
ചുങ്കം ഒരായുധമാക്കിയാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ പോക്ക്. യുദ്ധങ്ങൾ നിർത്താനും അതുമതി എന്നാണ് ചിന്ത. ഇന്ത്യ - പാക് യുദ്ധത്തിൽ അത് പരീക്ഷിച്ചു, വിജയിച്ചു എന്നാണവകാശവാദം. പാകിസ്ഥാനുമായി ഒപ്പിട്ട ഭീമൻ എണ്ണക്കരാർ നോക്കുമ്പോൾ ഭീഷണിപ്പെടുത്തിയത് സത്യമെന്ന് വിചാരിക്കേണ്ടി വരും. ഇന്ത്യ പക്ഷേ, ചുങ്കം ഭീഷണിക്ക് വഴങ്ങിയിട്ടില്ല. റഷ്യയെയും ഭീഷണിപ്പെടുത്തി. മറുപടിയായി വന്നത് മുൻ പ്രസിഡന്‍റ് മെദ്‍വദേവിന്‍റെ പോസ്റ്റുകളാണ്. അത് കണ്ട് ട്രംപ് ആണവ യുദ്ധക്കപ്പലുകൾ നീങ്ങാൻ നിർദ്ദേശിച്ചു. എങ്ങോട്ട് എന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ വ്യവസായങ്ങളും തൊഴിലും അമേരിക്കയിലേക്ക് തന്നെ തിരിച്ച് കൊണ്ടുവരിക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇത് ഏഷ്യൻ ടെക് മേഖലയ്ക്ക് വലിയ തിരിച്ചടിയായി. അത് തിരികെ അമേരിക്കൻ കമ്പനികൾക്കും. ഇന്ത്യയിൽ ഫാക്ടറിയുള്ള ആപ്പിളനടക്കം.
അമേരിക്കൻ പ്രസിഡന്‍റ് ചുങ്കം പ്രഖ്യാപിച്ചപ്പോൾ ആദ്യം ചർച്ചയ്ക്ക് തയ്യാറായത് വിയറ്റ്നാമാണ്, കാരണമുണ്ട്. അമേരിക്കയിലേക്കുള്ള വിയറ്റ്നാം കയറ്റുമതി 137 ബില്യൻ ഡോളറിന്റെതാണ്. ആഭ്യന്തരോത്പാദനത്തിന്‍റെ 30 ശതമാനം. അതിപ്പോൾ ഇരുപത് ശതമാനമായി. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ചുങ്കമില്ല എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പക്ഷേ, വിയറ്റ്നാം പ്രതികരിച്ചിട്ടില്ല. ധാരണയ്ക്ക് രേഖകളില്ല, വിചിത്രം! പക്ഷേ, വിയറ്റ്നാമിനെ പഴിക്കുകയാണ് മറ്റ് രാജ്യങ്ങൾ. അവരുടെ പാത തന്നെ പിന്തുടരേണ്ട അവസ്ഥയായി തങ്ങൾക്ക് എന്നാണ് പരാതി.
യൂറോപ്പും അമേരിക്കയും തമ്മിലെ ധാരണ ചരിത്രപരമെന്നാണ് ആഘോഷം. പ്രത്യേകിച്ച് അമേരിക്കയ്ക്ക്. യൂറോപ്പിനും അത്ര വലിയ നഷ്ടമില്ലെന്നാണ് വിലയിരുത്തൽ. 30 ശതമാനത്തിന് പകരം 15 ശതമാനമായി ചുങ്കം. പക്ഷേ, ബ്രിട്ടന് 10 ശതമാനമേ ഉള്ളു ചുങ്കം. എന്തായാലും എല്ലാം നിലവിൽ വന്നുകഴിഞ്ഞു. ലാഭവും നഷ്ടവും ഇപ്പോൾ വ്യക്തമല്ല. ആർക്കെന്നും എത്രയെന്നും. ചുങ്കം നിലവിൽ വന്നത് ഓഗസ്റ്റ് ഒന്നിന്. അതോടെ ഓഹരി വിപണി ഇടിഞ്ഞു. സമ്പദ് രംഗത്തെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഏജൻസിയുടെ മേധാവിയെ ട്രംപ് പിരിച്ചുവിട്ടു. ശുഭം !