മരണഭയം കൊണ്ട് പതറിയ അധോലോക നായകന്‍; പിന്നാലെ ചെന്ന പ്രതികാരദാഹിയായ യുവാവ്!

Published : Apr 29, 2026, 04:28 PM IST
Adholokam babu Gopal Reshim

Synopsis

ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബാബു ഗോപാല്‍ റഷിമിന്റെ ജീവിതവും മരണവും. അടുത്ത ആഴ്ച ഇഖ്ബാല്‍ മേമന്‍ മിര്‍ച്ചി | Underworld| Mumbai Under World | Column | Babu Gopal Reshim 

ഒരു ദിവസം, റഷിം അവിടെയെത്തി. റോഡരികില്‍ കുളിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ റഷിമിന്റെ കണ്ണുടക്കി. ഏറെനേരം അയാള്‍ അവളെത്തന്നെ നോക്കിനിന്നു. അവള്‍ അവഗണിച്ചു. അടുത്ത നിമിഷം, റഷിം അവളെ കടന്നുപിടിച്ചു. പേടിച്ചു വിറച്ച പെണ്‍കുട്ടി ബഹളം വെച്ചതോടെ ചേരിയില്‍ നിന്നും ആള്‍ക്കൂട്ടം ഇരച്ചുവന്നു റഷിമിനെ തലങ്ങും വിലങ്ങും തല്ലി

 

അധോലോക രാജാക്കന്‍മാര്‍ക്ക് മരണഭയമുണ്ടോ? അധോലോകത്തെക്കുറിച്ചുള്ള സംസാരങ്ങളില്‍ സാധാരണകടന്നുവരുന്ന ഒരു ചോദ്യമാണിത്. മറ്റുള്ളവരില്‍ മരണഭീതി വിതച്ച് വിഹരിക്കുന്നവര്‍ സ്വന്തം ജീവെനക്കെുറിച്ച് എത്രമാത്രം ആകുലരാണ് എന്നാലോചിച്ചാല്‍ ഇതിനുത്തരം കിട്ടും. സ്വന്തം ജീവന്‍ മുറുക്കെപ്പിടിച്ചും സുരക്ഷിത താവളങ്ങള്‍ ഒരുക്കിയുമാണ് ഏത് അധോലോക ഡോണും മറ്റുള്ളവരുടെ ജീവനെടുക്കാന്‍ പാഞ്ഞുനടക്കുന്നത്. ഒരു പരിധി കഴിഞ്ഞാല്‍, ഇവരില്‍ പലരുടെയും മരണഭീതി വര്‍ദ്ധിക്കും. സുരക്ഷിത താവളങ്ങള്‍ക്കായി ഇവര്‍ ഉഴറിനടക്കും. ഏത് നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ധൈര്യശാലികളെന്ന് നാം വിശ്വസിക്കുന്ന പലരും ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്.

എത്ര വലിയ സുരക്ഷ ഉറപ്പാക്കിയാലും, സ്വന്തം ഗ്രൂപ്പ് അംഗങ്ങളെപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസരങ്ങള്‍ വരും. അംഗങ്ങള്‍ പരസ്പരം ഒറ്റിക്കൊടുത്ത അനവധി കഥകളുണ്ട്. അതിനാല്‍, ഓരോരുത്തരും അവരവരുടേതായ സുരക്ഷിത താവളങ്ങള്‍ കണ്ടെത്തും. അത്തരത്തില്‍ അധോലോകം ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഒരു താവളമാണ് ജയില്‍! പുറത്തുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും, എന്നാലും സത്യമാണ്, ജയിലില്‍ കിടന്നാല്‍, ആക്രമണം ഒഴിവാക്കാമെന്ന് വിശ്വസിച്ച ഒരുപാട് ഡോണുകളുണ്ട്. വലിയ പ്രശ്‌നങ്ങളുണ്ടാക്കി ജീവന്‍ അപകടത്തിലാവുമ്പോള്‍, എന്തെങ്കിലും കാരണമുണ്ടാക്കി ജയിലില്‍ ചെന്നു കയറുന്നവര്‍. എല്ലാം ശാന്തമാവുമ്പോള്‍ തിരിച്ചിറങ്ങുന്നവര്‍.

അരുണ്‍ ഗാവ്ലി അത്തരത്തില്‍ ഒരാളായിരുന്നു. ആക്രമണ സാധ്യത തോന്നിയാല്‍ ജയിലിന്റെ സുരക്ഷയിലേക്ക് രക്ഷപ്പെടുന്ന പതിവുണ്ടായിരുന്നു ഗാവ്‌ലിക്ക്. നിയമസഭയിലേക്ക് മത്സരിച്ച സമയത്ത്, വോട്ടെടുപ്പ് ദിവസം വീട്ടിനുമുന്നില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വിജയ് സലാസ്‌കര്‍ പുകവലിച്ചു നില്‍ക്കുന്നത് കണ്ടതിനാല്‍ ഭയംകൊണ്ട് വോട്ടു ചെയ്യാന്‍ പോലും പുറത്തിറങ്ങാത്ത ആളാണ്. മറ്റൊരാള്‍ അബ്ദുള്‍ കുഞ്ഞു ആയിരുന്നു. ജയിലിലെ സുരക്ഷ പ്രതീക്ഷിച്ച് കോടതിയില്‍ ഹാജരായ ആളാണ് അബ്ദുള്‍ കുഞ്ഞു. ഗാവ്‌ലിയുടെ ഗ്രൂപ്പിലെ, കൊടും ഭീകരനായ ബാബു റഷിമിനെയും ഇക്കൂട്ടത്തില്‍ പെടുത്താം. അധോലോകത്തെ രാജാവാകാന്‍ കച്ചകെട്ടിയിറങ്ങിയ റാഷിമിനെ മരണഭയം വിടാതെ പിന്തുടര്‍ന്നിരുന്നു. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ജയിലില്‍ പോയി കിടക്കാറുള്ള റാഷിമിന്റെ തന്ത്രം പക്ഷേ, അവസാനം പാളിപ്പോയി. ലോക്കപ്പില്‍ കിടക്കുകയായിരുന്നു അയാളെ അവിടെയെത്തി എതിരാളികള്‍ വധിച്ചു. അതുപക്ഷെ, ഒരൊന്നൊന്നര ആക്രമണമായിരുന്നു.

 

അരുണ്‍ ഗാവ്ലി

 

ബോംബെയെ വിറപ്പിച്ച ത്രിമൂര്‍ത്തികള്‍

ബോംബെയെ വിറപ്പിച്ച BRA ഗ്രൂപ്പ് നിയന്ത്രിച്ചിരുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു റമ നായിക്ക്, അരുണ്‍ ഗാവ്ലി എന്നിവായിരുന്നു മറ്റുള്ളവര്‍. മൂവരുടെയും പേരിലെ ആദ്യാക്ഷരം ചേര്‍ത്താണ് ഗ്രൂപ്പിന് പേരിട്ടത്. ബൈക്കുളയിലെ പ്രബലവും അപകടകരവുമായ ഗ്രൂപ്പായിരുന്നു ഇത്. ഭീതിയോടെയല്ലാതെ ഇപ്പോഴും ബോംബെ നിവാസികള്‍ ആ ഗ്രൂപ്പിനെ ഓര്‍ക്കാറില്ല. പണം, രാഷ്ട്രീയ ബന്ധം, മറ്റു ഗ്രൂപ്പുകളോടുള്ള ഒടുങ്ങാത്ത ശത്രുത, ആള്‍ബലം, ആയുധബലം, ജാതീയമായ പിന്തുണ, മടിയില്ലാത്ത അക്രമവാഞ്ച എന്നിവയെല്ലാം തരംപോലെ ഉപയോഗിച്ചാണ് അവര്‍ പ്രബലരായത്.

തെരുവുകളിലാണ് റഷിം ജീവിതം തുടങ്ങിയത്. 12 വര്‍ഷം ഹോട്ടല്‍ ബോയ് ആയിരുന്നു. പിന്നീട്, ബന്ധുക്കളില്‍ ചിലര്‍ ജോലി ചെയ്യുന്ന മാസഗണ്‍ ഡോക്‌സിലെ വിശാലമായ തൊഴിലാളി കാന്റീനില്‍ ജോലി തുടങ്ങി. ഒരടിപിടിയില്‍ പെട്ടതിനെത്തുടര്‍ന്ന് കാന്റീനില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീടുള്ള അയാളുടെ ജീവിതം കുറ്റകൃത്യങ്ങളുടെ ലോകത്തായിരുന്നു. 1970-കളുടെ തുടക്കത്തിലെ ബോംബെ. അഗ്രിപാഡ പോലീസ് സ്റ്റേഷന്‍ പരിസരത്ത് കറങ്ങിനടന്നിരുന്ന ലോക്കല്‍ കുറ്റവാളികള്‍ക്കൊപ്പം അയാളും ചേര്‍ന്നു. അരുണ്‍ ഗാവ്‌ലിയും രമാകാന്ത് നായിക്കുമായിരുന്നു അവിടത്തെ പ്രബലര്‍. വര്‍ഷങ്ങള്‍ നീണ്ട കുറ്റകൃത്യങ്ങള്‍. പിടിച്ചുപറി, കവര്‍ച്ച, കൊലപാതകം. ആളുകള്‍ ഭയക്കുന്ന അധോലോക നേതാക്കന്‍മാരായി അവര്‍ മൂവരും മാറി.

യൂനിയന്‍ നേതാവാന്‍ കച്ചകെട്ടിയ ഡോണ്‍

1982-83 കാലഘട്ടത്തില്‍ അന്നത്തെ തീപ്പൊരി തൊഴിലാളി യൂണിയന്‍ നേതാവ് ഡോ. ദത്ത സാമന്ത് ആഹ്വാനം ചെയ്ത തുണിമില്‍ പണിമുടക്കാണ് റഷിമിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. സാമന്തിന്റെ നിയന്ത്രണത്തിലുള്ള മസഗണ്‍ ഡോക്ക് എംപ്ലോയീസ് യൂണിയന്‍ (MDEU) പ്രവര്‍ത്തകരെ ശിവസേന ആക്രമിക്കുന്ന കാലമായിരുന്നു അത്. റഷിം അവരുടെ രക്ഷയ്‌ക്കെത്തി. ശിവസേനയ്ക്ക് അത് വലിയ തലവേദനയായി. റഷിമിന്റെ അധോലോക സംഘങ്ങളെ ഭയന്ന് അവര്‍ പിന്‍വാങ്ങി. സംരക്ഷണം നല്‍കിയതിന് പകരമായി യൂണിയന്റെ നിയന്ത്രണമാണ് റഷിം അവരോട് ആവശ്യപ്പെട്ടത്. മുമ്പ് ജോലി ചെയ്തിരുന്ന, ഏറെ ബന്ധങ്ങളുള്ള ഇടമായതിനാല്‍ മാസഗണ്‍ ഡോക്കുമായി വൈകാരികമായ ഒരടുപ്പം റഷിമിന് ഉണ്ടായിരുന്നു.

എന്നാല്‍, യൂനിയന്റെ നിയന്ത്രണം അധോലോകത്തിന് കൈമാറാന്‍ തൊഴിലാളി നേതാക്കള്‍ വിസമ്മതിച്ചു. അതോടെ, റഷിം എതിര്‍പക്ഷത്തുള്ള ഡോക്ക്യാര്‍ഡ് ലേബര്‍ യൂണിയനിലേക്ക് (DLU) തിരിഞ്ഞു. ആ യൂനിയനില്‍ അയാള്‍ക്ക് പെട്ടെന്നുതന്നെ ചുമതലകള്‍ ലഭിച്ചു. തൊട്ടുപിന്നാലെ, റഷിം സാമന്തിന്റെ യൂണിയന്‍ ഭാരവാഹികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. യൂനിയന്‍ നേതാക്കളെ വിളിച്ചുവരുത്തി രാജി വെക്കാനായിരുന്നു ഭീഷണി. യൂനിയന്‍ ആ ഭീഷണികള്‍ തള്ളിക്കളഞ്ഞു. അതോടെ, റഷിം പ്രതികാരം തുടങ്ങി. പോലീസ് സംരക്ഷണം ഉണ്ടായിട്ടും മസഗണിലെ യൂണിറ്റ് സെക്രട്ടറി അജിത് സാമന്തിന് നേരെ ആക്രമണമുണ്ടായി. വലതുകൈക്കു നേരെ വാളുകൊണ്ട് വെട്ടുകയായിരുന്നു. നാല് ദിവസത്തിനുള്ളില്‍ മറ്റ് നാല് യൂണിയന്‍ പ്രവര്‍ത്തകര്‍ കൂടി ആക്രമിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് മസഗണ്‍ തൊഴിലാളികള്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തി.

അതു കഴിഞ്ഞ്, കഷ്ടിച്ച് മൂന്നാഴ്ചകള്‍. റഷിമിന്റെ ജീവിതം എന്നേക്കുമായി മാറിമറിഞ്ഞു. പൊലീസ് ലോക്കപ്പില്‍ വെച്ച് അയാള്‍ ആക്രമിക്കപ്പെട്ടു. മൂന്ന് കാരണങ്ങളാണ് അതിനു പറയുന്നത്. ഒന്ന്, ദാവൂദ് ഇബ്രാഹിമിന്റെ പക, രണ്ട്, യൂനിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മൂന്ന്, പണ്ട് ഒരു സ്ത്രീയെ ഉപദ്രവിച്ചതിന്റെ പ്രതികാരം. ഇതില്‍ ആദ്യത്തെയും അവസാനത്തെയും കാരണങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്. അത് പറയാം.

ഒരു പ്രതികാരത്തിന്റെ കഥ

ബൈക്കുളയുടെ തൊട്ടടുത്തായി കഞ്ചര്‍വാഡ എന്നൊരു ചേരിയുണ്ട്. ആദിവാസി വിഭാഗത്തില്‍പെട്ട ദരിദ്രരെങ്കിലും സുന്ദരികളായ പെണ്‍കുട്ടികളായിരുന്നു കഞ്ചര്‍വാഡയുടെ ആകര്‍ഷണം. അവര്‍ തുറസ്സായ ഇടങ്ങളില്‍ കുളിക്കുകയും കഥകള്‍ പറഞ്ഞിരിക്കുകയും വൈകുന്നേരങ്ങളില്‍ ഒത്തുകൂടുകയും ഉച്ചത്തില്‍ ചിരിച്ചുല്ലസിക്കുകയും പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, റഷിം അവിടെയെത്തി. റോഡരികില്‍ കുളിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ റഷിമിന്റെ കണ്ണുടക്കി. ഏറെനേരം അയാള്‍ അവളെത്തന്നെ നോക്കിനിന്നു. അവള്‍ അവഗണിച്ചു. അടുത്ത നിമിഷം, റഷിം അവളെ കടന്നുപിടിച്ചു. പേടിച്ചു വിറച്ച പെണ്‍കുട്ടി ബഹളം വെച്ചതോടെ ചേരിയില്‍ നിന്നും ആള്‍ക്കൂട്ടം ഇരച്ചുവന്നു റഷിമിനെ തലങ്ങും വിലങ്ങും തല്ലി. അധോലോക നേതാവാണ് എന്നൊന്നുമറിയാതെ അവര്‍ അയാളെ കാര്യമായി കൈകാര്യം ചെയ്തു. തല്ലുകൊണ്ട് വശംകെട്ട ബാബു ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു ചെറുപ്പക്കാരനെ പിടിച്ചുവെച്ചു. ആ ചെറുപ്പക്കാരന്‍ കഞ്ചര്‍വാഡയിലെ സാംസ്‌കാരിക പ്രവര്‍ത്തകനായ വിജയ് ഉട്ടേഖര്‍ കാഞ്ചറേ ആയിരുന്നു. ആ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു.

അതിനിടയ്ക്കാണ് തങ്ങള്‍ തല്ലിയത് ആരെയൊണെന്ന് ആളുകള്‍ക്ക് മനസ്സിലായത്. വരാന്‍ പോകുന്ന വിപത്തിനെയോര്‍ത്ത് അവര്‍ ഓരോരുത്തരായി പിന്മാറി. റഷിം തന്റെ കൈയില്‍കിട്ടിയ വിജയിനെ നന്നായി കൈവെച്ചശേഷം അവിടം വിട്ടുപോയി. എന്നാല്‍, വിജയ് എന്ന ചെറുപ്പക്കാരന്റെ മനസ്സില്‍ ആ കനല്‍ ഒരിക്കലും കെട്ടില്ല. ചേരിയിലെ പെണ്‍കുട്ടിയെ അപമാനിച്ചതും അതുംകഴിഞ്ഞ് അയാള്‍ തന്നെ ഒറ്റതിരിഞ്ഞ് മര്‍ദ്ദിച്ചതും അവനില്‍ പ്രതികാരചിന്ത വളര്‍ത്തി. ഗാവ്ലിയുടെ ആളുകള്‍ ചേരിയില്‍ വന്ന് അനധികൃത പണപ്പിരിവ് നടത്തുന്നതില്‍ വിജയ് നേരത്തെ അസ്വസ്ഥനായിരുന്നു. പ്രതികാരദാഹിയായി മാറിയ വിജയ് അന്നു മുതല്‍ റഷിമിന്റെ പിന്നാലെയായി.

 

ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജന്‍

 

പ്രതികാരദാഹിയായ വിജയ്

വൈകാതെ വിജയ് ഗാവ്ലിയുടെ എതിരാളികളായ അപ്പു ഷെട്ടി, ജയന്ത് ഷെട്ടി എന്നിവരെ ചെന്നുകണ്ടു. വിജയ് തങ്ങള്‍ക്കു പറ്റിയ ആളാണെന്നു ഷെട്ടി ഗ്രൂപ്പിന് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ടു. പണം, ആയുധം, ആള്‍ബലം എന്നുവേണ്ട ഗാവ്ലിയേയും ബാബു റഷിമിനെയും റമ നായ്ക്കിനെയും നേരിടാന്‍ എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു. അന്നുമുതല്‍ക്ക് തുടങ്ങി വിജയിയും ഷെട്ടി ഗ്രൂപ്പും തമ്മിലുള്ള ചങ്ങാത്തം. കൂടാതെ ഗാവ്ലിയുടെ ശത്രുക്കളായിരുന്ന ധോല്‍ക്കിയ സഹോദരന്മാരും വിജയിക്ക് സഹായം വാഗ്ദാനം ചെയ്തു.

ഒരുനാള്‍ വൈകുന്നേരം സാത്ത് റസ്തയിലെ ചാരായക്കടയില്‍ വിജയ് റഷിമിനെ കണ്ടുമുട്ടി. റഷിം കൂട്ടുകാരോടൊപ്പം മദ്യപിച്ചും സൊറപറഞ്ഞും ഇരിക്കുകയായിരുന്നു. വിജയ് ഉട്ടേഖര്‍ കാഞ്ചറേ എന്ന ഇരുപത്തിനാലുകാരന്റെ രൂപത്തില്‍ അപകടം തൊട്ടടുത്തു വന്നുനില്‍ക്കുന്നത് റഷിമിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ശത്രുവിനെ നേരിടാന്‍ മറ്റൊരു ദിവസത്തേക്ക് കാത്തു നില്‍ക്കരുത് എന്ന് വിജയ്ക്കുമറിയാം. ഏറെ നാളായി എളിയില്‍കൊണ്ടുനടക്കുന്ന തോക്കുമായി അവന്‍ റഷിമിന് നേര്‍ക്കെത്തി. ഒരു നിമിഷംപോലും കാത്തുനിന്നില്ല. അവന്‍ റഷിമിന് നേരെ നിറയൊഴിച്ചു. മുന്നില്‍ കണ്ട ഒരു വിളമ്പുമേശയുടെ മറ പിടിച്ച് റഷിം വെടിയുണ്ടകളെ പ്രതിരോധിച്ചു. ബഹളത്തിനിടയില്‍ പ്രാണഭയത്താല്‍ ഇറങ്ങിയോടിയ റഷിം അന്ന് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റഷിമിന്റെ കൂട്ടുകാര്‍ ചേര്‍ന്നു വിജയിയെ വെടിവെച്ചെങ്കിലും വലിയ പരുക്കുകള്‍ ഇല്ലാതെ അവനും രക്ഷപ്പെട്ടു. റഷിമിന്റെ കൂട്ടുകാര്‍ക്കാകട്ടെ മുറിവേറ്റിരുന്നു.

 

മരണഭയം കീഴടക്കിയ ഡോണ്‍

വിജയ് തന്നെ വിടാതെ പിന്തുടരുമെന്ന് റഷിം ഉറപ്പിച്ചു. മരണഭയം അനുദിനം അവനെ പിടികൂടി. വിജയ് ആവട്ടെ റഷിമിനെ വെറുതെ വിടില്ല എന്ന പ്രതിജ്ഞ തുടര്‍ന്നു. ഇരുവര്‍ക്കുമിടയില്‍ ഒരു ഏറ്റുമുട്ടല്‍ സാധ്യത സദാസമയവും തുറന്നുകിടന്നു.

റഷിമിന് നേരെ നടന്ന ആക്രമണം അധോലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. റഷിമിനെപ്പോലൊരു മാഫിയാ തലവനെ അപരിചിതനായ ഒരു യുവാവ് ഒറ്റയ്ക്ക് ചെന്ന് ആക്രമിച്ചു എന്ന കാര്യം അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. വാര്‍ത്ത ഗല്ലികള്‍ തോറും പടര്‍ന്നു. വിവരം ചോട്ടാ രാജന്റെ കാതിലുമെത്തി. റഷിമിനെ കലികയറി നില്‍ക്കുകയായിരുന്നു രാജന്‍. അയാള്‍ വിജയിയെ കാണാന്‍ തീരുമാനിച്ചു.

റഷിമും പോലീസും തമ്മില്‍ ഒരു രഹസ്യ ഉടമ്പടിയുണ്ട്. റഷിമിനെ പൊതുവേദിയില്‍ അറസ്റ്റ് ചെയ്യുകയോ പരസ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ ചെയ്യില്ല. പകരം പൊലീസ് ആവശ്യപ്പെടുമ്പോള്‍ എതിരാളികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കണം. അതായിരുന്നു കരാര്‍.

ഒരു ദിവസം പൊലീസ് റഷിമിനെ വിളിച്ചു. ചോട്ടാ രാജനെ അന്വേഷിച്ചു നടക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ അറിയണം. റഷിം സ്റ്റേഷനിലേക്ക് ചെന്നു. അതു പക്ഷേ കെണിയായിരുന്നു. അയാളെ കുടുക്കാന്‍ ചില അന്തര്‍നാടകങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു. അതറിയാതെ സ്‌റ്റേഷനിലെത്തിയ റഷിമിനെ നേരത്തെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത് ജേക്കബ് സര്‍ക്കിള്‍ സ്റ്റേഷനിലെ റിമാന്റ് പ്രതികള്‍ക്കുള്ള ലോക്കപ്പില്‍ അടച്ചു. താനൊരു കെണിയിലാണെന്ന് അപ്പോഴേ റഷിമിന് മനസ്സിലായുള്ളൂ. ലോക്കപ്പില്‍ അനവധി കുറ്റവാളികളെ പാര്‍പ്പിച്ചതിനാല്‍ പൊലീസ് സുരക്ഷ പരിഗണിച്ച് റഷിമിനെ മറ്റൊരു സെല്ലിലേക്ക് മാറ്റി. അവിടെ രണ്ട് പേരേ ഉണ്ടായിരുന്നുള്ളൂ.

വിജയ് പുറത്തുണ്ടായിരുന്നു. അയാളുടെ മനസ്സില്‍ പക ഉമിത്തീ പോലെ പുകയുന്നുണ്ടായിരുന്നു. ഈ സമയത്താണ് ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദേശ പ്രകാരം ചോട്ടാ രാജന്‍ അയാളുടെ മുന്നില്‍ വന്നുനിന്നത്. അതൊരു ക്വട്ടേഷനായിരുന്നു. റഷിമിനെ കൊല്ലാനുള്ള പ്ലാന്‍. മനസ്സില്‍ നിന്നും ഭയം എന്ന വികാരം എടുത്തുകളഞ്ഞ വിജയ്, രാജന്റെ പദ്ധതി വേണ്ടെന്നു വെച്ചില്ല.

നാടിനെ ഞെട്ടിച്ച കൊലപാതകം

1987 മാര്‍ച്ച് 5 വ്യാഴാഴ്ച. പുലര്‍ച്ചെ 3.50-ഓടെ, സാധാരണ റഷിം കിടക്കുന്ന കനത്ത കാവലുള്ള ജേക്കബ് സര്‍ക്കിള്‍ ലോക്കപ്പിന് മുന്നില്‍ രണ്ട് ടാക്‌സികളിലായി അവരെത്തി. വിജയ്, ഒപ്പം, രാജു ശങ്കര്‍, ജഗദീഷ് കാണ്ട് വാല, കിഷോര്‍ മഹേഷ്‌കര്‍, രവി ഗ്രോവര്‍ എന്നീ നാലു കൂട്ടുകാരുമുണ്ട്. സ്റ്റേഷന് പുറത്ത് മറ്റ് മൂന്നുപേരും.

പാറാവുകാരനായ പോലീസുകാരന്‍ ഉത്തം ഗാര്‍ത്തെയോട് 'ബാബു റഷിമിനുള്ള ഭക്ഷണവും മദ്യവും കൊണ്ട് വന്നതാണ്, അകത്തു കടക്കണം' എന്ന് അവര്‍ ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പാറാവുകാരന്‍ വഴങ്ങിയില്ല. വിജയ് കയ്യില്‍ കരുതിയ ബോംബ് ഗേറ്റിനു നേരെ എറിഞ്ഞു. സ്‌ഫോടനത്തില്‍ കോണ്‍സ്റ്റബിള്‍ ഉത്തം ബോധരഹിതനായി നിലത്തുവീണു. തുടര്‍ന്ന് ആ അഞ്ചുപേരും ബാബുവിനെ അടച്ചിട്ട ഒന്നാം നമ്പര്‍ സെല്ലിനരികിലെത്തി ചുറ്റിക ഉപയോഗിച്ച് പൂട്ട് തകര്‍ത്തു.

ഏഴ് കോണ്‍സ്റ്റബിള്‍മാര്‍ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും രണ്ട് പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ സെന്‍ട്രികളായി ഉണ്ടായിരുന്നത്. ഹെഡ് കോണ്‍സ്റ്റബിളിനെ കാണാനില്ലായിരുന്നു, ബാക്കിയുള്ളവര്‍ ഉറക്കത്തിലും.

നാടന്‍ ബോംബുകള്‍ എറിഞ്ഞ് സംഘം കാവല്‍ക്കാരെ നിശ്ചലരാക്കി. ലോക്കപ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റഷിം ഞെട്ടി ഉണര്‍ന്നു. ലോക്കപ്പ് തകര്‍ത്തത് തന്നെ രക്ഷിക്കാന്‍ എത്തിയ സംഘമാണെന്ന ധാരണയില്‍ അഴികള്‍ക്കടുത്തു വന്ന ബാബു അക്രമികളെ കണ്ടു സ്തബ്ദനായി. താന്‍ ആരെയാണോ ഭയപ്പെടുന്നത് അവനാണ് പൂട്ട് തകര്‍ത്തു സെല്ലിനകത്തു കയറിയത്! ഒപ്പമുണ്ടായിരുന്ന രണ്ട് തടവുകാര്‍ പേടിച്ച് വിറച്ചു നില്‍ക്കുമ്പോള്‍ റഷിം അലറിവിളിച്ചു: 'വിജയ്, അസാ കരു നകാ' (വിജയ്, ഇത് ചെയ്യരുത്).

ഒരു നിമിഷം പാഴാക്കാതെ വിജയ്, റഷിമിനെ വെടിവെച്ചു വീഴ്ത്തി. മൂന്ന് വെടിയുണ്ടകള്‍ ബാബുവിന്റെ ജീവന്‍ കവര്‍ന്നു. എന്നിട്ടും അടക്കാനാവാത്ത അരിശം സമനില തെറ്റിച്ച വിജയ് കയ്യിലുള്ള ഇരുമ്പ് കൂടം വെച്ച് റഷിമിന്റെ തല തല്ലിച്ചതച്ചു കളഞ്ഞു.

വിവരമറിഞ്ഞോടിയെത്തിയ മധുകര്‍ ജിന്‍ഡേ എന്ന പോലീസ് ഓഫിസര്‍, പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍, ആ കാഴ്ചകണ്ട് നിമിഷങ്ങളോളം ശ്വാസം നിലച്ചുപോയെന്ന് പറയുന്നുണ്ട്. താന്‍ കണ്ട ഏറ്റവും ഭീകരമായ കൊലപാതകം ബാബു റഷിമിന്റെ വധമായിരുന്നു എന്നും.

ഇത്രയും കാലം റഷിമിന് ഒളിത്താവളമായിരുന്ന അതേ സെല്‍ ഒരു മരണക്കെണിയായി മാറി. ആക്രമികള്‍ പിന്‍വാങ്ങി. റഷിം മരിച്ചുകിടന്നു. ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കോണ്‍സ്റ്റബിള്‍ പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു. ജോലിസ്ഥലത്ത് ഇല്ലാതിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

വിജയിയുടെ വിധി

കൊല നടത്തിയ ശേഷം വിജയ് ഒളിവില്‍ പോയി. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം അവന്‍ താമസിച്ചിരുന്ന ഹോട്ടല്‍ പോലീസ് വളഞ്ഞു. അവര്‍ ഹോട്ടല്‍ ജോലിക്കാരുടെ വേഷത്തില്‍ അടുക്കളയിലും ലോബിയിലും ലോണിലും നടുത്തളത്തിലും ഹൗസ് കീപ്പിങ് ഡിപ്പാര്‍ട്‌മെന്റിലും വേഷംമാറി നിലയുറപ്പിച്ചു.

ഒരാള്‍ വിജയ് താമസിക്കുന്ന മുറിയുടെ വാതില്‍ക്കല്‍ വെയിറ്ററുടെ വേഷത്തില്‍ പാലുമായി ചെന്നുമുട്ടി. കതകുതുറന്ന വിജയ് അപകടം മണത്തു. രക്ഷപ്പെടാന്‍ പഴുതു നല്‍കാത്ത വിധം ചുറ്റിലും പോലീസ്! എതിര്‍ക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും വിജയിയെ വെടിവെച്ചിടാന്‍ അവര്‍ക്ക് എളുപ്പമായി. പിടിക്കപ്പെട്ട മറ്റു നാലുപേരും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് ജയില്‍ മോചിതരായി.

എതിരാളിയായ ബാബു റഷിമിനെ വധിക്കാന്‍ ചോട്ടാ രാജന്‍ വഴി വിജയിയെ നിയോഗിച്ച മാസ്റ്റര്‍ മൈന്‍ഡ് സാക്ഷാല്‍ ദാവൂദ് ഇബ്രാഹിമിന്റേതായിരുന്നു എന്നതാണ് സത്യം. സ്റ്റേഷനില്‍ അതിനുവേണ്ട അന്തര്‍ നാടകങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താന്‍ പോലീസുകാര്‍ക്ക് പ്രചോദനമായത് ദാവൂദില്‍നിന്നും കൈപ്പറ്റിയ വന്‍തുകയായിരുന്നു. ഒപ്പം ദാവൂദിന്റെ ആജ്ഞയെ തടുക്കാനുള്ള ഭയവും.

അന്ത്യയാത്ര

ഒരു ഹോട്ടല്‍ ബോയ് ആയി ജീവിതം തുടങ്ങിയ റഷിം എത്രത്തോളം വളര്‍ന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അടുത്ത ദിവസം കണ്ടത്. പൂക്കളാല്‍ അലംകൃതമായ മൃതദേഹം ട്രക്കില്‍ തൊഴിലാളി മേഖലകളിലൂടെ കൊണ്ടുപോയി. വിലാപയാത്രയില്‍ 8,000-ത്തോളം പേര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് (ഐ) എം.എല്‍.സി ബാബുറാവു ഭാപ്സെ, മുന്‍ ശിവസേന മേയര്‍ ഛഗന്‍ ഭുജ്ബല്‍, ഡി.എല്‍.യു നേതാവ് ദത്ത പ്രധാന്‍, മാതാടി കാംഘര്‍ നേതാവ് ബാബുറാവു രാമിസ്തെ എന്നിവര്‍ വിലാപയാത്രയ്ക്ക് നേതൃത്വം നല്‍കി.

മസഗണ്‍ ഡോക്‌സും ഖട്ടാവു മില്ലും അടഞ്ഞുകിടന്നു; മധ്യ ബോംബെയിലെ പലയിടങ്ങളിലും കടകളും ഹോട്ടലുകളും ഷട്ടറുകള്‍ താഴ്ത്തി. പാര്‍ട്ടികള്‍ തൊഴിലാളി നേതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചു. വെടിയേറ്റു വീഴുമ്പോള്‍ റഷിം ശക്തനായ യൂണിയന്‍ നേതാവാകാനുള്ള പാതയിലായിരുന്നു. യൂണിയന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ റഷിം വിജയിച്ചിരുന്നെങ്കില്‍, യൂണിയന്‍ നേതാവായി ഉയരുന്ന ആദ്യത്തെ അധോലോക തലവനായി മാറുമായിരുന്നു അയാള്‍.

 

………………………………..

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

വിക്ടർ ഓ‍ർബന്‍റെ പരാജയവും, പീറ്റർ മജ്യാറിന്‍റെ വിജയവും; ഹംഗറിയിൽ മറ്റെന്തെങ്കിലും മാറുമോ?
യുദ്ധം ജയിക്കാൻ മതത്തെ കൂട്ടുപിടിക്കാൻ ശ്രമിച്ച് ട്രംപ്; വൈറ്റ് ഹൗസിലെ വിശുദ്ധ യുദ്ധവും അകലുന്ന മാർപാപ്പായും