അവള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി...

By Deshantharam SeriesFirst Published Apr 25, 2019, 7:12 PM IST
Highlights

ദേശാന്തരം: രോഷ്‌ന സമീല്‍ എഴുതുന്നു

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.


 

ഞങ്ങളുടെ എതിര്‍ വശത്തുള്ള വലിയ അഫ്ഗാനി കുടുംബത്തിലെ മകന്റെ ഭാര്യയാണ് കനിഹ. 30വയസ്സ് പ്രായം. ഉമ്മയും ഉമ്മയുടെ ഉമ്മയും അവരുടെ ഉമ്മയും 11 മക്കളും അടങ്ങിയ വലിയ കുടുംബം. അഫ്ഗാനിലെ തുര്‍ക്‌മെനിസ്ഥാനിലാണ് അവളുടെ വീട്. എഴുതാനും വായിക്കാനും തീരെ അറിയില്ല. ഒപ്പു പോലും ഇടാന്‍ അറിയില്ല. അഫ്ഗാനിസ്ഥാനില്‍ ആയിരുന്ന കുടുംബം ഇങ്ങോട്ട് മാറുകയായിരുന്നു

കുടുംബത്തിലെ പുരുഷന്മാര്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്. വീട്ടിലെ കുട്ടികളെ അവര്‍ ബ്രിട്ടീഷ് സ്‌കൂളില്‍ അയച്ചു പഠിപ്പിച്ചു. ഒരു പെണ്‍കുട്ടി ഏഴാം തരം വരെ മാത്രമാണ് പഠിപ്പിച്ചത്. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പഠിത്തം വേണ്ടെന്നു വെച്ചു.

താലിബാന്റെ അധീനതയില്‍ ഉള്ള പ്രവിശ്യയില്‍ ആണ് കനിഹയുടെ കുടുംബം താമസിച്ചു വരുന്നത്. പെണ്‍കുട്ടികള്‍ മുഖം മറക്കാതെ വീടിനു പുറത്തിറങ്ങാനോ വിദ്യാഭ്യാസം നേടാനോ വിലക്കുള്ള ദേശം. വിദ്യാഭ്യാസമുള്ള അച്ഛനമ്മമാര്‍ മക്കളെ വീട്ടില്‍ വെച്ച് പഠിപ്പിച്ചു.

ഒരു രാത്രി ബോംബാക്രമണത്തിന്റെ ഒച്ച കേട്ട് എല്ലാരും ഞെട്ടി എഴുന്നേറ്റു. തൊട്ടടുത്ത വീട്ടിലായിരുന്നു സംഭവം. ആ കുടുബം മൊത്തം ഇല്ലാതായി.

കനിഹയെ ഞാന്‍ പരിചയപെടുമ്പോള്‍ മൂത്ത മോള്‍ക്ക് രണ്ട് വയസ്സ് പ്രായം. തക്കാളി പോലത്തെ കവിളുകളും സ്വര്‍ണ തലമുടിയും വെളുത്തുരുണ്ട കൈ കാലുകളും ഉള്ള കുട്ടിയെ കണ്ടാല്‍ മാലാഖയെ പോലെ തോന്നി. തുടക്കത്തില്‍ എല്ലാ കുട്ടികളും കളിക്കുമ്പോള്‍ ആ കുട്ടി വരില്ലായിരുന്നു. അവര്‍ വാതില്‍ അടച്ചു ഒറ്റപ്പെട്ട് കഴിഞ്ഞു. പിന്നീട് പരിചയപ്പെട്ടപ്പോള്‍ നല്ല കൂട്ടുകാരായി. നാട്ടിലെ ചാറ്റുപാടാണ് അവരെ അങ്ങനെ ആക്കിയത്. എല്ലാത്തിനും ഭയം. അടുത്തുള്ള പാക്കിസ്താനി പെണ്‍കുട്ടികളുമായി കൂടി ചേര്‍ന്നു കനിഹ ഉറുദു സംസാരിക്കാന്‍ തുടങ്ങി.

കനിഹയുടെ രണ്ടാമത്തെ കുട്ടിയുടെ പേരിടല്‍ ചടങ്ങിന് ഞങ്ങളെ എല്ലാരെയും ക്ഷണിച്ചു. പര്‍ദ്ദയും നിഖാബും ധരിച്ചു മാത്രം കണ്ടിരുന്ന സ്ത്രീകളുടെ യഥാര്‍ത്ഥ സൗന്ദര്യം വെളിവായത് അവിടെ ചെന്നപ്പോളാണ്. വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത പോലുള്ള ആകാര വടിവ്. റോസാപ്പൂ പോലുള്ള കവിള്‍ തടങ്ങള്‍. ഒത്ത ഉയരം. തിളങ്ങുന്ന കണ്ണുകള്‍. പാറിപ്പറക്കുന്ന തലമുടി. ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ എല്ലാവരും സ്വീകരിച്ചു ഇരുത്തി. സുപ്രയില്‍ ആണ് ഭക്ഷണം.  കിസ്മിസും അണ്ടിപരിപ്പും ഇട്ട നല്ല അഫ്ഗാനി പുലാവ്. അത് കഴിഞ്ഞു മുതിര്‍ന്നവരും കുട്ടികകളും ഒരുമിച്ചു നൃത്തമാടി. വയസ്സായ സ്ത്രീകള്‍ വരെ നല്ല താളത്തില്‍ നൃത്തം ചെയ്തു. മധുര പലഹാരം വിളമ്പി.

ഒരുച്ച സമയത്തു വാതിലില്‍ കൊട്ട് കേട്ടാണ് ഞാന്‍ തുറന്നു നോക്കിയത്. കനിഹയുടെ മോളായിരുന്നു. 'ആന്റി, ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. അവിടെ സ്‌കൂളില്ല. അതിനാല്‍ പഠിത്തവുമില്ല'. കുട്ടി  ചിരിച്ചു കൊണ്ട് പറഞ്ഞു.

കാര്യം അന്വേഷിച്ച് ഞാന്‍ കനിഹയുടെ ഫ്‌ളാറ്റില്‍ പോയി. ചില സാമ്പത്തിക പരാധീനതകള്‍ കാരണം കനിഹയും മക്കളും നാട്ടില്‍ പോകുകയാണ്. ഭര്‍ത്താവും കുടുംബവും ഇവിടെ തന്നെ ഉണ്ടാകും. ഇനി വല്ലപ്പോഴും വിസിറ്റില്‍ വന്നാല്‍ കാണാമെന്ന് അവള്‍ പറഞ്ഞു. അന്നേരം അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി. അവള്‍ പോയി. 

ഇനിയവളെ കാണുമോ എന്നറിയില്ല. എത്രയെത്ര കൂട്ടുകാരാണ് ഈ പ്രവാസജീവിതത്തില്‍ ജീവിതത്തിലേക്ക് വന്ന് പൊടുന്നനെ മറയുന്നത്?

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

click me!