരത്തെ കിടുകിടാ വിറപ്പിച്ച അപകടകാരിയായ സാവന്ത്. തീരാത്ത രക്തദാഹവുമായി അലഞ്ഞ, മനസ്സലിവില്ലാത്ത ആ ക്രിമിനലിന് തെരുവില്‍ വെടികൊണ്ട് വീഴുമ്പോള്‍ പ്രായം മുപ്പത്തിയഞ്ച് മാത്രമായിരുന്നു.
………………………………..
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)