സൗദിയും പാകിസ്ഥാനും തുർക്കിയും ചേർന്ന് പുതിയ പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഇറാനും ഇറാൻ്റെ പ്രോക്സികളും ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഒരു സുന്നി സൈനിക സഖ്യമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹോർമൂസ് ചർച്ചകൾക്കിടെയുണ്ടായ ഈ നീക്കം ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമമായി നിരീക്ഷകർ കാണുന്നു.

ഹോർമൂസിൽ ഒമാനും ഇറാനും തമ്മിലെ ചർച്ചകൾ നടക്കുന്നതിനിടെയാണ് സൗദിയും പാകിസ്ഥാനും തുർക്കിയും പുതിയൊരു പ്രതിരോധ കരാറിലൊപ്പിട്ടത്. നേറ്റോ മാതൃകയിലെ കരാർ എന്നാണ് റിപ്പോർട്ട്. സൗദിയും പാകിസ്ഥാനും തമ്മിൽ നേരത്തെ തന്നെ ഒരു കരാറുണ്ട്. കുറച്ചുകൂടി വിപുലമായ കരാറിലാണ് തുർക്കിയും കൂടി ഉൾപ്പെട്ടിരിക്കുന്നത്. മൂന്നുരാജ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ആക്രമിക്കപ്പെട്ടാൽ, അത് മൂന്നുകൂട്ടർക്കുമെതിരെയായി കണക്കാക്കും എന്നാണ് ഇപ്പോഴത്തെ കരാർ. ഹോർമൂസിൽ ഒമാനും ഇറാനും ചർച്ച തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഷിയാ ശക്തിയായ ഇറാൻ, ഇറാന്‍റെ പ്രോക്സികൾ, അതിനെതിരെ മൂന്ന് സുന്നി ശക്തികളുടെ കൂട്ടായ്മ. അതാണ് അതിന്‍റെ പ്രാധാന്യം.

സുന്നി സൈനിക സഖ്യം

സൗദി - പാക് കരാർ കഴിഞ്ഞ വർഷമാണ് ഒപ്പിട്ടത്. അന്നത് ഇന്ത്യയ്ക്ക് ആശങ്ക എന്നായിരുന്നു പടിഞ്ഞാറൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആണവശക്തിയായ ഒരേയൊരു ഇസ്ലാമിക രാജ്യവും സൗദിയുമായുള്ള കരാറിന് പല മാനങ്ങൾ കൽപ്പിക്കപ്പെട്ടു. ആശങ്ക വേണ്ടെന്ന് സൗദി ആവർത്തിച്ചെങ്കിലും. എന്നുവച്ച് ഇറാന്‍റെ ആക്രമണം ഉണ്ടായപ്പോൾ, സൗദിയെ സംരക്ഷിക്കാൻ പാക് സൈന്യം ഇറങ്ങിയില്ല. എംബിഎസും (Mohammed bin Salman) എർദോഗനും ഷെഹ്ബാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. കരാറൊപ്പിട്ടത് മെക്കയിൽ. അതിൽ തുർക്കിയുമുണ്ടെന്നത് പ്രധാനം. ഇറാൻ യുദ്ധത്തിലെ മധ്യസ്ഥരാണ് പാകിസ്ഥാൻ. കരാറിൽ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, അതിന്‍റെ വ്യവസ്ഥകളോ വിശദാംശങ്ങളോ ഇല്ല. പ്രതിരോധം മാത്രം എന്നാണ് തുർക്കിയുടെ വിശദീകരണം.

ഹൂതികളുടെ ആക്രമണം

സൗദിക്കിതിൽ സുരക്ഷയാണ് പ്രധാനം, ഇറാൻ ആക്രമിക്കുന്നത് സൗദിയെയാണ്. തുർക്കിയോ പാകിസ്ഥാനോ ഇറാന്‍റെ ശത്രുപക്ഷത്തില്ല. സൗദി ഇനിയും ആക്രമണം പ്രതീക്ഷിക്കുന്നു, രണ്ടുവശത്ത് നിന്നും. തെക്കുനിന്ന് യെമനിലെ ഹൂതികൾ, വടക്കുനിന്ന് ഇറാഖിലെ സായുധസംഘടനകൾ. സിവിലിയൻ കെട്ടിടങ്ങളും അമേരിക്കൻ ആസ്ഥാനങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ആക്രമിക്കപ്പെട്ടേക്കാമെന്നാണ് സൗദിയുടെ കണക്കുകൂട്ടൽ. ഡ്രോണുകളും മിസൈലുകളും വിന്യസിക്കപ്പെടുന്നതിന്‍റെ തെളിവുകിട്ടി എന്നാണ് സൗദി പറയുന്നത്.

തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടയിലാണ് പുതിയ കരാർ എന്നതാണ് പ്രധാനം. ഇറാനുള്ള മുന്നറിയിപ്പാണത്. ഷിയാ ശക്തികൾക്കെതിരായി സുന്നി ശക്തികളുടെ കൂട്ടായ്മ. ഷിയാ സാമ്രാജ്യം സ്വപ്നം കാണുന്ന ഇറാന് അത്ര ശുഭസൂചകമല്ലെന്നാണ് നിരീക്ഷകപക്ഷം. കരാറിന്‍റെ വ്യവസ്ഥകളോ, പ്രത്യാക്രമണ സാധ്യതകളോ അല്ല, സഖ്യമാണ് പ്രധാനം. ഹൂതികളും ഇറാഖി സംഘടനകളും സൗദിയെ ആക്രമിക്കുന്നത് പതിവാക്കിയിരിക്കയാണ്. ഇറാൻ യുദ്ധം തുടങ്ങിയതോടെ പ്രശ്നം ഗുരുതരമായി.

ഹോർമൂസിനായി എത്രകാലം വില പേശാം?

ഇറാനും ഒമാനും തമ്മിലെ ചർച്ച നടക്കുന്നതിനിടെതന്നെ സൗദിയിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇറാന് അനുകൂലമായിരിക്കും ഹോർമൂസ് തുറക്കുന്നതിലെ വ്യവസ്ഥകൾ എന്ന റിപ്പോർട്ടും പുറത്തുവന്നു. ഹോർമൂസ് തുറന്നാൽ പിന്നെ തുടർചർച്ചകൾ. യുദ്ധം അവസാനിപ്പിക്കാനുള്ള വഴി ഇതൊക്കെ വാർത്തയായി നിലനിൽക്കുമ്പോഴാണ് ഹൂതികളുടെ ആക്രമണവും പുതിയ കരാറിന്‍റെ പ്രഖ്യാപനവും. മുമ്പും സൂചനകൾ വന്നതുപോലെ, ഇറാനെ ഒറ്റപ്പെടുത്താൻ സുന്നി ശക്തികൾ തീരുമാനിച്ചാൽ, അത് തികച്ചും ഒറ്റപ്പെടലാവും.

പ്രോക്സികളുടെ മാത്രം സഹായത്താൽ നിലനിൽക്കുന്ന രാജ്യം. ഹമാസ് തൽകാലം രംഗത്തില്ല. ഹെസ്ബുള്ളയും ഹൂതികളും ഇറാഖിലെ സംഘടനകളുമാണുള്ളത്. ഹോർമൂസ് ലോകത്തിന്‍റെ തലക്കുമുകളിലെ വാളാക്കിയാലും പകരം പാതകൾ കണ്ടെത്തിക്കഴിഞ്ഞാൽ ഹോർമൂസിന്‍റെ പ്രസക്തി കുറയും. അതിനുള്ള ശ്രമങ്ങൾ വേഗത്തിൽ നടക്കുകയുമാണ്. തൽകാലം വിലപേശൽ സാധ്യമാവും ഇറാന്. പക്ഷേ, എല്ലാ ഗൾഫ് രാജ്യങ്ങളെയും ശത്രുപക്ഷത്താക്കിക്കൊണ്ടുള്ള നിലനിൽപ്പ് അത്ര സുഖകരമായേക്കില്ലെന്നാണ് വിദഗ്ധ പക്ഷം.