ഒരുമയുടെ ചരിത്രം ട്രംപിനെ ഓർമ്മപ്പെടുത്തി ചാൾസ്, പറയാതെ പറഞ്ഞത് മറ്റ് ചിലതും

Published : May 07, 2026, 04:49 PM IST
Charles US visit

Synopsis

ബ്രിട്ടീഷ്-അമേരിക്കൻ ബന്ധം മെച്ചപ്പെടുത്താനും പ്രധാനമന്ത്രിയുമായി ഇടഞ്ഞ ട്രംപിനെ അനുനയിപ്പിക്കാനുമായി ചാൾസ് രാജാവ് അമേരിക്ക സന്ദർശിച്ചു. നയതന്ത്രപരമായ പ്രസംഗങ്ങളിലൂടെയും ആകർഷകമായ സംഭാഷണത്തിലൂടെയും ഒരു സവിശേഷ സമ്മാനത്തിലൂടെയും അദ്ദേഹം ട്രംപിനെ മയക്കിയെടുക്കാൻ ശ്രമിച്ചു, എന്നാൽ ഇതിന്റെ ഫലം എന്താകുമെന്ന് കണ്ടറിയണം.

 

ബ്രിട്ടീഷ് രാജാവ് ചാൾസ് അമേരിക്ക സന്ദർശിച്ചത് ഒന്നിലേറെ ദൌത്യങ്ങളുമായാണ്. പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിനോട് ഇടഞ്ഞ ട്രംപിനെ മയപ്പെടുത്തിയെടുക്കുക. വഷളായ ബ്രിട്ടീഷ് - അമേരിക്കൻ ബന്ധം മെച്ചപ്പെടുത്തുക. അത് സാധിച്ചു വലിയൊരളവുവരെ എന്നാണ് ഇപ്പോഴത്തെ നിഗമനം.

സഹകരണവും സൗഹൃദവും

എലിസബത്ത് രാജ്ഞി 1952 -ൽ അമേരിക്കയിലെത്തിയിരുന്നു. SUEZ പ്രതിസന്ധിയിൽ ഉലഞ്ഞ അമേരിക്കൻ - ബ്രിട്ടിഷ് ബന്ധം വീണ്ടെടുക്കാനായിരുന്നു ആ സന്ദർശനം. അതോർമ്മിപ്പിച്ചു ചാൾസ്. സഹകരണവും സൗഹൃദവും വിലപ്പെട്ടതാണെന്നും ഓർമ്മിപ്പിച്ചു. രാജകുടുംബാംഗങ്ങൾ ഒരിക്കലും രാഷ്ട്രിയ ചായ്‍വ് പ്രകടമാക്കാൻ പാടില്ല. പക്ഷേ, വാക്കുകളിൽ നിന്ന് വായിച്ചാൽ ഒരുപാട് അർത്ഥങ്ങളുണ്ടാവും. ചാൾസിന്‍റെ പ്രസംഗങ്ങൾ അതിന്‍റെ പ്രതിരൂപമായി. പതിഞ്ഞ നർമ്മവും ആകർഷകമായ ആരെയും വെറുപ്പിക്കാത്ത സംഭാഷണവും ആദ്യത്തെ ആയുധം. രണ്ട് പ്രസംഗങ്ങളിലും അമേരിക്കയെയും അമേരിക്കൻ ജനതയെയും അവരുടെ ഐക്യവും പുകഴ്ത്തി ചാൾസ്. മാഗ്ന കാർട്ടയും (Magna Carta) അമേരിക്കൻ ബിൽ ഓഫ് റൈറ്റ്സും ഉദ്ധരിച്ചു.

ബോധ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസ്

ബ്രിട്ടീഷ് - അമേരിക്കൻ ബന്ധത്തിന്‍റെ ചരിത്രം ഓർമ്മിപ്പിച്ചു. സൗഹൃദത്തിന്‍റെ ആഴവും. ട്രംപ് അനുകൂലികളായ കോൺഗ്രസംങ്ങൾക്ക് പോലും അത് നന്നായി ബോധിച്ചു. ബ്രിട്ടനിലെ രാജാവ് വേണ്ടിവന്നു ഐക്യം ഓർമ്മിപ്പിക്കാൻ എന്നാണ് റിപബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം (Lindsey Graham) സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്തായാലും എല്ലാവർക്കും ഇഷ്ടപ്പെട്ടു. എലിസബത്ത് രാജ്ഞി സംയുക്ത കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്തത് 1991 -ലാണ്. 35 വർഷം മുമ്പ്. ബർലിൻ മതിൽ വീണ ശേഷം, ശീതയുദ്ധം അവസാനിച്ച ശേഷം.

ചില കുറ്റപ്പെടുത്തലുകൾ, ഒപ്പം...

പിന്നെയാണ് ചാൾസ് ശരിക്കുള്ള കാര്യത്തിലേക്ക് കടന്നത്. വൈറ്റ് ഹൗസിനെ പ്രകടമായി കുറ്റപ്പെടുത്തിയില്ല. പക്ഷേ, ചുരുങ്ങിയ വാക്കുകളിൽ പറയാനുള്ളതെല്ലാം പറഞ്ഞു. അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ ലക്ഷ്യബോധത്തിൽ സംശയം പ്രകടമാക്കി. പടിഞ്ഞാറിന്‍റെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. ചെക്സ് ആൻഡ് ബാലൻസസും അന്യമത വിശ്വാസ സഹിഷ്ണുതയും എടുത്തു പറഞ്ഞു. എപ്പോഴും അഭിപ്രായ എൈക്യം ഉണ്ടാവില്ലെന്നത് അംഗീകരിക്കാമെന്നും പറഞ്ഞു. കെയ്ർ സ്റ്റാമറിനെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രംപിനുള്ള മറുപടി. യുക്രെയ്ൻ യുദ്ധവും ഇറാൻ സംഘർഷവും നേറ്റോ ബന്ധവും പരാമർശിച്ചു. അനിശ്ചിതത്വം ഉയർത്തുന്ന വെല്ലുവിളികളും. കോൺഗ്രസിലെ അഭിസംബോധനയ്ക്കിടയിൽ 12 തവണ എഴുന്നേറ്റ് നിന്ന് കൈയടിച്ചു അംഗങ്ങൾ.

എപ്സ്റ്റീന്‍റെ ഇരകൾ ചാൾസുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു. പക്ഷേ, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ അത് നടന്നില്ല. എന്നാൽ, എപ്സ്റ്റീനെ പേരെടുത്ത് പറയാതെ വിഷയം പരാമർശിച്ചു ചാൾസ്. ബ്രിട്ടിഷ് രാജാവ്, ട്രംപിന് ഒരു സമ്മാനവും നൽകി. ലോക മഹായുദ്ധക്കാലത്തെ എച്ച്എംഎസ് ട്രംപ് (HMS TRUMP) എന്ന റോയൽ മരീൻ (Royal Marine) അന്തർവാഹിനിയിലെ മണി. അതുല്യമായ സമ്മാനം. ഒന്നടിച്ചാൽ മതി തങ്ങളെത്തും എന്നൊരു അർത്ഥഗർഭമായ വാചകവും കൂടിയായപ്പോൾ ലക്ഷ്യം ഭേദിച്ചു.

'Two Kings' എന്ന് വൈറ്റ് ഹൗസ്

'Two Kings' എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് വൈറ്റ് ഹൗസ് നൽകിയ അടിക്കുറിപ്പ്. വിമർശകരെ കളിയാക്കിക്കൊണ്ട്. അധികാരങ്ങളിൽ രാജതുല്യനാകാൻ ശ്രമിക്കുന്നുവെന്ന് വിമർശിക്കപ്പെടുന്ന പ്രസിഡന്‍റും പരിമിതമായ അധികാരങ്ങളുള്ള യഥാർത്ഥ രാജാവും തമ്മിലെ ഭിന്നത ചൂണ്ടിക്കാണിച്ചു മാധ്യമങ്ങൾ.

പ്രകൃതി സംരക്ഷിക്കപ്പെടണമെന്ന തന്‍റെ നയവും മുന്നോട്ടുവച്ചു ചാൾസ്. തട്ടിപ്പ് എന്ന് ട്രംപ് തള്ളിക്കളയുന്ന പരിസ്ഥിതി സംരക്ഷണം. പക്ഷേ, ഇതിൽ നിന്നൊക്കെ ട്രംപ് സർക്കാർ എന്ത് മനസിലാക്കുന്നു, എത്രമാത്രം അംഗീകരിക്കാൻ തയ്യാറാകുന്നു എന്നതാണ് അറിയേണ്ടത്. ട്രംപിന്‍റെ അരിശം തണുത്തിട്ടുണ്ടാവും. രാജാവുമായുള്ള സൌഹൃദം ഇഷ്ടപ്പെടുന്നയാളായത് കൊണ്ട്. പക്ഷേ, ചാൾസ് പറഞ്ഞതിലെ അർത്ഥങ്ങൾ എങ്ങനെ വായിച്ചെടുക്കുന്നുവെന്നത് സംശയം. സഖ്യങ്ങളുടെ വില തിരിച്ചറിയുമോ അതോ 'തന്നിഷ്ടം പൊന്നിഷ്ടം' എന്ന മട്ടിൽ തന്നെ മുന്നോട്ട് പോകുമോ എന്നുറപ്പില്ല.

 

PREV
Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് രാജാവ്, ദാവൂദിന്റെ വലംകൈ, ലണ്ടനില്‍ ആഡംബര ജീവിതം, ഇഖ്ബാല്‍ മിര്‍ച്ചിയുടെ ജീവിതം
മരണഭയം കൊണ്ട് പതറിയ അധോലോക നായകന്‍; പിന്നാലെ ചെന്ന പ്രതികാരദാഹിയായ യുവാവ്!