
നേപ്പാളിന് ആവശ്യമുള്ള വൈദ്യുതിയുടെ 99 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിൽ തൃശൂലി നദിയിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന പദ്ധതിയുടെ ഭാഗമായുള്ള തുരങ്കങ്ങളിലേക്ക് ആദ്യമാഞ്ഞടിച്ചത് കാറ്റാണ്. ഭാരമേറിയ മെഷീനുകൾ മറിഞ്ഞുവീണു. നിർമ്മാണ സാമഗ്രികൾ പറന്നുപോയി. പിന്നാലെയെത്തി പ്രവാഹം. 20 മിനിറ്റ് ഓടിയിട്ടാണ് രക്ഷപ്പെടാനായതെന്ന് ഒരാൾ പിന്നീട് വിവരിച്ചു. പക്ഷേ, രക്ഷപ്പെട്ട് പുറത്തെത്തിയപ്പോൾ, ഒന്നും ശേഷിച്ചിരുന്നില്ല. വീടും അമ്മയും സഹോദരനും എല്ലാം പോയി. ഭാര്യയും മകനും രക്ഷപ്പെട്ടു. തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ആർക്കുമറിയില്ല.
അന്ന് ഓടിരക്ഷപ്പെട്ടത് 60 പേരോളമാണ്. ബാക്കിയുള്ളവരെ രക്ഷിക്കാൻ ദൗത്യസംഘങ്ങൾ നിരന്തരം പരിശ്രമിക്കുകയാണ്. പൂർണമായും മണ്ണിനടിയിലായ തുരങ്കത്തിന്‍റെ വാതിൽ കണ്ടുപിടിക്കുകയായിരുന്നു ഏറ്റവും വിഷമകരം. കാറുകളേക്കാൾ വലിയ പാറക്കഷ്ണങ്ങൾ പൊട്ടിച്ചാണ് അകത്തേക്ക് കടന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും ജീവനോടെ ആൾക്കാരെ പുറത്തെത്തിക്കാൻ കഴിയുന്നുവെന്നത് അത്ഭുതം. അതിനുള്ളിലെ ഗോൾഡിലോക്സ് മേഖലയിലാണ് (Goldilocks zones) രക്ഷാ പ്രവർത്തകരുടെ പ്രതീക്ഷ. പദ്ധതിയുടെ ഏറ്റവും മുകളിലുള്ള ഇടം. അവിടം സുരക്ഷിതമായിരിക്കും, പദ്ധതിപ്രദേശം മുഴുവൻ മുങ്ങിയിട്ടില്ലെങ്കിൽ.
ചീറിയടുത്ത പ്രവാഹത്തിന് തുടക്കമിട്ടത് ഹിമാനിയിൽ നിന്നടർന്ന് വീണൊരു കഷ്ണമാണ്. പക്ഷേ, അതിന് ചില ദിവസങ്ങൾ മുമ്പേ ചില സൂചനകൾ ഉണ്ടായിരുന്നു എന്നാണിപ്പോഴത്തെ കണ്ടെത്തൽ. മഞ്ഞലിഞ്ഞിറങ്ങിയ വെള്ളത്തിന്‍റെ നിറം ബ്രൗണായിരുന്നു, ദിവസങ്ങൾക്ക് മുമ്പേതന്നെ. മഞ്ഞുമലയ്ക്ക് ചുറ്റുമുള്ള പാറയിൽ ഒരു വിള്ളൽ കണ്ടുതുടങ്ങിയത്. ഇതൊക്കെ സൂചനകളായി ഇപ്പോൾ ശാസ്ത്രജ്ഞർ വായിക്കുന്നു. അത് റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കയും ചെയ്തു. താഴ്വരയിൽ സമഗ്രമായൊരു മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഒരുപാട് ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്നും വിദഗ്ധർ പറയുന്നു. മേയിൽ നടന്ന ചൈന - നേപ്പാൾ ഉദ്യോഗസ്ഥതല കൂടിക്കാഴ്ചയിൽ നിരീക്ഷണത്തിലെ സഹകരണം ചർച്ച ചെയ്തു. അടുത്തകാലത്ത് ഈ പ്രദേശത്ത് ചില മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഹിമാനികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചില്ല. 8.45 -ന് പ്രളയമുന്നറിയിപ്പ് കിട്ടി. 15 മിനിറ്റിനകം നദീതീരത്തുള്ളവരോട് ഒഴിയാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നാണ് പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചത്. പക്ഷേ, അപ്പോഴേക്ക് താമസിച്ചുപോയിരുന്നു.
കൈലാസയാത്രക്ക്, മാനസസരോവര തീർത്ഥ യാത്രയ്ക്ക് പോകുന്നവരുടെ കവാടങ്ങളിലൊന്നാണിത്. ടിബറ്റിലേക്കുള്ള കവാടം. അങ്ങനെ പോയ ഇന്ത്യൻ സംഘങ്ങളെയാണ് കാണാതായത്. ഇമിഗ്രേഷൻ ഓഫീസിൽ 100 -ലേറെ ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. റസുവാഗധിയിൽ ഗൈറോങ് (Gyirong) അതിർത്തിയിലുള്ള ഇമിഗ്രേഷൻ ഓഫീസ് നദിയിൽ നിന്ന് 100 മീറ്റർ ഉയരത്തിലാണ്. പക്ഷേ, കെട്ടിടം അപ്പാടെ മൂടിക്കൊണ്ടാണ് പ്രവാഹം ഇരച്ചുകയറിയത്. അവിടെയിപ്പോൾ ഒന്നും ബാക്കിയില്ല. സ്റ്റീലും കോൺക്രീറ്റും പോലും കാണാനില്ല. പിഴുതെടുത്ത് കൊണ്ടുപോയി. ഓഫീസിലെ നാല് ജീവനക്കാരും അപ്രത്യക്ഷരായി. മേധാവിയുടെ മൃതശരീരം നദിയുടെ കുറേ താഴെനിന്ന് കിട്ടി.
(പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട ചൈനീസ് പൗരൻ)
ജീവനക്കാരിൽ ഒരാൾ മാത്രമാണിന്ന് ജീവനോടെയുള്ളത്. കാരണമുണ്ട്, അന്നയാൾ കാഠ്മണ്ഡുവിലായിരുന്നു. ഒരു പരീക്ഷ എഴുതാൻ വേണ്ടി പോയതാണ്. സഹപ്രവർത്തകരെല്ലാം മരിച്ചതിലെ അന്ധാളിപ്പ് ഇപ്പോഴും തീർന്നിട്ടില്ല ഇയാൾക്ക്. 40 - 50 സുഹൃത്തുക്കളും അപ്രത്യക്ഷരായി. ആളിന്‍റെ കണക്കനുസരിച്ച് സർക്കാർ പറയുന്നതല്ല മരണക്കണക്ക്. അതിനും എത്രയോ ഇരട്ടി, 1,000 -ത്തിൽപ്പരമെന്ന് സർക്കാർ പറയുമ്പോൾ, ഇയാൾ പറയുന്നത് നാലോ അഞ്ചോ ഇരട്ടിയെന്നാണ്. ഔദ്യോഗികമായിട്ടില്ല അത്. കാണാതായത് 4,200 -ലേറെ എന്നാണ് അറിയിപ്പ്. കണക്ക് ഉയരുകയാണ്. ടിബറ്റിൽ 16 മരണമാണ് ചൈനയുടെ കണക്ക്. 546 പേരെ കാണാനില്ലെന്നും. സത്യാവസ്ഥ അറിയാൻ മാർഗമില്ല.
എത്രപേർ അതിർത്തി കടക്കാനെത്തിയെന്ന കണക്ക് കിട്ടാൻ ഇമിഗ്രേഷൻ വകുപ്പ് റെക്കോർഡ് കുറേയൊക്കെ വീണ്ടെടുത്തു. ഓഫീസ് തുറന്നത് 8 മണിക്ക്. 89 പേർ ടിബറ്റിലേക്കുള്ള അനുമതി നേടി, നാല് പേർ നേപ്പാളിലെത്തിയ രജിസ്ട്രേഷൻ പൂർത്തിയാക്കി 8.35.03 ആണ് അവസാന രേഖയുടെ സമയം. 10 മിനിറ്റിനകം പ്രളയം എല്ലാം വിഴുങ്ങി. പലരും യാത്രാരേഖകൾ പൂർത്തിയാക്കി വീട്ടുകാർക്ക് സന്ദേശമയച്ചിരുന്നു. ചിത്രങ്ങളും. അതുമാത്രമാണ് അവർ അവിടെയുണ്ടായിരുന്നുവെന്നതിന് തെളിവ്. ലണ്ടനിൽ നിന്നുള്ള സംഘാംഗമായിരുന്ന മലയാളി സുനന്ദ മണിരാജൻ ഉൾപ്പടെ ഇഷ ഫൗണ്ടേഷനിലെ 80 പേർ ഉണ്ടായിരുന്നു. കൈലാസ യാത്ര കഴിഞ്ഞ് അവർ മടങ്ങുന്ന വഴി.
പക്ഷേ, ഇമിഗ്രേഷൻ ഓഫീസിലെ കണക്ക് അതിർത്തി കടക്കാനെത്തിയവരുടേതാണ്. കെട്ടിടം നിന്നിരുന്നത് ഘട്ടെ ചോലെ ബസാറിലാണ്. ചെറിയൊരു വ്യാപാര കേന്ദ്രം തന്നെയാണത്. അറുപതോളം വീടുകൾ, പിന്നെ കടകളും ഹോട്ടലുകളും പാർക്കിംഗ് ഏരിയകളും. പിന്നെ വാഹനങ്ങളുമുണ്ടായിരുന്ന സ്ഥലം. നാല് ജല വൈദ്യുത പദ്ധതി ഓഫീസുകളും ജീവനക്കാരും വേറെ. വാഹനങ്ങളും കടകളും കടപുഴക്കി കൊണ്ടുപോകുന്നത് കാണാമായിരുന്നു. മനുഷ്യർക്കെന്ത് പറ്റിയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. 300 മുതൽ 400 വരെ മനുഷ്യർ ടിബറ്റിലേക്ക് പോകാൻ കാത്തുനിന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ നിന്ന് എത്തിയവർ വേറെ. ബസുകളിലെ ഡ്രൈവർമാർ, സഹായികൾ ടൂറിസ്റ്റ് ഗൈഡുകൾ, ചരക്ക് തൊഴിലാളികൾ ഇവരുടെയൊന്നും കണക്ക് ഇതുവരെ കിട്ടിയിട്ടില്ല.
ഗൈറോങിലെ ഇമിഗ്രേഷൻ കെട്ടിടത്തിന് 2 കിമീ അപ്പുറം ഫ്രൻഡ്ഷിപ്പ് ബ്രിഡ്ജ്. അതുകടന്നാൽ ടിബറ്റ്. ഇരച്ചെത്തിയ വെള്ളം പാലം ചുഴറ്റിയെറിഞ്ഞു. 8.37 -ന്, അതിർത്തിക്കപ്പുറത്തെ മലനിരകളിൽ പ്രകമ്പനം രേഖപ്പെടുത്തിയിരുന്നു ഭൂകമ്പമാപിനികൾ. ഹിമാനി അടർന്നുവീണ ശബ്ദമായിരുന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പിന്നെ അധികം സമയമെടുത്തില്ല, 7 മിനിറ്റ് കൊണ്ടെത്തി താഴ്വാരത്ത് എന്നാണ് ചൈനയുടെ അറിയിപ്പ്. ചൈനയുടെ മുന്നറിയിപ്പ് രീതികളെച്ചൊല്ലി നേപ്പാൾ ഇടഞ്ഞിരിക്കുകയാണ്. ഇതിപ്പോൾ ആദ്യമായല്ല ഭോട്ടെകോശിയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതും നാശം വിതയ്ക്കുന്നതും. 2025 ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ഫ്രൻഡ്ഷിപ്പ് ബ്രിഡ്ജ്, ആറുമാസം അടച്ചിട്ടിരുന്നു. ഒടുവിൽ പുനർനിർമ്മാണം കഴിഞ്ഞ് ജനുവരി ഒന്നിനാണ് ചൈന പാലം തുറന്നത്.