ഇന്നും ഞങ്ങൾക്കറിയില്ല, ആ മോഷണം നടത്തിയത് ആരാണെന്ന്..

By Deshantharam SeriesFirst Published Apr 19, 2019, 4:12 PM IST
Highlights

വിഷയം എന്താണ് വെച്ചാൽ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് വിലപിടിപ്പുള്ള റോളക്സ് വാച്ച് കളവ് പോയിരിക്കുന്നു. തിരക്കേറിയ ദിവസമായത് കൊണ്ട് ഒന്ന് മുള്ളാൻ പോലും വാഷ് റൂം എരിയയിൽ  പോവാൻ പറ്റാത്ത ദിവസമായിരുന്നു അന്ന്. ഈസ എന്നാണ് അദ്ദേഹത്തിന്റെ പേര്.. മറക്കാൻ ആവില്ല ആ പേര്. പത്തു  മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ഞങ്ങളെയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു പോലും.

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ആദ്യമായി ഗൾഫിൽ വന്നു ഒരു ഫിറ്റ്നസ് സെന്‍ററിൽ ജോലി നോക്കിയിരുന്ന കാലം. രോഗികൾ, അവരുടെ പ്രശ്നങ്ങൾ, അവരുടെ വേദനകൾ, പിന്നെ അവർക്കുണ്ടാവുന്ന ചെറിയ ചെറിയ മെച്ചപ്പെടലിൽ ഉണ്ടാവുന്ന വലിയ വലിയ സന്തോഷങ്ങൾ.. അതൊക്കെ ആയിരുന്നു എന്‍റെ ലോകം. ആ ലോകത്തു നിന്ന് എത്തിപ്പെട്ടത് കുറെ തടിയന്മാർ, അവർക്ക് തടി കുറക്കാൻ വേണ്ട നിർദേശം കൊടുക്കൽ മാത്രമായി ചുരുങ്ങി. ശരിക്ക് പറഞ്ഞാൽ തടിയുള്ളവർ വെറും പാവങ്ങളാണെന്ന് അന്നാണ്  മനസ്സിലായി തുടങ്ങിയത്. മൂന്ന് വർഷക്കാലം ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്. കുറെ നല്ല മനുഷ്യരെ പരിചയപ്പെടാൻ സാധിച്ചിട്ടും ഉണ്ട്.

ഒരു തിരക്കേറിയ ദിവസം.. അന്ന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെ ആയിരുന്നു ഡ്യൂട്ടി. നേരത്തെ ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു ഡ്യൂട്ടിക്ക്. ഒരു ഏഴ് മണി ആയിക്കാണും.. ഒരു അറബി ഡ്രസ്സ് ചേഞ്ചിങ് റൂമിൽ നിന്ന് വന്നു പറഞ്ഞു, 'വേഗം വാ ഒരു കാര്യം പറയാൻ ഉണ്ട്' എന്ന്. എന്നെ കൂട്ടി പോയി ഡ്രസിങ് റൂമിൽ കാണിച്ചുതന്നു. അദ്ദേഹത്തിന്റെ കന്തൂറ (അറബിക് പരമ്പരാഗത വസ്ത്രം) ആരോ അലങ്കോലപ്പെടുത്തി വെച്ചിരിക്കുന്നു. ജിമ്മിൽ വേറെയും കുറെ പേർ കാത്തു നിൽപ്പുള്ളതു കൊണ്ട് അദ്ദേഹത്തെ വേഗം ഞാൻ മാനേജരുടെ റൂമിലേക്ക് വിട്ട് എന്‍റെ ജോലി തുടർന്നു. ഇടക്ക് മാനേജരും രണ്ടു പൊലീസുകാരും ആ അറബിയും ഡ്രസിങ് റൂമിലേക്കും പുറത്തേക്കും പോവുന്നതു ഞാൻ കാണുന്നുണ്ടായിരുന്നു. ഓഫീസിലെ പലരെയും വിളിച്ചു ചോദ്യം ചെയ്തു. ഒരു തുമ്പും കിട്ടിയില്ല.

വിഷയം എന്താണ് വെച്ചാൽ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് വിലപിടിപ്പുള്ള റോളക്സ് വാച്ച് കളവ് പോയിരിക്കുന്നു. തിരക്കേറിയ ദിവസമായത് കൊണ്ട് ഒന്ന് മുള്ളാൻ പോലും വാഷ് റൂം എരിയയിൽ  പോവാൻ പറ്റാത്ത ദിവസമായിരുന്നു അന്ന്. ഈസ എന്നാണ് അദ്ദേഹത്തിന്റെ പേര്.. മറക്കാൻ ആവില്ല ആ പേര്. പത്തു  മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ഞങ്ങളെയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു പോലും.

നേരെ പൊലീസ് സ്റ്റേഷനിലേക്ക്..
ഡ്യൂട്ടി കഴിഞ്ഞപ്പോഴേക്ക് ഞങ്ങളെയും കാത്ത് ഞങ്ങളുടെ കഫീൽ അറബിയും മുംബൈക്കാരൻ മാനേജരും റെഡി. പേടിച്ചു വിറച്ചു ഞാനും സുനീറും പാവം ഫിലിപ്പീനിയും (ഒലാൻഡോ മാൻഡോസ, പാവം ഞാൻ ജോലി വിട്ടു രണ്ടു  വര്‍ഷം കഴിഞ്ഞപ്പോഴേക്കും പക്ഷാഘാതം വന്നു മരിച്ചു പോയി എന്ന് പിന്നീട് അറിഞ്ഞു).

അത്രയും നല്ല ആഡംബര കാറിൽ ഞാൻ കേറിയിട്ടുണ്ടാവില്ല.. പക്ഷെ കാളവണ്ടിയിൽ പോവുന്ന പോലെ തോന്നി. ചുറ്റും ഇരുട്ട് മാത്രം.. പൊലീസ് സ്റ്റേഷൻ വരെയുള്ള പതിനഞ്ചു  മിനിറ്റ് യാത്ര ഒരു യുഗം പോലെ.. വീട്, നാട്, എല്ലാം എല്ലാം മനസ്സിൽ കണ്ടു. പുതിയ ലോകം, പുതിയ ഭാഷ, ഇങ്ങനെ ഒരിടത്ത് പൊലീസ് സ്റ്റേഷനില്‍.. എന്തോ വല്ലാത്ത ഭയം ഞങ്ങളെ മൂടി.

ഒരു പഴയ കെട്ടിടം.. ചുറ്റും വെളിച്ചത്താൽ മൂടിയിട്ടും ഒരു ഇരുളടഞ്ഞ പ്രേതക്കോട്ട പോലെ തോന്നി ആ രാത്രിയിൽ പൊലീസ് സ്റ്റേഷൻ. പൊലീസ് സ്റ്റേഷനിലെ ഹാളിൽ ഒരു മരത്തടിയിൽ തീർത്ത ബെഞ്ച്. ഞങ്ങളോട് അതിൽ ഇരിക്കാൻ പറഞ്ഞിട്ട് മാനേജരും കഫീലും അകത്തു പോയി. ഇടക്ക് പലരെയും കൊണ്ട് വരുന്നുണ്ടായിരുന്നു. കണ്ടാൽ പേടി തോന്നുന്ന പ്രതികള്‍. ഞങ്ങളെ തന്നെ തുറിച്ചു നോക്കി കൊണ്ട് ഭീമാകാരന്മാരായ പോലീസുകാർ..

യുഗങ്ങളോളം നീണ്ട കാത്തിരിപ്പ്.. ഇടക്ക് കഫീൽ വന്നു പറഞ്ഞു, ''വെറുതെ പൊലീസുകാരുടെ അടി കൊള്ളാൻ നിക്കണ്ടാ വാച്ച് കൊടുത്തേക്കൂ അതാണ് മൂന്ന് പേർക്കും നല്ലത്.'' കണ്ണിൽ ചോരയില്ലാത്ത വർത്തനമായിട്ടാണ് ഇന്നും അതിനെ തോന്നാറുള്ളത്.. കാരണം തുച്ഛമായ ശമ്പളം ഞങ്ങൾക്ക് തന്നിട്ട് ഒരു മാസം ഒരു മില്യൺ ബിസിനസ്സ് ചെയ്യുന്ന കമ്പനി കഫീൽ ആണ് ഞങ്ങൾ ഒരു പ്രശ്‌നത്തിൽ പെട്ടപ്പോൾ ഇങ്ങനെ..

മനസ്സിൽ ഞാൻ ഉറപ്പിച്ചു. ഇന്ന് ഇവിടെ നിൽക്കേണ്ടി വന്നാൽ പിന്നെ ഈ ജന്മം ഗൾഫ് എനിക്ക് വേണ്ടാ എന്ന്.. പിന്നെയും കുറെ സമയം കഴിഞ്ഞപ്പോൾ ഓരോരുത്തരെയായി വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തി. അതും ഇപ്പൊ ആലോചിച്ചാൽ നല്ല കോമഡി ആണ്. അറബി ഞങ്ങൾക്ക് അറിയില്ല, മൊഴി ചോദിച്ചു ടൈപ്പ് ചെയ്യുന്ന അറബിക്ക് ഇംഗ്ലീഷും, പിന്നെ ഞങ്ങൾക്കിടയിൽ ഉള്ളത് മിസിരി മന്ദൂപ് ആണ് (ശരിക്കും മണ്ടൂപ് എന്ന്  വിളിക്കണം അവനെ). അറബി മണ്ടൂപിനോട് ചോദിക്കും അവൻ ഞങ്ങളോട് അവന്‍റെ മുറി ഇംഗ്ലീഷിൽ, ഞങ്ങൾപറയുന്നതിനെ അവൻ അറബിയിലാക്കി പോലീസുകാരന് പറഞ്ഞു കൊടുത്തു. കൊലക്കേസ് വല്ലതും ആയിരുന്നേൽ തല വെട്ടിപ്പോയേനെ.

രസമെന്താണ് എന്ന് വെച്ചാൽ അറബിയിൽ എന്തൊക്കയോ ടൈപ്പ് ചെയ്തിട്ട് അത് ഞങ്ങളുടെ മൊഴി ആണെന്ന് പറഞ്ഞു വായിച്ചു ഒപ്പു വെപ്പിച്ചു. ആർക്കറിയാം എന്തൊക്കെയാണ് അതിൽ എന്ന്. ഇനി കുറെ നാൾ കഴിഞ്ഞു ഞങ്ങളെ തേടി ആ കുറിപ്പും എടുത്തു വരുമോ ആവോ.

എല്ലാം കഴിഞ്ഞപ്പോള്‍ സമയം  ഒരു മണി.. മാനേജർ വന്നു പറഞ്ഞു സുനീറിനും നിനക്കും പോവാം. അറബിക്ക് ഫിലിപ്പീനിയുടെ മൊഴിയിൽ ആണ് സംശയം. ഞങ്ങൾ നോക്കി നിൽക്കെ അവനെയും കൂട്ടി ഒരു പൊലീസുകാരൻ ഇരുമ്പു വാതിൽ തുറന്ന് അകത്തേക്ക് പോയി. തിരിഞ്ഞു നിന്ന് മാൻഡോസ പൊട്ടിക്കരഞ്ഞു കൊണ്ട് ഞങ്ങളോട് പറഞ്ഞു, ''വൈ ഒൺലി മി?  യു ഓൾ ഗോയിങ് ?'' എന്റെയും സുനീറിന്റെയും കണ്ണ് നിറഞ്ഞു. നിസ്സഹായരായ ഞങ്ങളോട് മന്ദൂപ് പറഞ്ഞു ഇനി നിൽക്കണ്ടാ പോവാം. അവനു ഞാൻ ഫുഡ് എത്തിച്ചു കൊടുക്കും, നിങ്ങളെ റൂമിൽ ഇറക്കണം. അവനെ ഉടൻ വിട്ടയക്കും.

കലങ്ങിയ കണ്ണും മുരടിച്ചു പോയ മനസ്സുമായി ഞങ്ങൾ ഇറങ്ങി.. പോവുന്ന വഴിക്ക് ഞങ്ങൾക്ക് ഷവർമ വാങ്ങിത്തന്നു. അത് കഴിച്ചെന്നു വരുത്തി ഞങ്ങൾ റൂമിലേക്ക് നടന്നു. പിന്നെയും നാല് ദിവസം കഴിഞ്ഞാണ് മൻഡോസ ഓഫീസിലെത്തിയത്. അവനോട് ഒന്നും ചോദിക്കരുത് എന്ന് മാനേജ്‌മന്‍റ്  ഞങ്ങൾക്ക് നിർദേശം തന്നിരുന്നു.

ഇന്നും ഞങ്ങൾക്കറിയില്ല അത്രയും വിലപിടിപ്പുള്ള വാച്ച് കട്ടു കൊണ്ട് പോയ ആ മഹാൻ ആരാണ് എന്ന്.. അവനു സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ഞങ്ങളുടെ  പേരിലും മാൻഡോസയുടെ ആത്മാവിന്റെ പേരിലും പ്രാർത്ഥിച്ചു കൊണ്ട് ഒരു ഇരുണ്ട രാത്രിയുടെ ഓര്‍മ്മയില്‍ നിര്‍ത്തുന്നു.. 

click me!