'The Eternal Sunshine Tour' എന്ന സംഗീത പരിപാടിയുടെ അവസാനത്തോടെ അരിയാന ഗ്രാൻഡെ പൊതുവേദികളിൽ നിന്ന് താൽക്കാലികമായി വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു. ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലും ഊർജ്ജസ്വലയായിരുന്ന അരിയാന, മാഞ്ചസ്റ്റർ ആക്രമണത്തിലെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ടൂർ അവസാനിപ്പിച്ചത്.

രിയാന ഗ്രാൻഡെ പൊതുവേദികളിൽ നിന്ന് തൽകാലത്തേക്ക് വിടവാങ്ങി. 'The Eternal Sunshine Tour' എന്ന സംഗീത പരിപാടിയുടെ അവസാന ദിവസം, അരിയാന അത് പ്രഖ്യാപിച്ചു. 2017 -ലെ മാഞ്ചസ്റ്റർ ആക്രമണത്തിലെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഗാനമായിരുന്നു അവസാനത്തേത്.

ആരോഗ്യ ആശങ്ക

അരിയാനയുടെ ആരോഗ്യത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കഥകളാണ് ഒരു കാരണം. കഴിഞ്ഞ മാസം തന്നെ പ്രഖ്യാപനം വന്നിരുന്നു. പുതിയ മ്യൂസിക്ക് വീഡിയോയുടെ റിലീസ് വാർത്തക്ക് താഴെ വന്ന കമന്‍റുകൾ അത് ശരിവയ്ക്കുന്നതാണ്. ഇത്രയും മെലിയുന്നതെന്തെന്നും മഹാരോഗമാണെന്നും അതല്ല മറ്റെന്തോ ദുരൂഹമായ കാരണമാണെന്നും ഒക്കെ കുറേനാളായി കഥകൾ പ്രചരിക്കുന്നുണ്ടായിരുന്നു. അതെല്ലാം സൂചിപ്പിച്ചാണ് അവരുടെ പബ്ലിസിസ്റ്റ് താൽകാലിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

മുറിവും ബൂട്ടും

പക്ഷേ, അവസാനത്തെ സംഗിത പരിപാടിയുടെ എല്ലാ വേദികളിലും ഊർജ്ജസ്വലയായിരുന്നു അരിയാനയെന്നും ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നും അനാരോഗ്യത്തിന്‍റെ ഒരു ലക്ഷണവും അവർ വേദിയിൽ കാണിച്ചില്ലെന്നുമാണ് വിലയിരുത്തൽ. ഏഴ് വർഷത്തിന് ശേഷം സൺഷൈൻ ടൂറോടെയാണ് അരിയാന വേദികളിലേക്ക് തിരിച്ചെത്തിയത്. അവസാനത്തെ ദിവസം മാത്രം പതിവുള്ള ചെരിപ്പുകൾക്ക് പകരം ബൂട്ടാണ് ധരിച്ചതെന്ന് മാത്രം. മുറിവാണ് കാരണമെന്ന് അരിയാന അറിയിച്ചു. ദി എറ്റേണൽ സൺഷൈൻ ടൂറിന്‍റെ 41 -ാം ദിവസമായിരുന്നു ഈ വൈകാരിക വിടവാങ്ങൽ.

വേദിയിൽ സ്വയം മറക്കുന്ന അരിയാന

പഴയ സുഹൃത്ത് അൽവാരസുമായി വീണ്ടും ഒന്നിച്ചുവെന്ന വാർത്തയും സജീവമാണ്. പാട്ടുകളുടെ വരികൾ ചെറുതായി മാറ്റിയതും അൽവാരസിന്‍റെ സാന്നിധ്യവും ഒക്കെയാണ് കാരണം. മാഞ്ചസ്റ്ററിലെ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ബോംബാക്രമണവും സുഹൃത്തിന്‍റെ മരണവും ഒക്കെ ഉലച്ചിട്ടുണ്ടെങ്കിലും അതൊന്നും വേദികളിൽ പ്രകടമായിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. ആരോഗ്യം മോശമാണെന്ന കഥകൾ പരക്കുമ്പോഴും കണ്ടാൽ അമ്പരക്കുന്ന ഉയരമുള്ള ചെരുപ്പുമിട്ട്, അരിയാന നൃത്തം ചെയ്തു. ഒരുപാട് പേർക്ക് അസാധ്യമായ ഉച്ചസ്ഥായിയാണ് അരിയാനയുടെ പ്രത്യേകത. അതിന് ഇത്തവണയും മാറ്റമുണ്ടായില്ല. ആരാധകർ നിരാശരാണെങ്കിലും പ്രതീക്ഷ ബാക്കിയുണ്ട്.