റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ കാരണം ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കുകയാണ്. യുവാക്കളുടെ എതിർപ്പും സാമ്പത്തിക വെല്ലുവിളികളും നിലനിൽക്കെ, പ്രതിരോധം ശക്തമാക്കാനാണ് നീക്കം.
സൈനിക നയങ്ങൾ തിരുത്തിയെഴുതുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ബെൽജിയം, നെതർലൻസ്, ലിത്വേനിയ, ലാറ്റ്വിയ, സ്വീഡൻ, ഫ്രാൻസ് ഇപ്പോൾ ജർമ്മനിയും. വോളണ്ടിയർ സൈനിക സേവന ബിൽ ജർമ്മൻ പാർലമെന്‍റിൽ പാസായി. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം തന്നെയാണ് അടിസ്ഥാന കാരണം. അടിയന്തര ഘട്ടത്തിൽ ആളെ അന്വേഷിക്കാതെ സൈന്യത്തെ തയ്യാറാക്കി നിർത്തുകയാണ് നല്ലതെന്ന് ജർമ്മൻ സർക്കാർ തീരുമാനിച്ചു. പക്ഷേ, യുവതലമുറ അതംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് മാത്രം. സമരത്തിനാണ് അവരുടെ തീരുമാനം.
ചോദ്യാവലിയുമായി ജർമ്മനി
സർക്കാർ നൽകുന്ന ചോദ്യാവലി 18 വയസ് തികഞ്ഞ സ്ത്രീയും പുരുഷനും പൂരിപ്പിക്കണം. പുരുഷൻമാർക്ക് നിർബന്ധം. സ്ത്രീകൾക്ക് നിർബന്ധമല്ല. ജനുവരിയോടെ ചോദ്യാവലി അയക്കും. ജർമ്മൻ പാർലമെന്‍റിൽ ബിൽ പാസായത് 272 -നെതിരെ 323 വോട്ടുകൾക്കാണ്. ഇപ്പോഴത് വോളണ്ടറിയാണെങ്കിലും 2027 ജൂലൈ മുതൽ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾക്ക് പുരുഷൻമാർ വിധേയരാകണം. അത് നിർബന്ധം. 2029 ഓടെ സൈന്യം തയ്യാറാകണമെന്നാണ് സർക്കാർതലത്തിലെ ധാരണ.
ശീതയുദ്ധകാലത്ത് 5 ലക്ഷമായിരുന്നു ജർമ്മൻ സൈനികരുടെ എണ്ണം. പക്ഷേ, അതൊക്കെ അവസാനിച്ചതോടെ മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളേയും പോലെ സൈനികരുടെ എണ്ണവും പ്രതിരോധച്ചെലവും ജർമ്മനിയും വെട്ടിക്കുറച്ചു. ജർമ്മൻ സൈന്യത്തിൽ ഇപ്പോഴുള്ളത് 1,82,000 സൈനികരാണ്. റിസർവ് സൈനികർ 2 ലക്ഷം. സർവീസിലുള്ളവരുടെ എണ്ണവും അടുത്ത വർഷത്തോടെ രണ്ട് ലക്ഷമാക്കണം. 2030 ഓടെ 2,60,000 -മായി വർദ്ധിപ്പിക്കണം. പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസിന്‍റെ നിർദ്ദേശമാണത്. വോളണ്ടറി എന്നിപ്പോൾ പറയുന്നെങ്കിലും, സുരക്ഷാ സ്ഥിതി വഷളാവുകയോ സൈനികസേവനത്തിന് ആരും തയ്യാറാവാതിരിക്കുകയോ ചെയ്താൽ വോളണ്ടറി മാറി, സംഗതി നിർബന്ധിതമാകും. നിർബന്ധിത സൈനിക സേവനം അവസാനിച്ചത് 2011 -ലാണ്. ആംഗലാ മെർക്കലിന്‍റെ കാലത്ത്.

പുടിൻറെ അധിനിവേശം
പക്ഷേ, റഷ്യയുടെ യുക്രൈയ്ൻ അധിനിവേശവും, അതിൽ ഉരുത്തിരിഞ്ഞുവരുന്ന തീരുമാനങ്ങളും യൂറോപ്പിന്‍റെയാകെ സമാധാനം കെടുത്തിയിരിക്കുന്നു. റഷ്യൻ പ്രസിഡന്‍റിന്‍റെ നേറ്റോ വിരോധം കൂടിയാകുമ്പോൾ ചിത്രം പൂർണം. യുക്രൈയ്ന് ശേഷവും പുടിൻ അധിനിവേശങ്ങൾ തുടരുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വിലയിരുത്തൽ. അതുകൊണ്ടാണ് യുക്രൈയ്നെ പിന്തുണക്കുന്നതിൽ ഒറ്റക്കെട്ടായി നിൽക്കുന്നതും. പക്ഷേ, അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇടപെടലുകൾ യുക്രൈയ്ന് അനുകൂലമല്ല. റഷ്യക്ക് അനുകൂലമാണ് താനും. താൽകാലിക ലാഭങ്ങളോ സ്വന്തം പ്രതിഛായയോ ബിസിനസ് താൽപര്യങ്ങളോ ഒക്കെയാവാം ട്രംപിനെ നയിക്കുന്നത്. ദീർഘവീക്ഷണത്തിന്‍റെ കാര്യത്തിൽ ട്രംപ് പിന്നോട്ടാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തലും. യൂറോപ്പിനോട് മമതയോ, യൂറോപ്പിന്‍റെ ഭാവിയിൽ ആശങ്കയോയില്ല അമേരിക്കൻ പ്രസിഡന്‍റിനെന്നതും വ്യക്തമാണ്. അമേരിക്ക മാത്രമാണ് വീക്ഷണകോൺ.
ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിരോധ നടപടികൾക്ക് യൂറോപ്യൻ രാജ്യങ്ങൾ ഒരുങ്ങുന്നത്. ആദ്യം ഫ്രാൻസ്, ഇപ്പോൾ ജർമ്മനി. നേറ്റോ രാജ്യങ്ങൾക്ക് മുഴുവൻ ബാധകമാണ് ഈ ആശങ്ക. നേറ്റോ സഖ്യം റഷ്യൻ ആക്രമണം മുന്നിൽക്കണ്ട് തയ്യാറെടുക്കണമെന്ന് ജർമ്മൻ പ്രതിരോധ മേധാവി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2029 ഓടെ തയ്യാറെടുപ്പ് പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. ഫ്രീഡ്റിക് മെർസും സമാന ആവശ്യം മുന്നോട്ടുവച്ചിരുന്നു. പുതിയ സഖ്യസർക്കാർ രൂപീകരിച്ചപ്പോൾ തന്നെ സൈനികസേവനം തിരികെക്കൊണ്ട് വരണമെന്ന് ധാരണയുമായിരുന്നു.
എതിർപ്പുമായി യുവാക്കൾ
ജർമ്മൻ പാർലമെന്‍റിൽ ഇത് പാസാകുമോ എന്നൊരു സംശയമുണ്ടായിരുന്നു നിരീക്ഷകർക്ക്. ചാൻസലർ മെർസിന്‍റെ പാർട്ടിയിലെ തന്നെ യുവാക്കൾ ബില്ലിനെ എതിർത്തിരുന്നു. സാമ്പത്തിക ബാധ്യത, യുവതലമുറയുടെ മേൽ വരുന്ന ഭാരം ഇതൊക്കെയാണ് അവരുന്നയിച്ചിരുന്ന പ്രശ്നങ്ങൾ. പക്ഷേ, വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതോടെ ആശങ്കക്ക് പരിഹാരമായി. പാർലമെന്‍റിൽ ബിൽ പാസായെങ്കിലും രാജ്യത്ത് എതിർപ്പ് കനക്കുകയാണ്. മരിക്കാനില്ലെന്നാണ് യുവാക്കളുടെ പക്ഷം. ആക്രമണം വെറും ഊഹക്കഥ മാത്രമെന്ന് അവർ തള്ളുന്നു. അതെല്ലാം മറികടക്കാൻ തന്നെയാണ് ജർമ്മൻ സർക്കാരിന്‍റെ തീരുമാനം. അടുത്ത വർഷത്തോടെ അത് നടപ്പാക്കിത്തുടങ്ങും. 2,600 യൂറോയാണ് അനുവദിച്ചിരിക്കുന്ന അലവൻസ്.

എണ്ണം കൂട്ടാൻ ഫ്രാൻസ്
ഫ്രാൻസിൽ നിർബന്ധിത സൈനിക സേവനം അവസാനിപ്പിച്ചത് 25 വർഷം മുമ്പ്, 1996 -ൽ. അന്നത്തെ പ്രസിഡന്‍റ് ജാക് ഷിറാകിന്‍റെ സർക്കാരായിരുന്നു. അതുവരെ സൈനികസേവനം ജീവിതത്തിന്‍റെ ഭാഗമായിരുന്നു ഫ്രഞ്ചുകാർക്ക്. ഓരോ ഫ്രഞ്ചുകാരനും ജനിക്കുന്നത് തന്നെ സൈനികനായാണെന്നത് ആപ്തവാക്യമായി അംഗീകരിച്ചത് റഷ്യയുമായുള്ള യുദ്ധത്തിൽ തോറ്റതോടെയാണ്. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിൽ പടക്കളത്തിലിറങ്ങിയതെല്ലാം കോൺസ്ക്രിപ്റ്റുകളാണ്. മരിച്ചുവീണത് 12,000 -ത്തിലേറെ പേർ. പക്ഷേ, എല്ലാ മാറി. 1990 -കളോടെ. ഷിറാക് സർക്കാർ കോൺസ്ക്രിപ്ഷനും അവസാനിപ്പിച്ചു. സമാധാനം അന്തിമ ലക്ഷ്യമായി, യൂറോപ്പിനാകെയും.
ഫ്രാൻസിന്‍റെ ഇപ്പോഴത്തെ സൈനിക ബലം രണ്ട് ലക്ഷമാണ്. റിസർവ് സൈനികർ 47,000. അടുത്ത വർഷം 3,000 പേരെ കൂട്ടണമെന്നാണ് ഫ്രഞ്ച് സർക്കാരിന്‍റെ തീരുമാനം. 2035 ഓടെ 50,000 പേരാണ് ലക്ഷ്യം. പുതിയ സ്കീമിൽ ചില മാറ്റങ്ങളുണ്ടാവും. മൂന്ന് തട്ടായാണ് സൈനികരെ തെരഞ്ഞെടുക്കുക, പ്രൊഫഷണലുകൾ, വോളണ്ടിയർമാർ, റിസർവ് വിഭാഗം. ഫ്രാൻസിൽ പക്ഷേ, വലിയൊരുപക്ഷം പുതിയ തീരുമാനത്തിന് ഒപ്പമാണ്. സോഷ്യൽ മീഡിയ വഴി ജനമനസിനെ സ്വാധീനിക്കാൻ റഷ്യ ശ്രമിച്ചേക്കുമെന്ന സർക്കാർ മുന്നറിയിപ്പ് ഫ്രാൻസിൽ പതിവാണ്. എതിർക്കുന്നത് 25 -നും 34 -നും ഇടയിലെ പ്രായക്കാരാണ്. അതിലും 63 ശതമാനം പിന്തുണക്കുന്നത് സർക്കാർ തീരുമാനത്തെയുമാണ്.
പതിനേഴുകാർക്ക് കത്തയച്ച് ബെൽജിയം
ബെൽജിയം 17 വയസുകാർക്കെല്ലാം കത്തയക്കുകയാണ് ചെയ്തത്. വോളണ്ടിയറാകാൻ ക്ഷണിച്ച് കൊണ്ട്. 2,000 യൂറോയാണ് അലവൻസ്. ലിത്വേനിയയും ലാറ്റ്വിയയും കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. നേറ്റോയിലെ പുതിയ അംഗമായ സ്വീഡൻ 15 മാസത്തെ സൈനിക സേവനമാണ് തുടങ്ങിവച്ചത്.
കാര്യങ്ങൾ പക്ഷേ, പന്തിയല്ല
സൈനിക സേവനം ഒരിക്കലും അവസാനിപ്പിച്ചിട്ടില്ലാത്ത രാജ്യങ്ങളുമുണ്ട്. ഗ്രീസ്, ഫിൻലൻഡ് തുടങ്ങിയവ. യുകെയും സ്പെയിനും മാത്രമാണിപ്പോഴും സൈനികനയം തിരുത്താൻ ആലോചിക്കാത്ത രാജ്യങ്ങൾ. ജർമ്മനിയിലും ഫ്രാൻസിലും ഈ തീരുമാനങ്ങൾക്ക് കല്ലുകടിയാവുന്ന ഒരു കാര്യമുണ്ട്. സാമ്പത്തിക ബാധ്യത. ജർമ്മനിയിലെ യുവാക്കൾ അതുന്നയിച്ചാണ് എതിർക്കുന്നതും. കൂടിവരുന്ന കടം ഫ്രഞ്ച് സർക്കാരിന്‍റെ തലവേദനയും.

അതൊരു റാക്കറ്റെന്ന്
ഒരു യുദ്ധസാഹചര്യം നിലനിൽക്കുന്നോ എന്ന് ചോദിച്ചാൽ ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ബുദ്ധിമുട്ടാണ്. യൂറോപ്യൻ രാജ്യങ്ങൾ ഒരു യുദ്ധം മുന്നിൽക്കാണുകയും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുമ്പോൾ വേറെ ചില യാഥാർത്ഥ്യങ്ങൾ കൂടി കാണണം. ചില കാണാപ്പുറങ്ങളാണ്. പടക്കളത്തിലിറങ്ങുന്ന സൈനികർക്കോ അതിനവരെ അയക്കുന്ന സർക്കാരുകൾക്കോ നേട്ടം നഷ്ടങ്ങളാണ്. അതൊരു റാക്കറ്റാണെന്ന് തുറന്നെഴുതിയത് അമേരിക്കൻ മറീനായ മേജർ ജനറൽ സ്മെഡ്‌ലി ബട്ട്‌ലർ ആണ്. ഏറ്റവും പഴക്കമുള്ള, ഏറ്റവും കൂടുതൽ ലാഭമുള്ള, ഏറ്റവും ദുഷിച്ച റാക്കറ്റ്. ചെറിയൊരു വിഭാഗം മാത്രം ലാഭം കൊയ്യുന്ന റാക്കറ്റ്. സാധാരണക്കാരടക്കമുള്ളവർക്ക് കിട്ടുന്ന ലാഭം മൃതശരീരങ്ങളും നടുവൊടിക്കുന്ന നികുതിയും എന്നെഴുതി സ്മെഡ്ലി ബട്ലാർ.
അതേസമയം, വെടിക്കോപ്പുകളും കപ്പലുകളും നിർമ്മിക്കുന്നവരും പണം കടംകൊടുക്കുന്ന വൻകിടസാമ്പത്തിക സ്ഥാപനങ്ങളും വാതുവയ്പുകാരും കൊയ്യുന്നത് കോടികൾ. ബട്ലുറുടെ എഴുത്തനുസരിച്ച് ലോകമഹാ യുദ്ധക്കാലത്തെ അമേരിക്കയിലെ സ്റ്റീൽ കമ്പനികളുടെ മാത്രം ലാഭക്കണക്ക് അമ്പരപ്പിക്കുന്നതാണ്. യുദ്ധം ആഹ്വാനം ചെയ്യാനുള്ള അവകാശം പടക്കളത്തിലിറങ്ങുന്ന സൈനികന് നൽകണമെന്ന് വാദിക്കുന്നുണ്ട് ഈ മുൻ മറീൻ. കാരണം അവരാണ് ജീവൻ പണയംവച്ച് പോരാടുന്നതും ട്രഞ്ചുകളിലെ ചളിയിൽ കഴിയുന്നതും പട്ടിണി കിടക്കുന്നതും. ജീവൻ നഷ്ടപ്പെട്ടാൽ നഷ്ടം അവരുടെ കുടുംബത്തിന് മാത്രം. ലാഭമുണ്ടാക്കുന്നവർ സ്വന്തം വീടുകളിൽ സുഖമായുറങ്ങും. 2001 സെപ്തംബർ 11 ആക്രമണക്കിന് ശേഷം ലോക്ഹീഡ് മാർട്ടും ബോയിംഗുമടക്കമുള്ള കമ്പനികൾ പ്രതിരോധ ഉപകരണങ്ങളുടെ വിൽപ്പനയിലൂടെ വൻലാഭമാണ് കൊയ്തത്. ഇറാഖ്, അഫ്ഗാൻ യുദ്ധകാലത്തെ ലാഭക്കണക്കുകൾ വേറെ.


