പെണ്‍ക്രിമിനലുകള്‍: വീട്ടിൽനിന്നും ഭർത്താവിറക്കിവിട്ട സാധാരണക്കാരി, മുംബൈയിലെ 'മയക്കുമരുന്നിൻ്റെ റാണി'യായ കഥ
ഗ്രീഷ്മയെന്ന പെൺകുട്ടിക്ക് നിസ്സാരമായി ഒരു ജീവനെ കൊന്നുതള്ളാൻ കഴിഞ്ഞതെന്തുകൊണ്ടാവും. കുറ്റവാസനയിൽ ആണിനും പെണ്ണിനും തമ്മിലെന്താണ് വ്യത്യാസം? ഒരു സാധാരണ പെൺകുട്ടി ലക്ഷണമൊത്തൊരു ക്രിമിനലായി മാറുന്നതിൻ്റെ രസതന്ത്രമെങ്ങനെയാണ്. പത്രമാധ്യമങ്ങൾ ഒരുപാട് കൊട്ടിഘോഷിക്കാത്ത ചില രാജ്ഞിമാരുണ്ട്, ക്രൈമിൻ്റെ ഇരുണ്ടലോകത്ത്.

ഒരു മഴയത്ത് ഭര്‍ത്താവ് കുട്ടികളുമായി തെരുവിലേക്ക് ഇറക്കിവിട്ട ഒരു സാധാരണക്കാരി യുവതി ശാന്തിദേവി പട്കർ. അവരെങ്ങനെയാണ് മുംബൈയിലെ മയക്കുമരുന്നിന്‍റെ മഹാറാണി ആയി മാറിയത്.
ക്രൈമെന്നാൽ പുരുഷൻ്റെ മാത്രം കയ്യിലിരുപ്പൊന്നുമല്ല. ആരും കുറ്റവാളിയായി ജനിക്കുന്നുമില്ല. അല്ലെങ്കിൽ ഭൂമിയിൽപ്പിറന്നുവീഴുന്ന സകല മനുഷ്യരും ഒരു ക്രിമിനൽ സൈക്കുമായാണ് ജനിക്കുന്നത്. സാഹചര്യമൊത്തുവരുമ്പോൾ ആ സൈക്ക് വെളിപ്പെടും.
ഗ്രീഷ്മയെന്ന പെൺകുട്ടിക്ക് നിസ്സാരമായി ഒരു ജീവനെ കൊന്നുതള്ളാൻ കഴിഞ്ഞതെന്തുകൊണ്ടാവും. കുറ്റവാസനയിൽ ആണിനും പെണ്ണിനും തമ്മിലെന്താണ് വ്യത്യാസം? ഒരു സാധാരണ പെൺകുട്ടി ലക്ഷണമൊത്തൊരു ക്രിമിനലായി മാറുന്നതിൻ്റെ രസതന്ത്രമെങ്ങനെയാണ്. പത്രമാധ്യമങ്ങൾ ഒരുപാട് കൊട്ടിഘോഷിക്കാത്ത ചില രാജ്ഞിമാരുണ്ട്, ക്രൈമിൻ്റെ ഇരുണ്ടലോകത്ത്. 'ക്യൂൻസ് ഓഫ് ക്രൈം'. സുഷാന്ത് സിംഗും കുൽപ്രീത് യാദവും ചേർന്നെഴുതി പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം ചോരമണക്കുന്ന അക്കഥ പറയും.
ശാന്തിദേവി പട്കർ (ഡ്രഗ്ഗ് ക്യൂൻ ഓഫ് മുംബായ്)
1982 -ലെ മുംബായ് നഗരത്തിലെ മഴയുള്ളൊരു ദിവസം. ഇറങ്ങിപ്പോകാനലറിക്കൊണ്ട് രണ്ടാൺകുട്ടികളെയും ഒരുതുണിക്കെട്ടും മുഖത്തേക്ക് വലിച്ചെറിഞ്ഞ് വാതിലടച്ച ഭർത്താവിൽ നിന്നും ജീവിതത്തിൻ്റെ പെരുമഴയത്തേക്കിറങ്ങി നടന്നൊരു സ്ത്രീ. ശാന്തിദേവി പട്കർ. ഏതുവാതിലിൽ മുട്ടണമെന്നറിയാതെ ആകെയറിയുന്ന വോർലിക്കടുത്തെ സിദ്ധാർത്ഥ് നഗറിലെ കോളണിയിലേക്ക് അനാഥമായി അവർ നടന്നു.
അഞ്ചാങ്ങളമാരിൽ നാലാളും വിവാഹിതരായി അവിടെ ജീവിക്കുന്നുണ്ട്. കൊലക്കുറ്റത്തിന് ജയിൽ ശിക്ഷയനുഭവിക്കുന്ന സഹോദരൻ്റെ കുടുസ്സുവീടാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്. ശിഷ്ടം രണ്ടാങ്ങളമാർ അതേ കൊലക്കുറ്റത്തിന് ജയിൽശിക്ഷയനുഭവിച്ച് പുറത്തിറങ്ങി. കുറ്റം ചെയ്യാതെ ജയിലിൽ അടക്കപ്പെട്ട സഹോദരൻ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തു.
സ്നേഹത്തോടെ സ്വീകരിച്ച സഹോദരപത്നി താൻ കൂടെയുണ്ടെന്ന് ധൈര്യം പകർന്നു. മൂന്നിടങ്ങളിലെ വീട്ടുജോലി ചെയ്ത് കിട്ടുന്ന 600 രൂപ ദിവസക്കൂലിയിൽ നിന്നും അവരുടെ പുതിയ ജീവിതം തുടങ്ങി. അതിൽ മൂന്നൂറ് രൂപക്ക് വാടകവീട് തരപ്പെടുത്തി. നാലറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ട ജീവിതം.
പണികഴിഞ്ഞ് വോർലി കടപ്പുറം വഴി വീട്ടിലേക്ക് മടങ്ങുന്നൊരു വൈകുന്നേരം. ക്ഷീണമകറ്റാൻ ബസ്സ്റ്റോപ്പിലിരുന്ന ഇത്തിരിനേരം. തൊട്ടടുത്തിരുന്ന അപരിചിതനായ ഒരു മനുഷ്യനുമായുള്ള ചെറുസംഭാഷണം. പണത്തിന് മീതെ മുംബായിലൊന്നും പറക്കില്ലെന്ന സാരോപദേശം. ഒക്കെ യാദൃച്ഛികം. പക്ഷെ, അതവരുടെ ജീവിതം മാറ്റി. മയക്കുമരുന്നിൻ്റെ ചില്ലറക്കച്ചവടം നടത്തിയിരുന്ന ആ മനുഷ്യനോട് യാത്ര പറയുമ്പോഴേക്കും ശാന്തിദേവി തൻ്റെ ഭാവിയെ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ആ വൈകുന്നേരം മുംബായ് നഗരത്തിലൊരു ഡ്രഗ്ഗ് ക്യൂൻ ജനിച്ചു. മയക്കുമരുന്നിൻ്റെ റാണി.
ശാന്തിദേവി ഒന്നാം പടിയിൽ തുടങ്ങി. നക്ഷത്രഹോട്ടലുകളിൽ ബ്രൗൺഷുഗറും ഹഷീഷുമെത്തിക്കുന്ന പണി. കസ്റ്റമേഴ്സിന് പൂർണവിശ്വാസം. രണ്ട് വർഷം. കിട്ടിയ കാശുകൊണ്ടൊരു വീട് തരപ്പെടുത്തി. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലയച്ചു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിജയിച്ചതും അറ്റ്ലാൻ്റിക്കിന് മുകളിൽ എയർ ഇന്ത്യ ഫ്ലൈറ്റിൽ ബോംബ് പൊട്ടി, 129 പേർ മരിച്ചതുമൊന്നും ശാന്തിദേവിയെ അലട്ടിയില്ല. അവർ ശരിക്കും കച്ചവടം പഠിച്ചു. ചരക്കുകൾ സ്വയം ശേഖരിച്ചു. സഹായിക്കാൻ ഇരുപതോളം ഡ്രഗ്ഗ് അഡ്ഡിക്ടുകൾ. അവർക്കുള്ള സ്റ്റഫ് സൗജന്യം. അവരിൽ ഭൂരിപക്ഷവും ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ മയക്കുമരുന്നിനടിപ്പെട്ട് മരിച്ചു. അതിനും മുന്നേ നിരവധി പേരിലേക്ക് ആ വിഷം എത്തിക്കഴിഞ്ഞിരിക്കും. അവരിൽ ലക്ഷണമൊത്തൊരു മറ്റൊരു സംഘത്തെ ശാന്തിദേവി തുണക്ക് നിർത്തും.
പക്ഷെ 1992 -ലെ ഒരു മധ്യാഹ്നത്തിൽ ഒരു പൊലീസുകാരൻ ശാന്തിദേവിയുടെ വാതിലിൽ ആദ്യമായി മുട്ടി. റൂമിനുള്ളിൽ കിലോക്കണക്കിന് ഡ്രഗ്ഗും പണവും. പക്ഷെ ശാന്തീദേവി ഒരു പെണ്ണിന് മാത്രം കഴിയുന്ന തുറുപ്പുചീട്ട് പുറത്തെടുത്തു. അയജ് ലോഖണ്ടെ എന്ന ആ പൊലീസുകാരൻ അവിടുന്നങ്ങോട്ട് ശാന്തീദേവിയുടെ പതിവുകാരനായി. ശരിക്കുള്ള ശാന്തിദേവിയെ തനിക്കറിയില്ലെന്ന് നടിച്ചു. പക്ഷെ ഒരു ദിവസം പാവ്ബജിയും കഴിച്ച് ജൂഹുബീച്ചിലിരുന്ന പ്രണയനിമിഷങ്ങളിലൊന്നിൽ എല്ലാ സത്യങ്ങളുമറിയാവുന്ന ലോഘണ്ടേ ശാന്തിദേവിയോട് വിലപേശി.
തുടർന്നങ്ങോട്ട് ലോഘണ്ടേയെന്ന പൊലീസുകാരനും ശാന്തിദേവിയും ചേർന്നൊരു കൂട്ടുകൃഷിയുടെ കാലമാണ്. മഹാരാഷ്ട്ര പൊലീസിൻ്റെ ജീപ്പുകളിൽ ശാന്തീദേവിയുടെ ചരക്കുകൾ ഒരു തടസ്സവുമില്ലാതെ എത്തേണ്ടിടത്തെത്തി. വരവ് കൂടിയപ്പോൾ പണത്തിൻ്റെ സൂക്ഷിപ്പ് പ്രശ്നമായി. ജയിൽശിക്ഷ കഴിഞ്ഞെത്തിയ സഹോദരൻ്റെ ഒത്താശയിൽ ഒരു ടാക്സി സർവ്വീസും കുടുംബത്തിലെ പലരുടെ പേരിലായി ഇരത്തിയൊൻപത് ബാങ്ക് അക്കൗണ്ടുകളും നിലവിൽ വന്നു. പണം സ്വർണ്ണത്തിലേക്കും റിയൽ എസ്റ്റേറ്റിലേക്കും വ്യാപിച്ചു.
പക്ഷെ, 2001 മാർച്ചിൽ വെറും മുപ്പത് ഗ്രാം ഹഷീഷുമായി ശാന്തിദേവി പിടിയിലായി. എട്ടുമാസത്തെ ജയിൽവാസം കഴിഞ്ഞെത്തുമ്പോൾ കച്ചവടം എൺപത് ശതമാനവും പൊളിഞ്ഞു. കലികൊണ്ട ശാന്തീദേവി സംഘത്തിന് നടുവിൽ തീപ്പൊരിയായി ചിതറി. മുംബായ് ഡ്രഗ്ഗ് ഇൻഡ്സ്ട്രിയിൽ പുതിയ കളിക്കാരെത്തിക്കഴിഞ്ഞുവെന്ന് അവർ തിരിച്ചറിഞ്ഞു. പക്ഷെ കുലുങ്ങിയില്ല. ലോഘണ്ടേക്കൊപ്പം ചേർന്ന് അവർ പുതിയ തന്ത്രമൊരുക്കി.
മയക്കുമരുന്നിൻ്റെ റാണി പുതിയ കളിക്കാരെയൊതുക്കാൻ മഹാരാഷ്ട്ര പോലീസിൻ്റെ ഇൻഫോമറായി. അവരുടെ ഐഡൻ്റിറ്റി പൊലീസ് രഹസ്യമായി സൂക്ഷിച്ചു. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് അവർ സ്വന്തം ടെറിട്ടറി വീണ്ടെടുത്തു. എതിരാളികളിലൊരു വലിയ പക്ഷം ജയിലിലും. അതോടെ ആ കച്ചവടത്തിൻ്റെ ഭൂമിക വിസ്തൃമായി. നൂറോളം സഹായികളുടെ തുണയിൽ അവർ മുംബായി ഡ്രഗ്ഗ് മാഫിയയുടെ രാജ്ഞിയായി. അപ്പൊഴേക്കും ആൺകുട്ടികൾ മുതിർന്നു. അമ്മക്കിടംവലം തുണനിന്നു.
നിക്ഷേപം രാഷ്ട്രീയത്തിലേക്ക് വളർന്നു. ലോക്കൽ നേതാക്കളിൽ ചിലർക്ക് പണമെറിഞ്ഞ് തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചു. ഫാക്ടറി തൊഴിലാളിയിൽ നിന്നും യൂണിയൻ നേതാവായി രാഷ്ട്രീയത്തിലിറങ്ങിയ രാംസാഹെബ് ഭാഹുവിനെപ്പോലെ ചിലർ അനുഗ്രഹം തേടിവന്നു. ശാന്തിദേവി ശരിക്കങ്ങ് ദേവിയായി വാഴുമ്പോൾ മൂക്കിൻതുമ്പിൽ പുതിയൊരു വെല്ലുവിളി ഉയർന്നു.
രണ്ടാൺമക്കളുമായി അധികം ദൂരെയല്ലാതെ താമസിച്ച ആശ കാശികാർ എന്ന സ്ത്രീ മയക്കുമരുന്നിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി. ശരിക്കും നേരിട്ടറിയുന്ന അവരോടൊരൊത്തുതീർപ്പ് സംഭാഷണണത്തിനായി ഒരു പ്രഭാതത്തിൽ ശാന്തിദേവിയെത്തി. പുതിയ കച്ചവടമവസാനിപ്പിക്കണമെന്ന് നേരിട്ടങ്ങ് പറഞ്ഞു. ഊഷ്മളമായിത്തുടങ്ങിയ സ്വീകരണം പതിയെ കൈവിട്ടു. ആശ കാശികാർ പിൻമാറാനൊരുക്കമായിരുന്നുമില്ല. അവർ വെല്ലുവിളിച്ചു. പൊതിരെത്തെറി പറഞ്ഞു. ശാന്തിദേവി പക്ഷെ സമനില കൈവിട്ടില്ല. ശാന്തയായി തിരികെപ്പോന്നു. അപകടമാവുമെന്നറിഞ്ഞ് പൊലീസിനെയും അറിയിച്ചില്ല.
പകരം സ്വന്തം സഹോദരനോട് മറ്റൊരാജ്ഞ പുറപ്പെടുവിച്ചു. കാശികാറിൻ്റെ വീട് പൂട്ടി തീകൊളുത്താൻ. പുതിയ സാമ്ര്യാജ്യം സ്വപ്നം കണ്ട് കൂട്ടിവച്ച മയക്കുമരുന്നുശേഖരത്തിനൊപ്പം ആ രാത്രി അവർ വെന്തുമരിച്ചു. അപകടസമയത്ത് ബോംബെയിൽ ഇല്ലാതിരുന്ന അവരുടെ മക്കൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും മയക്കുമരുന്നിൻ്റെ മുംബൈ അധോലോക റാണി ശാന്തിദേവിക്കെതിരെ ഒരു പരുന്തും പറന്നില്ല.
പക്ഷെ രണ്ടായിരത്തിപ്പന്ത്രണ്ടിലെത്തുമ്പോൾ മഹാനഗരത്തിലെ മയക്കുമരുന്നു വിപണിയിൽ ഒരു പുതിയ ചരക്ക് പ്രത്യക്ഷപ്പെട്ടു. കൊക്കെയിൻ പകരുന്ന അതേ ആനന്ദം. ഹാഷീഷിലും ബ്രൗൺഷുഗറിലും കുറഞ്ഞവിലക്ക്. പേര് വിചിത്രമായിരുന്നു. മ്യാവു മ്യാവു. ശാന്തിദേവി പിന്നെയും വേട്ടക്കിറങ്ങി. മാർക്കറ്റിലിറങ്ങിയ പുതിയ മാലിനെപ്പറ്റിയറിഞ്ഞെതെല്ലാം കാതിന് സംഗീതമായി. ശരിക്കും കുളിരുകോരിച്ചത് ആ ചരക്ക് ഇന്ത്യയിലിനിയും നിരോധിച്ചിട്ടില്ലെന്ന അറിവായിരുന്നു. പുതിയ ചരക്കിൻ്റെ സപ്ലയേഴ്സിനെ തേടിയ ശാന്തിദേവിയും ലോഘണ്ടേയും ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും മധ്യപ്രദേശിലേക്കുമെത്തി.
മ്യാവു മ്യാവു നിർമ്മിക്കുന്ന ഫാക്ടറികളുമായി കരാർ ഉറപ്പിച്ചു. വരാനിരിക്കുന്ന കുറച്ചുവർഷങ്ങൾക്കുള്ള അഡ്വാൻസും കൊടുത്തു. അതിലൂടെ രണ്ട് നേട്ടങ്ങളുണ്ടായി. മുംബൈയിലെ വിതരണക്കാരെ പൂർണ്ണമായി അവർ കടത്തിവെട്ടി. മ്യാവു മ്യാവുവിൻ്റെ മുംബായ് ടെറിട്ടറി മുഴുവൻ കയ്യിലൊതുക്കി. കച്ചവടത്തിൻ്റെ ആദ്യവർഷം അവസാനിക്കുമ്പോൾ മുംബായ് നഗരത്തിലെ ഡ്രഗ്ഗ് അഡിക്ടുകളിൽ എഴുപത് ശതമാനവും മ്യാവു മ്യാവുവിൻ്റെ ലഹരിയിലാറാടി.
അപ്പൊഴേക്കും ലോഘണ്ടേ കളംമാറ്റി ചവിട്ടി. മറ്റൊരു സ്ത്രീയുമായുള്ള പുതിയ ബന്ധം ശാന്തിദേവിയറിഞ്ഞു. തന്നോടുള്ള താത്പര്യക്കുറവും. തൻ്റെ മുഴുവൻ കളികളും അടിമുടി ഹൃദിസ്ഥമായ ലോഘണ്ടേയുടെ പുതിയ കൂട്ടുകെട്ട് വെല്ലുവിളി തന്നെയായി. തീരുമാനങ്ങളെടുക്കാൻ ഒരിക്കലും വൈകാത്ത ശാന്തിദേവി അറച്ചുനിന്നില്ല. കളി തുടങ്ങി. ഒരിക്കൽക്കൂടി അവർ മഹാരാഷ്ട്ര പൊലീസിൻ്റെ ഇൻഫോമറായി. കാമുകനെ ഒറ്റി. മറൈൻ ലൈൻസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ അജയ് ലോഘണ്ടേയുടെ സത്താറയിലെ വീട്ടിൽ മയക്കുമരുന്ന് ശേഖരമുണ്ടെന്ന് പൊലീസിനെ അറിയിച്ചു. ലോഘണ്ടേ പിടിയിലായെന്ന് ശാന്തിദേവി പത്രത്തിൽ വായിച്ചു. മറൈൻലൈൻസ് സ്റ്റേഷനിലെ ലോക്കറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയെന്ന് ന്യൂസ് റിപ്പോർട്ട് പറഞ്ഞു.
വൈകിയില്ല ശാന്തിദേവി കൊളാബയിലെ ആർതർ റോഡ് ജയിലിലെത്തി. ദീർഘകാലം തുണയായി നിന്ന കാമുകൻ താൻ നിമിത്തം തടവറയിൽ. എനിക്ക് നിങ്ങളെ സഹായിക്കാനാവും. എന്നെ നിങ്ങളിനി സ്നേഹിക്കുകയും വേണ്ട. എങ്കിലും ഞാൻ കൂറുള്ളവളാണ്. ലോഘണ്ടേ കമാ മിണ്ടിയില്ല. പക്ഷെ, ഒരാഴ്ചക്ക് ശേഷം കഥയിൽ ഒരു ആൻ്റീക്ലൈമാക്സ് സംഭവിച്ചു. സത്താറയിലെ ലോഘണ്ടേയുടെ അയൽക്കാരിലൊരാളുടെ മൊഴിയുടെ ബലത്തിൽ ശാന്തീദേവിയും കേസിൽ കൂട്ടുപ്രതിയായി. താൻ വിരിച്ച വലയിൽ സ്വയം കുടുങ്ങി. അറസ്റ്റിലായി. സത്താറയിൽ കണ്ടെടുത്തത് മ്യാവു മ്യാവു ആണ്, അതിന് രാജ്യത്ത് നിരോധനവുമില്ല. തനിക്ക് ജാമ്യം വേണമെന്ന് അവർ വക്കീലിനോട് പറഞ്ഞു. പക്ഷെ ശാന്തിദേവിയെ ദൈവവും ചതിച്ചു. ഹിയറിംഗിന് മുൻപേ മ്യാവു മ്യാവു നിരോധിക്കപ്പെട്ടു.
പക്ഷെ അവിടെയാണ് ശാന്തി ദേവി പട്കറിൻ്റെ കളി പൊലിച്ചത്. സത്താറയിൽ നിന്നും പോലീസ് കണ്ടുകെട്ടിയ പൊടി മ്യാവു മ്യാവു അല്ലെന്നവർ കോടതിയോട് വെളിപ്പെടുത്തുമ്പോൾ സകലരും ഞെട്ടി. സർക്കാർ ലാബുകളിൽ നിന്നും കെമിക്കൽ അനാലിസിസ് റിപ്പോർട്ടാവശ്യപ്പെട്ട കോടതി ശാന്തിദേവിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മൂന്ന് നാൾ കടന്നുപോയി. സാത്താറയിലെ എസ്. പി ഓഫീസിൽ നിന്നൊരു ടെലഫോൺ വന്നു. കളി ശരിക്കങ്ങ് മുറുകി. കേസിൽ നിന്നും രക്ഷിക്കാൻ അഞ്ച് ലക്ഷം കൈക്കൂലി സൂപ്രണ്ട് ഓഫ് പോലീസ് ആവശ്യപ്പെട്ടു. ശാന്തിദേവി സമ്മതം മൂളി. പണം കൈമാറാൻ ധാരണയുമായി. പത്ത് ലക്ഷം മുൻപ് കൊടുത്ത ഇതേ എസ്. പിയുടെ പുതിയ ചീട്ട് അവർക്ക് ബോധിച്ചില്ല. ശാന്തിദേവി പട്കർ പിന്നെയും വലയെറിഞ്ഞു. പൊലീസ് സൂപ്രണ്ട് കൈക്കൂലി ചോദിച്ചുവെന്ന് പൊലീസിനെ അറിയിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം തിരക്കേറിയൊരു മുംബായ് മാർക്കറ്റിൽ വച്ച് പണം കൈമാറുന്നതിനിടെ എസ്. പിയും കുടുങ്ങി.
ഒരാഴ്ച്ചക്ക് ശേഷം കേസിൽ വാദം തുടങ്ങുമ്പോൾ കോടതിയിലുണ്ടായിരുന്ന സകലമനുഷ്യരും ശരിക്കും നടുങ്ങി. കണ്ടുകെട്ടിയ മയക്കുമുരുന്ന് മ്യാവു മ്യാവു അല്ല, മോണോസോഡിയം ഗ്ലൂട്ടമേറ്റ് അഥവാ വെറും അജിനോമോട്ടോയാണെന്ന് റിപ്പോർട്ട് വന്നു. ഇതുപോലൊരു പാചകപ്പൊടി ഇത്രയുമളവിൽ ഒരു പോലീസുകാരനെന്തിന് സ്വന്തം വീട്ടിൽ സൂക്ഷിക്കണമെന്ന് സാമാന്യബുദ്ധിയുള്ളവരൊക്കെ ചിന്തിച്ചു. ശാന്തിദേവി പട്കറും അജയ് ലോഘണ്ടേയും കുറ്റവിമുക്തരായി. സത്താറയിലെ മ്യാവു മ്യാവു ഒരൊറ്റ രാത്രികൊണ്ട് അജിനാമോട്ടോയായി മാറിയതെങ്ങനെയെന്ന കഥ എന്നും ദുരൂഹമായിത്തുടർന്നു. ശാന്തീദേവിയും ഒരുപക്ഷെ സത്താറയിലെ പോലീസ് സൂപ്രണ്ടും മാത്രം അതറിഞ്ഞു.
ഇന്നിപ്പോ വോർലിയിൽ ശാന്തിദേവിയെ തിരഞ്ഞാൽ പ്രദേശവാസികൾ പറയും ഒന്നാംതരം ആവോലി വിൽക്കുന്നയാളാണെന്ന്. ജീവിതദുരിതങ്ങളും ചുറ്റുപാടുകളും കുറ്റവാളിയാക്കിയ ശാന്തിദേവിയുമായി ഒരു താരതമ്യവും ഗ്രീഷ്മയെന്ന പെൺകുട്ടിക്കില്ല. എങ്കിൽ ദില്ലിയുടെ ലേഡി ഡോൺ റേഷം ജോപ്പാഡിക്കോ? ക്രൈമിൻ്റെ ലോകത്തെ മറ്റൊരു രാജ്ഞി. ആടിനെപ്പോറ്റിയ മാൽക്കീത് സിംഗിൻ്റെ പാവം ഭാര്യ ക്രിമിനലായതെങ്ങനെയെന്ന് അടുത്ത ലക്കത്തിൽ.
(പേരുകൾ സാങ്കല്പികമാണ്)
ഗോപൻ സ്വാമിയുടെ സമാധിയും മഹായോഗികളുടെ മരണ നിമിഷങ്ങളും
മാറ് മറയ്‍ക്കല്‍ സമരവും ഹണി റോസിന്‍റെ നിയമയുദ്ധവും