ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണിയും, ബാബ് അൽ മന്ദബിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ആഗോള എണ്ണനീക്കത്തിന് വെല്ലുവിളിയാകുന്നു. ഇതിന് മറുപടിയായി, സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹോർമൂസിനെ ആശ്രയിക്കാത്ത പുതിയ പൈപ്പ്ലൈൻ പദ്ധതികൾ സജീവമാക്കുകയാണ്.
ഹോർമൂസ് ഇറാന്, ഡമോക്ലീസിന്‍റെ വാളാക്കിക്കഴിഞ്ഞു. തങ്ങൾ നിശ്ചയിക്കുന്നതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ ഹോർമൂസ് അടക്കും എന്നത് ഭീഷണി മാത്രമല്ല ഇപ്പോൾ. അത് നടപ്പാക്കുകയാണ്. ട്രംപിന്‍റെ മുന്നറിയിപ്പുകൾക്കുള്ള മറുപടിയും ഹോർമൂസ് വഴിയാണ്. കപ്പലുകൾ തങ്ങളോട് അനുവാദം ചോദിച്ചില്ലെങ്കിൽ, ആക്രമണം. ചുങ്കം വേണമെന്നത് പ്രധാന ആവശ്യം സമാധാന ചർച്കകൾ വഴിമുട്ടി. പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഫലം കാണുന്നില്ല. കാര്യങ്ങൾ അധികനാൾ ഇറാന്‍റെ വഴിക്ക് നീങ്ങില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. ഹോർമൂസിന് പകരം പാതകൾ കണ്ടെത്താനും നടപ്പാക്കാനും തുടങ്ങുകയാണ് എണ്ണയുത്പാദക രാജ്യങ്ങൾ. ബാബ് അൽ മന്ദബ് നിയന്ത്രിക്കാനുള്ള ഹൂതികളുടെ ശ്രമവും എരിതീയിലെ എണ്ണയായിട്ടുണ്ട്.
ഹോർമൂസിന്‍റെ നിയന്ത്രണമെന്നാൽ 'ആഗോള എണ്ണനീക്കത്തിന്‍റെ നിയന്ത്രണം' എന്നർത്ഥം. അന്താരാഷ്ട്ര പാതകളിൽ ഒരു രാജ്യത്തിന്‍റെയും നിയന്ത്രണം പാടില്ല. പക്ഷേ, ഇറാനിപ്പോൾ അത്തരം നിയമങ്ങൾക്കൊന്നും വിലകൽപ്പിക്കുന്നില്ല. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് മാത്രം മതി ഗതാഗതം എന്നാണ് നിലപാട്. ചുങ്കം കൊടുത്ത് തുടങ്ങിയാൽ ഇറാനത് വമ്പൻ വരുമാന മാർഗമാണ്. അതുമാത്രമല്ല, ഇറാന് വിധേയമായിരിക്കും ലോകത്തിന്‍റെ ഊർജക്കണക്കുകൾ പോലും.
ചെങ്കടൽ അടച്ച് ഹൂതികൾ
മുമ്പ് യെമനിൽ വ്യോമാക്രമണം നടത്തിയ അമേരിക്കയെ തടയാൻ ഹൂതികൾ കണ്ട വഴിയും ചെങ്കടൽ കപ്പൽപാതകൾ അടക്കുകയായിരുന്നു. അടക്കുന്നു എന്നാൽ, അതുവഴി പോകുന്ന കപ്പലുകൾ ആക്രമിക്കുക. ജീവനക്കാരെ തട്ടിക്കൊണ്ടുപോവുക. ബാബ് അൽ മന്ദബ് ആണ് ചെങ്കടലിലെ എണ്ണനീക്കത്തിന്‍റെ പ്രധാന വഴി. ഹൂതികളുടെ ആക്രമണം അതിരുവിട്ടതോടെ അമേരിക്ക അവരുമായി ധാരണയിലെത്തി. ഒമാനാണ് മധ്യസ്ഥം വഹിച്ചത്.

പക്ഷേ, ഇറാനുമായി അത്ര എളുപ്പത്തിൽ അങ്ങിനെയൊരു സഖ്യം സ്ഥാപിക്കാൻ പ്രയാസമെന്ന് അമേരിക്ക തിരിച്ചറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, ഇറാന്‍റെ സഖ്യകക്ഷികളായ ഹൂതികൾ, ഇറാന്‍റെ ആവശ്യപ്രകാരം തന്നെയാവണം, ബാബ് അൽ മന്ദബിന് മേൽ നിയന്ത്രണം ഉറപ്പിക്കുകയാണ്. ഹോർമൂസ് അടഞ്ഞുകിടന്ന കാലത്ത് ലോകത്തിന് ആശ്വാസമായത് ബാബ് അൽ മന്ദബാണ്. അതുവഴി പോകുന്ന കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു വീണ്ടും ഹൂതികൾ. ഇറാനെ സഹായിക്കാനെന്ന് വ്യക്തം. അതോടെ എണ്ണവില കുതിച്ചുയർന്നു. മേയ് മാസത്തിനുശേഷം ആദ്യമായി ബാരലിന് നൂറുകടന്നു.
യെമനിലെ നിഴൽ യുദ്ധങ്ങൾ
യെമനിലെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയരംഗവും ഒരു കാരണമാണ്. അവിടത്തെ സർക്കാരിനെ പിന്തുണക്കുന്നത് സൗദി അറേബ്യയാണ്. വിമതരായ ഹൂതികളെ പിന്തുണക്കുന്നത് ഇറാനും. നിഴൽയുദ്ധമെന്ന് ചുരുക്കം. യെമന്‍റെ തെക്കൻ മേഖല സൗദി സഖ്യം പിടിയുറപ്പിച്ചിരിക്കയാണ്. കുറച്ചുനാൾ മുമ്പുവരെ യെമനിൽ മത്സരത്തിന് യുഎഇയും ഉണ്ടായിരുന്നു. യെമനിലെ ഇടപെടൽ രണ്ടുകൂട്ടരും ഒരുമിച്ചായിരുന്നു. പക്ഷേ, പിന്നെ രണ്ടുവഴിക്കായി. രണ്ടുകൂട്ടരും പിന്തുണക്കുന്ന സായുധ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. തെക്കൻ യെമനിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ നിയന്ത്രണമായിരുന്നു യുഎഇയുടെ ലക്ഷ്യം.
യെമനിൽ അധികാരം ഉറപ്പിച്ച് സൗദി
പക്ഷേ, ജനുവരിയോടെ കഥമാറി. യുഎഇയുടെ സഖ്യകക്ഷികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ സൗദി പിന്തുണയുള്ള സംഘങ്ങൾ പിടിച്ചെടുത്തു.യുഎഇയുമായുള്ള സംയുക്ത പ്രതിരോധ സഹകരണ കരാർ സൗദി പിന്തുണയുള്ള യെമനീസ് സക്കാർ റദ്ദാക്കി. അതോടെ യുഎഇ പിൻമാറി. ഇപ്പോൾ റിയാദിനാണ് മേൽക്കൈ. അതുമുണ്ട് ഹൂതികളുടെ ആക്രമണത്തിന് പിന്നിൽ.
ഇറാന്‍റെ കണക്കുകൂട്ടൽ തെറ്റുമോ?
ഹോർമൂസ് അടഞ്ഞപ്പോൾ ബാബ് അൽ മന്ദബ് വഴിയാണ് സൗദി അറേബ്യ എണ്ണ കയറ്റിയയച്ചിരുന്നത്. അതുമടഞ്ഞിരിക്കുന്നു ഇപ്പോൾ. ലോകത്തെ ചരക്കുനീക്കത്തിന്‍റെ 10 ശതമാനവും ബാബ് അൽ മന്ദബ് വഴിയായിരുന്നു. അതിലാണ് ഹൂതികൾ പിടിമുറുക്കിയിരിക്കുന്നത്. എണ്ണനീക്കം പൂർണമായി നിലച്ചാൽ അമേരിക്കക്ക് മേൽ സമ്മർദ്ദമേറും, ഹോർമൂസ് വിട്ടുതരേണ്ടിവരും എന്നാവണം ഇറാന്‍റെ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടൽ തെറ്റിക്കാനാണ് ഇപ്പോൾ സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ നീക്കം. ഹോർമൂസിനെ ചുറ്റിപ്പോകുന്ന പൈപ്പ്ലൈനുകളും തുറമുഖങ്ങളും വഴി എണ്ണ കയറ്റി അയക്കാനാണ് പദ്ധതി. അതിനെല്ലാം അമേരിക്കയുടെ പൂർണ പിന്തുണയുമുണ്ട്. 23 മില്യൻ ബാരൽ എണ്ണയാണ് ഒരു ദിവസം ഹോർമൂസ് വഴി പോയിരുന്നത്. ഇറാഖ്, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം ആശ്രയം. സൗദിക്കും യുഎഇക്കും ബാബ് അൽ മന്ദബ് കൂടിയുണ്ടായിരുന്നെങ്കിലും.

സജീവമാകുന്ന പൈപ്പ് ലൈൻ പദ്ധതികൾ
ഇതിനുമുമ്പും ഇറാൻ ഹോർമൂസിനുമേൽ പിടിമുറുക്കാൻ ശ്രമിച്ചിട്ടുണ്ട്. നാൽപത് വർഷം മുമ്പ് നടന്ന ഇറാൻ - ഇറാഖ് യുദ്ധകാലത്ത്. അന്നേ സൗദി മറ്റൊരു പൈപ്പ് ലൈന്‍റെ പണി തുടങ്ങി. കിഴക്ക് നിന്ന് പടിഞ്ഞാറേക്കുള്ള പൈപ്പ്ലൈൻ വഴി എണ്ണ ചെങ്കടൽ വരെയെത്തിക്കാനും തുടങ്ങി. അതിന്‍റെ പരിധി കൂട്ടാനാണ് ഇപപ്പോഴത്തെ തീരുമാനം. യുഎഇക്കും ഹോർമൂസിന് തെക്ക് തുറമുഖമുണ്ട്. 1.8 ബില്യൻ ബാരലാണ് പരിധി. അത് വികസിപ്പിച്ച് 3.6 മില്യൻ വരെയത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട് യുഎഇ. സിറിയയിലെ പൈപ്പ്ലൈനുകൾ പുതുക്കി, ഇറാഖിലെയും കുവൈറ്റിലെയും എണ്ണ അതുവഴി വിടാനും ധാരണയായിക്കഴിഞ്ഞു. തുർക്കിയുമായും ഇറാഖ് ധാരണയിലെത്തിയിട്ടുണ്ട്. തുർക്കി തീരം വഴിയും എണ്ണ നീക്കം നടക്കും. ജോർദാൻ വഴിയുള്ള പൈപ്പ് ലൈനിനും ഇറാഖുമായി ധാരണയായി. ഇതെല്ലാം പൂർണതോതിൽ നടപ്പായാൽ ഹോർമൂസ് അത്യന്താപേക്ഷിതമല്ലാതെയാവും.
ഇതൊന്നും നടപ്പാകാത്ത കാര്യമല്ലാതാനും. സോവിയറ്റ് യൂണിയന്‍റെ തകർച്ചയോടെ ബകു, ടിബ്ലിസി സീഹാൻ, എന്ന ബിടിസി പൈപ്പ്ലൈൻ പദ്ധതി മുന്നോട്ടുവച്ചത് അമേരിക്കയാണ്. റഷ്യയുടെ അധീനതയിലല്ലാത്ത എണ്ണനീക്കമായിരുന്നു ലക്ഷ്യം. അന്നത് പലരും ചെലവിന്‍റെയും നയതന്ത്രക്കുരുക്കുകളുടെയും പേരിൽ തള്ളിയെങ്കിലും മാറി മാറി വന്ന അമേരിക്കൻ സർക്കാരുകളെല്ലാം അതിനൊപ്പം നിന്നു. പണി തീർന്നതോടെ എല്ലാവർക്കും സംശയങ്ങൾ തിരുത്തേണ്ടി വന്നു. യൂറോപ്പ് പക്ഷേ, റഷ്യയെ ആശ്രയിക്കുന്നത് തുടർന്നതും യുക്രെയ്ൻ യുദ്ധത്തോടെ അത് പ്രശ്നമായതും ചരിത്രത്തിന്‍റെ ഭാഗം. ആ വഴി സഞ്ചരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഗൾഫ് അറബ് രാജ്യങ്ങൾ. ഹോർമൂസിന്‍റെ പ്രസക്തി മാത്രമല്ല ഇടിയുക, ഇറാന്‍റെ പ്രസക്തിയുമാണ്. ഇറാന്‍റെ ആവശ്യങ്ങൾക്കും വിലയിടിയും.


