ദുര്‍മരണ കഥകള്‍, പകല്‍ പോലും ഭയം, ചേട്ടന്മാര്‍ കളത്തിലേക്ക് കയറുമ്പോള്‍ ഞങ്ങള്‍ വിറയലോടെ കാത്തിരിക്കും

Published : May 06, 2025, 05:11 PM IST
ദുര്‍മരണ കഥകള്‍, പകല്‍ പോലും ഭയം, ചേട്ടന്മാര്‍ കളത്തിലേക്ക് കയറുമ്പോള്‍ ഞങ്ങള്‍ വിറയലോടെ കാത്തിരിക്കും

Synopsis

കരിമ്പനകള്‍ വരി നില്‍ക്കുന്ന പാടവരമ്പില്‍ പട്ട (പനയോല ) വെട്ടാന്‍ വരുന്നവര്‍ ഉപേക്ഷിച്ചു പോകുന്ന പണ്ടങ്ങ (മൂത്ത ഇളന്നീര്‍) വെട്ടി അതിന്റെ ഉള്ളിലെ രുചി കടിച്ചു തിന്നുമ്പോള്‍ വയറു വേദന വരാതിരിക്കാന്‍ ഇത്തിരി ഉപ്പ് കൂടി കഴിക്കും.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

കുഞ്ഞുന്നാളില്‍ എന്നും അവധിക്കാലമാണ്.  എന്നാലും സ്‌കൂള്‍ അടയ്ക്കുന്നത് ഒരുല്‍സവം തന്നെ. സ്‌കൂള്‍ അടച്ച ദിവസം പുസ്തക സഞ്ചി വീടിന്റെ മൂലയ്ക്ക് സ്ഥാനം പിടിയ്ക്കും. പാടത്തും പറമ്പിലും മണ്ണിലും കുളത്തിലും തിമിര്‍ത്തു കളിച്ചു നടക്കും. 

അവധിക്കാലം തുടങ്ങുമ്പോഴേക്കും പാടം കൊയ്ത്തു കഴിഞ്ഞ് ഞങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ടാവും. കൊട്ടിയും പുള്ളും ( കുട്ടിയും കോലും) കളിക്കാനുള്ള കുട്ടിപ്പട്ടാളം നിരന്നു നില്‍ക്കും. ചൂടു കാറ്റ് പൊടി പടലങ്ങളുമായി വന്നാലും അവയൊന്നും ഞങ്ങളെ ബാധിക്കാറില്ല. 

കളി കഴിഞ്ഞു ക്ഷീണിക്കുമ്പോള്‍ വിശപ്പ് ചൂളം വിളിക്കുന്നുണ്ടാവും. വീട്ടിലെ പൊടിയരിക്കഞ്ഞിക്കും തേങ്ങാ ചമ്മന്തിക്കും അവയെ പിടിച്ചു നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. നെല്ല് പുഴുങ്ങി ഉണക്കി മില്ലില്‍ കൊണ്ടു പോയി പൊടിച്ചുവരുമ്പോള്‍ ചിലപ്പോള്‍ അരി പൊടിഞ്ഞിട്ട് ഉണ്ടാവും. ഉണക്കം കൂടിയിട്ടാവാം, പുഴുക്കം പോരാഞ്ഞുമാവാം. അതിനു കാരണക്കാര്‍ ഞങ്ങളാണ്. നെല്ലുണക്കുന്ന ജോലി ഞങ്ങള്‍ക്കാണല്ലോ. വെയില്‍ കൊണ്ട് തളര്‍ന്നു കിടക്കുന്ന നെന്മണികളെക്കാളും കളിച്ചു തളര്‍ന്നിരിക്കുന്ന ഞങ്ങളെങ്ങനെ ഉണക്കം നോക്കും!

അരി പൊട്ടി പോകുമ്പോഴാണ് പുറത്ത് അമ്മയുടെ പടക്കം പൊട്ടിക്കല്‍. വിശപ്പിനെ തളയ്ക്കാന്‍ മാവിലേക്ക് വലിഞ്ഞു കയറുന്ന കുട്ടിക്കുറുമ്പന്മാര്‍ ഉണ്ടാവും. ഏട്ടനും അനിയനും അമ്മായിയുടെ മോനും അങ്ങനെ നീണ്ട നിര തന്നെയുണ്ടാവും. ഞങ്ങള്‍ പെണ്‍കുട്ടികള്‍ അവര്‍ താഴേക്ക് ഇടുന്ന മാങ്ങയും ഞാവലും പേരയും പെറുക്കി കൂട്ടി എണ്ണി തിട്ടപ്പെടുത്തും. ഉപ്പും മുളകും ചേര്‍ത്ത് അമ്മിക്കല്ലില്‍ കുത്തി അവയുടെ രുചി നുണയുമ്പോള്‍ എരിവ് കൊണ്ട് കണ്ണെരിയും. 
 
കരിമ്പനകള്‍ വരി നില്‍ക്കുന്ന പാടവരമ്പില്‍ പട്ട (പനയോല ) വെട്ടാന്‍ വരുന്നവര്‍ ഉപേക്ഷിച്ചു പോകുന്ന പണ്ടങ്ങ (മൂത്ത ഇളന്നീര്‍) വെട്ടി അതിന്റെ ഉള്ളിലെ രുചി കടിച്ചു തിന്നുമ്പോള്‍ വയറു വേദന വരാതിരിക്കാന്‍ ഇത്തിരി ഉപ്പ് കൂടി കഴിക്കും. നിറയെ മഞ്ഞ സ്വര്‍ണ നാരുകള്‍ ചുറ്റി പിണഞ്ഞു കിടക്കുന്ന പഴുത്ത പനമ്പഴങ്ങളുടെ കൊതിപ്പിക്കുന്ന മണം. പാടത്തു തന്നെ കുഴിയുണ്ടാക്കി അതിലേക്ക് പനയോലകള്‍ കൂട്ടി കത്തിക്കും. ആര്‍ത്തിയോടെ വാ പിളര്‍ന്നു നില്‍ക്കുന്ന ജ്വാലയിലേക്ക് കറുത്ത കുപ്പായമണിഞ്ഞ പനമ്പഴങ്ങള്‍ ഇട്ടു കൊടുക്കും. 

നാരായണന്റെ കളം. പകല്‍ പോലും ആളുകള്‍ ആ വഴി പോകാന്‍ ഭയക്കും. ആകാശം മുട്ടി നില്‍ക്കുന്ന മരങ്ങള്‍ ഒരു തുണ്ട് വെളിച്ചം പോലും അകത്തേക്ക് കടത്തി വിടില്ല. ദുര്‍മരണപെട്ടവരുടെ ആത്മാക്കള്‍ അവിടെയാണ് കുടിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. പണ്ട് തേങ്ങ കാക്കാന്‍ വന്നവന്‍ തെങ്ങില്‍ നിന്നുമിറങ്ങുമ്പോള്‍ തന്നെ പാമ്പ് കൊത്തി മരിച്ചെന്നു പറയുന്നു. കൊടിയ വിഷമുള്ള പാമ്പും വവ്വാലും പന്നിയും മയിലും അങ്ങനെ നിരവധി ജന്തുക്കളുടെ ആവാസ ഇടമാണവിടെ. 

 

 

അവിടത്തെ വലിയൊരു പ്രത്യേകത, ഒരാള്‍ പൊക്കത്തിലുള്ള ചക്കയാണ്. മുതിര്‍ന്ന ഒരാളുടെ അത്രയും ഉയരവും വണ്ണവും നീളമുള്ള ചക്കകള്‍. വലിയ ചുളകളും ഒട്ടും കുറയാത്ത മധുരവുമുള്ള യമണ്ടന്‍ ചക്കകള്‍.  

മനസിലെ ഭയം പുറത്തു കാണിക്കാതെ മുതിര്‍ന്ന ചേട്ടന്മാര്‍ തൊടിയിലെ വേലിക്കരികില്‍ അകത്തേക്ക് കടക്കാന്‍  കയ്യില്‍ ചുണ്ണാമ്പും ആണിയുമായി തയ്യാറായി നില്‍ക്കുന്നു. അവര്‍ അകത്തേക്ക് കടക്കുമ്പോള്‍ വെളിയില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളും നില്‍ക്കും. ചക്കയുടെ രുചി നുണഞ്ഞ് പിറ്റേന്ന് പനിച്ചു കിടക്കുന്നവര്‍ക്ക് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടാവും. അവയെല്ലാം കേട്ട് കണ്ണുതള്ളി അടുത്ത വര്‍ഷം ചക്ക മോഷ്ടിക്കാന്‍ പോകില്ലെന്ന് തീരുമാനമെടുത്താലും അത് തെറ്റിക്കും.  

വിഷുവിന് നേരത്തെ ഉണര്‍ന്ന് കഞ്ഞിക്കലത്തിനടിയിലെ കരിയെല്ലാം മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിക്കും. പാട്ടയും കപ്പും കുപ്പിയുമെടുത്ത് ഓരോ വീടും കയറിയിറങ്ങും. പാത്രങ്ങളിലേക്ക് വീഴുന്ന അഞ്ചു പൈസയുടെയും പത്തുപൈസയുടെയും കിലുക്കങ്ങള്‍ മനസ്സിനെ സന്തോഷിപ്പിക്കും. അവയും കൊണ്ട് വേലയ്ക്ക് പൊരിയും കോലുമിഠായും വാങ്ങി കഴിക്കുന്നതായിരുന്നു അന്നത്തെ ലഹരി. 

പരസ്പരം അടി കൂടാതെ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ജാതിയുടെയോ നിറത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്താതെ, പല വീട്ടിലെ കുട്ടികള്‍ ചേര്‍ന്നു തീര്‍ത്തൊരു സ്വര്‍ഗമായിരുന്നു ഓരോ അവധിക്കാലവും.  

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്