
സ്മിത്സോണിയൻ മ്യൂസിയം (Smithsonian museum) -മാണ് അമേരിക്കയുടെ ചരിത്രരേഖകളുടെ കാവൽക്കാർ. പക്ഷേ, അവരുടെ പ്രദർശനരേഖകളിലും ദ്യുശ്യങ്ങളിലും തെറ്റുണ്ടെന്ന ബോഡ് പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിരിക്കയാണ് പ്രസിഡന്‍റ് ട്രംപ്. തീവ്ര ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് വൈറ്റ് ഹൗസ് ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് ഈ നടപടി. ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമമെന്നാണ് വിമർശനം. ഇതിനിടെ വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് വിരുന്ന് നടന്നു. ഇതിനുമുമ്പ് നടത്താൻ ശ്രമിച്ച വിരുന്ന്. പ്രസിഡന്‍റിനുനേർക്കുണ്ടായ വധശ്രമം കാരണം റദ്ദാക്കിയിരുന്നു. പക്ഷേ, ഇത്തവണ പ്രസിഡന്‍റിന്‍റെ പ്രസംഗമാണ് പരാജയമായത്. ട്രോളുകൾക്ക് പോലും കൊള്ളില്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ പക്ഷം. അതിനിടെ സൗദിയുമായി ആണവകരാറൊപ്പിട്ടു അമേരിക്ക. അമേരിക്കയുടെ ഇന്നുവരെയുള്ള വ്യവസ്ഥകൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് ധാരണ.
പശ്ചിമേഷ്യയിൽ ആണവ പന്തയത്തിന് വഴിവയ്ക്കും എന്ന മുന്നറിയിപ്പ് ഒരു വശത്ത്. സുരക്ഷാ മുൻകരുതൽ ഇല്ലെന്ന ആശങ്ക മറുവശത്ത്. എന്തായാലും ധാരണ ഒപ്പിട്ട് മണിക്കൂറുക്കൾക്കകം എല്ലാം തിരുത്തി അമേരിക്കൻ പ്രസിഡന്‍റ്. അബ്രഹാം അക്കോർഡ്സിൽ ഒപ്പിട്ടാലെ ധാരണ യാഥാർത്ഥ്യമാകൂ എന്നായിരുന്നു ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ്. തന്നെ അറിയിക്കാതെ ധാരണ പ്രഖ്യാപിച്ചതും ഫോക്സ് ന്യൂസിലടക്കം വന്ന വിമർശനങ്ങളുമാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് നിഗമനം. അപ്പോഴും ധാരണയിൽ പലതും ഇല്ലാത്തത് ആശങ്കയായി തുടരുകയാണ്. യുറേനിയം സമ്പുഷ്ടീകരണമടക്കം. അതിന് സൗദിക്ക് അനുവാദമില്ലെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും ധാരണയിലെ വ്യവസ്ഥ അവ്യക്തമെന്നാണ് വിമർശനം.
ആണവോർജ ചട്ടത്തിലെ 123 വകുപ്പനുസരിച്ച് 30 വർഷത്തെ ധാരണയിലാണ് സൌദി അമേരിക്കയുമായി ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൌദി ഊർജമന്ത്രി അബ്ദൽ അസീസ് ബിൻ സൽമാനുമാണ് ഒപ്പുവച്ചത്. തൽകാലം സിവിലിയൻ പദ്ധതിയാണ്. പക്ഷേ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിശോധനയ്ക്ക് വ്യവസ്ഥയില്ല. സൈനികേതര പദ്ധതിയിൽ നിന്ന് സൈനികമാകാതിരിക്കാൻ എന്ത് നിയന്ത്രണമേർപ്പെടുത്തുമെന്നോ അതെങ്ങനെ നടപ്പാക്കുമെന്നോ വ്യക്തമല്ല. മുമ്പ് യുഎഇ ഒപ്പിട്ട സൈനികേതര ആണവ ധാരണയിൽ പരിശോധനയ്ക്ക് വ്യവസ്ഥയുണ്ടായിരുന്നു. പണ്ടേ, പക്ഷേ സൌദിക്ക് പരിശോധനകളോട് വിയോജിപ്പാണ്. മക്ക പോലുള്ള ഇസ്ലാം വിശുദ്ധസ്ഥലങ്ങളിലും രാജകൊട്ടാരങ്ങളിലും പരിശോധകർക്ക് പ്രവേശനം നൽകുന്നതിലായിരുന്നു എതിർപ്പ്. അതുകൊണ്ട് കരാറിൽ പരിശോധനകളില്ല. എന്നാൽ, IAEA BOARD ധാരണ ശരിവയ്ക്കണം. റിയാക്ടറുകളിലെ ഇന്ധനത്തതിലും വ്യക്തതയില്ല. ആണവായുധത്തിന് അവശ്യം വേണ്ടതും ഈ ഇന്ധനമാണ്. സുരക്ഷാ ഉറപ്പുകളുണ്ട് എന്നാണ് അമേരിക്കൻ വിശദീകരണം. പക്ഷേ, മറ്റ് രാജ്യങ്ങൾക്കുള്ളതുപോലെ അല്ല. മറ്റുള്ളവർക്കും ധാരണ ലംഘിക്കാനുള്ള പ്രചോദനമാകില്ലേ സൌദിക്ക് മാത്രമുള്ള ഇളവുകൾ എന്നത് പ്രസക്തമായ ചോദ്യം.
തൽകാലം യുറേനിയം സമ്പുഷ്ടീകരണത്തിന് സൌദിക്ക് അനുവാദമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് 10 വർഷത്തേക്ക് വാങ്ങാനും പറ്റില്ല. പക്ഷേ, ഭാവിയിൽ യുറേനിയം സ്വയം സമ്പുഷ്ടീകരിക്കാൻ തടസമുണ്ടാവില്ല. റിയാക്ടറുകളിൽ ഉപയോഗിച്ച യുറേനിയം എന്തുചെയ്യണം എന്നതിലും നിർദ്ദേശമില്ല.
അമേരിക്ക ഏറെക്കാലമായി ലക്ഷ്യമിട്ടിരുന്നതാണ് സൌദിയുമായുള്ള ആണവകരാർ. പക്ഷേ, ഇസ്രയേലുമായി ബന്ധം മെച്ചപ്പെടുത്തിയാൽ മാത്രം ആണവപദ്ധതി എന്ന വ്യവസ്ഥയാണ് അമേരിക്കയിലെ മുൻ പ്രസിഡന്‍റുമാർ മുന്നോട്ടുവച്ചത്. അത് തെറ്റിച്ചാണ് ട്രംപിന്‍റെ പോക്ക്. മുൻഗാമികളിൽ നിന്ന് വ്യത്യസ്തനാവുക, എല്ലാം തിരുത്തിക്കുറിക്കുക എന്ന ട്രംപിയൻ നയമാണ് നടപ്പാവുന്നതെന്നാണ് വിമർശനം.
ദീർഘവീക്ഷണമില്ലായ്മയാണ് പ്രകടമാവുന്നതെന്നും. ഏതുതരത്തിലാണ് കാര്യങ്ങൾ ഉരുത്തിരിയുക, എന്ന് ചിന്തിക്കാതെയുള്ള ധാരണ ഒപ്പിടൽ എന്നും വിമർശിക്കുന്നു പലരും. ബൈഡന്‍റെ കാലത്തും ചർച്ചകൾ നടന്നിരുന്നു. അതിനിടെ ഹമാസിന്‍റെ ആക്രമണം നടന്നതോടെ ചർച്ച വഴിമുട്ടി. പക്ഷേ, ഇറാനുമായുള്ള സംഘർഷത്തിന് മൂർച്ചകൂടുന്നതിനിടെ എന്തിനീ ധാരണ എന്നാണ് മറ്റൊരു സംശയം. ഇറാൻ ആണവായുധം വികസിപ്പിച്ചാൽ തങ്ങളും വികസിപ്പിക്കും എന്ന് പ്രസ്താവിച്ചിട്ടുണ്ട് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അതുണ്ടായാൽ പിന്നാലെ പല രാജ്യങ്ങളും ആ വഴി സ്വീകരിക്കും.
ഇറാനുമായുള്ള ആണവ ധാരണയിൽ നിന്ന് പിൻമാറിയതാണ് ട്രംപ്. അത്രയുംനാൾ ഇറാനെ അനുനയിപ്പിച്ചു നിർത്തുന്നതായിരുന്നു അമേരിക്കയുടെ നയം. ഇസ്രയേലിനെ ദ്വിരാഷ്ട്ര പരിഹാരത്തിന് സമ്മതിപ്പിക്കുക എന്നത് മറ്റൊരു നയം. പക്ഷേ, അബ്രഹാം അക്കോർഡ്സിലേക്ക് സൌദിയും ചേരുമെന്നുറപ്പായപ്പോഴാണ് ഹമാസിന്‍റെ ആക്രമണമുണ്ടായത്. പിന്നെ എല്ലാം കൈവിട്ടുപോയി.
1957 -ൽ ഇറാൻ ആണവപദ്ധതി തുടങ്ങിയത് അമേരിക്കയുടെ സഹായത്തോടെയാണ്. അന്ന് ട്രൈഡന്‍റെ സഖ്യത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഇസ്രയേലുമായും ആണവ നിർവ്യാപന കരാറിലും ഇറാൻ ഒപ്പിട്ടു. ജർമ്മനിയുടെ സഹായത്തോടെ ബുഷേർ പ്ലാന്‍റ് നിർമ്മിച്ചു. എന്നാൽ, 2000 -ങ്ങളിലാണ് ഇറാൻ മൂന്ന് യുറേനിയും സമ്പുഷ്ടീകരണ പ്ലാന്‍റുകൾ നിർമ്മിച്ചതായി കണ്ടെത്തിയത്. അത് പാകിസ്ഥാന്‍റെ സഹായത്തോടെ. ആണവായുധമാണ് ലക്ഷ്യം എന്നായി സംശയം. അതോടെ ഉപരോധങ്ങളായി.
2003 -ൽ ഖമനേയി ഫത്വ പുറപ്പെടുവിച്ചു. ഇറാൻ ആണവായുധം വികസിപ്പിക്കില്ല എന്ന ഫത്വ. ബരാക് ഒബാമയുടെ കാലത്തൊപ്പിട്ട ധാരണയിൽ യുറേനിയം സമ്പുഷ്ടീകരണത്തോത് 3 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. പരിശോധനകളും അനുവദിച്ചു. എന്നാൽ, ട്രംപ് പ്രസിഡന്‍റായതോടെ യുഎസ്, ധാരണയിൽ നിന്ന് പിൻമാറി. കഴിഞ്ഞ വർഷം ഇറാനുമേൽ അമേരിക്കയും ഇസ്രയേലും ബോംബിട്ടു. ആണവ പദ്ധതി അവസാനിച്ചു എന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. അത് വെറുതേയെന്ന് പെട്ടെന്ന് ബോധ്യമായി. യുറേയനിം ശേഖരമോ മിസൈലുകളോ ഇല്ലാതാക്കാനായില്ലെന്നാണ് നിഗമനം.
ഇസ്രയേലാണ് പശ്ചിമേഷ്യയിലെ മറ്റൊരു ആണവശക്തി. ആണവായുധം ഉണ്ടോ എന്ന ചോദ്യത്തിന് ഇസ്രയേൽ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. എൻപിടിയിൽ ഒപ്പിട്ടിട്ടില്ല. വിവരങ്ങൾ പങ്കുവച്ചിട്ടുമില്ല.പിന്നൊരു രാജ്യം യുഎഇയാണ്. സൈനികേതര പദ്ധതി എന്നാണ് കരാർ. തുർക്കി അടുത്ത രാജ്യം. റഷ്യയാണ് പങ്കാളി. റിയാക്ടറിലെ ഇന്ധനം ഉപയോഗിക്കാൻ തുർക്കിക്കും അനുവാദമില്ല. ഈജിപ്തിനുമുണ്ട് സൈനികേതര ആണവപദ്ധതി. റഷ്യയാണ് സഹായിക്കുന്നത്. പ്രസിഡന്‍റ് ഗമാൽ നാസറിന്‍റെ കാലത്ത് ഈജിപ്ത് ആണവായുധത്തിന് ശ്രമിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അത് പരാജയപ്പെട്ടു.
ഇറാഖിനുമുണ്ട് ആണവ പദ്ധതി. സദ്ദാം ഹുസൈന്‍റെ കാലത്ത് ആയുധനീക്കവും നടന്നു എന്നാണ് റിപ്പോർട്ടുണ്ട്. റിയാക്ടറും എത്തിച്ചു. പക്ഷേ, ഇറാഖ് - ഇറാൻ യുദ്ധത്തിൽ ഇറാനും പിന്നീട് ഇസ്രയേലും കേന്ദ്രത്തിന് ബോംബിട്ടു. 2003 -ലെ അമേരിക്കൻ അധിനിവേശത്തോടെ പദ്ധതി ഇല്ലാതെയായി.
ഇതെല്ലാം ഇങ്ങനെ നിലനിൽക്കുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ബാധകമായ നിബന്ധനകളിൽ ഇളവുകൾ നൽകിക്കൊണ്ട് എന്തിനാണ് സൌദിയുമായി കരാറിലൊപ്പിട്ടത് എന്നാണ് പലകോണുകളിലും നിന്നുയരുന്ന ചോദ്യം.
യുറേനിയും സമ്പുഷ്ടീകരണമാണ് പ്രധാന ആശങ്ക. പ്രകൃതിദത്ത യുറേനിയം 3 മുതൽ 5 ശതമാനം വരെ സമ്പുഷ്ടീകരിച്ചാലെ ആണവ റിയാക്ടറുകളിൽ ഉപയോഗിക്കാനാകൂ. അതുതന്നെ 90 ശതമാനം സമ്പുഷ്ടീകരിച്ചാൽ ആണവ ബോംബുകളിൽ ഉപയോഗിക്കാം. യുറേനിയം അയിരിന്‍റെ ശേഖരമുണ്ട് സൌദിക്ക്. സമ്പുഷ്ടീകരിക്കാം എത്രവരെ വേണമെങ്കിലും. കർശന നിയന്ത്രണങ്ങളില്ലെങ്കിൽ. അതാണ് ആശങ്കയ്ക്ക് കാരണം. യുഎഇയുമായി ഒപ്പിട്ട ധാരണയാണ് ബെഞ്ച്മാർക്കായി കണക്കാക്കപ്പെടുന്നത്. യുറേനിയും സമ്പുഷ്ടീകരണത്തിനോ റിയാക്ടറുകളിലെ ഇന്ധനം പ്രോസസ് ചെയ്യാനോ ശ്രമിക്കില്ലെന്നാണ് ധാരണ. അതിന്‍റെ നേർവിപരീതമാണ് സൌദിയുമായി ഒപ്പിട്ടിരിക്കുന്നത്. പരിശോധനയൊട്ടില്ലാതാനും.
ഊർജാവശ്യമാണ് പ്രധാനം എന്ന് സൌദി പറയുന്നു. എണ്ണയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നും. പക്ഷേ, നയങ്ങളും നിലപാടുകളും എപ്പോൾ വേണമെങ്കിലും മാറാം. പരിശോധനകളില്ലെങ്കിൽ ലോകമൊട്ടറിയുകയുമില്ല. ഇറാൻ ആണവായുധം വികസിപ്പിച്ചാൽ തങ്ങളും വികസിപ്പിക്കും എന്ന മുഹമ്മദ് ബിൻ സൽമാന്‍റെ പ്രസ്താവനയും ഓർമ്മിപ്പിക്കുന്നു എതിർപക്ഷം. സൌദിക്ക് നൽകിയിരിക്കുന്ന ഇളവുകൾ ഇറാനെ പ്രകോപിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഇത്രയും നാൾ ഗൾഫ് രാജ്യങ്ങളുമായി നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചിരുന്ന അമേരിക്കൻ നയമാണിപ്പോൾ ട്രംപ് തിരുത്തിയിരിക്കുന്നത്. പ്രത്യാഘാതമെന്തെന്ന് മനസിലാക്കാനുള്ള കഴിവില്ല പ്രസിഡന്‍റിന് എന്നൊക്കെ വിമർശനമുയരാൻ കാരണം ഇതൊക്കെയാണ്. പ്രതിരോധ സെക്രട്ടറി, പ്രസിഡന്‍റിന്‍റെ ധൈര്യത്തെ പ്രശംസിക്കുന്നു. വിദേശകാര്യ സെക്രട്ടറി ധാരണയെ പുകഴ്ത്തുന്നു . അപ്പോഴും ഇറാനെതിരെയുള്ള യുദ്ധനീക്കം അബദ്ധമായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോഴുമുണ്ടായിട്ടില്ലേ എന്നാണ് ചോദ്യം.
അമേരിക്കയ്ക്ക് ബിസിനസ് താൽപര്യങ്ങളുണ്ട്. ആണവ റിയാക്ടർ രൂപകല്പന ചെയ്യുന്ന വെസ്റ്റിംഗ്ഹൗസ് (Westinghouse Electric Corporation) പോലുള്ള അമേരിക്കൻ കമ്പനികൾക്ക് കോടികളുടെ കരാറായിരിക്കും കിട്ടുക. റിയാദുമായുള്ള ബന്ധം ശക്തിപ്പെടുത്താം ട്രംപ് സർക്കാരിന്. ട്രംപ് കുടുംബത്തിനും റിയാദുമായി ബിസിനസ് ധാരണകളുണ്ട്. നിക്ഷേപങ്ങളും.
ഒരു മറുവശവുമുണ്ട്. അമേരിക്ക ഇതിന് തയ്യാറായില്ലെങ്കിൽ, സൌദിയെ സഹായിക്കാൻ തയ്യാറായി ചൈനയുണ്ട്. 2023 -ൽ തന്നെ ഇതിന് നീക്കം തുടങ്ങിയതുമാണ്. പിന്നെയുള്ളത് റഷ്യ. ചില കരാറുകളിൽ ഒപ്പുവച്ചിട്ടുമുണ്ട്. തെക്കൻ കൊറിയയും ഫ്രാൻസും ധാരണക്ക് തയ്യാറായേക്കും. ഇറാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സൌദിയുടെ ആവശ്യത്തിന് ശക്തി കൂടിയിട്ടുണ്ടാവും. ഇറാനും സഖ്യകക്ഷിയായ ഹൂതികളും പതിവായി ലക്ഷ്യമിടുന്നത് സൌദിയെയാണ്.
എന്തായാലും കരാറിനി IAEA അംഗീകരിക്കണം. കോൺഗ്രസും അംഗീകരിക്കണം. അതിൽ തട്ടിവീഴും എന്നൊരു പ്രവചനമുണ്ട്. അത്രത്തോളം എതിർപ്പുകളുണ്ട് ഡമോക്രാറ്റുകൾക്ക്. അസ്ഥിരമായ ഒരു പ്രദേശത്ത് ഇങ്ങനെയൊരു ധാരണ അബദ്ധമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു പലരും. സാങ്കേതിക വിദ്യ കൈമാറിക്കഴിഞ്ഞാൽ, പിന്നെയത് സൌദിക്ക് സ്വന്തം. ഏതുവഴിക്ക് പോകും കാര്യങ്ങൾ എന്നറിയാൻ പറ്റില്ലെന്നും. പക്ഷേ, പ്രസിഡന്‍റ് ട്രംപിന് അതൊന്നും ബാധകമല്ല. വ്യത്യസ്തനാവുക, എല്ലാവരേയും ഞെട്ടിച്ച് അതിൽ ആഹ്ളാദിക്കുക. പ്രത്യാഘാതങ്ങൾ കണക്കിലില്ല. വിമർശനങ്ങൾ കൂടുകയാണ്.