
അടുത്ത വെടിനിർത്തൽ ഗാസയിലായിരിക്കുമോ എന്നൊരു പ്രതീക്ഷയുടെ കാറ്റ് വീശുന്നുണ്ട്. അടുത്ത് തന്നെ എന്നതിന് അമേരിക്കൻ പ്രസിഡന്‍റെ വാക്കുകൾ ഒരു കാരണമാണ്. ബന്ദികളുടെ കുടുംബങ്ങളും ഗാസയിലെ ജനങ്ങളും അതാവശ്യപ്പെടുന്നു. ഇറാൻ - ഇസ്രയേൽ യുദ്ധത്തിനിടെ ഗാസയിലെ സംഭവങ്ങൾ തലക്കെട്ടുകളിൽ നിന്ന് പോയി.
ഗാസയിൽ ഏതാണ്ടൊരു കൂട്ടക്കൊല തന്നെയാണ് നടക്കുന്നത്. 12 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 860 പേരാണ്. അതിൽ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവയ്പിൽ. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തുന്നവരെ കൂട്ടമായി വെടിവച്ചുവീഴ്ത്തുക, എന്നിട്ട് അന്വേഷിക്കാമെന്ന് പറയുക. അതൊരു പതിവായിരിക്കുന്നു. ഖാൻ യൂനിസിൽ ഏഴ് ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. കവചിത വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് മരണം.
ചർച്ചയെന്ന് ട്രംപ്
ഇതിനിടെ ഹമാസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു. ശരിയെന്ന് ഹമാസും സമ്മതിച്ചു. പക്ഷേ, ഇസ്രയേലുമായുള്ള ചർച്ചകളിൽ മാത്രം അത്ര പുരോഗതിയില്ല. ഒന്നും നടക്കുന്നില്ലെന്നാണ് ഇസ്രയേലിന്‍റെ പക്ഷം. പക്ഷേ, ശ്രമം തുടരുന്നുവെന്ന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും അറിയിച്ചു. ഇസ്രയേലി പ്രതിപക്ഷ നേതവാവ് യാർ ലാപിഡ് (Yair Lapid) എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതും അതാണ്. ബന്ദികളെ തിരികെ ക്കൊണ്ടുവരണം. ഇസ്രയേലിന് പുനർനിർമ്മാണത്തിനും സമയം വേണമെന്ന് ലപീഡ് കുറിച്ചു.
പിടിവിടാതെ നെതന്യാഹു
പക്ഷേ, നെതന്യാഹുവിന്‍റെ നിലപാട് മാറിയോ എന്ന് സംശയമുണ്ട്. ഹമാസ് ആയുധം താഴെവയ്ക്കട്ടെ, ബന്ദികളെ വിട്ടയക്കട്ടെ, അതോടെ തീരും യുദ്ധം എന്നാണ് അടുത്തിടക്കും നെതന്യാഹു വ്യക്തമാക്കിയത്. ഗാസയിലെ ഭരണം വിട്ടുകൊടുക്കില്ല, ആയുധവും താഴെവയ്ക്കില്ല എന്നാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ. ധാരണയാവുക എങ്ങനെയെന്ന് വലിയ വ്യക്തതയൊന്നുമില്ല.
തകർന്ന ഇസ്രയേൽ
ലബനണിലെ പേജർ സ്ഫോടനങ്ങളും ഹമാസിന്‍റെ നേതൃനിരയെ ഇല്ലാതാക്കിയതും ഇപ്പോഴത്തെ ഇറാൻ ആക്രമണവും ഇസ്രയേലിന്‍റെ സൈനിക ശക്തി തെളിയിച്ചു, അതേസമയം ഇറാന്‍റെ മിസൈലുകൾ ഇസ്രയേലിന്‍റെ പ്രതിരോധ ങ്ങൾ തകർത്ത് നാശം വിതച്ചത് പ്രതിരോധത്തിന്‍റെ പരിധികളും തെളിയിച്ചു. ഇറാഖിൽ നിന്ന് പാഞ്ഞെത്തിയ സ്കഡ് മിസൈലുകളുടെ ഇരട്ടിശക്തിയായിരുന്നു ഇറാന്‍റെ മിസൈലുകൾക്ക്.
തകർന്നതെല്ലാം പുനർനിർമ്മിക്കാൻ 1.3 ബില്യൻ ഡോളർ വേണ്ടിവരുമെന്നാണ് ഇസ്രയേലിന്‍റെ കണക്ക്. 25 ഓളം കെട്ടിടങ്ങൾ പൊളിക്കുകയും വേണം. 12 ദിവസവും ഇസ്രയേലി ജനത ജീവിച്ചത് ബോംബ് ഷെൽട്ടറുകളിലാണ്. നിമിഷങ്ങളുടെ മുന്നറിയിപ്പിൽ ഓടുക. തിരിച്ചുവരുമ്പോൾ വീടെന്ന് പറയാൻ ഒന്നുമുണ്ടാവില്ല. ഇത്രയും കാലം ഹമാസിന്‍റെ മിസൈലുകൾ തടുത്ത ഇസ്രയേലിന്‍റെ അയേണ്‍ ഡോം (Iron Dome) ഇറാന്‍റെ മിസൈലുകൾക്ക് മുന്നിൽ പലപ്പോഴും തോറ്റു. ജീവനാശം 28 -ൽ കൂടാതിരുന്നത് ബോംബ് ഷെൽട്ടറുകൾ ഉള്ളത് കൊണ്ട് മാത്രം.
പിന്തുണ കൂട്ടി നെതന്യാഹു
കാര്യങ്ങളെന്തായാലം ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന്‍റെ ജനപിന്തുണ കുതിച്ചുയർന്നു. പക്ഷേ, അത് നിലനിർത്തണമെങ്കിൽ ഗാസയിലും തീരുമാനമുണ്ടാകേണ്ടി വരും. ഇസ്രയേലി പ്രധാനമന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടിപ്പോൾ. 'എല്ലാ അവസാനിപ്പിക്കൂ' എന്ന് പറയാൻ ട്രംപിനെപ്പോല ആരെങ്കിലും വേണം ഇവിടെ എന്ന് കടുത്ത യാഥാസ്ഥിതികരായ പാർലമെന്‍റംഗങ്ങളും പറഞ്ഞ് തുടങ്ങിയിരിക്കുന്നു. നെതന്യാഹു പക്ഷേ, ഇതുവരെ വഴങ്ങുന്ന ലക്ഷണം കാണിച്ചിട്ടില്ല.