അന്ധത ബാധിച്ച ലോകം, പട്ടിണി മൂലം മരിച്ച് വീഴുന്ന കുഞ്ഞുങ്ങൾ

Published : Aug 04, 2025, 11:19 AM ISTUpdated : Aug 04, 2025, 11:20 AM IST
starvation in Afghanistan and Gaza

Synopsis

ഗാസയിലും അഫ്ഗാനിസ്ഥാനിലും ഓരോ ദിവസവും കുട്ടികൾ പട്ടിണി മൂലം മരിച്ച് വീഴുന്നു. രാഷ്ട്രത്തലവന്മാര്‍ക്ക് മാത്രമല്ല, ലോകത്തിന് മുഴുവനും അന്ധത ബാധിച്ചിരിക്കുന്നു. വായിക്കാം ലോകജാലകം. 

 

ഫ്ഗാനിസ്ഥാനിൽ നിന്നും ഗാസയിൽ നിന്നും ഇപ്പോൾ ഒരേ ദൃശ്യങ്ങളും വാർത്തകളുമാണ് പുറത്ത് വരുന്നത്. മെലിഞ്ഞുണങ്ങിയ, എല്ലും തൊലിയും മാത്രമായ കുഞ്ഞുങ്ങൾ, പോഷകാഹാരക്കുറവോ ആഹാരക്കുറവ് തന്നെയോ കാരണം നിശബ്ദരായി മരണത്തിലേക്ക് തെന്നിവീഴുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ. അവരുടേതല്ലാത്ത കുറ്റത്തിനാണ് ശിക്ഷ. കൺമുന്നിൽ കുഞ്ഞുജീവനുകൾ പിടയുന്നത് കണ്ട് നെഞ്ചുപൊട്ടി കരയുന്ന അച്ഛനമ്മമാർ. ഗാസയിലും അഫ്ഗാനിസ്ഥാനിലും ഈ നിലവിളികളാണിന്ന്. അവരുടെ അവസ്ഥക്ക് കാരണം രണ്ടാണെന്ന് മാത്രം.

അഫ്ഗാൻ

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ചില ആശുപത്രികളിലെത്തിയ സിഎൻഎൻ സംഘം കണ്ടത് പിഞ്ചുകുഞ്ഞുങ്ങളെയും അടുക്കിപ്പിടിച്ച് കാവലിരിക്കുന്ന നിസഹായരായ അച്ഛനമ്മമാരെയാണ്. ഒന്നും ചെയ്യാനില്ല ആർക്കും. ഡോക്ടർമാർക്ക് പോലും. മരുന്നില്ല, ഉപകരണങ്ങളില്ല. എല്ലാം നൽകിയിരുന്നത് അമേരിക്കൻ സർക്കാരാണ്. ഡോക്ടർമാർ, നഴ്സുമാർ മിഡ്‍വൈഫുമാർ എല്ലാവരും അമേരിക്കൻ ഫണ്ടിലാണ് ജോലി ചെയ്തിരുന്നത്. ഫണ്ടിംഗ് കഴിഞ്ഞ വർഷം നിർത്തി. അതോടെ സൗജന്യ മരുന്നുകൾ നിലച്ചു. ജീവിക്കാൻ തന്നെ പാടുപെടുന്ന അഫ്ഗാനികൾക്ക് മരുന്ന്, പണം കൊടുത്ത് വാങ്ങാനുള്ള കഴിവില്ല. നൂറുകണക്കിന് ചെറിയ ക്ലിനിക്കുകൾ അടച്ചു. ആശുപത്രികളിലേക്ക് നല്ല ദൂരമുണ്ട്. അവിടെയും അവസ്ഥ മോശമാണ്. രോഗികളുടെ എണ്ണം വളരെ കൂടുതൽ. ഡോക്ടർമാരും നഴ്സുമാരും വളരെ കുറവ്.

കൂട്ടിന് പഴയ ശത്രു മാത്രം

അഫ്ഗാനിസ്ഥാന്‍റെ സമ്പദ്‍രംഗം തകർന്നിരിക്കുന്നു. 1.7 ബില്യൻ വരുന്ന സഹായ പദ്ധതികളാണ് അമേരിക്ക റദ്ദാക്കിയത്. പിന്നാലെ യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവരും. നാല് വർഷത്തിനിടെ 8 ബില്യന്‍റെ സഹായം അഫ്ഗാനിസ്ഥാന് ലഭിച്ചു. പക്ഷേ, 'അമേരിക്ക ഫസ്റ്റ്' (America First) എന്ന ട്രംപിയൻ നയം യുഎസ് ഐയ്ഡ് (US AID) എന്ന പദ്ധതിയുടെ കടയ്ക്കൽ കത്തിവച്ചപ്പോൾ എല്ലാം നിലച്ചു. ഭക്ഷ്യവിതരണവും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമുള്ള പദ്ധതികളുമാണ് ഇതോടെ അവസാനിച്ചത്. സ്ത്രീകളുടെ മരണനിരക്ക് ഏറ്റവും കൂടുതൽ അഫ്ഗാനിസ്ഥാനിലാണ്. ഗർഭിണികളായിരിക്കുമ്പോഴോ പ്രസവത്തിനിടെയോയുള്ള ആരോഗ്യ പ്രശ്നങ്ങളാണ് കാരണം. താലിബാൻ പക്ഷേ, ഇതൊന്നും അംഗീകരിക്കുന്നില്ല. മറിച്ച്, പ്രശ്നങ്ങളില്ല എന്നാണ് വാദം. താലിബനെ അംഗീകരിച്ച ഒരേ ഒരു രാജ്യം റഷ്യയാണ്. പണ്ടത്തെ ബദ്ധ ശത്രു. അധിനിവേശ ശക്തി. സോവിയറ്റ് സൈന്യത്തിന്‍റെ പിൻമാറ്റ ദൃശ്യങ്ങൾ ഇന്നും ലോകം മറന്നിട്ടില്ല. പക്ഷേ, ഇന്ന് താലിബാനെ തിരസ്കരിച്ച്, ഉപരോധങ്ങൾ ഏ‍ർപ്പെടുത്തി, ആസ്തികൾ മരവിപ്പിച്ച് എല്ലാ രാജ്യങ്ങളും കൂടി ഒറ്റക്കെട്ടായി നിൽക്കുമ്പോൾ റഷ്യ മാത്രമാണ് തുണയ്ക്കെന്ന് പറയേണ്ടിവരും. റഷ്യക്ക് അതിൽ വേറെ പല ഉദ്ദേശ ലക്ഷ്യങ്ങളുണ്ടെന്ന് മാത്രം.

ഗാസ

ഗാസയിലെ അവസ്ഥയും അതുതന്നെയാണ്. വളർച്ച മുരടിച്ച കുഞ്ഞുങ്ങൾക്ക് കാവലിരിക്കയാണ് അമ്മമാർ. ഗർഭിണിയായപ്പോഴെ പട്ടിണിയായ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ ജനിക്കുമ്പേ തന്നെ കുഞ്ഞുങ്ങളെയും ബാധിച്ചു. ഗാസയിൽ ഇതിനകം 25 പിഞ്ചുകുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് മൂലം മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. പട്ടിണി മരണം 111 -നെന്ന് ഗാസ മന്ത്രാലയത്തിന്‍റെ വെളിപ്പെടുത്തൽ. ഇതെല്ലാം നടക്കുന്നത് അതിർത്തിക്കപ്പുറത്ത് ടൺ കണക്കിന് ഭക്ഷണം കയറ്റിയ ലോറികൾ അനുവാദം കാത്ത് കിടക്കുമ്പോഴാണ്. ഇതെല്ലാം പുറത്തെത്തിക്കുന്ന മാധ്യമ പ്രവർത്തകരും പട്ടിണിയിലാണ്. ബിബിസിയടക്കമുള്ള മാധ്യമങ്ങൾ സഹപ്രവർത്തകരുടെ അവസ്ഥയിലും ആശങ്ക വ്യക്തമാക്കുന്നു. മുന്നറിയിപ്പുകൾ നൽകുന്നു. കൂട്ട പട്ടിണിയാണ് ഗാസയിലെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു. മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ്, Medecins Sans Frontieres), സേവ് ദി ചിൽഡ്രൻ (Save the Children), ഓക്‌സ്‍ഫം (Oxfam) തുടങ്ങിയവരൊക്കെ പറയുന്നത് ഗാസയിലെ ജനങ്ങൾക്കൊപ്പം തങ്ങളുടെ സഹപ്രവർത്തകരും പട്ടിണി കിടക്കുന്നുവെന്നാണ്. പക്ഷേ, ഇസ്രയേലിന്‍റെ വാദം പട്ടിണിയെന്ന പ്രചാരണം ഹമാസിന്‍റെ ആയുധമെന്നാണ്.

അന്ധത ബാധിച്ച നേതൃത്വങ്ങൾ

മാർച്ച് ആദ്യം ഉപരോധം തുടങ്ങിയതാണ് ഇസ്രയേൽ. അതിന് ശേഷം സഹായം അതിർത്തി കടക്കാൻ സമ്മതിച്ചില്ല. രണ്ട് മാസം കഴിഞ്ഞപ്പോൾ ഭാഗികമായി പിൻവലിച്ചു. പക്ഷേ, ഗാസയിലെ ജനത്തിന് ഒരു നേരം വേണ്ടുന്നത്ര പോലും ഉള്ളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. ഇസ്രയേൽ, അമേരിക്കയുമായി ചേർന്ന് സഹായ വിതരണ കേന്ദ്രം തുടങ്ങിയെങ്കിലും അതും വിവാദച്ചുഴിയിലാണ്. ഭക്ഷണം വാങ്ങാനെത്തുന്നവരുടെ നേർക്ക് സുരക്ഷാ സേന നിറയൊഴിക്കുന്നു. നൂറുകണക്കിന് പേർ മരിച്ചു. കള്ളപ്രചാരണമെന്ന് ചിലപ്പോൾ, അന്വേഷിക്കാമെന്ന് മറ്റ് ചിലപ്പോൾ അതാണ് ഇസ്രയേലിന്‍റെ പ്രതികരണം. യുദ്ധകുറ്റകൃത്യങ്ങളെന്ന് ആരോപിക്കുന്നു സംഘടനകൾ. പക്ഷേ, ഇസ്രയേൽ ഒന്നും വകവയ്ക്കുന്നില്ല. യുഎൻ ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലാത്തത് കൊണ്ട് ഇനി മുതൽ ഒരു മാസത്തെ വീസ വീതമേ നൽകൂവെന്നും ഇസ്രയേൽ സർക്കാർ തീരുമാനിച്ചു.

ദോഹയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ, യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഹമാസ് ആയുധം താഴെവയ്ക്കണമെന്നാണ് ഇസ്രയേലിന്‍റെ പ്രഖ്യാപിത നിലപാട്. എന്ന് ആയുധം താഴെ വച്ച് ബന്ദികളെ വിട്ടയക്കുന്നോ, അന്ന് യുദ്ധം അവസാനിക്കുമെന്ന് ഇസ്രയേൽ മന്ത്രിമാർ തന്നെ അറിയിക്കുന്നു. ജനങ്ങളുടെ ദുരിതത്തേക്കാൾ സ്വന്തം അധികാരമാണ് ഹമാസിന് വലുതെന്ന ആരോപണം അവർ ആവർത്തിക്കുന്നു. സഹായം അതിർത്തി കടക്കാൻ സമ്മതിക്കാത്തതും അത്, ഹമാസ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ചാണ്. രണ്ടുകൂട്ടരും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ ഭക്ഷണത്തിനായി തല്ലുകൂടുന്നത് സാധാരണക്കാരാണ്. പട്ടിണി കിടന്നും പോഷകാഹാരക്കുറവ് കൊണ്ടും മരിക്കുന്നത് കുഞ്ഞുങ്ങളാണ്. രണ്ടുകൂട്ടരും അത് മാത്രം കാണുന്നില്ല .

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്