
വെനിസ്വേലയിലെ ഭൂചലനത്തിൽ മരിച്ചത് 5,000 പേരെന്നാണ് കണക്ക്. പരിക്കേറ്റത് 17,000. 20,000 -ത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. ഇപ്പോഴും ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ല രാജ്യവും ജനങ്ങളും. 19.6 ബില്യന്‍റെ നാശനഷ്ടം എന്നാണ് ലോകബാങ്കിന്‍റെ കണക്ക്. തകർച്ചയിൽ നിന്ന് എല്ലാം വീണ്ടെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ദുരന്തത്തിന് മുമ്പേതന്നെ രാജ്യത്തെ 76 ശതമാനം പേരും ദാരിദ്ര്യത്തിലായിരുന്നുവെന്ന് ലോകബാങ്ക് പറയുന്നു. സാമ്പത്തിക അരാജകത്വവും ഉപരോധങ്ങളുമാണ് കാരണമായതെന്നും. അതിനെല്ലാം വിരോധാഭാസം മറ്റൊന്നാണ്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വെനിസ്വെലയുടെ സ്വർണക്കട്ടികൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുണ്ട്. തിരിച്ചുകിട്ടാൻ വഴിയില്ലെന്ന് മാത്രം.
ഭൂചലനം തകർത്ത വെനിസ്വേലക്ക് സഹായ വാഗ്ദാനം നൽകി രാജ്യങ്ങൾ. പക്ഷേ, ജീവിതങ്ങൾ തിരിച്ചുപിടിക്കാനുള്ള പണം കുറവാണ്. അമേരിക്ക വാക്കുനൽകിയ 150 മില്യനിൽ 50 സന്നദ്ധ സംഘടനകൾക്കാണ്. വെനിസ്വേലയിലേക്ക് മാത്രമല്ലെന്ന്. 100 മില്യൻ യുഎന്നിനും. ഓസ്ട്രേലിയയുൾപ്പടെയുള്ള രാജ്യങ്ങൾ നൽകുന്നത് ചെറിയ തുകകളാണ്. അതിലെ വിരോധാഭാസം മറ്റൊന്നാണ്. വെനിസ്വേലയുടെ സ്വന്തം പണം, സ്വർണക്കട്ടികളുടെ രൂപത്തിൽ സുരക്ഷിതമായിരിപ്പുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ. അത് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു വെനിസ്വേല. പക്ഷേ, സാധ്യത ഇപ്പോൾ കാണുന്നില്ല.
ആ സ്വർണത്തിന്‍റെ കഥ തുടങ്ങുന്നത് ഹ്യൂഗോ ഷാവേസിന്‍റെ കാലത്താണ്. 2008 -ൽ ക്രൂഡ് വില കുതിച്ചപ്പോൾ വെനിസ്വേലയുടെ സമ്പത്തും കുമിഞ്ഞുകൂടി. എണ്ണപ്പാടങ്ങൾ സർക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നു. സ്വർണഖനികളും. സമ്പത്ത് സൂക്ഷിക്കാൻ ഷാവേസ് കണ്ടെത്തിയത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ വാൾട്ടുകളാണ്. അങ്ങനെ ബാങ്ക് ഓഫ് വെനിസ്വേലയുടെ ആവശ്യപ്രകാരം രണ്ട് അക്കൗണ്ടുകൾ തുറന്നു. 1.95 ബില്യൻ ഡോളറിന്‍റെ സ്വർണം. 2011 -ൽ മറ്റ് രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന 11 ബില്യന്‍റെ സ്വർണം തിരികെയെടുപ്പിച്ചിരുന്നു ഷാവേസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കൻ ഉപരോധങ്ങളും ആസ്തി മരവിപ്പിക്കലും മുന്നിൽ കണ്ടായിരുന്നു നടപടി. വെനിസ്വേലയുടെ അന്താരാഷ്ട്ര റിസർവുകൾ കൂടുതലും സ്വർണത്തിലായിരുന്നു താനും. ഇംഗ്ലണ്ടിലെ ശേഖരം അവിടെത്തന്നെ തുടർന്നു.
ഷാവേസ് മരിച്ചു, മദൂറോ അധികാരത്തിലേറി. അപ്പോഴേക്ക് എണ്ണവില ഇടിഞ്ഞുതുടങ്ങിയിരുന്നു. നാണ്യപ്പെരുപ്പവും ഭക്ഷ്യക്ഷാമവും തുടങ്ങി. രാജ്യത്തിന്‍റെ ചില മേഖലകളിൽ അക്രമി സംഘങ്ങൾ പിടിമുറുക്കി. 2018 -ലെ തെരഞ്ഞെടുപ്പിൽ മദൂറോ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആ തെരഞ്ഞെടുപ്പ് അമേരിക്കയും ഇംഗ്ലണ്ടും ഉൾപ്പടെയുള്ള രാജ്യങ്ങൾ അംഗീകരിച്ചില്ല. 2020 -ൽ കൊവിഡ് പടർന്നപ്പോഴാണ് ഇംഗ്ലണ്ട് ബാങ്കിലെ സ്വർണം തിരിച്ചെടുക്കാമെന്ന് മദൂറോ ഉറപ്പിച്ചത്. പക്ഷേ, മദൂറോയുടെ വിജയം അംഗീകരിക്കാത്ത ഇംഗ്ലണ്ട് സ്വർണം നൽകാൻ വിസമ്മതിച്ചു.
യുകെ അംഗീകരിച്ച വെനിസ്വലേൻ നേതാവ് ജുവാൻ ഗ്വയിദോയാണ്. അധികാരം പിടിച്ചെടുക്കാൻ ഗ്വയിദോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ യുഎസിലേക്ക് പലായനം ചെയ്തു. മദൂറോ ഇപ്പോൾ യുഎസ് കസ്റ്റഡിയിലുമാണ്. അതേസമയം മദുറോ കുറേ സ്വർണം തുർക്കിയിലേക്കും ദുബായിലേക്കും വരുത്തിച്ചെന്നും അത് വിറ്റ് പണം വെനിസ്വേലൻ ബാങ്കിൽ എത്തിച്ചെന്നും OECD റിപ്പോർട്ട് പറയുന്നു. എണ്ണ റിഫൈനറിയിലേക്കുള്ള ഉപകരണങ്ങൾക്കായി, 9 ടൺ സ്വർണം ഇറാന് നൽകിയെന്നും റിപ്പോർട്ടിലുണ്ട്. എന്തായാലും മദൂറോയെ കടത്തിയ ശേഷം വെനിസ്വേലയിലെ ഖനനാനുതി അമേരിക്കൻ കമ്പനികൾക്ക് കിട്ടി. അനധികൃത ഖനനം രാജ്യത്തെ വലിയൊരു മേഖലയെ ഏതാണ്ട് വിഴുങ്ങിയിരുന്നു എന്നത് സത്യമാണ്. അതെല്ലാം നിയന്ത്രിച്ചിരുന്നത് കൊളംബിയൻ ഫാർക് ഗറില്ലകൾ ഉൾപ്പടെയുള്ള സായുധ സംഘങ്ങളുമാണ്. അതെല്ലാം അവസാനിച്ചോയെന്ന് വ്യക്തമല്ല. എന്തായാലും അമേരിക്കൻ കമ്പനികൾ സ്വർണം കുഴിച്ചെടുക്കുമ്പോൾ വെനിസ്വേലയിലെ ജനം പട്ടിണിയിലും ദുരിതത്തിലുമാണ്.