
ആരാണ് അടുത്ത മാർപാപ്പ. ക്രൈസ്തവ വിശ്വാസികൾ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന ചോദ്യം. 133 കർദ്ദിനാൾമാർ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം തെരഞ്ഞെടുത്തുന്നത് ആരെയായിരിക്കും. അവരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തായിരിക്കും. ആകാംക്ഷ ചെറുതല്ല. അതിൽ തന്നെ ചില കർദ്ദിനാൾമാർക്കെതിരായി ലൈംഗിക ചൂഷണ ആരോപണങ്ങൾ കൈകാര്യം ചെയ്തതിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് എതിർപ്പും ഉയരുന്നുണ്ട് . ഇനി വരുന്ന മാർപാപ്പയും ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാത്തവരാണെങ്കിൽ ബുദ്ധിമുട്ടാവും എന്നാണ് 'ബിഷപ്പിന്‍റെ ഉത്തരവാദിത്തം' (Bishop Accountability) എന്ന വാച്ച്ഗ്രൂപ് വാർത്താ സമ്മേളനം വിളിച്ചുകൂട്ടി അറിയിച്ചത്.
'കോൺക്ലേവ്' എന്ന ഹോളിവുഡ് ചലച്ചിത്രത്തിന് കാഴ്ചക്കാർ പത്തിരട്ടിയെന്നാണ് റിപ്പോർട്ട്. എന്താണ് സത്യത്തിൽ അടച്ചിട്ട സിസ്റ്റീൻ ചാപ്പലിനുള്ളിൽ സംഭവിക്കുന്നത്? എങ്ങനെയാണ് തെരഞ്ഞെടുപ്പ്? സിനിമയിൽ കുറച്ചൊക്കെ സാങ്കൽപ്പികമാണ്. ആരുമറിയാതെ പെട്ടന്നൊരു കർദ്ദിനാൾ പ്രത്യക്ഷനാവുന്നുണ്ട്. മാർപാപ്പ രഹസ്യമായി തെരഞ്ഞെടുത്ത കർദ്ദിനാൾ. പക്ഷേ, അത് നടക്കില്ല, പരസ്യമായി തെരഞ്ഞെടുത്ത കർദ്ദിനാൾമാർക്കേ കോൺക്ലേവിൽ പങ്കെടുക്കാൻ കഴിയൂ. എങ്കിലും ചിത്രത്തിൽ ഒരുപാട് വിവരങ്ങളുണ്ട്.
കത്തോലിക്കാ പള്ളിയുടെ മേധാവി, ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും മേധാവി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇനി പക്ഷേ ഏഷ്യനോ, ആഫ്രിക്കനോ, ലാറ്റിനമേരിക്കനോ ആവുമോ? അത്രക്ക് പുരോഗമന ചിന്താഗതിക്കാരാണോ കർദ്ദിനാൾമാർ. 266 മാർപാപ്പമാരിൽ 213 ഉം ഇറ്റാലിയനായിരുന്നു. പക്ഷേ, നാല് പതിറ്റാണ്ടായി ഇറ്റാലിയൻ പോപ്പുണ്ടായിട്ടില്ല. അപ്പോൾ യൂറോപ്യൻ തന്നെയാവുമോ? അങ്ങനെ ചോദ്യങ്ങൾ പലതാണ്. ഇറ്റാലിയൻ പഴമൊഴി പ്രസക്തം. 'പോപ്പായി കോൺക്ലേവിൽ പ്രവേശിക്കുന്നവർ ഇറങ്ങുന്നത് കർദ്ദിനാളായിട്ടായിരിക്കും', എന്നാണ് പഴമൊഴി. പ്രവചനാതീതം എന്ന് അർത്ഥം. ആര് വേണമെങ്കിലും ആവാം. സാധ്യത കൽപ്പിക്കപ്പെട്ട കർദ്ദിനാളായിരുന്നില്ല ഫ്രാൻസിസ് മാർപാപ്പ.
സാധ്യതാ പട്ടിക തയ്യാറാക്കുന്നത് തന്നെ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധ്യമങ്ങളും നിരീക്ഷകരും അവരവരുടെ പട്ടിക തയ്യാറാക്കും. ഒടുവിൽ മാർപാപ്പയാകുന്നയാൾ ഈ പട്ടികയിലെല്ലാം ഉണ്ടാവണമെന്ന് നിർബന്ധവുമില്ല. പ്രായം, ദേശം, ആശയസംഹിത, ഭരണനൈപുണ്യം, വത്തിക്കാനിലുള്ള പരിചയം, അറിയാവുന്ന ഭാഷകൾ ഇതെല്ലാം ഘടകമാണ്. ദേശവും ഭാഷയും വളരെ പ്രധാനം. ഇറ്റാലിയൻ നന്നായി അറിഞ്ഞിരിക്കണം എന്ന് ചുരുക്കം. വത്തിക്കാനെ നിയന്ത്രിക്കണമെങ്കിൽ ഇറ്റാലിയൻ അറിഞ്ഞേ തീരൂ. നിരവധി ഭാഷകൾ അറിയാവുന്നത് വലിയൊരു ഘടകമാണ്.
ഇറ്റാലിയൻ മാർപാപ്പമാരാണ് കൂടുതലുമുണ്ടായിട്ടുള്ളത്. 266 മാർപാപ്പമാരിൽ 80 ശതമാനവും. പോളിഷ്, ഡച്ച്, ജർമ്മൻ മാർപാപ്പയുമുണ്ട്. കഴിഞ്ഞ മൂന്ന് മാർപാപ്പമാരും ഇറ്റലിക്കാരായിരുന്നില്ല. ഇനിയൊരു ഇറ്റലിക്കാരനാവുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
ഫ്രഞ്ച് - ഇറ്റാലിയൻ കർദ്ദിനാൾമാർ ഒറ്റക്കെട്ടായാണ് പലപ്പോഴും വോട്ട് ചെയ്യുക എന്നാണ് നിഗമനം. ഇത്തവണ ഇറ്റലിക്കാരായ19 കർദ്ദിനാൾമാരുണ്ട്. 14 ശതമാനം. കഴിഞ്ഞ തവണ അത് 24 ശതമാനമായിരുന്നു. ഫ്രാൻസിസ് മാർപാപ്പയാണ് വിവിധ രാജ്യക്കാരായ കർദ്ദിനാൾമാരെ കൂടുതൽ ഉൾപ്പെടുത്തിയത്. അത് അവരുടെ സ്വാധീനം കുറയ്ക്കാനാണ്. കഴിഞ്ഞ മൂന്ന് തവണയും അവരാണ് തീരുമാനിച്ചത് ഇറ്റാലിയൻ മാർപാപ്പ വേണ്ട എന്ന്. ഇത്തവണ ഇറ്റലിക്കാരൻ മാർപാപ്പയാവമോ എന്ന അഭിമുഖങ്ങളിലെ ചോദ്യത്തിന് ഇവരാരും മറുപടി നൽകിയിട്ടില്ല. കൂറിയയിലെ കർദ്ദിനാൾമാർക്കുമുണ്ട് നിർണായക സ്വാധീനം. വത്തിക്കാനിലെ ഭരണകാര്യങ്ങളിൽ പരിചയമുള്ളത് കൊണ്ട് കൃത്യമായ ബോധ്യമുണ്ടാവും ആര് മാർപാപ്പയാവണം എന്ന്.
എന്തായാലും ഇപ്പോൾ സാധ്യത കൽപ്പിക്കപ്പെടുന്ന പേരുകാരിൽ ഒന്നാമൻ ഇറ്റാലിയനാണ്. ഇറ്റാലിയൻ കർദ്ദിനാൾമാരുടെ പിന്തുണയുള്ളത് കൊണ്ടാണ് അദ്ദേഹം ഒന്നാമനായതും.
1. പീറ്റ്രോ പാര്‍ലിന് (Pietro Parolin), 70 കാരനായ കർദ്ദിനാൾ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് വത്തിക്കാന്‍റെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. വത്തിക്കാനിലെ രണ്ടാമത്തെ അധികാരസ്ഥാനവും ഈ കർദ്ദിനാളിനായിരുന്നു. മാർപാപ്പയുടെ ഉപദേഷ്ടാവും, കൂറിയയുടെ മേധാവിയുമായിരുന്നു. വത്തിക്കാന്‍റെ പല എംബസികളിലുള്ള പരിചയം, ഭാഷകളിലെ പ്രാവീണ്യം , ഇതൊക്കെ മുതൽക്കൂട്ടാണ്. പക്ഷേ, ഒരു മുൻ ഡെപ്യൂട്ടി തട്ടിപ്പിന്‍റെ പേരിൽ പുറത്താക്കപ്പെട്ടിരുന്നു. വത്തിക്കാൻ കോടതി ശിക്ഷിച്ചെങ്കിലും അപ്പീൽ പോയിരിക്കയാണ്. എന്തായാലും കോൺക്ലേവിൽ പങ്കെടുക്കുന്നില്ല എന്നറിയിപ്പ് വന്നു. അതൊരു കളങ്കമാണ്, പരോളിൻ നേരിട്ട് ആരോപണ വിധേയനല്ലെങ്കിലും.
വത്തിക്കാനുള്ളിൽ രണ്ട് പേരുകൾ കൂടി പറഞ്ഞു കേൾക്കുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. ഒന്ന് ഇറ്റലിയിലെ ബൊളോഗ്നയിലെ (Bologna) ആർച്ച് ബിഷപ്പ് മാറ്റിയോ സുപ്പി (Matteo Zuppi), സാംബിക് ആഭ്യന്തര യുദ്ധത്തിന് അവസാനം കാണുന്നതിൽ മധ്യസ്ഥനായിരുന്നു. അതേപോലെ ഗ്വാട്ടിമാലയിലും ബുറുണ്ടിയിലും. യുക്രൈയ്ൻ യുദ്ധത്തിൽ വത്തിക്കാന്‍റെ പ്രതിനിധിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തത് സുപ്പിയെയാണ്.
രണ്ടാമത്തേ പേര്. പിയർബട്ടിസ്ത പിസ്സബല്ലാ (Pierbattista Pizzaballa), ഇറ്റാലിയൻ, 60 -കാരനായ കർദ്ദിനാൾ. കർദ്ദിനാളായപ്പോൾ മുതൽ ജറുസലേമിലാണ് . ഇസ്രയേലികളെയും പലസ്തീനികളേയും അങ്ങേയറ്റം മനസിലാക്കിയെന്ന് പേരുകേട്ട കർദ്ദിനാൾ. പിന്നെയുമുണ്ട് പലർ പറയുന്ന പല പേരുകാർ.
2. ലൂയിസ് അന്റോണിയോ ഗോകിം താഗ്ലേ (Luis Antonio Gokim Tagle), രണ്ടാമൻ. ഫിലിപ്പീനോയാണ്. ഏഷ്യൻ പോപ്പാണെങ്കിൽ കർദ്ദിനാൾ താഗ്ലേക്കാണ് സാധ്യത. ജനസംഖ്യയുടെ 80 ശതമാനവും കത്തോലിക്കരാണ് ഫിലിപ്പീൻസിൽ. കടദ്ദിനാൾമാരിൽ 5 പേർ ഫിലിപ്പീൻകാരുമാണ്. മിതവാദി. 'ഏഷ്യൻ ഫ്രാൻസിസ്' എന്ന് വിളിക്കപ്പെടുന്നത് സമാനമായ ചിന്തകൾ കാരണം. ഗർഭഛിദ്രത്തെ എതിർക്കുന്നു. പക്ഷേ, സ്വവർഗ സ്നേഹികളോടും വിവാഹ മോചിതരോടുമുള്ള പള്ളിയുടെ കർക്കശ നിലപാടിൽ പുനരാലോചന വേണമെന്ന് വാദിച്ചിരുന്ന മനുഷ്യസ്നേഹിയുമാണ്.
3. മൂന്നാം പേരുകാരൻ കോംഗോക്കാരനായ ഫിദുല അബുംഗോ ബസങ്ഗ്വേ (Fridolin Ambongo Besungu), ആഫ്രിക്കക്കാരൻ മാർപാപ്പയാകാൻ സാധ്യത നേരത്തെ പറഞ്ഞ് കേൾക്കുന്നുണ്ട്. സഭയിലേക്ക് അംഗങ്ങൾ കൂടുന്നത് ആഫ്രിക്കയിൽ നിന്നാണ്. യാഥാസ്ഥിതികനാണ്. മത ബഹുസ്വരതയെ പിന്തുണച്ചത് കാരണം ചിലർക്ക് ചില സംശയങ്ങളുണ്ടെന്ന് റിപ്പോർട്ട്.
4.പീറ്റർ കോഡ്വോ അപ്പിയ തുർക്ക്സൺ (Peter Kodwo Appiah Turkson), ഘാനക്കാരനാണ്. തെരഞ്ഞെടുപ്പെട്ടാൽ ആദ്യത്തെ ആഫ്രിക്കൻ പോപ്പ്. കർദ്ദിനാളായ ആദ്യത്തെ ഘാനക്കാരനായിരുന്നു. ഗിറ്റാറിസ്റ്റായിരുന്നു പണ്ട്. യാഥാസ്ഥിതിക കാഴ്ചപ്പാട്. പക്ഷേ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് വാദം.
5 പീറ്റർ എർഡോ (Peter Erdo), ഹംഗേറിയൻ കർദ്ദിനാൾ. യാഥാസ്ഥിതിക പക്ഷക്കാരൻ. അഭയാർത്ഥികൾക്ക് പള്ളി അഭയം നൽകില്ലെന്ന് നിലപാടെടുത്തിരുന്നു. മനുഷ്യക്കടത്തിന് തുല്യം എന്ന് വാദിച്ചു.
6. ഇറ്റലിക്കാരനായ ഒരാൾ കൂടിയുണ്ട് . 83 കാരനായ ആഞ്ചലോ സ്കോള (Angelo Scola), 80 -ൽ താഴെയുള്ളവരാണ് വോട്ട് ചെയ്യുന്നതെങ്കിലും സ്കോള പ്രിയങ്കരനാണ്.
7. റെയ്ൻഹാർഡ് മാർക്സ് (Reinhard Marx), ജർമ്മനിയാണ് സ്വദേശം. പള്ളി പരിഷ്കരണങ്ങളിൽ പോപ്പിന്‍റെ ഉപദേഷ്ടാവ്. കുട്ടികളുടെ നേർക്കുണ്ടായ ലൈംഗികാതിക്രമങ്ങളിലെ നടപടി വൈകിയതിന്‍റെ പേരിൽ രാജി വയ്ക്കാമെന്ന് അറിയിച്ചിരുന്നു.
8. മാർക് ഔലറ്റ് (Marc Ouellet), കനേഡിയൻ. രണ്ട് തവണ മാർപാപ്പയുടെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. 80 കാരനാണ്. വോട്ടെടുപ്പിൽ പങ്കെടുക്കില്ല. പക്ഷേ, ലൈംഗിക അതിക്രമം നടത്തിയെന്ന് സ്ത്രീകൾ പരാതിപ്പെട്ടിട്ടുണ്ട്. മാർപാപ്പ അത് തള്ളിക്കളഞ്ഞു.
9. 69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (Robert Francis Prevost), തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ അമേരിക്കൻ മാർപാപ്പ. പരിഷ്കരണവാദി, പെറുവിൽ മിഷണറിയായിരുന്നു. പ്രായക്കുറവ് ചിലപ്പോൾ എതിരായേക്കാം. ലൈംഗിക കുറ്റകൃത്യം മറച്ചുവച്ചതിലും പക്ഷേ, ആരോപണം നേരിട്ടിരുന്നു.
10. റോബർട്ട് സാറ ( Robert Sarah) ഗിനിയക്കാരൻ. കടുത്ത യാഥാസ്ഥിതികവാദി. അവരുടെ പ്രിയങ്കരൻ. ഫ്രാൻസിസ് മാർപാപ്പയുടെ പരിഷ്കരണങ്ങളോട് താൽപര്യമില്ല. 34 വയസിൽ പ്രായംകുറഞ്ഞ ആർച്ച് ബിഷപ്പായി.
13 ജീൻ മാർക്ക് അവെലിൻ ( Jean Marc Aveline), 66 -കാരനായ ഫ്രഞ്ച് കർദ്ദിനാൾ. 1378 -ന് ശേഷം കത്തോലിക്കാ സഭയ്ക്ക് ഫ്രഞ്ച് മാർപാപ്പയുണ്ടായിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ അഭയാർത്ഥിനയം പിന്തുണച്ചു. ഇസ്ലാമും ജുദായിസവും തമ്മിലെ ചർച്ചകൾക്ക് പിന്തുണ നൽകി. അതിനായി തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മയക്കുമരുന്ന മാഫിയകൾക്ക് എതിരെ നിലപാടെടുത്തു. പക്ഷേ, ഇറ്റാലിയൻ ഭാഷ അത്ര പരിചിതമല്ല.
14 മ്യാൻമർ സ്വദേശിയുമുണ്ട് സാധ്യതാ പട്ടികയിൽ. ചാൾസ് മൗങ് ബോ (Charles Maung Bo), മാർപാപ്പയായാൽ ആദ്യത്തെ ഏഷ്യൻ കർദ്ദിനാൾ. ഫ്രാൻസിസ് മാർപാപ്പുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. രോഹിംഗ്യ മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്.
15 . കാനഡക്കാരനായ ഒരു കർദ്ദിനാൾ കൂടിയുണ്ട്, പട്ടികയിൽ മൈക്കൽ ചെർനി (Michael Czerny), 78 -കാരനാണ്. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ജസ്യൂട്ടാണ്. പുരോഗമനവാദികളോടാണ് അടുപ്പം. ഫ്രാൻസിസ് മാർപാപ്പയോട് സൗഹൃദം. പക്ഷേ ഉടനെയൊരു ജസ്യൂട്ട് പോപ്പിന് സാധ്യതയില്ല.
16. ഇതിനെല്ലാം പുറമേ സിനഡ് കർദ്ദിനാൾമാരുടെ പിന്തുണയുള്ള മാൾട്ടീസ് കർദ്ദിനാളും സിനഡ് സെക്രട്ടറി ജനറലുമായ മാരിയോ ഗ്രെച്ചിനും (Mario Grech) സാധ്യത പറയുന്നുണ്ട്. അവർ ഒരാളിന് തന്നെ വോട്ട് ചെയ്യണമെന്ന് നിർബന്ധമില്ലെങ്കിലും.
മെക്സിക്കൻ കർദ്ദിനാളായ കാർലോസ് അഗ്യുയാർ റെറ്റ്സിന്‍റെ ( Carlos Aguiar Retes) പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ ഹിസ്പാനിക് അമേരിക്കൻ മാർപാപ്പയാകും.
സ്പാനിഷ് കർദ്ദിനാൾ യുവാൻ ഒമെല്ലയുമുണ്ട് (Juan Jose Omella) പട്ടികയിൽ. പക്ഷേ, ലൈംഗിക ചൂഷണങ്ങൾ മറച്ചുവച്ചുവെന്ന ആരോപണവും നേരിട്ടിട്ടുണ്ട്. .
ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലളിതമായ ജീവിതം നയിക്കുന്ന കർദ്ദിനാൾ പലതവണ മാപ്പ് ചോദിച്ചിട്ടുണ്ട് ഇത്തരം കേസുകൾ മറച്ചുവച്ചതിന്.
മാധ്യമങ്ങൾക്കുമുണ്ട് വലിയൊരു പങ്ക്. കർദ്ദിനാൾമാർ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ വലിയ ചിട്ടവട്ടങ്ങളാണ് വത്തിക്കാനിൽ. ജനാലകൾ കറുപ്പിക്കുന്നത് മുതൽ ഫോൺ ജാമറുകൾ വരെയുണ്ട്. പക്ഷേ, കോൺക്ലേവിന് തൊട്ടുമുമ്പുവരെ കർദ്ദിനാൾമാർ മാധ്യമങ്ങൾ അരിച്ചുപെറുക്കാറുണ്ട് എന്നാണ് റിപ്പോർട്ട്. പലരും അഭിമുഖങ്ങളും നൽകാറുണ്ട്.
കോണ്‍ക്ലേവ് ഭക്ഷണം
കോൺക്ലേവിന് മുമ്പുള്ള ദിവസങ്ങളിൽ കർദ്ദിനാൾമാർ റോമിലെ ഭക്ഷണശാലകൾ തേടിപ്പോകാറുണ്ട് എന്നാണ് റിപ്പോർട്ട്. കാരണം കോൺക്ലേവിന് കയറിക്കഴിഞ്ഞാൽ പിന്നെ ഭക്ഷണത്തിന് നിയന്ത്രണമുണ്ട്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ്. 750 വർഷമായി കാത്തുപോരുന്ന ചിട്ടവട്ടങ്ങൾ.
സന്ദേശങ്ങൾ അകത്തേക്ക് വരികയോ പുറത്തേക്ക് പോകുകയോ ചെയ്യാൻ പാടില്ല. അതുകൊണ്ട് അടച്ചുപൂട്ടിയിട്ടാണ് എല്ലാം. പാചകപ്പുരയിൽ ആളുണ്ടാവും. പക്ഷേ, ഭക്ഷണ സാധനങ്ങൾക്ക് നിയന്ത്രണമാണ്. പൊരിച്ച കോഴിയിലോ റാവിനോളി പാസ്തയിലോ (Ravioli pasta) സന്ദേശങ്ങളെത്താം അകത്തേക്ക്. പാചകക്കാരൻ വിചാരിച്ചാൽ മതി. അതുപോലെ പുറത്തേക്കും കടത്താം. അഴുക്കായ നാപ്കിനിൽ കുറിച്ചാൽ മതി. കോൺക്ലേവ് എന്ന ചിത്രത്തിൽ ഭക്ഷണമേശയിലാണ് പദ്ധതി ആസൂത്രണം. സത്യത്തിൽ എങ്ങനെയാണ് കോൺക്ലേവ് എന്നതിൽ ഊഹമേയുള്ളൂ. എങ്കിലും കോൺക്ലേവ് ഭക്ഷണരീതിക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് പൊതുനിഗമനം.
കോൺക്ലേവിലെ ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് പോപ്പ് ഗ്രിഗറി പത്താമനാണ് (Pope Gregory X). മൂന്ന് ദിവസം കഴിഞ്ഞാൽ ഒരുനേരം ഭക്ഷണം. 8 ദിവസം നീണ്ടാൽ ബ്രെഡും വെള്ളവും മാത്രം. പോപ്പ് ഗ്രിഗറിയുടെ തെരഞ്ഞെടുപ്പാണ് ചരിത്രത്തിലെ ഏറ്റവും നീണ്ട കോൺക്ലേവ്. 3 വർഷം. അന്ന് കോൺക്ലേവിലെ കർദ്ദിനാൾമാർക്ക് ഭക്ഷണം കുറയ്ക്കുമെന്ന് നാട്ടുകാർ ഭീഷണിപ്പെടുത്തിയെന്നും പറയപ്പെടുന്നു. ചട്ടങ്ങളിൽ ഇളവ് വരുത്തിയത് പോപ്പ് ക്ലമന്‍റ് ആറാമനാണ് (Pope Clement VII). മൂന്ന് കോഴ്സ് ഭക്ഷണം. സൂപ്പും ഡെസേർട്ടും ഉൾപ്പടെ.
കോൺക്ലേവ് ഭക്ഷണത്തെക്കുറിച്ച് പുസ്തകമെഴുതിയത് ലോകത്തെ തന്നെ ആദ്യത്തെ സെലിബ്രിറ്റി ഷെഫ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാർട്ടോലോമിയോ സ്കാപ്പി (Bartolomeo Scappi) ആണ്. സ്കാപ്പി പറയുന്നതനുസരിച്ച് കർശനമായ നിരീക്ഷണത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കർദ്ദിനാൾമാർക്ക് കൈമാറുന്നത് മതിലിൽ തറച്ച കറങ്ങുന്ന മേശവഴിയാണ്. സന്ദേശങ്ങളില്ല എന്ന് ഉറപ്പിക്കാൻ വേറെ ആൾക്കാരുണ്ട്. ഇറ്റാലിയൻ - സ്വിസ് സുരക്ഷാ സൈനികരുമുണ്ട്. കോഴിയിറച്ചി കഷ്ണങ്ങളായേ വിളമ്പൂ. മുഴുവൻ കോഴിയ്ക്കുള്ളിൽ സന്ദേശം ഒളിപ്പിച്ചാലോ. വൈനും വെള്ളവും സ്ഫടിക ഗ്ലാസുകളിൽ. തുണി നാപ്കിനുകൾ തുറന്ന് പരിശോധിക്കും. സന്ദേശങ്ങൾ മാത്രമായിരുന്നില്ല പരിശോധനയുടെ ഉദ്ദേശ്യം. വിഷമില്ല എന്ന് ഉറപ്പിക്കൽ കൂടിയായിരുന്നു. നവോത്ഥാനകാലത്ത് നിർണായക രാഷ്ട്രീയ സ്വാധീനമുള്ള സ്ഥാനമായിരുന്നു മാർപാപ്പയുടേത്.
ഇപ്പോഴത്തെ കോൺക്ലേവിന് കന്യാസ്ത്രീകൾ തയ്യാറാക്കുന്ന ഭക്ഷണമാണ് വിളമ്പുക. വത്തിക്കാന് അടുത്തുള്ള ലാസിയോ എന്ന ഇറ്റാലിയൻ പ്രദേശത്തിന്‍റെ സ്വന്തം വിഭവങ്ങൾ. പണ്ടത്തെ പോലെ കോഴിക്കുള്ളിൽ ഒളിപ്പിച്ച സന്ദേശങ്ങളല്ല ഇന്നത്തെ ഭീഷണി. ഇലക്ട്രോണിക് ഉപകരണങ്ങളാണ്. അങ്ങനെയെന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വത്തിക്കാൻ അരിച്ചുപെറുക്കിക്കഴിഞ്ഞു.