
വടക്കൻ ആഫ്രിക്കയിലെ സ്പാനിഷ് എൻക്ലേവായ സ്യൂട്ടയിലേക്ക് (Ceuta) നീന്തിയെത്തിയത് ആയിരക്കണക്കിന് അഭയാർത്ഥികൾ. യൂറോപ്പിലേക്കുള്ള വാതിൽ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിൽ. അതുണ്ടായില്ല. അധികം പേരും തിരികെപ്പോയി. സ്പെയിനിൻറെ കണക്കിൽ മരണം 72. മൊറോക്കയുടെ കണക്കിൽ 11. സോഷ്യൽ മീഡിയയിലെ പ്രചാരണമാണ് പ്രത്യക്ഷത്തിലെ കാരണം. പക്ഷേ, ചില ശത്രുതകളും ഇഷ്ടക്കേടുകളും അടിസ്ഥാന കാരണമെന്നാണ് നിഗമനം. സംഭവത്തിൻറെ പേരിൽ സ്പെയിനും മൊറോക്കോയും തമ്മിൽ തെറ്റി. കുടിയേറ്റത്തിൽ ഒന്നിച്ച് നിൽക്കാൻ യൂറോപ്പും തീരുമാനിച്ചു.
സ്യൂട്ട: ആഫ്രിക്കൻ മണ്ണ്, ഭരണം സ്പെയിൻ
സ്പാനിഷ് വൻകരയിൽ നിന്ന് കഷ്ടിച്ച് 11 മൈലകലെയുള്ള നഗരം. സ്വയംഭരണ പ്രദേശമാണ്. ജിബ്രാൾട്ടർ കടലിടുക്കിനടുത്ത്, മെഡിറ്ററേനിയനിലാണ് സ്ഥാനം. പക്ഷേ, മൊറോക്കൻ തീരത്താണ്. ഭരിക്കുന്നത് സ്പെയിനും. യൂറോപ്യൻ യൂണിയൻറെ ഭാഗവുമാണ്. മൊറോക്കൻ കരയിലായത് കൊണ്ട് യൂറോപ്പിന് ആഫ്രിക്കയുമായി കരയതിർത്തിയുള്ള രണ്ട് സ്ഥലങ്ങളിൽ ഒന്നാണ് സ്യൂട്ട. മറ്റൊന്ന് കിഴക്കുമാറിയുള്ള മെലില്ലയാണ് (Melilla). ശക്തമായ സൈനിക കാവലുള്ള സ്ഥലമാണ് സ്യൂട്ട. യൂറോപ്യൻ അതിർത്തികളിൽ വച്ച് ഏറ്റവും സുരക്ഷ. മൊറോക്കോയുമായുള്ള കരയതിർത്തി വേലികെട്ടി അടച്ചിട്ടുണ്ട്. ഏതാണ്ട് 84,000 പേരാണ് താമസക്കാർ. ക്രൈസ്തവരും മുസ്ലിങ്ങളും. സ്പെയിൻകാരും മൊറോക്കോക്കാരും മാത്രമല്ല, ജൂതരും ഇന്ത്യയിൽ നിന്നെത്തിയ സിന്ധികളുമുണ്ട് കൂട്ടത്തിൽ. സൗഹാർദ്ദപരമായി ഒരൊറ്റ സമൂഹമായി ജീവിക്കുന്നു.
തീരാത്ത തർക്കം
കാര്യം സ്പെയിനാണ് ഭരിക്കുന്നതെങ്കിലും മൊറോക്കോ അതംഗീകരിക്കുന്നില്ല. അവകാശവാദവും തർക്കവും അനന്തം. സ്പാനിഷ് കോളനിയായിരുന്നു മൊറോക്കോയും സ്യൂട്ടയും. 1956 -ൽ സ്വതന്ത്രമായോട് കൂടി, സ്യൂട്ട വിട്ടുകിട്ടണമെന്ന് മൊറോക്കോ അവകാശവാദമുന്നയിച്ചു. പക്ഷേ, സ്പെയിൻ അതിന് തയ്യാറായിട്ടില്ല. ആധുനിക മൊറോക്കോയുടെ രൂപീകരണത്തിനുമുമ്പേ സ്യൂട്ട സ്വതന്ത്രമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്.
ലാറ്റിൻ അമേരിക്കയിലെ കോളനികൾ നഷ്ടമായപ്പോൾ, ആഫ്രിക്കയിലേക്ക് തിരിഞ്ഞതാണ് സ്പെയിൻ എന്നുമുണ്ട് വാദം. സ്യൂട്ടയുടെ തന്ത്രപ്രധാനമായ സ്ഥാനവും സ്പെയിനിൻറെ അവകാശവാദത്തിന് കാരണമാണ്. പല സാമ്രാജ്യങ്ങളും സ്യൂട്ടയിൽ ആധിപത്യമുറപ്പിച്ചിരുന്നവരാണ്. റോം, കാർത്തജീനിയ, ഗ്രീക്ക്, ബൈസാൻറിൻറെ കീഴിൽ സ്യൂട്ട സ്വതന്ത്രമായി. 1415 -ൽ പോർച്ചുഗൽ കൈയടക്കുന്നതുവരെ. പിന്നെയത് സ്പെയിനിൻറെ കൈയിലായി. ലിസ്ബൺ ധാരണയിൽ രേഖയുമായി. '95 -ലാണ് സ്യൂട്ടയുടെ സ്വയംഭരണം സ്പെയിൻ അംഗീകരിച്ചത്.
72,000 പേരുടെ ഒഴുക്ക്, ഇടയുന്ന തദ്ദേശീയർ
യൂറോപ്പിൻറെ ഭാഗമായത് കൊണ്ടുതന്നെ സ്യൂട്ടയിലോ മെലിലയിലോ എത്തുന്നത് യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിൻറെ തുടക്കമായി കാണുന്നു. മൊറോക്കോക്കാർ ഉൾപ്പടെയുള്ള ആഫ്രിക്കക്കാർ ഷെങ്കൻ മേഖലയിലാണെങ്കിലും സ്യൂട്ടയിൽ നിന്ന് മെലിലയിലേക്കും സ്പെയിനിലേക്കും യാത്ര ചെയ്യുന്നവർക്ക് പ്രത്യേക പരിശോധനകളുണ്ട്. അനധികൃതമായി വരുന്ന കൂടുതൽപേരെയും തിരിച്ചയക്കുകയാണ് പതിവ്. ചിലരെ താൽകാലിക കേന്ദ്രങ്ങളിൽ താമസിപ്പിക്കും. സ്പെയിനിൽ അഭയത്തിന് അപേക്ഷിക്കാൻ സൗകര്യവും ഒരുക്കും. കർശന സുരക്ഷയുള്ള അതിർത്തിയായതിനാൽ, കടലിലൂടെ നീന്തിയും നടന്നുമാണ് സാധാരണ ഇവരെല്ലാം സ്യൂട്ടയിലെത്താറ്. പലപ്പോഴും അതുണ്ടായിട്ടുണ്ട്.
പക്ഷേ, ഇത്തവണ വന്നെത്തിയവരുടെ എണ്ണം സ്യൂട്ടക്കാരെ അമ്പരപ്പിച്ചു 72,000 പേരാണ്. സ്യൂട്ടയിലെത്തിയത്. അതോടെ കടകളും ഹോട്ടലുകളും അടച്ച് അവർ വീട്ടിൽ പോയി. ഭക്ഷണവും വിശ്രമിക്കാനിടവും കിട്ടാതെ എത്തിയവർ വലഞ്ഞു. പിന്നെ കടൽതീരമായി ആശ്രയം. സ്യൂട്ടൻ സുരക്ഷാസേന കാവൽ നിന്നു. ഒടുവിൽ രാത്രിയായപ്പോഴേക്കും ഭൂരിഭാഗവും തിരിച്ചുപോയി. 75 പേരെങ്കിലും മരിച്ചുവെന്നാണ് കണക്ക്. പക്ഷേ, 2,500 ഓളം പേർ പോയില്ലെന്ന് റിപ്പോർട്ട്. തമ്മിൽ പ്രശ്നങ്ങളില്ലാതിരുന്ന സ്യൂട്ടയിലെ സമൂഹത്തിന് ഇപ്പോൾ ഭിന്നതകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. തീവ്രവലത് റാലി, കുടിയേറ്റ വിരുദ്ധറാലി ഒരുപക്ഷം എതിർത്തു. അത് ഒടുവിൽ റദ്ദാക്കി.
എല്ലാം വ്യാജ വാർത്തയിൽ നിന്ന്?
2022 -ലും ഇത്തരമൊരു ഒഴുക്കുണ്ടായിരുന്നു. മെലിലയിലേക്ക്. 2,000 -ത്തോളം പേരെത്തി അന്ന്. 23 പേർ മരിച്ചു. 2014 -ൽ സ്യൂട്ടയിലേക്ക് കടക്കാൻ ശ്രമിച്ച 200 പേരിൽ 14 പേർ മുങ്ങിമരിച്ചു. ഇത്തവണ ഇത്രയും പേരെത്താൻ കാരണം, ഒരു സോഷ്യൽ മീഡിയ വ്യാജവാർത്തയെന്നാണ് റിപ്പോർട്ട്. സ്യൂട്ടയിലെത്തുന്നവരെ തിരിച്ചുവിടാൻ സ്പെയിനിന് കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു എന്നൊരു വാർത്ത പ്രത്യക്ഷപ്പെട്ടു. ഇപ്പോഴെത്തിയാൽ യൂറോപ്പിലേക്കുള്ള വഴിയാകുമെന്നും. ഒപ്പം ചിത്രങ്ങളും ദൃശ്യങ്ങളും. അതെല്ലാം കാട്ടുതീ പോലെ പരന്നു. പിന്നാലെ പതിനായിരങ്ങൾ ഒഴുകി.
സഹാറ എന്ന തർക്ക മരുഭുമി
പക്ഷേ, അടിസ്ഥാന കാരണം മൊറോക്കോയും അൾജിയേഴ്സുമായുള്ള ശത്രുതയും സ്പെയിനിൻറെ അൾജിരീയൻ സൗഹൃദവുമാണെന്നാണ് സൂചന. സ്പാനിഷ് കോളനിയായിരുന്ന പടിഞ്ഞാറൻ സഹാറയെ ചൊല്ലി മൊറോക്കോയും അൾജീരിയയും തമ്മിൽ തർക്കമുണ്ട്. മൊറോക്കോ, പടിഞ്ഞാറൻ സഹാറയിൽ അവകാശമുന്നയിക്കുന്നു. നിഷ്പക്ഷനിലപാടെടുത്തിരുന്ന സ്പെയിൻ പക്ഷേ, പടിഞ്ഞാറൻ സഹാറയിലെ സ്വാതന്ത്ര്യസമര മുന്നേറ്റത്തിൻറെ നേതാവിനെ കൊവിഡ് കാലത്ത് ചികിത്സിച്ചു. അൾജിയേഴ്സ് പിന്തുണക്കുന്ന മുന്നേറ്റമാണത്. അത് മൊറോക്കോയ്ക്ക് ഇഷ്ടപ്പെട്ടില്ല. 2021 -ലായിരുന്നു ഈ സംഭവം. അന്നുമുണ്ടായി ഇതുപോലൊരു കുടിയേറ്റക്കാരുടെ ഒഴുക്ക്. അതിർത്തിവേലി കടക്കാനായിരുന്നു അന്നത്തെ ശ്രമം. 6,000 പേർ, 1,500 കുട്ടികളുൾപ്പടെ അതിർത്തി കടന്നു.
കളം മാറ്റുന്ന സ്പെയിൻ
2022 -ൽ സ്പെയിൻ നിഷ്പക്ഷത ഉപേക്ഷിച്ച് പടിഞ്ഞാറൻ സഹാറയുടെ അവകാശത്തിൽ മൊറോക്കോയെ പിന്തുണച്ചു. മൊറോക്കോയുടെ ഇഷ്ടക്കേട് അലിഞ്ഞു. പക്ഷേ, അതോടെ അൾജീരിയ പിണങ്ങി. ഇക്കഴിഞ്ഞ ജൂലൈയിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അൾജീരിയ സന്ദർശിച്ചു. ആ ശത്രുതക്ക് അവസാനമായി. എന്നാൽ, സന്ദർശനം മൊറോക്കോയെ ചൊടിപ്പിച്ചു. 2021 -ലെ സംഭവം ആവർത്തിച്ചു. കുടിയേറ്റക്കാരുടെ ഒഴുക്ക്. അന്ന് ആറായിരമെങ്കിൽ ഇപ്പോൾ 72,000.
കാര്യമെന്തായാലും സ്പാനിഷ് പ്രധാനമന്ത്രിയുടെ അൾജിയേഴ്സ് സന്ദർശനത്തിന് പിന്നാലെ മൊറോക്കോ തങ്ങളുടെ അതിർത്തിക്കടുത്തുള്ള പൊലീസ് കാവൽ കുറയ്ക്കാൻ തുടങ്ങിയിരുന്നു. ജനക്കൂട്ടം ഇരച്ചെത്തിയ ദിവസം അവരെ നിയന്ത്രിക്കാനാരുമുണ്ടായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മാസം തോറും എത്തുന്നത് 100 പേരാണെങ്കിൽ അത് 72,000 -മായത് യാദൃശ്ചികമല്ലെന്ന് നിരീക്ഷകപക്ഷം. മൊറോക്കോ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ചോദ്യം ചെയ്യപ്പെടുന്ന സ്പെയിനിൻറെ കുടിയേറ്റ നയം
മൊറോക്കോയുടെ അവകാശവാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധപക്ഷം. ഇവിടത്തെ ജീവിതരീതിയ്ക്ക് യൂറോപ്യൻ ശൈലിയോടാണ് സാമ്യവും. യൂറോപിലും വിഷയം കുടിയേറ്റത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിലെത്തി. സ്പെയിനിൻറെ കുടിയേറ്റ നയത്തിലാണ് എതിർപ്പ്. അനധികൃത കുടിയേറ്റക്കാർക്ക് തൊഴിലനുമതിയും താമസ വീസയും നൽകാനുള്ള ക്യാംപെയിൻ നടത്തിയിരുന്നു സ്പെയിൻ. പണിയെടുക്കാൻ ആളെ വേണമെന്നതാണ് കാരണം. പക്ഷേ, ക്യാംപെയിൻ നേരത്തെ അവസാനിച്ചതാണ്. അതിൻറെ പേരിൽ ഇപ്പോഴൊരു ഒഴുക്കുണ്ടാവേണ്ട കാര്യമില്ലെന്ന് സ്പെയിൻ വാദിക്കുന്നു. കാര്യമെന്തായാലും സ്പെയിനുമായുള്ള അതിർത്തിയിൽ ഫ്രാൻസ് സുരക്ഷ കൂട്ടി. ഇറ്റലി, സ്പെയിനുമായുള്ള ഷെങ്കൻ ധാരണ സസ്പെൻഡ് ചെയ്തു.
അടുത്ത വർഷം തെരഞ്ഞെടുപ്പിൽ ഇറ്റാലിയൻ പ്രധാനമന്ത്രിയായ ജിയോർജിയോ മെലണി നേരിടുന്നത് കുടിയേറ്റ വിരുദ്ധരായ രാഷ്ട്രീയ കക്ഷിയെയാണ്. പൊതുവേ വലതുപക്ഷം ചുവടുറപ്പിക്കുമ്പോൾ, അതിനെ നേരിടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രവുമാകാം അത്. സോഷ്യൽ മീഡിയ പോസ്റ്റാണോ അതോ ആസൂത്രിതമായി നടന്ന തള്ളിക്കയറലാണോയെന്ന സംശയം വ്യാപകമാണ്. സ്പെയിനിപ്പോൾ സ്യൂട്ടയിലെ അതിർത്തിവേലി കടലിലേക്കും നീട്ടിപ്പണിയുകയാണ്. നിരീക്ഷണക്കപ്പലുകളും ഇനിയുണ്ടാവും.